കേരളത്തിലെ മാധ്യമങ്ങളുടെ കമ്യൂണിസ്റ്റുവിരുദ്ധത

Saturday Aug 27, 2022
പുത്തലത്ത് ദിനേശന്‍

ഭരണകൂടം ആത്യന്തികമായി നിലനില്‍ക്കുന്നത് ബലപ്രയോഗത്തിന്റെ മുകളിലാണ്. എന്നാല്‍ അതു മറച്ചുവെക്കാന്‍ കഴിയുന്നവിധം ഒരു സമ്മതി ജനങ്ങളുടെ മനസ്സില്‍ സൃഷ്ടിക്കാന്‍ കഴിയുന്നതുകൊണ്ടാണ് അവയ്ക്ക് ജനാധിപത്യപരമായ മുഖത്തോടെ നില്‍ക്കാനാകുന്നത്.

ഇത്തരത്തില്‍ ജനങ്ങളുടെ മനസ്സില്‍ ഒരു സമ്മതിയുടെ തലം സൃഷ്ടിക്കുന്നതിന് പ്രധാന പങ്കു വഹിക്കുന്നത് മാധ്യമങ്ങളാണ്.

അന്റോണിയോ ഗ്രാംഷി

അന്റോണിയോ ഗ്രാംഷിഅന്റോണിയോ ഗ്രാംഷിയെപ്പോലുള്ള കമ്യൂണിസ്റ്റുകാര്‍ മാത്രമല്ല ഇതു പറയുന്നത്. അമേരിക്കന്‍ പ്രസിഡന്റിന്റെ മാധ്യമ ഉപദേഷ്ടാവായിരുന്ന വാള്‍ട്ടര്‍ ലിപ്മാന്‍ പറയുന്നത്, ആധുനിക ജനാധിപത്യത്തിന്റെ പുതിയ കലയാണ് സമ്മതി നിര്‍മാണം എന്നാണ്.

കേരളത്തിലെ മാധ്യമങ്ങളെ പൊതുവില്‍ പരിശോധിക്കുമ്പോള്‍ അവ വലതുപക്ഷത്തിനുവേണ്ടി നിര്‍വഹിക്കുന്നത് ഇത്തരമൊരു പ്രവര്‍ത്തനമാണെന്നു കാണാം.   

കേരളത്തിലെ പത്രങ്ങള്‍ പരിശോധിക്കുമ്പോള്‍ നാം എത്തിച്ചേരുന്ന പ്രധാന കാര്യം മറ്റു സംസ്ഥാനങ്ങളിലെ പത്രങ്ങളിലെന്നപോലെ ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനത്തെ പിന്തുണച്ചുകൊണ്ടാണ് പൊതുവെ അവ നിലകൊണ്ടത് എന്ന് കാണാം.

അതേപോലെതന്നെ നവോത്ഥാന പ്രസ്ഥാനങ്ങളെ പിന്തുണയ്ക്കുന്നതിലും ഇവ മുന്‍പന്തിയില്‍ തന്നെ ഉണ്ടായിരുന്നു. എന്നാല്‍ സ്വാതന്ത്ര്യാനന്തര ഘട്ടത്തിലേക്ക് പ്രവേശിച്ചതോടെ ഈ സ്ഥിതിഗതികള്‍ക്ക് മാറ്റമുണ്ടാകുകയാണ് ചെയ്തത്.
 
കമ്യൂണിസ്റ്റ് നേതാക്കളേയും അവരുടെ പ്രവര്‍ത്തനങ്ങളെയും അപഹസിക്കുക എന്നതും ഇവരുടെ പതിവാണ്. പി കൃഷ്ണപിള്ള പാമ്പുകടിയേറ്റല്ല മരിച്ചതെന്നും ഒളിവിലിരിക്കെ, സഖാവിനെ വിഷം കൊടുത്ത് കൊല്ലുകയായിരുന്നു എന്നുംവരെ പത്രങ്ങള്‍ പ്രചരണം നടത്തുകയുണ്ടായി.


