26 March Tuesday

പാർക്കിൻസൺസ്; ലക്ഷണങ്ങള്‍, ചികിത്സകള്‍ തുടങ്ങി അറിയേണ്ടതെല്ലാം

ഡോ. എ രമ്യUpdated: Thursday Apr 19, 2018

ഏപ്രിൽ 11 ലോക പാർക്കിൻസൺസ് ദിനമായിരുന്നു. ഈ രോഗത്തിന്റെ പ്രാധാന്യം, അതു ബാധിച്ച വ്യക്തിയെ എത്രത്തോളം ആരോഗ്യവാനാക്കി സാമൂഹികഘടനയിൽ ചേർത്തുനിർത്താം, രോഗീ പരിചരണത്തിന്റെ പ്രധാന ഘടകങ്ങൾ എന്തൊക്കെയാകാം എന്നീ കാര്യങ്ങളിൽ സാമൂഹിക അവബോധം സൃഷ്ടിക്കുക എന്നതാണ് ഈ ദിനാചരണംകൊണ്ട് ലക്ഷ്യംവയ്ക്കുന്നത്. കൃത്യമായി കണക്കുകൾ ലഭ്യമല്ലെങ്കിലും കേരളത്തിൽ പാർക്കിൻസൺസ് രോഗികളുടെ എണ്ണം കൂടിവരുന്നു എന്നത് ആശങ്കാജനകമാണ്.

ഡോ. ജയിംസ് പാർക്കിൻസൺ രോഗത്തെതന്റെ ഗവേഷണപ്രബന്ധത്തിൽ ആദ്യമായി പരാമർശിക്കുകയുണ്ടായി. അതിനാൽ ഈ രോഗത്തെ  പാർക്കിൻസൺസ് രോഗം എന്ന് അദ്ദേഹത്തിന്റെ സ്മരണയിൽ പരാമർശിക്കപ്പെടുന്നു.

രോഗികൾ കൂടുന്നു
ലോകജനസംഖ്യയിൽ ഒരുകോടിയോളം ജനങ്ങൾക്ക് പാർക്കിൻസൺസ് രോഗമുണ്ടാകാം എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യയിലാകട്ടെ ഒരുലക്ഷം പേരിൽ 27‐96 വരെ ആളുകളിൽ ഈ രോഗം കണ്ടുവരുന്നു. ഇത് ചെറിയൊരു സംഖ്യയായി കരുതാമെങ്കിലും വാർധക്യാവസ്ഥയിലുള്ളവരിൽ 24% ആളുകളെയെങ്കിലും ഈ രോഗം ബാധിച്ചേക്കാമെന്ന വസ്തുത നമ്മെ അസ്വസ്ഥരാക്കുന്നു. മാത്രവുമല്ല, വൃദ്ധജനങ്ങളുടെ സംഖ്യ ഇന്ത്യയിൽ ഉയരുകയാണ്. മസ്തിഷ്കത്തിന്റെ സബ്സ്റ്റാൻഷ്യ നൈഗ്ര   എന്ന ഭാഗത്തുണ്ടാകുന്ന കോശനാശമാണ് ഈ രോഗത്തിന്റെ പ്രധാന കാരണം. തൽഫലമായി ഡോപമിൻ  എന്ന ന്യൂറോ ട്രാൻസ്മിറ്റർ  കുറയുകയും രോഗം ആവിർഭവിക്കുകയും ചെയ്യുന്നു. കൈവിരലുകൾക്കുണ്ടാകുന്ന ചെറിയ വിറയൽ, ഗന്ധം തിരിച്ചറിയാൻ പ്രയാസം, എല്ലാ പ്രവൃത്തികളും വളരെ പതുക്കെയാകുക മുതലായവയാകും തുടക്കം. ക്രമേണ ശരീരത്തിനു പിടുത്തം, നടക്കുമ്പോൾ വീഴുകയോ വീഴുമെന്നു ഭയക്കുകയോ ചെയ്യുക, ശരീരംകൊണ്ട് എപ്പോഴും മുന്നോട്ടു കൂനുക, മുഖത്തെ ഭാവവ്യതിയാനങ്ങൾ ഇല്ലാതെയാകുക, ഉയർച്ച താഴ്ചകൾ കൂടാതെ ഒരേ നിലവാരത്തിൽ സംസാരിക്കുക, ശബ്ദത്തിന് ഇടർച്ച മുതലായവ രോഗം മുന്നോട്ടു നീങ്ങുമ്പോൾ സംഭവിക്കാം. രോഗം മൂർച്ഛിക്കുന്ന അവസരത്തിൽ നടക്കാൻപോലും കഴിയാതെ ശയ്യാവലംബിയായിത്തീരുകയാണ് പതിവ്.

