ബോളിവുഡില്‍ എക്കോ സിസ്റ്റം ആദ്യമായി പ്രയോഗിക്കുന്നതിനും ഒരു ദശകം മുമ്പ് 1963 ല്‍ കോടമ്പാക്കത്ത് കെ.രാഘവന്റെ നേതൃത്വത്തില്‍ വൃത്തിയായ മാറ്റൊലിയോടെ റെക്കോര്‍ഡ് ചെയ്യപ്പെട്ട ഗാനമാണ് 'ഉണരുണരൂ.. ഉണ്ണിപ്പൂവേ..' ഇന്ത്യന്‍ സംഗീതത്തിലെ തന്നെ ഒരു ശബ്ദലേഖനവിസ്മയമായി കരുതാവുന്ന ആ ഗാനത്തെപ്പറ്റി മനോജ് കോമത്ത് എഴുതുന്നു.
മലയാള ചലച്ചിത്ര ഗാന ചരിത്രത്തിലൂടെ പിന്നോട്ട് ചെന്ന് എസ് ജാനകി എന്ന ഗായികയുടെ ആദ്യകാലത്തെ സൂപ്പര്‍ ഹിറ്റ് തിരഞ്ഞാല്‍ ചെന്നെത്തുന്നത് 'അമ്മയെ കാണാന്‍' എന്ന ചിത്രത്തിലെ (1963) 'ഉണരുണരൂ.. ഉണ്ണിപ്പൂവേ.. / കരിക്കൊടി തണലത്ത്' എന്ന പാട്ടിലായിരിക്കും. കെ. രാഘവന്‍ സംഗീതസംവിധാനം ചെയ്ത , പി. ഭാസ്കരന്‍ തൂലിക ചലിപ്പിച്ച ഏറ്റവും മികച്ച ഗാനം തിരഞ്ഞാലും ലിസ്റ്റില്‍ മുകളില്‍ത്തന്നെ ഇതുണ്ടാകും. രാഘവന്‍-ഭാസ്കരന്‍-ജാനകി ടീമിന്റെ ആദ്യഗാനം. തെലുങ്ക് നാട്ടില്‍ നിന്ന് ഇരുപതാം വയസ്സില്‍ മദ്രാസില്‍ സിനിമാപ്പാട്ട് പാടാന്‍ എത്തിയ ജാനകിയുടെ കരിയര്‍ അഞ്ചു വര്‍ഷം തികയ്ക്കുന്നേ ഉള്ളൂ. അത്തരമൊരു തുടക്കക്കാരിയില്‍ നിന്ന് പ്രതീക്ഷിക്കാനേ ആകാത്ത ഉച്ചാരണത്തികവും ആലാപന സൌകുമാര്യവും ആണ് 'അമ്മയെ കാണാന്‍' എന്ന ചിത്രത്തില്‍ ജാനകി കാഴ്ച വെച്ചത്. അതിനു ശേഷം ഈ കൂട്ടായ്മ മലയാളത്തിന് മികവാര്‍ന്ന ഒരു പിടി ഹിറ്റുകള്‍ സമ്മാനിക്കുകയുണ്ടായി. 'നഗരമേ നന്ദി'യിലെ 'മഞ്ഞണിപ്പൂനിലാവ്'
( https://www.youtube.com/watch?v=tIlSIdeAkAk) തൊട്ടു 'ശ്രീകൃഷ്ണപ്പരുന്തിലെ' മോതിരക്കൈ വിരലുകളാല്‍' (
https://www.youtube.com/watch?v=_wLEoipWR0Q) വരെ 15 ഓളം പാട്ടുകള്‍ ഉണ്ട് രാഘവന്‍-ഭാസ്കരന്‍-ജാനകി ടീമിന്റെതായിട്ട് .