1948 ഏപ്രില്‍ 30 ന് എം എസ് പിക്കാരുടെ വെടിയേറ്റ് ഒഞ്ചിയത്തിന്റെ മണ്ണില്‍ 8 സഖാക്കളാണ് പിടഞ്ഞു മരിച്ചത്. പിറ്റേ ദിവസത്തെ മാതൃഭൂമി പത്രം വെടിവെപ്പിനെ ന്യായീകരിച്ചുകൊണ്ട് വെടിയേറ്റ് മരിച്ചവരെ കുറ്റക്കാരായി ചിത്രീകരിക്കുന്ന വാര്‍ത്തയാണ് കൊടുത്തത്.

 വാള്‍ട്ടര്‍ ലിപ്മാന്‍

വാള്‍ട്ടര്‍ ലിപ്മാന്‍1957 ലെ സര്‍ക്കാരിനെതിരായി കേരളത്തിലെ മാധ്യമങ്ങള്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ചരിത്രത്തില്‍ എഴുതപ്പെട്ടതാണ്. 1954 ല്‍ ഗ്വാട്ടിമാലയിലും 1953ല്‍ ബ്രിട്ടീഷ് ഗയാനയിലും, ഇറാനിലും സിഐഎ നടത്തിയ ഇടപെടലുകളും കേരളത്തിലെ ഇടപെടലുകളും തമ്മില്‍ സമാനതകളുണ്ടായിരുന്നു.

അമേരിക്കയും അതിന്റെ സഖ്യ കക്ഷികളായ മുതലാളിത്ത രാജ്യങ്ങളും നടത്തിയ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് സംസ്ഥാനത്ത് പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നുവന്നത്.

കേരളത്തിലെ മാധ്യമങ്ങള്‍ ഈ ഘട്ടത്തില്‍ നടത്തിയ ഇടപെടലുകള്‍ എടുത്തു പറയേണ്ടതാണ്. ഗവണ്‍മെന്റിനെതിരായി ശക്തമായ പ്രചരണം അഴിച്ചുവിട്ടു എന്നു മാത്രമല്ല  പ്രക്ഷോഭങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്‍കുകയും ചെയ്തു.  

വിമോചന സമരത്തിന്റെ പ്രഖ്യാപനം വന്നപ്പോള്‍ സര്‍ക്കാര്‍ രാജിവെച്ച് ഒഴിയാന്‍ തീരുമാനിച്ചില്ലെന്ന് വ്യക്തമായതോടെ ഇപ്പോള്‍ പ്രയോഗിക്കുന്ന തന്ത്രങ്ങള്‍ മനോരമ അന്നും പ്രയോഗിച്ചു.

അന്നത്തെ മനോരമയില്‍ വന്ന വാര്‍ത്ത ഇതായിരുന്നു: ''കമ്യൂണിസ്റ്റ് പാര്‍ടി സ്റ്റേറ്റ് കമ്മിറ്റിയില്‍ സംഘട്ടനം: ഇ എം എസ് നേതൃസ്ഥാനം ഒഴിയുന്നു. അച്ചുതമേനോന്‍ ലീഡര്‍ സ്ഥാനത്തേക്ക്''. മറ്റു പത്രങ്ങളും ഇതിന് സമാനമായ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് മുന്നോട്ടുപോയി.
 
വിമോചന സമരത്തിന് കുഴലൂതിയ മലയാള മനോരമ കമ്യൂണിസ്റ്റ് ഭരണം തുടര്‍ന്നാലുണ്ടാകുന്ന പ്രശ്നങ്ങളെക്കുറിച്ച് വിശദമായി പ്രതിപാദിച്ചു:

1.    ജനങ്ങളില്‍ അത് അസ്വസ്ഥത പടര്‍ത്തും.
2.    മൂന്ന് വര്‍ഷം കൊണ്ട് പ്രധാന തസ്തികകളെല്ലാം സഖാക്കളെക്കൊണ്ട് നിറയ്ക്കും.
3.    ഇഷ്ടമില്ലെങ്കില്‍ പോലും കമ്യൂണിസം സ്വീകരിക്കാന്‍ ജനം നിര്‍ബന്ധിതരാകും.
4.    വോട്ടര്‍ പട്ടികയില്‍ ഇടപെട്ട് അടുത്ത തിരഞ്ഞെടുപ്പ് പ്രഹസനമാക്കും.
5.    ഇന്ത്യ മുഴുവന്‍ കമ്യൂണിസ്റ്റ് പ്രചരണത്തിനുള്ള പണം കണ്ടെത്തും.
6.    ധാര്‍മ്മികവും, ആത്മീയവുമായ മൂല്യങ്ങള്‍ തകര്‍ന്നാല്‍ വീണ്ടെടുക്കുക സാധ്യമല്ല.

