എന്‍ഡിടിവി—ഒരു രാഷ്ട്രീയരക്തസാക്ഷി

Friday Sep 2, 2022
ഡോ. എന്‍. പി. ചന്ദ്രശേഖരന്‍

എന്‍ഡിടിവിയുടെ 29.18 ശതമാനം ഓഹരികള്‍ അദാനി ഗ്രൂപ്പ് സ്വന്തമാക്കിയത് നമ്മളൊക്കെ അറിഞ്ഞ വാര്‍ത്തയാണ്. ഇതു വെളിപ്പെടുത്തിയത് അദാനി ഗ്രൂപ്പ് തന്നെയാണ്.

26 ശതമാനം കൂടി ഓഹരികള്‍  വാങ്ങാം എന്ന വാഗ്ദാനവും  അദാനി ഗ്രൂപ്പ് മുന്നോട്ടുവച്ചിട്ടുണ്ട്. അതു നടപ്പാകുമ്പോള്‍ എന്‍ഡിടിവിയിലെ അദാനിയുടെ ഓഹരിപങ്കാളിത്തം 55 ശതമാനമാകും. മേലില്‍ എന്‍ഡിടിവി അദാനിക്കു നിയന്ത്രിക്കാം.
ഈ വാര്‍ത്തയുടെ കാണാപ്പുറങ്ങള്‍ ഇന്ത്യ കണ്ണും കരളും തുറന്നു കാണേണ്ടതുണ്ട്.

ഏതു വാര്‍ത്തയ്ക്കും അങ്ങനെ ചിലതുണ്ട് കാണാപ്പുറങ്ങള്‍. പലപ്പോഴും അവയെ നമ്മള്‍ കാണില്ല, മങ്ങിക്കാണുന്നുണ്ടെങ്കിലും ശ്രദ്ധിക്കുകയുമില്ല.
അദാനി കമ്പനി ഈ നീക്കം നടത്തുന്നതിനു തൊട്ടുമുമ്പുള്ള സാഹചര്യത്തിലേയ്ക്ക് നമുക്കു പോകാം. കുറച്ചു കൊല്ലങ്ങളായി എന്‍ഡിടിവി നിയമനടപടികളുടെ പരമ്പരയ്ക്കു കീഴിലാണ്.

വായ്പ നല്കിയ ഐസിഐസിഐ ബാങ്കിന് എന്‍ഡിടിവി 48 കോടി രൂപ നഷ്ടമുണ്ടാക്കി എന്ന പരാതി, സെക്യൂരിറ്റി എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ എന്ന സെബിയെ നിയമപ്രകാരം അറിയിക്കേണ്ട കാര്യങ്ങള്‍ എന്‍ഡിടിവി അറിയിച്ചില്ലെന്ന പരാതി, ഇ ഡിയുടെ നോട്ടീസ്, എന്‍ഡിടിവി ഹിന്ദിയുടെ നിരോധനം, ആദായ നികുതിക്കാരുടെ നോട്ടീസ്, എന്‍ഡിടിവി സ്ഥാപകന്‍ പ്രൊണോയ് റോയിയുടെ വീട്ടില്‍ സിബിഐ റെയ്ഡ്, അദ്ദേഹത്തിനും ജീവിതപങ്കാളി രാധിക റോയിക്കുമെതിരെ കേസ് എന്നിങ്ങനെ പലതും അരങ്ങേറി.

പ്രണോയ് റോയ് പിണറായിക്കൊപ്പം

പ്രണോയ് റോയ് പിണറായിക്കൊപ്പം

പിന്നാലേ സെബി പ്രൊണോയ്ക്കും രാധികയ്ക്കും 27 കോടി രൂപ പിഴ വിധിച്ചു. സെക്യൂരിറ്റി അപ്പലേറ്റ് ട്രൈബ്യൂണല്‍ എന്ന സാറ്റ് അവരുടെ അപ്പീല്‍ കേള്‍ക്കാന്‍ ആ തുകയുടെ പകുതി ആദ്യം കെട്ടിവയ്ക്കണമെന്ന നിലപാടെടുത്തു.