മോഹനരാഗത്തില്‍ ചിട്ടപ്പെടുത്തിയ ഈണത്തിന്റെ ചാരുത കൊണ്ട് ഇന്നും ആസ്വാദകരെ ആകര്‍ഷിക്കുന്ന 'ഉണരുണരൂ.. ഉണ്ണിപ്പൂവേ..' അന്ന്, 53 വര്‍ഷം മുന്‍പ് എന്തുമാത്രം ജനപ്രീതി നേടി എന്ന് ഊഹിക്കാവുന്നതെ ഉള്ളൂ. (1963ല്‍ ഇറങ്ങിയത് വെറും 13 സിനിമകള്‍ ; മലയാളസിനിമ തന്നെ 120 എണ്ണം തികച്ചിട്ടില്ല ). അതിലപ്പുറം, ഘടനാപരമായ സവിശേഷതകള്‍ കൊണ്ട് വളരെ വേറിട്ടു നില്‍ക്കുന്ന ഒരു രചന ആണ് ഇതെന്ന് ശ്രദ്ധിക്കണം. പൊതുവെ ഉള്ള പല്ലവി ചരണം ഘടനയില്‍ ആദ്യമായി 'തുണ്ട് പല്ലവി' ഉപയോഗിച്ചിരിക്കുന്നു ('ഉണരുണരൂ' എന്ന വരി
interlude കഴിയുമ്പോള്‍ 'ഉണരുണരൂ ഉണ്ണിക്കാറ്റെ' എന്നും 'ഉണരുണരൂ കരിമുകിലെ' എന്നും വരുന്നുണ്ട്). അക്കാലത്തെ മറ്റു ഗാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി മികച്ച ഓര്‍ക്കസ്ട്ര സംവിധാനവും കാണാം. ഈ സവിശേഷതകളെക്കുറിച്ച് ഒരു ഗാനഗവേഷകന്‍ നടത്തിയ അതിവിശദമായ
ഒരു വിശകലനം ഇവിടെ വായിക്കാം
ഘടനയിലെ പ്രത്യേകതയ്ക്കും ആസ്വാദ്യതയ്ക്കും ഉപരിയായി അപൂര്‍വമായ സാങ്കേതികമികവ് ഈ പാട്ടിനുണ്ടെന്നു സൂചിപ്പിക്കാനാണ് ഇതെഴുതുന്നത്.
ശബ്ദ ശാസ്ത്രത്തില്‍/ ശബ്ദ ലേഖനത്തില്‍ താല്‍പ്പര്യമുള്ള ഒരാള്‍ ഇത് കേള്‍ക്കുമ്പോള്‍ ആദ്യം ശ്രദ്ധിക്കുന്നത് തുണ്ടുപല്ലവി വരിയിലെ ആഴത്തിലുള്ള പ്രതിധ്വനി അഥവാ 'എക്കോ ഇഫക്റ്റ് ' ആണ്. ഏതു കേള്‍വിക്കാരന്റെയും മനസ്സു തൊടുന്ന, പാട്ട് മൂളാന്‍ ആഗ്രഹിക്കുന്ന ഒരാളെ വേട്ടയാടുന്ന "ഉണരുണരൂ..ഊ..ഊ ഉണ്ണിപ്പൂവേ..ഏ....ഏ.'. ആലാപനത്തിലെ 'വിബ്രാതോ'യും (vibrato) ശബ്ദലേഖനത്തിലെ "ഡിലെ'യും (delay) ചേര്‍ത്താണ് കെ.രാഘവന്‍ അന്നുവരെ നമ്മുടെ സംഗീത പ്രേമികള്‍ കേട്ടിട്ടില്ലാത്ത അമ്പരപ്പിക്കുന്ന ശബ്ദവിശേഷം സൃഷ്ടിച്ചത് ("വിബ്രാതോ', "ഡിലെ' ഇവ എന്തെന്ന് ഉദാഹരണ സഹിതം വിശദീകരിക്കാം). ഇത് വെറുമൊരു സിനിമാഗാന വരി അല്ല 'സംഗീതശബ്ദശാസ്ത്രത്തിലെ (musical acoustics) മണിമുത്ത് ' എന്നിതിനെ വിശേഷിപ്പിക്കാം. ചലച്ചിത്രഗാനങ്ങളില്‍ അന്ന് ലഭ്യമായ സാങ്കേതിക വിദ്യ ഉപയോഗിച്ച് കാലാതീതമായ ഇഫെക്റ്റ് സൃഷ്ടിച്ചതിനു ഇതിനു സമാനമായ മറ്റൊരു ഉദാഹരണം ഇല്ല എന്ന് കൂടുതല്‍ പരിശോധിച്ചാല്‍ അറിയാം. അതുകൊണ്ട് തന്നെ ഇന്ത്യന്‍ സിനിമാഗാന ചരിത്രത്തിലെ നാഴികക്കല്ലാണ് "ഉണരുണരൂ..ഊ..ഊ ഉണ്ണിപ്പൂവേ..ഏ....ഏ.'.