ഭൂപരിഷ്കരണ നിയമവും വിദ്യാഭ്യാസ ബില്ലും സംവരണവും തൊഴില്‍ സമരങ്ങളില്‍ പൊലീസ് ഇടപെടരുത് എന്ന നയവും ഒന്നാം ഭരണ പരിഷ്കാര കമ്മീഷനും സൗജന്യ വിദ്യാഭ്യാസവും എല്ലാം പ്രഖ്യാപിച്ച സംസ്ഥാന സര്‍ക്കാരിനെതിരെയാണ് ഇത്തരത്തിലുള്ള പ്രചാരവേല അന്നു നടന്നത് എന്ന് നാം ഓര്‍ക്കേണ്ടതുണ്ട്.


ഇന്നും സമാനമായ തരത്തിലുള്ള പ്രചരണങ്ങളാണ് നടക്കുന്നത് എന്നു കാണാം.
സംസ്ഥാനത്ത് അക്രമ സമരങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കിയ പത്രങ്ങള്‍ സംഘടിപ്പിച്ചുകൊണ്ട് കേന്ദ്രം കേരള ഗവണ്‍മെന്റിനെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള മുഖ പ്രസംഗങ്ങള്‍ നിരന്തരം എഴുതി.

മലയാള പത്രങ്ങള്‍ മാത്രമല്ല, ഇന്ത്യന്‍ എക്സ്പ്രസ്സ് എഴുതിയ മുഖപ്രസംഗങ്ങളിലും സര്‍ക്കാര്‍ നിര്‍ബന്ധമായും പുറത്തുപോകണമെന്നും അല്ലെങ്കില്‍ കേന്ദ്രം പുറത്താക്കണമെന്നുമുള്ള ആവശ്യം ഉന്നയിച്ചു.
 
മുന്‍ സിഐഎ ഉദ്യോഗസ്ഥനായിരുന്ന ഡൂവന്‍ ക്ലാരിജ് രചിച്ച 'എ സ്പൈ ഫോര്‍ ഓള്‍ സീസണ്‍സ്'എന്ന പുസ്തകത്തിലെ വെളിപ്പെടുത്തലെന്ന മട്ടില്‍ മനോരമ പത്രം അന്നെഴുതിവിട്ട കാര്യങ്ങള്‍ ഇന്ന് വായിക്കുമ്പോള്‍ ചിരിക്കാതിരിക്കാനാകില്ല.

കേരളത്തിലെ കമ്യൂണിസ്റ്റ് വാരികയുടെ പത്രാധിപര്‍ സിഐഎ ഏജന്റായിരുന്നു എന്നാണ് പ്രചരിപ്പിച്ചത്. ഇതിന്റെ വിചാരണകള്‍ മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നു. പതിവുപോലെ, കമ്യൂണിസ്റ്റ് പാര്‍ടിയില്‍ പ്രവര്‍ത്തിച്ച് പിന്നീട് അതില്‍നിന്ന് വിട്ടുപോയ ഇന്ദുചൂഡനെപ്പോലെയുള്ളവരെ അതിനുപയോഗിച്ചു.

ഡൂവന്‍ ക്ലാരിജ് പറഞ്ഞ ആള്‍ക്ക് ഇഎംഎസിനെ അറിയാതിരിക്കില്ലെന്ന് പ്രഖ്യാപിക്കുന്ന കഥയും മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നു.