ലക്ഷണങ്ങൾ
ശരീരത്തിന്റെ സ്വാഭാവിക പ്രവർത്തനങ്ങളെ പ്രവർത്തന മേഖലകൾ ആക്കിത്തിരിച്ച് ആയുർവേദം അവയെ ദോഷങ്ങൾ എന്നു പറയുന്നു. അവയിൽ ചലനത്തെ നിയന്ത്രിക്കുന്ന, മസ്തിഷ്കത്തിന്റെ നാഡീഞരമ്പുകളുടെയും പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്ന വാതദോഷത്തിന്റെ പ്രവർത്തന വൈകല്യമാണ് കമ്പവാതരോഗത്തിന്റെ പ്രധാന കാരണം. അതിനാൽ രോഗലക്ഷണങ്ങൾ ആദ്യം പ്രകടമാകുമ്പോൾതന്നെ ഈ മേഖലയിൽ പ്രവർത്തനപരിചയമുള്ള ഒരു ആയുർവേദ ഡോക്ടർക്ക് ക്ലിനിക്കൽ പരിശോധനകളിലൂടെ ഈ രോഗത്തെ വേഗത്തിൽ നിർണയിക്കാനാകും. ഈ രോഗം നിർണയിക്കാൻ ലാബ് ടെസ്റ്റുകളോ, സ്കാനിങ് പ്രക്രിയകയോ ഇല്ലാത്തതിനാൽ ഡോക്ടറുടെ അനുഭവസമ്പത്ത് പ്രധാനമാണ്.

ചികിത്സകൾ
ആരോഗ്യത്തിന്റെ അടിസ്ഥാനഘടകങ്ങളായ ഉറക്കം, കൃത്യമായ ഇടവേളകളിൽ ഉണ്ടാകേണ്ട വിശപ്പ്, ദഹനശക്തി, തടസ്സമില്ലാതെയുള്ള മലമൂത്ര വിസർജനം മുതലായവ ക്രമപ്പെടുത്താനുള്ള മരുന്നുകൾ രോഗിയുടെ ജീവിത നിലവാരം   ഉയർത്തും. അധികം എണ്ണമയമില്ലാത്ത, കഴിച്ചാൽ എളുപ്പം ദഹിക്കാനാകുന്ന പോഷകസമ്പന്നമായ ഭക്ഷണമാണ് രോഗികൾക്ക് നൽകേണ്ടത്.

രോഗിയുടെ ആരോഗ്യം നിലനിർത്താനുള്ള മരുന്നുകഞ്ഞികൾ, കുടിക്കാനുള്ള പാനകങ്ങൾ, പ്രത്യേകം തയ്യാറാക്കുന്ന ജ്യൂസുകൾ മുതലായവ ചികിത്സയിൽ അതിപ്രധാനമാണ്.  കപ്പ, എണ്ണയിൽ പൊരിച്ചെടുത്ത വിഭവങ്ങൾ, അച്ചാറുകൾ, തൈരും മറ്റു കൊഴുപ്പും അടങ്ങിയ ഭക്ഷണപദാർഥങ്ങളും നിരുത്സാഹപ്പെടുത്തേണ്ടതാണ്.

ആയുർവേദത്തിൽ രോഗത്തിന്റെ അവസ്ഥയ്ക്കും രോഗിയുടെ ശരീരബലത്തിനും അനുസരിച്ച് പ്രത്യേകം തയ്യാറാക്കുന്ന ഔഷധങ്ങൾ ഈ രോഗത്തിന് ആവശ്യമാണ്. ഈ ശമനൗഷധങ്ങൾ മുമ്പ് വിവരിച്ച രോഗലക്ഷണങ്ങളെ നിയന്ത്രിക്കും. 'വസ്തി', 'നസ്യം' എന്നീ പഞ്ചകർമ ചികിത്സകൾക്ക് പ്രാധാന്യം നൽകിയാകും ക്രിയാക്രമങ്ങൾ ചെയ്യുക.

മാനസിക സമ്മർദം കുറയ്ക്കാം
തുടർച്ചയായ മാനസികസമ്മർദം ഈ രോഗത്തിന് ഒരളവുവരെ കാരണവും രോഗത്തെ വർധിപ്പിക്കുന്നതുമായ ഘടകമാണ്. അതിനാൽ മാനസികോല്ലാസം ഉണ്ടാക്കാനാകുന്ന അന്തരീക്ഷ, മനഃസമർദഹരമായ ധ്യാനം, പ്രാണായാമം മുതലായവ രോഗത്തിന്റെ മുന്നോട്ടുള്ള കുതിപ്പിനെ തടയാൻ ഔഷധങ്ങൾക്കൊപ്പം ഫലമുള്ളതായി കാണുന്നു.

ഔഷധത്തിനും ആഹാരത്തിനുമൊപ്പം ചെയ്യുന്ന കൃത്യമായ വ്യായാമചര്യകൾ രോഗപുരോഗമനത്തെ പ്രതിരോധിക്കും. കൂടാതെ, കുടുംബത്തിലെ എല്ലാ പ്രവർത്തനങ്ങളിലും ഈ രോഗിയെ പങ്കെടുപ്പിക്കുകയും വേണം. ഡോക്ടറുടെ നിർദേശപ്രകാരംമാത്രം ക്രമമായ വ്യായാമരീതകൾ രോഗത്തിന്റെ ആദ്യഘട്ടത്തിൽ സ്വീകരിക്കണം.

ഓർക്കുക, രോഗനിർണയം വളരെ നേരത്തെ നടത്തി മികച്ച ചികിത്സ കൈക്കൊള്ളുകയാണെങ്കിൽ രോഗത്തെ തടഞ്ഞുനിർത്താനും അതുവഴി രോഗിയുടെ ജീവിത നിലവാരം ഉയർത്താനും സാധിക്കും.

പ്രധാന വാർത്തകൾ
 Top