ഇതിലെ മൊത്തം effect ന്റെ ഒരു ഭാഗം 'vibrato' എന്ന ആലാപന സങ്കേതമാണ് . അതായതു ഒരു സ്വരസ്ഥാനം കമ്പനം ചെയ്യിച്ചുകൊണ്ട് പാടുക. പാശ്ചാത്യ ഓപ്പെറ ആലാപനത്തില്‍ ഉപയോഗിക്കുന്ന ഈ രീതി ഇന്ത്യന്‍ സംഗീതത്തില്‍ പതിവില്ല. ഇവിടെ 'ഗമകങ്ങള്‍' ആണ് പഥ്യം. ഇന്ത്യന്‍ ചലച്ചിത്ര ഗാനങ്ങളില്‍ 'വിബ്രാതോ' വളരെ വളരെ അപൂര്‍വമായേ ഉപയോഗിച്ചിട്ടുള്ളൂ എന്ന് പ്രതേകിച്ചു പറയേണ്ടല്ലോ. ഒന്നാമത്തെ കാര്യം സംഗീത സംവിധായകന്‍ ഗാനത്തിന്റെ ആസ്വാദ്യത കൂട്ടുവാന്‍ ഉതകാത്ത ഒരു പ്രയോഗം പരീക്ഷിക്കില്ല; സാധാരണഗതിയില്‍ ലളിത ഗാനങ്ങളില്‍ 'വിബ്രാതോ' പ്രയോഗത്തിന്റെ ആവശ്യം വരുന്നില്ലല്ലോ. രണ്ടാമത്, അസാമാന്യ പാടവം വേണം 'വിബ്രാതോ' യില്‍ പാടി ഫലിപ്പിക്കാന്‍. ചുരുക്കം പാട്ടുകാര്‍ക്കെ അത് വഴങ്ങൂ. പാട്ടിന്റെ ഘടനയില്‍ ഉദ്ദിഷ്ട ഭാവത്തിനു മാറ്റു കൂട്ടാന്‍ 'വിബ്രാതോ' അതിവിദഗ്ധമായി ചേര്‍ത്തതും ജാനകിയെ ക്കൊണ്ട് അത് പാടിച്ചതും ആണ് രാഘവന്റെ മിടുക്ക്.
ഇങ്ങനെ ഒരു പ്രയോഗം പാട്ടില്‍ ചേര്‍ക്കാന്‍ ജി.ദേവരാജന്‍ പോലും ഒരുമ്പെടുന്നത് കുറെ വര്‍ഷങ്ങള്‍ കഴിഞ്ഞാണ് 1970 ലെ 'ചന്ദ്രനുദിക്കുന്ന ദിക്കില്‍ ..'
സുന്ദരമായ ഈ പ്രേമഗാനം പാടുന്നത് യേശുദാസ്-ബി വസന്ത. ചിത്രം ഒതേനന്റെ മകന്‍). ദിക്കില്‍' പാടുന്നതിനൊടുവില്‍ 'വിബ്രാതോ' കേള്‍ക്കാം. (അതില്ലാതെ പാടിയാല്‍ എങ്ങനെയിരിക്കും എന്നറിയണമെങ്കില്‍ ഈ പാട്ടിന്റെ ലാന്‍ഡിങ് ശ്രദ്ധിച്ചാല്‍ മതി. അവസാനത്തെ വരിയില്‍ ഒടുവിലത്തെ 'ല്‍' പ്ലെയിന്‍ ആണ്). ഏതാണ്ടിതുപോലെ ഒരു പ്രകടനം, പി.സുശീലയുടെത്, 'പാമരം പളുങ്ക് കൊണ്ട് ...' (
https://www.youtube.com/watch?v=7ieJdqeT4fg അതേ വര്‍ഷം ഇറങ്ങിയ 'ത്രിവേണി'യിലെത്. സംഗീതം ദേവരാജന്‍ ). താരതമ്യം ചെയ്യുമ്പോള്‍ സ്വരങ്ങള്‍ 'വിറപ്പിക്കാന്‍' ജാനകിയമ്മയ്ക്ക് പ്രത്യേക കഴിവുണ്ട് . ഇളയരാജയുടെ (പില്‍ക്കാലത്തെ) ഒട്ടേറെ ഗാനങ്ങളില്‍ ഇത് പ്രകടമാവുന്നു. മലയാളത്തില്‍ 'പാലരുവി പാടിവരു ...' (