ഇതിന്റെ ഏറ്റവും രസകരമായ ഒരു മറുവശം മനോരമയുടെ വാര്‍ത്തകള്‍ക്ക് ആധാരമായി ഉപയോഗിച്ച പുസ്തകത്തില്‍ മനോരമ എഴുതിപ്പിടിപ്പിച്ചതുപോലെ അല്ല പറഞ്ഞിരിക്കുന്നത് എന്നതായിരുന്നു. ചൈനീസ് ഏജന്റായി സി.ഐ.എ നടത്തിയ നുഴഞ്ഞു കയറ്റമാണ് പുസ്തകത്തില്‍ അവതരിപ്പിക്കുന്നത്.

അവസാനം മനോരമയ്ക്ക് ഇത് സമ്മതിക്കേണ്ടിതായും വന്നു. ഒരു പുസ്തകത്തിലെ വാര്‍ത്തകളെപോലും തെറ്റായ രീതിയില്‍ വളച്ചൊടിച്ച് എന്തും പ്രചരിപ്പിക്കാമെന്നതിന്റെ ഉദാഹരണമായിരുന്നു അത്. ചാര വിവാദങ്ങള്‍ കമ്യൂണിസ്റ്റ് പാര്‍ടിക്കെതിരെ മുമ്പും ഉപയോഗിക്കുന്ന രീതിയായിരുന്നു ഉണ്ടായിരുന്നത് എന്ന് ഇതു വ്യക്തമാക്കുന്നു.

ആഗോളവല്‍ക്കരണത്തിന് തുടക്കം കുറിച്ച 1990 കളില്‍ അവയെ പിന്തുണച്ചുകൊണ്ടുള്ള നിലപാടാണ് വലതുപക്ഷ മാധ്യമങ്ങള്‍ സ്വീകരിച്ചത്.

1994 ഏപ്രില്‍ 15 ന് രാജ്യത്തെ സര്‍ക്കാര്‍ ഗാട്ട് കരാറില്‍ ഒപ്പുവെക്കരുത് എന്നുപറഞ്ഞ് വലിയ പ്രക്ഷോഭത്തിലേക്ക് നാട് നീങ്ങി.  അങ്ങനെയൊരു സമരമേ നടന്നില്ല എന്ന നിലപാടാണ് മാതൃഭൂമി സ്വീകരിച്ചതെങ്കിലും ബന്ദിനെതിരെയുള്ള വലിയ കലിതുള്ളലായിരുന്നു മനോരമ സ്വീകരിച്ചത്.

ഇങ്ങനെ വ്യത്യസ്തമായ വഴികളിലൂടെ ആക്രമിക്കുക എന്നതാണ് അവര്‍ സ്വീകരിച്ചുവരുന്ന സമീപനം. കമ്യൂണിസത്തിനെതിരായ സമര രൂപങ്ങളായിരുന്നു അവര്‍ മുന്നോട്ടുവെച്ചത്.

നന്ദിഗ്രാമിലെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച റിപ്പോര്‍ട്ടുകളും ഫീച്ചറുകളും മലയാള മാധ്യമങ്ങളില്‍ ഒരുകാലത്ത് നിറഞ്ഞു നിന്നു. ഇടതുപക്ഷ സര്‍ക്കാരിന്റെ വലതുപക്ഷ നയങ്ങളെക്കുറിച്ച് ഘോരഘോരം പ്രസംഗിക്കുകയായിരുന്നു ഇവരെല്ലാം.

ഇതേ സമയത്ത് ആന്ധ്രയിലെ മുഡിഗോണ്ടയില്‍ നടന്ന കൂലിക്കുവേണ്ടിയുള്ള സമരവും നിരവധി സിപിഐ എം പ്രവര്‍ത്തകര്‍ വെടിയേറ്റു മരിച്ചതും ഇവര്‍ക്ക് വാര്‍ത്തയായില്ല.

രാജ്യത്തിന്റെ കാര്‍ഷിക മേഖല ഏറ്റവും ഗൗരവമായ ഭീഷണി നേരിടുന്നത് ആഗോളവല്‍ക്കരണ നയങ്ങളുടെ ഫലമായാണ്.