എന്‍ഡിടിവി സുപ്രീം കോടതിയില്‍ പോയി. കോടതി സാറ്റിന്റെ വ്യവസ്ഥ റദ്ദാക്കി.  സാറ്റിന്റെ നടപടി ധിക്കാരമാണെന്നുവരെ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് നിരീക്ഷിച്ചു. എല്ലാം എണ്ണിയെണ്ണിപ്പറയുന്നില്ല, അങ്ങനെ പലതും... ആ പരമ്പര നീളുകയാണ്.

എന്‍ഡിടിവി മികച്ച ദേശീയമാധ്യമമാണ്. അവര്‍ മോദി ഭരണത്തിന്റെ ക്രിയാത്മകവിമര്‍ശകരായി തലയുയര്‍ത്തിനില്ക്കുന്നു,ച്ഛഅതും ദേശീയമാധ്യമങ്ങളെ സംഘപരിവാര്‍ വിലയ്ക്കുവാങ്ങുകയോ ഭീഷണിപ്പെടുത്തി വരുതിയിലാക്കുകയോ പേടിപ്പിച്ച് നിശ്ശബ്ദമാക്കുകയോ ചെയ്യുന്ന ഒരു കാലത്ത്! പക്ഷേ, അപ്പുറത്ത്, നിയമനടപടികളുടെ നിഴലില്‍ ആ സ്ഥാപനത്തിന്റെ വാണിജ്യാരോഗ്യം മങ്ങുന്നുമുണ്ട്.

ഓഹരിവിപണിയില്‍ ലിസ്റ്റ് ചെയ്ത കമ്പനിയാണ് എന്‍ഡിടിവി. അതിന്റെ ഓഹരികളുടെ വില സ്ഥാപനത്തിന്റെ വാണിജ്യ മുഖശോഭയ്ക്കൊത്ത് ഉയരുകയും താഴുകയും ചെയ്യും. അതനുസരിച്ച്, ഓഹരിയുടമകളായ വ്യക്തികള്‍ അവ വില്ക്കുകയും വാങ്ങുകയും ചെയ്യും. അങ്ങനെയുള്ള ഒരു കമ്പനി നിരന്തരം നിയമപ്രശ്നങ്ങളില്‍പ്പെടുന്നത്, തുടര്‍ച്ചയായി വാര്‍ത്തകളില്‍ നിറംമങ്ങിയ രൂപത്തില്‍ കയറിവരുന്നത്, വാണിജ്യപരമായി മങ്ങുന്നത് ഓഹരിയുടമകളെ പരിഭ്രാന്തരാക്കും.

വ്യക്തികള്‍ തമ്മില്‍ത്തമ്മില്‍ ഓഹരികള്‍ വില്ക്കുകയും വാങ്ങുകയും ചെയ്യുമ്പോള്‍ കമ്പനിക്ക് പ്രത്യേകിച്ചൊന്നും സംഭവിക്കില്ല. പക്ഷേ, ഒരുപാട് ഓഹരികള്‍ വില്ക്കപ്പെടുകയും അവ കൂട്ടായി ആരെങ്കിലും വാങ്ങുകയും ചെയ്താല്‍ കമ്പനിയുടെ ഉടമസ്ഥതതന്നെ മാറും.

എന്‍ഡിടിവിയുടെ കാര്യത്തില്‍ അതാണ് ഉണ്ടായത്. കമ്പനിയുടെ ഓഹരികളില്‍ നല്ലൊരു പങ്കും കൈമാറി. അവയില്‍ മുപ്പതു ശതമാനം ഓഹരികള്‍ അദാനി വാങ്ങി. അദാനിയുടെ എന്‍ഡിടിവി ഓപ്പറേഷന്‍ തുടരുന്നു. താമസിയാതെ കമ്പനിയുടെ 55 ശതമാനം ഓഹരികളും അദാനി കൈയടക്കും.

ഇത് കച്ചവടമേഖലയിലെ ഒരു വെറും കാഴ്ചയായി കണ്ടുനിന്നാല്‍പ്പോരാ. ഒരു കമ്പനി മറ്റൊരാള്‍ വാങ്ങുന്നത് സമൂഹം ശ്രദ്ധിക്കേണ്ട ഒരു കാര്യം കൂടിയാണ്.