https://www.youtube.com/watch?v=K65_Zf0TvxY ; ചിത്രം ദൂരം അരികെ, 1980) ജാനകിയുടെ ഈ കഴിവിന് മറ്റൊരു ഉദാഹരണം. ഇന്ത്യന്‍ ഭാഷകളിലെ മറ്റ് ഹിറ്റ് ഗാനങ്ങളില്‍ ഒന്നിലും, കേട്ടിടത്തോളം, 'വിബ്രാതോ' ഉപയോഗിച്ചതായി കാണുന്നില്ല
'ഉണരുണരൂ..ഊ..ഊ ഉണ്ണിപ്പൂവേ..ഏ....ഏ.' യിലെ പ്രതിധ്വനി യിലേക്ക് വരാം. ഇന്ന് ഡിജിറ്റല്‍ എക്കോയുടെ യുഗത്തില്‍ മാറ്റൊലി കേള്‍പ്പിക്കുന്നത് കുട്ടിക്കളി മാത്രം. വഴിവക്കിലെ ലോട്ടറിക്കാരന്‍ പോലും 'നാളെ..ളെ..ളെ നാളെ..ളെ..ളെ' എന്നാണ് വിളിച്ചു പറയുന്നത്. സൌണ്ട് സിസ്ടങ്ങളില്‍ നമ്മളിത് കേട്ട് തുടങ്ങിയത് 1980കളിലാണ്. അന്ന് വലിയ ഗാനമേളകളില്‍ സൌണ്ട്സ് വാടകക്കാര്‍ ഇത്തരം എക്കോ അമ്പ്ലിഫയറുകള്‍ അത്ഭുത സംഭവമായി കൊണ്ട് വെക്കുമായിരുന്നു. അതിനും രണ്ടു ദശകം മുമ്പത്തെ, 1963ലെ കാര്യമാണ് നമ്മളിവിടെ പറയുന്നതെന്നോര്‍ക്കണം. അന്ന് പ്രതിധ്വനി ശബ്ദലേഖനം ചെയ്യുക എന്നത് സാങ്കേതികമായി ഒട്ടും സുസാധ്യമായിരുന്നില്ല.
മാറ്റൊലി റെക്കോര്‍ഡ് ചെയ്യാന്‍ എന്താണിത്ര ബുദ്ധിമുട്ട് ?
വലിയ ഹാളുകളില്‍, കോട്ടകളുടെയും മതിലുകളുടെയും മുന്നില്‍ ഒക്കെ സ്വാഭാവികമായ മാറ്റൊലി കേള്‍ക്കാം. വാസ്തവത്തില്‍ മാറ്റൊലി അഥവാ എക്കൊയെ ശബ്ദലേഖനത്തിന്റെ ശത്രുവായിട്ടാണ് കണക്കാക്കുന്നത്. ശബ്ദവും അതിന്റെ തുടര്‍ച്ചയായ പ്രതിധ്വനിയും ഒരുമിച്ചു കേട്ടാല്‍ (/ റെക്കോര്‍ഡ് ചെയ്‌താല്‍) സംഗീതം അലങ്കോലമാകും. അതുകൊണ്ട് കണ്‍സര്‍ട്ട് ഹാളുകളും തിയേറ്ററുകളും സ്റ്റുഡിയോകളും ഒക്കെ 'എക്കോ പ്രൂഫ്' ചെയ്താണ് നിര്‍മിക്കുക നല്ല ചെലവു വരുന്ന പരിപാടിയാണത് എന്നും കാണണം. ഇത്തരത്തില്‍ ഒരു റെക്കോര്‍ഡിംഗ് സ്റ്റുഡിയോയില്‍ പാട്ടിനിടയില്‍ മാറ്റൊലി ചേര്‍ക്കുക വലിയ വെല്ലുവിളിയാണ് . റെക്കോര്‍ഡിംഗില്‍ ആവശ്യത്തിനനുസരിച്ച് പ്രതിധ്വനി ചേര്‍ക്കാനാണ് 'ഡിലെ' (delay) എന്നറിയപ്പെടുന്ന ശബ്ദലേഖന സംവിധാനം കണ്ടുപിടിക്കപ്പെട്ടത്. ഡിലെ എന്നുവച്ചാല്‍ അക്ഷരാര്‍ത്ഥത്തില്‍ ശബ്ദം വൈകിക്കുക. കേട്ടുകൊണ്ടിരിക്കുന്ന അതേ ശബ്ദം ഉച്ചത കുറച്ച് 'വൈകിച്ച് ' വീണ്ടും വീണ്ടും ആവര്‍ത്തിക്കുമ്പോള്‍ മാറ്റൊലി ആയി തോന്നിക്കും.