അതിന്റെ മുഖ്യ നടത്തിപ്പുകാര്‍ കോണ്‍ഗ്രസ്സും ബിജെപിയും  മമത ബാനര്‍ജിയുമായിരിക്കെ അവരെ കര്‍ഷകരുടെ വക്താക്കളാക്കുകയും ഇത്തരം തെറ്റായ നയങ്ങള്‍ക്കെതിരെ പൊരുതുന്ന സിപിഐ എമ്മിനെ കര്‍ഷക വിരുദ്ധരായി പ്രഖ്യാപിക്കുകയും ചെയ്യുന്ന പ്രവര്‍ത്തനമാണ് ബംഗാളിലെ നന്ദിഗ്രാം, സിംഗൂര്‍ പ്രശ്നങ്ങളുയര്‍ത്തി കേരളത്തില്‍ ആ കാലഘട്ടത്തില്‍ മാധ്യമങ്ങള്‍ നടത്തിയത്.

പുത്തന്‍ സാമ്പത്തിക നയങ്ങളുടെ ഫലമായി നടപ്പിലാക്കിയ നയങ്ങളെ പിന്തുണച്ച് രംഗത്തുവന്നത് മലയാളത്തിലെ പത്രങ്ങളായിരുന്നു.

നരസിംഹ റാവുവിന്റെ 'ചരിത്രപരമായ പ്രാധാന്യ'ത്തെക്കുറിച്ച് മാതൃഭൂമി എഴുതിയത് ഇങ്ങനെയായിരുന്നു: ''രാജ്യത്തിന്റെ സാമ്പത്തിക രംഗത്ത് അദ്ദേഹം വരുത്തിയ മൗലികമായ മാറ്റങ്ങള്‍ തിരുത്താന്‍ എളുപ്പമല്ലാത്ത ചരിത്രം സൃഷ്ടിച്ചിരിക്കുന്നു.

തന്റെ മുമ്പില്‍ തടസ്സമായി നിന്ന നേതാക്കളെ തട്ടിമാറ്റി മുന്നേറാന്‍ അദ്ദേഹം വേണ്ട ശക്തി പ്രകടിപ്പിച്ചു''.
 
കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരായി നടന്ന മറ്റൊരു പ്രചരണമായിരുന്നു ജനകീയാസൂത്രണവുമായി ബന്ധപ്പെട്ടത്.


ആദ്യ ഘട്ടത്തില്‍ ഇത്തരമൊരു എതിര്‍പ്പ് ഉണ്ടായിരുന്നില്ലെങ്കിലും പിന്നീട് അത് രൂക്ഷമായിത്തീരുകയാണ് ചെയ്തത്.

ആദ്യം മനോരമയും തുടര്‍ന്ന് മാതൃഭൂമിയും വിമര്‍ശനങ്ങള്‍ തുടര്‍ന്നു. 1997 രണ്ടാം പകുതിയായപ്പോഴേക്കും മനോരമ നിലപാട് കൂടുതല്‍ കടുപ്പിച്ചു. ജനകീയാസൂത്രണ  പ്രവര്‍ത്തനങ്ങള്‍  ഇടതുപക്ഷത്തിന് ഗുണം ചെയ്യുമെന്ന രാഷ്ട്രീയ കാരണമായിരുന്നു ഇതിനു പിന്നിലുണ്ടായിരുന്നത്.

ഇന്ന് തിരിഞ്ഞു നോക്കുമ്പോള്‍ ആ വിവാദങ്ങളുടെ ഭാഗമായി ഉയര്‍ന്നുവന്ന ചര്‍ച്ചകള്‍ കേട്ടാല്‍ ചിരിക്കാതിരിക്കാനാവില്ല.

ലാവ്ലിന്‍ വിവാദവും ഇത്തരത്തില്‍ ഇടതുപക്ഷത്തിനെതിരായി ഉയര്‍ത്തിക്കൊണ്ടുവന്ന മറ്റൊരു പൊയ്വെടിയായിരുന്നു.

 ടെന്‍ഡര്‍ വിളിക്കാതെ കരാര്‍ കൊടുത്ത യുഡിഎഫിനേയും കാര്‍ത്തികേയനേയും വാദിയായി കൊണ്ടുവന്നുവെന്നതാണ് ഇതിന്റെ സവിശേഷത.