പ്രശ്നത്തിലാകുന്ന കമ്പനികള്‍ കച്ചവടലക്ഷ്യത്തോടെ വാങ്ങി മെച്ചപ്പെടുത്തി നന്നായി നടത്തുകയോ വിറ്റു കാശുണ്ടാക്കുകയോ ചെയ്യുന്ന ഒരു കച്ചവടരീതിതന്നെയുണ്ട്.  ഹിന്ദുസ്ഥാന്‍ കംപ്യൂട്ടേഴ്സ് ഉടമ ശിവ് നാടാരെ നമുക്കറിയാം.

പദ്മഭൂഷണ്‍ ജേതാവായ ആ എഴുപത്തേഴുകാരന്‍ ഇന്ത്യയിലെ സമ്പന്നരില്‍ മൂന്നാം സ്ഥാനക്കാരനും ആഗോള സമ്പന്നരില്‍ അറുപതാം സ്ഥാനക്കാരനുമാണ്. 

അദ്ദേഹം ഇത്തരം കച്ചവടത്തിനും പ്രസിദ്ധനാണ്. ടെയ്ക്ക് ഓവര്‍ ടൈക്കൂണ്‍ എന്ന ഒരു വിളിപ്പേരുതന്നെ അദ്ദേഹത്തിനുണ്ട്.
എന്നാല്‍, സാധാരണ കച്ചവടത്തിന്റെ വഴിയിലൂടെയല്ലാതെയും കമ്പനികളുടെ ഏറ്റെടുക്കല്‍ നടക്കാറുണ്ട്. എണ്‍പതുകളില്‍ ലാസര്‍ ആന്‍ഡ് ട്യൂബ്രോ ഇന്ത്യ എന്ന എല്‍ ആന്‍ഡ് ടി ഇന്ത്യയെ റിലയന്‍സ് ഏറ്റെടുക്കാന്‍ ശ്രമിച്ചു.

കോണ്‍ഗ്രസ്സിന്റെ പിന്തുണയോടെ നടന്ന ഈ നീക്കം അതുകൊണ്ടുതന്നെ ശ്രദ്ധേയവുമായി. റിലയന്‍സിന്റെ വിവാദനീക്കം പക്ഷേ, കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ പൊളിഞ്ഞുപോയി.
കമ്പനി ഏറ്റെടുക്കല്‍നീക്കങ്ങള്‍ സ്വാഭാവികമായ കച്ചവടത്തിന്റെ പരിധിക്കപ്പുറത്തേയ്ക്കു പോകുമ്പോള്‍ സമൂഹം പ്രതികരിക്കണം. അതിനു പിന്നില്‍ രാഷ്ട്രീയതാല്പര്യങ്ങള്‍ ഉണ്ടാകുമ്പോള്‍ വിശേഷിച്ചും.

നൂറ്റാണ്ടോളം നീണ്ട പാരമ്പര്യമുള്ള തൃശ്ശൂരിലെ ക്രൈസ്തവര്‍ക്കു പ്രിയപ്പെട്ട കാത്തലിക് സിറിയന്‍ ബാങ്ക് ഗുജറാത്തി വ്യവസായി സോം ചൗള വാങ്ങിയത് കേരളത്തില്‍ വിവാദമായിരുന്നു. പിന്നീട്, ഒരു കനേഡിയന്‍ കമ്പനിയുടെ കൈയിലായതോടെ വിദേശനിയന്ത്രണത്തിലേയ്ക്കു പോകുന്ന ഇന്ത്യയിലെ ആദ്യത്തെ പഴയ തലമുറ സ്വകാര്യ ബാങ്കായി അതുമാറി. സാഹിത്യകാരന്‍ അപ്പു നെടുങ്ങാടി 1899ല്‍ സ്ഥാപിച്ച കേരളത്തിലെ ആദ്യബാങ്കായ നെടുങ്ങാടി ബാങ്ക് പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ കൈയിലായതും കേരളം കണ്ടതാണ്.