ആമ്പ്ലിഫയറുകളും ഇലക്ട്രോണിക് സര്‍ക്യുട്ടുകളും വന്നപ്പോള്‍ ശബ്ദങ്ങള്‍ വൈകിച്ച് ആവര്‍ത്തിക്കുന്നത് സാധ്യമായി. പാശ്ചാത്യ പോപ്പുലര്‍ സംഗീതത്തില്‍ ഗിറ്റാര്‍ വാദനത്തിനു പുതുമയേകാന്‍ 'ഡിലെ സര്‍ക്യുട്ടുകള്‍' ഉപയോഗിക്കപ്പെട്ടു 'മീട്ടുമ്പോള്‍ ഒന്ന്, സ്പീക്കറില്‍ കേള്‍ക്കുമ്പോള്‍ മറ്റൊന്ന്' എന്ന മട്ടില്‍ അത്യത്ഭുതകരമായ, നവംനവമായ ശബ്ദവിശേഷങ്ങള്‍ പുറപ്പെടുവിച്ച് ശ്രോതാക്കളെ കയ്യിലെടുക്കാന്‍ പാശ്ചാത്യ ബാന്റുകള്‍ക്ക് അത് സഹായകമായി. പക്ഷെ, 'ഡിലെ സര്‍ക്യുട്ടുകള്‍' വച്ച് ശരിയായ മാറ്റൊലി (അതായത് ശബ്ദം നിലച്ച ശേഷം അത് വീണ്ടും ആവര്‍ത്തിക്കുക) സൃഷ്ടിക്കാന്‍ പ്രയാസമായിരുന്നു. എന്തെന്നാല്‍ 10 സെക്കന്‍ഡില്‍ കൂടുതല്‍ 'ഡിലെ' കിട്ടിയാല്‍ മാത്രമേ മാറ്റൊലിയായി തോന്നുകയുള്ളൂ.
പണ്ട് മാഗ്നെറ്റിക് ടേപ്പുകള്‍ വന്ന കാലത്ത് (1960 കള്‍) റെക്കോര്ഡ് ചെയ്തുകൊണ്ടിരിക്കെ ടേപ്പിനു തൊട്ടപ്പുറത്ത് ഒരു പ്ലേബാക്ക് ഹെഡ് വച്ച് ആ ശബ്ദം ഉടനടി (മുഖ്യ ശബ്ദത്തോടൊപ്പം) വീണ്ടും കേള്‍പ്പിക്കുന്ന യന്ത്രം ചിലര്‍ നിര്‍മിച്ചു. ഇത്തരത്തില്‍ കൃത്രിമമായി ആമ്പ്ലിഫയറില്‍ നിന്ന് മാറ്റൊലി സൃഷ്ടിക്കാം.

എസ് ഡി ബര്‍മനും ആര്‍ ഡി ബര്‍മനും
ലോകമാര്‍ക്കെറ്റില്‍ ആദ്യം വില്‍ക്കപ്പെട്ടത് റോളണ്ട് കമ്പനി 1973ല്‍ ഇറക്കിയ 'സ്പേസ് എക്കോ' മെഷിന്‍ ആണ്. (എട്ടു പത്തു വര്‍ഷം കഴിഞ്ഞാണ് 'എക്കോ സിസ്‌ടങ്ങള്‍' നമ്മുടെ നാട്ടിലെ ഗാനമേളക്കാര്‍ക്ക് സ്വന്തമാക്കാന്‍ മാത്രം വില കുറഞ്ഞു വന്നത്). ഇറങ്ങിയ താമസം, ബോളിവുഡില്‍ ആര്‍.ഡി. ബര്‍മന്‍ അത് കൊണ്ടു വന്ന് ഗാനങ്ങളില്‍ (വോക്കലിലും ഇന്‍സ്റ്റ്രു മെന്റ്സിലും) ഉപയോഗിക്കാന്‍ തുടങ്ങി. അദ്ദേഹത്തിനത് ഒരു 'ഒബ്‌സഷന്‍' ആവുകപോലും ചെയ്തു. 1974 ല്‍ ഇറങ്ങിയ 'ആപ് കീ കസം' തൊട്ടു പല സിനിമകളിലും അദ്ദേഹമിത് വേണ്ടിടത്തും വേണ്ടാത്തിടത്തും പ്രയോഗിച്ചിട്ടുണ്ട്
. "ആപ് കീ കസം' ലെ 'കര്‍വടേം ബദല്‍തെ രഹെ...' എന്ന മനോഹര പ്രേമഗാനം കേള്‍ക്കുക മുഴുനീള റിവേര്‍ബ്രേഷനിലാണ്
(reverbration ഇടകലര്‍ന്ന പ്രതിധ്വനി) ഇത് ശബ്ദലേഖനം ചെയ്തിരിക്കുന്നത്. നിര്‍മാതാക്കളുടെ എതിര്‍പ്പ് പോലും വകവെക്കാതെ അദ്ദേഹം നടത്തിയ പരീക്ഷണങ്ങള്‍ ബൊക്‌സൊഫിസില്‍ തകര്‍പ്പന്‍ വിജയമായി.(1980 കളില്‍ ഡിസ്കോ ഭ്രാന്ത് പടര്‍ന്നതില്‍ പിന്നെ ഡിലെ മെഷിനുകള്‍ സംഗീതത്തിന്റെ അവിഭാജ്യ ഘടകമായി).