കരാറില്‍ ചില മാറ്റങ്ങള്‍ വരുത്തി സംസ്ഥാന താല്‍പര്യത്തിന് അനുയോജ്യമാക്കിയ പിണറായി വിജയന്‍ പ്രതിയാണെന്നു സ്ഥാപിക്കാനുള്ള മാധ്യമ വിചാരണയാണിവിടെ അരങ്ങേറിയത്.

എന്തെല്ലാം കള്ളക്കഥകളാണ് അക്കാലത്ത് അരങ്ങേറിയത്. ഇതില്‍ കുപ്രസിദ്ധമായ ഒന്നായിരുന്നുവല്ലോ വരദാചാരിയുടെ തല പരിശോധന എന്ന പ്രചരണം.

കേരളത്തിലെ വലതുപക്ഷ മാധ്യമങ്ങളുടെ കമ്യൂണിസ്റ്റ് വിരുദ്ധതയുടെ മുഖമാണ് അതില്‍ കണ്ടത്. അവസാനം കോടതി ഈ കള്ളപ്രചരണത്തെ തള്ളിക്കളഞ്ഞു.

അടുത്ത കാലത്തായി മാധ്യമങ്ങളുയര്‍ത്തിക്കൊണ്ടുവന്നത് സ്വര്‍ണ്ണ കള്ളക്കടത്തുമായി ബന്ധപ്പെട്ട വിവാദങ്ങളായിരുന്നു.


എന്തെല്ലാം പ്രചരണങ്ങളായിരുന്നു അതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്നത്.

 സ്വര്‍ണ്ണ കള്ളക്കടത്ത് സംബന്ധിച്ച വിവരം അറിഞ്ഞ ഉടനെ അവ കേന്ദ്ര സര്‍ക്കാരിന്റെ പരിധിയിലാണെന്ന് മനസ്സിലാക്കി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനോട് അന്വേഷിക്കാന്‍ ആവശ്യപ്പെട്ടു.

 ആ അന്വേഷണം ബിജെപിയുടെ മാധ്യമ പ്രവര്‍ത്തകനിലേക്ക് എത്തിയതോടെ സ്ഥിതിഗതികള്‍ തകിടം മറിഞ്ഞു. കേസ് രാഷ്ട്രീയമായി ഉപയോഗപ്പെടുത്തുന്നതിനുള്ള ഇടപെടലുകളും തീവ്രമായി.

 വലതുപക്ഷ മാധ്യമങ്ങള്‍ പുതിയ തിരക്കഥകളുമായി ഓരോ ദിവസവും രംഗത്തുവന്നു. എല്ലാ കഥകളേയും തള്ളിക്കളഞ്ഞുകൊണ്ട് ചരിത്രത്തിലാദ്യമായി എല്‍ഡിഎഫ് സര്‍ക്കാരിന് ജനങ്ങള്‍ തുടര്‍ഭരണം സംഭാവന ചെയ്തു.

സ്വര്‍ണ്ണ കള്ളക്കടത്ത് വിവാദം വീണ്ടും ഉയര്‍ത്താന്‍ മാധ്യമങ്ങളും വലതുപക്ഷ രാഷ്ട്രീയ ശക്തികളും രംഗത്തുവന്നു. പക്ഷേ സ്വര്‍ണ്ണം ആര് അയച്ചു, ആര്‍ക്കയച്ചു എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തുക എന്ന ചോദ്യമുന്നയിക്കാന്‍ ഒരു വലതുപക്ഷ മാധ്യമക്കാരും ഇതുവരെ തയ്യാറായിട്ടില്ല.

 സര്‍ക്കാര്‍ നടപ്പിലാക്കുന്ന ജനക്ഷേമ പദ്ധതികളെ അട്ടിമറിക്കുന്നതിന് എല്ലാ നിയമവ്യവസ്ഥകളേയും കാറ്റില്‍പ്പറത്തിക്കൊണ്ട് കേന്ദ്ര ഏജന്‍സികള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഇവര്‍ക്ക് മിണ്ടാട്ടമില്ല.