കേരളത്തിന്റെ സ്വന്തം ബാങ്കുകള്‍ അന്യാധീനപ്പെടുന്നു എന്ന മുറവിളി അപ്പോഴൊക്കെ ഉയര്‍ന്നതുമാണ്.

സാധാരണകച്ചവടസ്ഥാപനങ്ങള്‍ സാധാരണരീതിയില്‍ കൈമാറുന്നതിനേക്കാള്‍ ഗൗരവമുള്ളതാണ് മാധ്യമങ്ങളുടെ കൈമാറ്റം.

മാതൃഭൂമിയുടെ ഓഹരികള്‍ ടൈംസ് ഓഫ് ഇന്ത്യ വാങ്ങാനിറങ്ങിയപ്പോള്‍ കേരളത്തില്‍ അതു വലിയ ചര്‍ച്ചാവിഷയമായി.  ഏഷ്യാനെറ്റിനെ വിഴുങ്ങാന്‍ റഹേജാ ഗ്രൂപ്പ് ശ്രമിച്ചപ്പോഴും അതുണ്ടായി. പിന്നീട് ഏഷ്യാനെറ്റ് മര്‍ഡോക്കിന്റെ കൈയിലായതും ചര്‍ച്ച ചെയ്യപ്പെട്ടു.

അപ്പുറത്ത്, ഏഷ്യാനെറ്റ് ന്യൂസ് റജി മേനോനില്‍നിന്ന് രാജീവ് ചന്ദ്രശേഖറിന്റെ കൈയിലെത്തിയപ്പോഴും സാമൂഹികശ്രദ്ധയ്ക്കു വിഷയമായി.

മാധ്യമങ്ങളെ കുത്തകകള്‍ ഏറ്റെടുക്കുന്നതിനെ ആശങ്കയോടെയാണ് എന്നും പ്രബുദ്ധസമൂഹം കാണുന്നത്. ജനങ്ങളിലേയ്ക്ക് ആശയങ്ങള്‍ പകരുന്ന ഒരു മാധ്യമസ്ഥാപനത്തെ ഖനി മുതല്‍ വിമാനത്താവളങ്ങളും തുറമുഖങ്ങളും വരെ നടത്തുന്ന ഒരു കുത്തകവ്യവസായി ഏറ്റെടുക്കുന്നു എന്ന സാമൂഹികദുരന്തം ഈ ഏറ്റെടുക്കലിനുമുണ്ട്.

എന്നാല്‍, അതിനപ്പുറത്തേയ്ക്കും ഈ ഏറ്റെടുക്കലിന്റെ കാണാപ്പുറങ്ങള്‍ നീളുന്നു.

കേവലമായ കച്ചവടക്കൈമാറ്റത്തിനപ്പുറത്ത് എന്തോ നടന്നിട്ടുണ്ട് എന്‍ഡിടിവിയുടെ ഓഹരിക്കൈമാറ്റത്തില്‍ എന്നതാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയമാകേണ്ടത്.

കേന്ദ്ര ഭരണകക്ഷിക്കു കീഴ്പ്പെടാത്ത ഒരു മാധ്യമം ആണ്ടുകളോളം നിയമപരമായി വേട്ടയാടപ്പെടുന്നു, ആ സ്ഥാപനത്തിന്റെ വാണിജ്യപ്രഭ മങ്ങുമ്പോള്‍ അതിന്റെ മുപ്പതു ശതമാനത്തോളം ഓഹരികള്‍ അതേ രാഷ്ട്രീയകക്ഷിയുമായി ബന്ധമുള്ള ഒരു ഗ്രൂപ്പു വാങ്ങുന്നു; ഇത് യാദൃച്ഛികമാണ് എന്നു കരുതുക വയ്യ.

എല്‍ ആന്‍ഡ് ടി ഇന്ത്യയെ ഏറ്റെടുക്കാനുള്ള റിലയന്‍സിന്റെ ശ്രമം പരാജയപ്പെട്ടപ്പോഴുള്ള നിയമമല്ല ഇപ്പോള്‍. 2013നു മുമ്പ് ഒരു ലിസ്റ്റഡ് കമ്പനിയുടെ ഓഹരി ഒരാളില്‍ നിന്ന് മറ്റൊരാള്‍ വാങ്ങുന്നത് കമ്പനി അറിയുമായിരുന്നു.