ആര്‍.ഡി. ബര്‍മന്റെ പരീക്ഷണങ്ങള്‍ക്ക് മുന്‍പ് ഹിന്ദി സിനിമാ ഗാനങ്ങളില്‍ 'എക്കോ സിസ്റ്റം' ഒന്നും ഉപയോഗിച്ചിട്ടില്ല എന്നതിന് തെളിവ് 1969 ലെ 'ആരാധന'യിലെ (എസ് ഡി ബര്‍മന്റെ സംഗീതം. അദ്ദേഹത്തിന്റെ സഹായി മകനായ ആര്‍ ഡി ബര്‍മന്‍) 'കോറാ കാഗസ് ഥാ ' .. (
https://www.youtube.com/watch?v=DrzYnvHD13k) ആണ്. ഹിന്ദിയിലെ ഈ സുന്ദരമായ പ്രേമഗാനത്തില്‍ തുടക്കഭാഗത്ത് മാറ്റൊലി വേണ്ടിവന്നപ്പോള്‍ വരിയുടെ അന്ത്യം റിപ്പീറ്റ് ചെയ്യുകയാണെന്ന് ശ്രദ്ധിക്കുക. ബോളിവുഡില്‍ അന്ന് ഡിലെ മെഷിന്‍ ഉണ്ടായിരുന്നെങ്കില്‍ തീര്‍ച്ചയായും അതുപയോഗിച്ചേനെ.
അതായത് ബോളിവുഡില്‍ 'എക്കോ സിസ്റ്റം' ആദ്യമായി പ്രയോഗിക്കുന്നതിനും ഒരു ദശകം മുമ്പാണ് കോടമ്പാക്കത്ത് കെ.രാഘവന്റെ നേതൃത്വത്തില്‍ 'ഉണരുണരൂ ഉണ്ണിപ്പൂവേ..' വൃത്തിയായ മാറ്റൊലിയോടെ റെക്കോര്‍ഡ് ചെയ്യപ്പെടുന്നത്. ഈ അത്ഭുതം എങ്ങനെ സാധിച്ചു എന്ന് സംശയം തീര്‍ക്കാന്‍ അതിനു പിന്നില്‍ പ്രവര്‍ത്തിച്ച സാങ്കേതിക വിദഗ്ധര്‍ ആരും ഇന്നില്ല. 'ടേപ്പ് ഡിലെ മെഷിന്‍' ഉണ്ടെങ്കില്‍ മാത്രമേ അതില്‍ കേട്ട മാറ്റൊലി അത്രയും പെര്‍ഫെക്റ്റ് ആയി റെക്കോര്‍ഡ് ചെയ്യാനാവൂ. 1950 കളുടെ ഒടുവില്‍ വിദേശത്തെ റെക്കോര്‍ഡിംഗ് സ്റ്റുഡിയോകളിലെ സൌണ്ട് എന്‍ജിനീയര്‍മാര്‍ എക്കോ ഇഫെക്റ്റിനു വേണ്ടി സ്വന്തമായി ഉപകരണങ്ങള്‍ നിര്‍മിച്ചിരുന്നു. എല്‍വിസ് പ്രേസ്ലി, ബീറ്റില്‍സ് തുടങ്ങിയവരുടെ ഹിറ്റ് ആല്‍ബങ്ങള്‍ റെക്കോര്‍ഡ് ചെയ്യാനായിരുന്നു ഇത്. അത്തരം 'എക്കോ' ഗാനങ്ങള്‍ അന്ന് അന്താരാഷ്ട്ര പ്രശസ്തി നേടുകയും ചെയ്തിരുന്നു. ഒന്നുകില്‍ ആ ഗണത്തില്‍ പെട്ട വല്ല ഉപകരണവും മദ്രാസില്‍ ആരെങ്കിലും കൊണ്ടുവന്നതാവാം; അല്ലെങ്കില്‍ അവിടത്തെ ഉത്സാഹികളായ ഏതെങ്കിലും എന്‍ജിനീയര്‍മാര്‍ മാഗ്നെറ്റിക് ടേപ്പും പ്ലേ ഹെഡ്കളും ഘടിപ്പിച്ച് സ്വന്തമായ 'ടേപ്പ് ഡിലെ മെഷിന്‍' ഉണ്ടാക്കിയിരിക്കാം (രണ്ടും സാധ്യമാണ്). അത്, 'അമ്മയെ കാണാന്‍' എന്ന സിനിമയില്‍ പുഴയിലെ തോണിയില്‍ ഇരുന്നു നായിക പാടുന്ന ഉണര്‍ത്തുപാട്ടിനു മാറ്റൊലി വരുത്താന്‍ രാഘവനും കൂട്ടരും ഭാവനാത്മകമായി ഉപയോഗിച്ചു ഇന്ത്യയില്‍ ആദ്യമായി ഒരു 'കൃത്രിമ പ്രതിധ്വനി വിസ്മയം' !!
