22 September Friday

പൂമുത്തോളെ നീയെരിഞ്ഞ വഴിയിൽ... ഇനിയൊരു കാലത്തേക്കൊരു പൂ വിടർത്തുവാൻ...; ഹൃദ്യമായ വരികളുമായി അജീഷ്‌ ദാസൻ

അജീഷ്‌ ദാസൻUpdated: Sunday Feb 24, 2019

പ്രീഡിഗ്രി തോറ്റ് ചിട്ടിപ്പിരിവുകാരനായും വർക്ക് ഷോപ്പ് പണിക്കാരനായും പുസ്തകക്കെട്ടുകളും ചുമന്ന് നട്ടുച്ചയ‌്ക്ക് എറണാകുളത്തെ വഴികളിലെല്ലാം സെയിൽസ്മാനായും നടന്നിരുന്ന കാലമുണ്ടായിരുന്നു അജീഷിന്‌. ഇപ്പോൾ മൊബൈൽ ഫോണിൽ റിങ്‌ടോണായും വാട്‌സാപ്പ്‌ സ്‌റ്റാറ്റസായും മൂളിപ്പറക്കുന്ന ഇമ്പമുള്ള വരികൾ ആ വർക്ക്‌ഷോപ്പ്‌ പണിക്കാരന്റെ തൂലികയിൽനിന്ന്‌ ജന്മമെടുത്തവയാണ്‌. ജോസഫ‌് എന്ന സിനിമയ‌്ക്കുവേണ്ടി അജീഷ്‌ ദാസൻ എഴുതിയ ''പൂമുത്തോളേ'' ഈവര്‍ഷത്തെ ഏറ്റവും മികച്ച ഗാനരചയിതാവിനും ഗാനങ്ങള്‍ക്കുമുള്ള അവാര്‍ഡിനുവേണ്ടി പരിഗണിക്കവെ ഇതുവരെ നടന്ന വഴികൾ ഓർത്തെടുക്കുകയാണ്‌ അജീഷ്‌.

സന്തോഷത്തിന്റെ ഒരുനിമിഷം. ഞാൻനിന്ന നിൽപ്പിൽത്തന്നെ സ്റ്റുഡിയോയുടെ ഒരു മൂലയിൽ നിൽക്കുകയാണ്. ഒന്ന് അനങ്ങാനാകാതെ. എന്റെ കണ്ണുകൾ നിറഞ്ഞ് എനിക്കൊന്നും കാണാൻ കഴിയുന്നില്ല. കണ്ണീര് ആരും കാണാതിരിക്കാൻ ഞാൻ പെട്ടെന്നു തിരിഞ്ഞുനിന്നു.


 
''ഇനിയൊരു കാലത്തേക്കൊരു പൂ വിടർത്തുവാൻ
ഇവിടെ ഞാനീ മരം നട്ടു
ഇനിയൊരു കാലത്തേക്കൊരു തീ പടർത്തുവാൻ
ഇവിടെയെൻ മിഴികളും നട്ടു
വിരഹ ജനാലകൾ വിജനവരാന്തകൾ
ഇവിടെ ഞാനെന്നെയും നട്ടു’’
 
കൊച്ചി കടവന്ത്രയിലെ എൻഎച്ച്ക്യു സ്റ്റുഡിയോയിൽ, പൂമരത്തിനുവേണ്ടി ഞാനെഴുതിയ ഈ പാട്ടിന്റെ റെക്കോഡിങ് നടക്കുകയാണ്. പാടുന്നതിനായി തലേന്നുതന്നെ ചെന്നൈയിൽനിന്ന് ഗായകൻ കാർത്തിക് വന്നിട്ടുണ്ട്. സംവിധായകൻ എബ്രിഡ് ഷൈൻ, മ്യൂസിക് ഡയറക്ടർ ലീല ഗിരീഷ് കുട്ടൻ, പൂമരം നായിക നീതപിള്ള എന്നിവരും റെക്കോർഡിങ് റൂമിലുണ്ട്. ഞാൻ ജീവിതത്തിൽ ആദ്യമായാണ് ഒരു റെക്കോർഡിങ് സ്റ്റുഡിയോയിൽ. അതും കാർത്തിക്കിനെപ്പോലെ ഒരു വലിയ ഗായകൻ പാടുന്നത് ചെവിയോർത്ത്. മജീഷ്യൻ കുഞ്ഞുങ്ങളെ എന്നപോലെ കാർത്തിക്കിന്റെ മനോഹരശബ്ദം ഞങ്ങളെ കൈപിടിച്ചു കൊണ്ടുപോയി. ആ മാന്ത്രിക ശബ്ദത്തിൽ മുങ്ങി ഞാൻ കണ്ണടച്ചുനിന്നു. ഷൈൻ ചേട്ടൻ സ്റ്റുഡിയോയുടെ ഇത്തിരിവട്ടത്തിൽ, ഇത്തിരി വെട്ടത്തിൽ ഉലാത്തിക്കൊണ്ടേയിരുന്നു. പാട്ടു മുഴുമിപ്പിച്ച് കാർത്തിക് ഞങ്ങളുടെ അരികിലേക്ക് വന്നു. അഭിനന്ദനങ്ങൾകൊണ്ട് എല്ലാവരും കാർത്തിക്കിനെ കെട്ടിപ്പിടിച്ചു. സന്തോഷത്തിന്റെ ഒരുനിമിഷം. ഈ സമയം മുഴുവൻ ഞാൻനിന്ന നിൽപ്പിൽത്തന്നെ സ്റ്റുഡിയോയുടെ ഒരു മൂലയിൽ നിൽക്കുകയാണ്. ഒന്ന് അനങ്ങാനാകാതെ. എന്റെ കണ്ണുകൾ നിറഞ്ഞ് എനിക്കൊന്നും കാണാൻ കഴിയുന്നില്ല. കണ്ണീര് ആരും കാണാതിരിക്കാൻ ഞാൻ പെട്ടെന്നു തിരിഞ്ഞുനിന്നു. തുടച്ചിട്ടും തുടച്ചിട്ടും കണ്ണീർ കുതിച്ചുകൊണ്ടേയിരുന്നു. എല്ലാവരും കണ്ടാൽ നാണക്കേടാവുമല്ലോ, ഈശ്വരാ. ഞാനെന്തു ചെയ്യും.?
 