 എല്ലാം തലകീറി പരിശോധിക്കുന്നുവെന്നു പറയുന്ന വലതുപക്ഷ മാധ്യമങ്ങള്‍ക്ക് തോമസ് ഐസക്കിനെതിരെ ഇ ഡി അയച്ച നോട്ടീസിന്റെ നിയമ സാധുത പോലും ചര്‍ച്ച ചെയ്യാന്‍ സമയം കിട്ടിയില്ല.

 കേരളത്തിന്റെ വികസനത്തിന് ഏറെ സംഭാവന ചെയ്യുന്ന കിഫ്ബിക്കെതിരെയുള്ള നീക്കത്തെക്കുറിച്ച് ഇവര്‍ക്ക് മിണ്ടാട്ടമില്ല.


സംസ്ഥാനത്തിന്റെ വികസനത്തെ തകര്‍ക്കുന്നവിധം പാര്‍ലമെന്റിലിടപെടുന്ന കേരളത്തിലെ യുഡിഎഫ് എംപിമാരെക്കുറിച്ച് ഇവര്‍ക്ക് പരാതിയില്ല.

കേരളത്തിലെ സിപിഐ എമ്മിനെ തകര്‍ക്കുന്നതിന് ഏതുതരം വേഷം കെട്ടുന്നതിനും വലതുപക്ഷ മാധ്യമങ്ങള്‍ക്ക് പ്രശ്നമില്ല. അതിന്റെ ഭാഗമായാണ് നക്സലൈറ്റുകള്‍ രൂപപ്പെട്ടകാലത്ത് അവര്‍ക്ക് വീരപരിവേഷം നല്‍കി അതുവഴി സിപിഐ എമ്മിനെ ദുര്‍ബലപ്പെടുത്താന്‍ കഴിയുമോയെന്ന പരിശ്രമവും ഇവര്‍ നടത്തിയത്.

 സിപിഐ എമ്മിനെ തകര്‍ക്കാന്‍ ഏതു വേഷമാണോ കെട്ടാന്‍ പറ്റുക അവ ധരിക്കുന്നതിന് തയ്യാറാവുന്ന മാധ്യമ സംസ്കാരമാണ് ഇവിടെ രൂപപ്പെട്ടിട്ടുള്ളത്. ബിജെപിയും കോണ്‍ഗ്രസ്സും ചേര്‍ന്നുകൊണ്ട് നടത്തുന്ന രാഷ്ട്രീയ കൂട്ടുകെട്ടുകള്‍ വലതുപക്ഷ മാധ്യമങ്ങള്‍ക്ക് വാര്‍ത്തയാകാറില്ല. അതിന്റെ രാഷ്ട്രീയ പാപ്പരത്തം അവര്‍ അന്വേഷിക്കാറുമില്ല.

കഴിഞ്ഞ കാലങ്ങളില്‍, വലതുപക്ഷത്തിന്റെ രാഷ്ട്രീയ നയത്തെ പ്രചരിപ്പിക്കുകയെന്ന ഉത്തരവാദിത്തമായിരുന്നു അവര്‍ നിര്‍വഹിച്ചത്.

എന്നാല്‍ ഇന്ന് വലതുപക്ഷ ശക്തികള്‍ക്ക് രാഷ്ട്രീയമായ ആയുധങ്ങള്‍ രൂപപ്പെടുത്തുന്നതിനുള്ള മൂശകളായി വലതുപക്ഷ മാധ്യമങ്ങള്‍ മാറിക്കൊണ്ടിരിക്കുകയാണ്. സംഘപരിവാറിന്റെ രാഷ്ട്രീയ അജന്‍ഡകളെ പ്രചരിപ്പിക്കാനും മടിയില്ലാത്തവയായി ഇവ മാറിക്കഴിഞ്ഞിട്ടുണ്ട്.