അതുകൊണ്ടാണ് 'ഉണരുണരൂ ഉണ്ണിപ്പൂവേ...' ഇന്ത്യന്‍ സിനിമാ ഗാന ചരിത്രത്തില്‍ ഒരു നാഴികക്കല്ലാവുന്നത്.
(
തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സില്‍ ശാസ്ത്രജ്ഞനാണ് ലേഖകന്‍. മെയില്‍:
manoj@physicist.net ).
ലാന്റിംഗ് നോട്സ് (Added on 19.06.2016 ): മേല്‍പ്പറഞ്ഞത് വായിക്കാനിടയായ രവി മേനോന്‍ ('പാട്ടെഴുത്ത് ' ഫെയിം) കാര്യം സ്ഥിരീകരിക്കാന്‍ എസ് ജാനകിയോട് നേരിട്ട് ഈ പാട്ടിനെക്കുറിച്ച് സംസാരിച്ചു. ആദ്യം വരി റെക്കോര്‍ഡ് ചെയ്ത ശേഷം ഹെഡ് ഫോണില്‍ അത് കേട്ടുകൊണ്ട് എക്കോ വേര്‍ഷന്‍ പാടുകയായിരുന്നു എന്നാണ് അവര്‍ പറഞ്ഞത്. അതേ വരി ആവര്‍ത്തിച്ചു പാടി, അത് ഫെയ്ഡ് ഔട്ട് ചെയ്യുന്ന വിധം സൗണ്ട് എന്‍ജിനീയര്‍ മുഖ്യവരിയുമായി മനോഹരമായി ബ്ലെന്‍ഡ് ചെയ്തു. അതായത് എക്കോ കിട്ടാന്‍ ഉപയോഗിക്കുന്ന പ്രത്യേക ഡിലെ ഉപകരണങ്ങള്‍ ഒന്നും ഇല്ലാതെയാണ് 'ഉണരുണരൂ ഉണ്ണിപ്പൂവേ' ശബ്ദലേഖനം ചെയ്തത്.
എടുത്തു പറയേണ്ടത്, അന്ന് മള്‍ട്ടി ട്രാക്ക് രേഖപ്പെടുത്താനോ മിക്സ് ചെയ്ത് എടുക്കുവാനോ സംവിധാനം ഇല്ലായിരുന്നു എന്നതാണ്. ശബ്ദലേഖനം സൌണ്ട് നെഗറ്റിവില്‍ നിന്നും (അതായത് സിനിമ ഷൂട്ട് ചെയ്യുന്ന ഫിലിമിനു തുല്യമായി ശബ്ദം രേഖപ്പെടുത്തുന്ന ഭാഗം മാത്രം ഉള്ള നെഗറ്റിവ് ഫിലിം ഓടിക്കുന്ന ഒരു ഡമ്മി കാമറയില്‍ നേരിട്ട് റെക്കോര്‍ഡ് ചെയ്യുന്നത്. ഇത് അവസാനം പിക്‌ചര്‍ നെഗറ്റിവിന്റെ കൂടെ ഇട്ടു പ്രിന്റ് ചെയ്യുമ്പോള്‍ 'ശബ്ദമുള്ള' പൊസിറ്റിവ് കിട്ടും) മാഗ്നെറ്റിക് ടേപ്പിലെക്ക് മാറിയ കാലമാണല്ലോ. മോണോ ട്രാക്ക് മാത്രം രേഖപ്പെടുത്താനാവുന്ന വലിയ സ്പൂളിലുള്ള ഒറ്റ ടേപ്പിലാണ് റെക്കോര്‍ഡിംഗ്. അത് റീവൈന്റ് ചെയ്തു വീണ്ടും കേള്‍ക്കാനും, താല്‍ക്കാലികമായി pause ചെയ്യാനും പറ്റുമെന്ന് മാത്രം. സാധാരണഗതിയില്‍ റിഹേര്‍സല്‍ കഴിഞ്ഞ് ഒറ്റ ടേക്കില്‍ പാട്ട് മുഴുവന്‍ റെക്കോര്‍ഡ് ചെയ്യും.