കമ്പനിയുടെ നിയന്ത്രണമേറ്റെടുക്കാന്‍ പറ്റുന്നത്ര ഓഹരികള്‍ ആരെങ്കിലും കൂട്ടായി വാങ്ങുന്നുണ്ടെങ്കില്‍ കമ്പനിക്കു ജാഗ്രതയെടുക്കാമായിരുന്നു.

ആ നിയമം പൊയ്പ്പോയി. ഇപ്പോള്‍ ഒരു കമ്പനിയുടെ അഞ്ചു ശതമാനത്തില്‍ കൂടുതല്‍ ഓഹരികള്‍ ഒരാള്‍ വാങ്ങുന്നുവെങ്കില്‍ സെബിയെ അറിയിച്ചാല്‍ മതി.

എന്‍ഡിടിവിയുടെ കാര്യത്തിലും അതു നടന്നിരിക്കാം. പക്ഷേ, എന്‍ഡിടിവി സ്ഥാപിച്ച പ്രൊണോയ്യും രാധികയും അത് അറിഞ്ഞില്ല.

അവരെ ഇരുട്ടില്‍നിര്‍ത്തി കമ്പനിയുടെ മുപ്പതുശതമാനത്തോളം ഓഹരികള്‍ വാങ്ങിക്കൂട്ടാന്‍ അദാനിക്കു കഴിഞ്ഞു.
ഇത് നിയതാര്‍ത്ഥത്തില്‍ ഒരു ഹൊസ്റ്റൈല്‍ ടേക്ക് ഓവറാണ്; നടത്തുന്നവരുടെ ആഗ്രഹത്തിനു വിരുദ്ധമായി നടക്കുന്ന ശത്രുതാപരമായ ഏറ്റെടുക്കല്‍.

മാത്രവുമല്ല, ഞങ്ങള്‍ എന്‍ഡിടിവിയുടെ അമ്പതു ശതമാനം ഓഹരികള്‍ വാങ്ങിക്കൂട്ടും എന്നും ഒരോഹരിക്ക് 296 രൂപ വച്ച് 1,67,62,530 ഓഹരികള്‍ വാങ്ങുമെന്നും അതിന് 493 കോടി രൂപ നീക്കിവയ്ക്കുമെന്നുമുള്ളച്ഛവെല്ലുവിളിയും അവര്‍ മുഴക്കുന്നു.

എന്താണ് സംഭവിച്ചത്?

അദാനി ഗ്രൂപ്പിനുവേണ്ടി, അദാനി എന്റര്‍പ്രൈസസിന്റെ അനുബന്ധസ്ഥാപനമായ എഎംജി മീഡിയ നെറ്റ്വര്‍ക്ക് ലിമിറ്റഡാണ് ഓഹരികള്‍ വാങ്ങിയത്. ഓഹരിവാങ്ങല്‍ പ്രഖ്യാപിച്ചുകൊണ്ട് ആ സ്ഥാപനത്തിന്റെ സിഇഒ സഞ്ജയ് പുഗാലിയ അറിയിച്ച ഒരു കാര്യമുണ്ട്. വിവരങ്ങളും വാര്‍ത്തകളുംകൊണ്ട് രാജ്യത്തിലെ പൗരരെയും ഉപഭോക്താക്കളെയും ശക്തരാക്കലാണ് കമ്പനിയുടെ ലക്ഷ്യം; ആ കാഴ്ചപ്പാടുകള്‍ സംരക്ഷിക്കാന്‍ ഏറ്റവും അനുയോജ്യമായ ടെലിവിഷന്‍ ഡിജിറ്റല്‍ സ്ഥാപനം എന്‍ഡിടിവിയാണ്;

അതുകൊണ്ടാണ് എന്‍ഡിടിവി ഓഹരികള്‍ കമ്പനി വാങ്ങിയത്!