ഗാന്ധിജിയുടെ രക്തസാക്ഷി ദിനത്തില്‍ ആര്‍എസ്എസ് സര്‍സംഘചാലകനെക്കൊണ്ട് അനുസ്മരണമെഴുതിക്കുന്ന തരത്തിലേക്ക് ഒരു പത്രം എത്തി എന്നത് കേരളത്തിന്റെ മാധ്യമരംഗം ഏതുവഴിക്ക് നീങ്ങുന്നു എന്നതിന്റെ ദൃഷ്ടാന്തമാണ്.
ദൃശ്യ മാധ്യമങ്ങളുടെ നിരയും വ്യത്യസ്തമല്ല.

ഇടതുപക്ഷത്തിനെതിരെ വാര്‍ത്ത ചമയ്ക്കുക എന്നതാണ് ഇതിന്റെ പൊതുരീതി. രാഷ്ട്രീയ ചര്‍ച്ചകളില്‍ സ്വീകരിക്കുന്ന നയവും ഇതിന് സമാനംതന്നെയാണ്.

ചര്‍ച്ചകളിലെ വിഷയത്തിന്റെ തിരഞ്ഞെടുപ്പിലാരംഭിക്കുന്ന ഈ പക്ഷപാതിത്വം ചോദ്യങ്ങളിലും ചര്‍ച്ചയില്‍ പങ്കെടുക്കുന്നവരെ തിരഞ്ഞെടുക്കുന്നതിലുംവരെ ദൃശ്യമാണ്.

കടുത്ത വലതുപക്ഷ രാഷ്ട്രീയ പ്രവര്‍ത്തകരെപ്പോലും നിഷ്പക്ഷ നിരീക്ഷകരാണെന്ന് പരിചയപ്പെടുത്തിപ്പോകുന്ന സ്ഥിതി നിലവിലുണ്ട്.
 
ഇന്ത്യന്‍ പ്രധാനമന്ത്രി മാധ്യമ ലോകവുമായി സംവദിക്കാറില്ല. പത്ര സമ്മേളനം നടത്താറുമില്ല. എന്നാല്‍ പ്രചരണ രംഗത്തെ കൊഴുപ്പിച്ച് രംഗത്തുമുണ്ട്.

പത്രങ്ങള്‍ നടത്തുന്നതില്‍ പ്രമുഖര്‍ കോര്‍പ്പറേറ്റ് മാധ്യമങ്ങളാണ്. പത്രസമ്മേളനം നടത്തുകയെന്ന രീതി സ്വീകരിക്കുന്നില്ലെങ്കിലും കോര്‍പ്പറേറ്റുകള്‍ക്ക് വാരിക്കോരി ഈ നാടിന്റെ സമ്പത്ത് നല്‍കുന്നുണ്ട്.

അതിന്റെ പ്രതിഫലനമെന്നോണം അത്തരം സ്ഥാപനങ്ങള്‍ ഇവരുടെ സ്തുതിപാഠകരായി മാറിയിരിക്കുന്നു. ഇന്ത്യയിലെ ജനകീയ പ്രശ്നങ്ങളൊന്നും അതുകൊണ്ടുതന്നെ വലതുപക്ഷ മാധ്യമങ്ങളുടെ വാര്‍ത്തകളില്‍ സ്ഥാനംപിടിക്കാറുമില്ല.

കോര്‍പ്പറേറ്റ് താല്‍പര്യങ്ങളുടെ സംരക്ഷകരായി കേന്ദ്ര സര്‍ക്കാരും മിക്ക മാധ്യമങ്ങളും മാറിക്കഴിഞ്ഞിരിക്കുന്നു. ഹിന്ദുത്വ രാഷ്ട്രീയം അതിന്റെ രക്ഷാകവചവും.

ഇതില്‍ നിന്നു വ്യത്യസ്തമായി ചിന്തിക്കുന്ന, നിലപാടെടുക്കുന്ന ഇടതുപക്ഷത്തെ അതുകൊണ്ടുതന്നെ കള്ളപ്രചാരവേലകള്‍കൊണ്ട് മൂടാനും ജനങ്ങളില്‍ നിന്ന് ഒറ്റപ്പെടുത്താനുമുള്ള പ്രവര്‍ത്തനങ്ങളാണ് അരങ്ങേറുന്നത്.

(ചിന്ത വാരികയിൽ നിന്ന്)