ഈ സംവിധാനം വച്ചുകൊണ്ട് സൗണ്ട് എന്‍ജിനീയര്‍ എക്കൊഭാഗം എങ്ങനെ ബ്ലെന്‍ഡ് ചെയ്തു എന്നാലോചിക്കുന്നത് കൌതുകകരമായിരിക്കും. പാട്ടിന്റെ ഈ ഭാഗം വെറും വോക്കല്‍ മാത്രമാണ് എന്ന് ശ്രദ്ധിക്കുക (ഗാനതല്‍പ്പരനായ ജിജോ ടോമി ആണിത് ചൂണ്ടിക്കാട്ടിയത്). താളക്രമം മുറിയും എന്ന പേടി കൂടാതെ ആവര്‍ത്തനം കൂട്ടിച്ചേര്‍ക്കാനുള്ള സൌകര്യത്തിനാവണം പശ്ചാത്തല സംഗീതം ഒഴിവാക്കിയത്. മാറ്റൊലി പോലെ തോന്നിക്കാനുള്ള ആവര്‍ത്തനം കൂട്ടിച്ചേര്‍ത്തത് ഇപ്രകാരം ആവാനാണ് സാധ്യത :
ജാനകിയമ്മ ആദ്യം 'ഉണരുണരൂ' എന്ന് പാടുന്നു. ഉടന്‍ ടേപ്പ് pause ചെയ്യുന്നു. മാറ്റൊലി തോന്നിക്കാന്‍ അത് ഒന്നുകൂടി പാടി, അതിന്റെ അവസാന ഭാഗം ശബ്ദം കുറച്ചു (fading) ടേപ്പില്‍ പതിപ്പിക്കുന്നു. ശരിയായോ എന്നറിയാന്‍ റീവൈന്റ് ചെയ്തു വീണ്ടും കേള്‍ക്കുന്നു. ഉദ്ദേശിച്ച ഇഫെക്റ്റ് കിട്ടുന്നത് വരെ തുടരുന്നു. പിന്നെ 'ഉണ്ണിപ്പൂവേ'ക്കും എക്കോ ഇഫെക്റ്റ് കൊടുക്കുന്നു. പിന്നെ ആദ്യപല്ലവിയും ഒന്നാമത്തെ ചരണവും സാധാരണപോലെ റെക്കോര്‍ഡ് ചെയ്യുന്നു. പിന്നെയും 'ഉണരുണരൂ' വും ആവര്‍ത്തനവും - അങ്ങനെ നിര്‍ത്തിയും പാടിയും ഗാനം പൂര്‍ത്തിയാക്കുന്നു. എന്തുമാത്രം പരിശ്രമം അതിന് വേണ്ടി വന്നു എന്ന് ഓര്‍ത്തു നോക്കാവുന്നതെ ഉള്ളൂ.
പിന്നീടാരും ഈ വിദ്യ പരീക്ഷിക്കാഞ്ഞത് എന്തുകൊണ്ടെന്ന് വ്യക്തം - ഇത്തരം ഒരു സംരംഭത്തിന് സംഗീത സംവിധായകന് സന്നദ്ധത വേണം; പാടുന്നയാള്‍ക്ക് അപാര ക്ഷമ വേണം; റെക്കോര്‍ഡിസ്റ്റിനു പ്രവീണ്യം വേണം; സ്റ്റുഡിയോയും വാദ്യ വൃന്ദവും ഓവര്‍ടൈം പ്രവര്‍ത്തിക്കണം; ചെറിയൊരു അക്കൊസ്റ്റിക് ഇഫെക്റ്റ് നു വേണ്ടി വന്‍തോതില്‍ പണം മുടക്കാന്‍ നിര്‍മാതാവിനു താല്‍പ്പര്യവും വേണം.
ലഭ്യമായ സൌകര്യങ്ങള്‍ വച്ച് ഭാവനാത്മകമായ നീക്കത്തിലൂടെ മുന്‍പില്ലാത്ത വിധം മികച്ച ഫലം കൈവരിക്കുവാനാണ് രാഘവന്‍ മാഷും കൂട്ടരും പരിശ്രമിച്ചത് . ഇന്ത്യന്‍ ചലച്ചിത്രഗാനചരിത്രത്തില്‍ കാലത്തിനു മുന്‍പേ നടന്നതിന് അപൂര്‍വ ഉദാഹരണം. അത് മലയാളത്തിലാണ് നടന്നതെന്നതില്‍ നമുക്കൊക്കെ അഭിമാനിക്കാം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..