അതെ, അദാനിക്കു വേണ്ടിയിരുന്നത് ഏതെങ്കിലും ഒരു സ്ഥാപനമല്ല. എന്‍ഡിടിവി തന്നെയാണ്ച്ഛþ മോദിക്കെതിരേ തലയുയര്‍ത്തിനില്ക്കുന്ന എന്‍ഡിടിവി. വിശ്വാസ്യതയുള്ള ഒരു വേദിയുടെ പിടിച്ചെടുക്കല്‍, എതിര്‍പ്പിന്റെ സ്വരത്തെ നിശ്ശബ്ദമാക്കല്‍.

ഒരു വെടിക്ക് സംഘപരിവാര്‍ പിടിച്ചത് രണ്ടു പക്ഷികളെയാണ്.

എന്‍ഡിടിവി ഓഹരികള്‍ അദാനി കൈയടക്കിയത് പിന്‍വാതിലിലൂടെയുമാണ്. 2009ല്‍ അംബാനിയുടെ ഒരു കമ്പനി എന്‍ഡിടിവിക്ക് 403.85 കോടി രൂപ കടം കൊടുത്തിരുന്നു.

അദാനി

അദാനി

നിയമനടപടികളില്‍പ്പെട്ട എന്‍ഡിടിവിക്ക് ആ പണം തിരിച്ചുകൊടുക്കാനായില്ല. ആ കമ്പനി ഇപ്പോള്‍ അദാനി വാങ്ങുകയും പഴയകടം ഓഹരിയാക്കി മാറ്റുകയും ചെയ്തു.

ഇങ്ങനെ ചെയ്യാന്‍ വേണ്ടിയാണ് അംബാനിയുടെ കമ്പനി അദാനി വാങ്ങിയത്.

സംഭവിച്ചത്, ഹൊസ്റ്റൈല്‍ ടേക് ഓവര്‍ മാത്രമല്ല. ഹൊസ്റ്റൈല്‍ പൊളിറ്റിക്കല്‍ ടേക്ക് ഓവറും കൂടിയാണ് എന്നു വ്യക്തം; ശത്രുതാപരവും രാഷ്ട്രീയവുമായ ഏറ്റെടുക്കല്‍.

എന്‍ഡിടിവി, വിപണിയുടെ നിയമങ്ങള്‍ക്കൊത്ത് മുന്നോട്ടുപോകുന്ന ഒരു സാധാരണമാധ്യമം മാത്രമാണ്.

പക്ഷേ, മാധ്യമത്തിന്റെ ധര്‍മ്മങ്ങള്‍ എവിടെയൊക്കെയോ എപ്പോഴൊക്കെയോ ഉയര്‍ത്തിപ്പിടിക്കാന്‍ അവര്‍ ശ്രദ്ധിക്കുന്നു.

മാധ്യമങ്ങള്‍ എതിര്‍ക്കേണ്ടതിനെ ചിലപ്പോഴൊക്കെ ആവുന്ന മട്ടില്‍ എതിര്‍ക്കാന്‍ അവര്‍ ഒരുമ്പെടുന്നു.ച്ഛഅതുതന്നെയാണ് അവരുടെ മരണവിധിയില്‍ തുല്യം ചാര്‍ത്താന്‍ ശത്രുക്കളെ പ്രേരിപ്പിച്ചതും.

നമ്മുടെ നിയമങ്ങളും ജനാധിപത്യസ്ഥാപനങ്ങളും സര്‍വകലാശാലകളും കലാലയങ്ങളും പള്ളിക്കൂടങ്ങളും ചരിത്രവും സംസ്കാരവും പോലെ നമ്മുടെ മാധ്യമങ്ങളും അപകടമുനമ്പിലാണ്.

ആ വലിയ സത്യം നമ്മളെ ഓര്‍മ്മിപ്പിക്കുകയാണ് എന്‍ഡിടിവിയുടെ ദുരന്തം.

പ്രിയപ്പെട്ടവരേ, എന്‍ഡിടിവി ഒരു രാഷ്ട്രീയരക്തസാക്ഷിയാണ്.

(ചിന്ത വാരികയിൽ നിന്ന്)