''വലിയ കവിയാകാൻ വേണ്ടി ഇറങ്ങിത്തിരിച്ചവനാണ്. ദേ, എറണാകുളത്തെ ഒരു സ്റ്റുഡിയോയുടെ മൂലയ‌്ക്കുനിന്ന് കണ്ണീരൊഴുക്കുന്നു. വലിയ പാട്ടെഴുത്തുകാരനാകാൻ കൊതിച്ച് ഇറങ്ങിപ്പുറപ്പെട്ടവനാണ്, ദേ ആദ്യമായി ചാൻസു കിട്ടിയപ്പോൾ അതോർത്ത് സന്തോഷിക്കാതെ ഇവിടെനിന്നു കരയുന്നു...'' ആശ്വസിപ്പിക്കാൻ മനസ്സിൽ തനിയേ പറഞ്ഞു. പക്ഷേ, കണ്ണീർ തോരുന്നേയില്ല. പഴയ ഓർമകൾ കുത്തിയൊലിച്ചു വരികയാണ്. പഴയ ജീവിതം. പ്രീഡിഗ്രി തോറ്റ് ചിട്ടിപ്പിരിവുകാരനായും വർക്ക് ഷോപ്പ് പണിക്കാരനായും പുസ്തകക്കെട്ടുകളും ചുമന്ന് നട്ടുച്ചയ‌്ക്ക് എറണാകുളത്തെ വഴികളിലെല്ലാം സെയിൽസ്മാനായും നടന്നതിന്റെയൊക്കെ ഓർമകളാണ്. ഓരോന്നോരോന്നായി വരികയാണ്. ഉള്ളിലേക്ക്... ഞാൻ മാത്രമെന്തേ ഇങ്ങനെയായി എന്നോർത്ത് കരഞ്ഞ ദിവസങ്ങളുടെ കണക്കെടുപ്പ് നടത്തുകയായിരുന്നോ അപ്പോൾ എന്റെ മനസ്സ്. അറിയില്ല. പെട്ടെന്ന് പിന്നിൽനിന്ന‌് ഒരു കൈ എന്റെ ചുമലിൽ തൊട്ടു. എബ്രിഡ് ഷൈനാണ്. എനിക്ക് ആദ്യമായി ഒരവസരം തന്ന ആളാണ്. ദൈവത്തെപ്പോലെയാണ്...''നീ എന്തിനാ കരയുന്നേ.... നാളെ നിന്റെ ഈ പാട്ട് ലോകം ഏറ്റെടുക്കുന്ന ഒരു ദിവസം വരും.... നോക്കിക്കോ''.. ഷൈൻ ചേട്ടൻ ഇത്രയുംകൂടി പറഞ്ഞപ്പോൾ ഞാൻ ഒച്ചയിട്ടുകരഞ്ഞ് അദ്ദേഹത്തിന്റെ തോളിലേക്ക് വീണു. അദ്ദേഹം എന്നെ ചേർത്തുപിടിച്ചു. എന്തു പറയണമെന്നറിയാതെ സ്റ്റുഡിയോയിൽ എല്ലാവരും നിൽക്കുകയാണ്. പെട്ടെന്ന് കാർത്തിക്, ആ വലിയ ഗായകൻ, അല്ല, ആ വലിയ മനുഷ്യൻ എന്നെ നെഞ്ചോടുചേർത്തുപിടിച്ച് തമിഴിൽ പറഞ്ഞ വാക്കുകളുടെ അർഥം എന്തായിരുന്നുവെന്ന് എനിക്കിപ്പോഴും അറിയില്ല. പക്ഷേ, ഒരുകാര്യം അറിയാം. അന്ന് ആ വലിയ ഗായകനില്‍നിന്ന‌് കിട്ടിയ വാത്സല്യത്തിന്റെ ഒരുനിമിഷം അമരസംഗീതത്തെ തൊട്ട ആ പ്രതിഭയുടെ നെഞ്ചോടു ചേര്‍ന്നപ്പോള്‍ എന്റെ ശിരസ്സണിഞ്ഞ അനുഗ്രഹം, അതു മാത്രമായിരിക്കാം, ഈവര്‍ഷത്തെ ഏറ്റവും മികച്ച ഗാനരചയിതാവിനും ഗാനങ്ങള്‍ക്കുമുള്ള അവാര്‍ഡിനുവേണ്ടി പരിഗണിക്കവെ, ജോസഫ‌് എന്ന സിനിമയ‌്ക്കുവേണ്ടി ഞാനെഴുതിയ പൂമുത്തോളേ എന്ന ഗാനത്തിനൊപ്പം, ''ഇനിയൊരു കാലത്തേക്ക്'' എന്ന പൂമരത്തിലെ ആ ഗാനത്തിനുംകൂടി എനിക്ക് ലഭിച്ച പുരസ്കാരം.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top