അമിതമായി ഭക്ഷണം വിളമ്പുന്ന വീടുകളിലെ കുട്ടികളും സാവധാനം അമിതഭക്ഷണക്രമമുള്ളവരായി മാറുന്നു. ഇക്കൂട്ടർ പിന്നീട് അമിതവണ്ണമുള്ളവരായിത്തീരുന്നു. ലോകമാസകലം പത്തിൽ ഒന്ന് എന്ന കണക്കിന് കുട്ടികൾ അമിതവണ്ണമുള്ളവരാണ്. കുട്ടികളിലും കൗമാരപ്രായക്കാരിലുമുള്ള അമിതഭാരം, ഹൃദ്രോഗം, സ്ട്രോക്, പ്രമേഹം, രക്തസമ്മർദം, വർധിച്ച കൊളസ്ട്രോൾ, മെറ്റാബോളിക് സിൻഡ്രോം തുടങ്ങിയവയിലേക്കുള്ള ചവിട്ടുപടിയാണ്.
ഹൃദ്രോഗത്തിന്റെ നാമ്പുകൾ ബാല്യത്തിലേ പൊട്ടിമുളയ്ക്കുന്നുവെന്ന് വൈദ്യശാസ്ത്രം ഗവേഷണ നിരീക്ഷണങ്ങളിലൂടെ തെളിയിച്ചിട്ടുണ്ട്. ഗർഭസ്ഥശിശുവിന്റെ ആരോഗ്യാവസ്ഥയ്ക്കുണ്ടാകുന്ന വൈകല്യങ്ങൾ ഭാവിയിലുണ്ടാകുന്ന ഒട്ടേറെ രോഗാവസ്ഥകൾക്ക് നിദാനമാകുന്നുവെന്ന യാഥാർഥ്യം ഇന്ന് വൈദ്യശാസ്ത്രം അംഗീകരിച്ചുകഴിഞ്ഞു. ഗർഭസ്ഥശിശുവിന്റെ രൂപഘടനയും, അത് വളരുന്നതിലെ അപാകവും കുട്ടിയെ രോഗാതുരതകളിലേക്ക് വലിച്ചിഴയ്ക്കുകയും ചെയ്യും. ജനിതകപരമായ ശക്തമായ പ്രവണതകളും ഇതിനുപിന്നിൽ പ്രവർത്തിക്കുന്നു.
പോഷകാഹാരക്കുറവുനിമിത്തം ഗർഭസ്ഥശിശുവിനുണ്ടാകുന്ന താളംതെറ്റിയ വളർച്ച, പിന്നീട് വളർന്നുവലുതാകുമ്പോൾ ഹൃദ്രോഗസാധ്യതയെ ഉദ്ദീപിക്കുമെന്ന് പഠനങ്ങൾ അസന്ദിഗ്ധം തെളിയിക്കുന്നു. കുട്ടികളുടെ തൂക്കവർധനയിൽ വരുന്ന വ്യതിയാനങ്ങളും ശരീരത്തിന്റെ ആകെമാനമുള്ള ഉപരിതലവ്യാപ്തിയും മറ്റും പിന്നീട് അമിത കൊളസ്ട്രോൾ, രക്താതിമർദം, ഇൻസുലിന്റെ കുറഞ്ഞ പ്രവർത്തനക്ഷമത തുടങ്ങിയ രോഗാവസ്ഥകളിലേക്കും നയിക്കുന്നു.
എത്രയും പെട്ടെന്ന് കുട്ടികളെ വളർത്തി വലുതാക്കി മിടുക്കന്മാരാക്കാനുള്ള മാതാപിതാക്കളുടെ അതിരുകടന്ന ആവശ്യവും പിന്നീട് പലപ്പോഴും വിനയാകുന്നു. കുട്ടികളുടെ ആരോഗ്യസ്രോതസ്സുകളെ കെടുത്തുന്നത് പലപ്പോഴും മാതാപിതാക്കളാണെന്ന് സാരം. അവർക്ക് എന്തും വാരിവലിച്ച് കൊടുക്കുന്ന മാതാപിതാക്കൾ അതിന്റെ ദൂരവ്യാപക ഭവിഷ്യത്തുകളെപ്പറ്റി ചിന്തിക്കാറില്ല. 'അമേരിക്കൻ അക്കാദമി ഓഫ് പീഡിയാട്രിക്സിന്റെ നിർദേശപ്രകാരം രണ്ടുവയസ്സിന് താഴെയുള്ള ശിശുക്കളിൽ ഭക്ഷണനിയന്ത്രണം പ്രത്യേകിച്ച് ആവശ്യമില്ല. എന്നാൽ രണ്ടു വയസ്സിനു മേലേയുള്ള കുട്ടികളിൽ കൃത്യമായ ആഹാരക്രമീകരണം നടത്തിയേപറ്റു. കൊഴുപ്പ് കുറച്ച്, പഴങ്ങളും, പച്ചക്കറികളും, ധാന്യങ്ങളും, സുലഭമായുള്ള ആഹാരരീതി തെരഞ്ഞെടുക്കണം. ഉപ്പ് കൂടിയ ഭക്ഷണവും, ഫാസ്റ്റ് ഫുഡും, മധുരമുള്ള പാനീയങ്ങളും വർജിക്കണം. കുട്ടികളുടെ ചെറുപ്പകാലം ആരോഗ്യപൂർണമായാൽമുതിരുമ്പോഴുള്ള നാൾവഴികളും രോഗങ്ങളുടെ പിടിവിട്ട് നിൽക്കും. അപ്പോൾ ഇന്നുതന്നെ നമുക്ക് തുടങ്ങാം നമ്മുടെ കുട്ടികളെ ആരോഗ്യപൂർണമായ പാതയിലൂടെ നടത്താൻ. മാതാപിതാക്കളും സ്കൂൾ അധികതരും ഇതിനായി മുന്നോട്ടുവരണം.
ആഘോഷദിനങ്ങളിൽ പെട്ടെന്ന് ആർത്തിയോടെ വെട്ടിവിഴുങ്ങുന്ന ഭക്ഷണശീലവും ഹൃദയാരോഗ്യത്തിന് ഭീഷണിയാകുകയാണ്. പ്രത്യേകിച്ച്, കൊഴുപ്പേറെയുള്ള മാംസവിഭവങ്ങളാണെങ്കിൽ സ്ഥിതി ഏറെ വഷളാകുന്നു. കൊഴുപ്പുകൾ രക്തത്തിൽ കുമിഞ്ഞുകൂടുന്നു. അത്, ശാന്തമായി ഹൃദയധമനികളിൽ സ്ഥിതിചെയ്യുന്ന കൊഴുപ്പു നിക്ഷേപങ്ങൾ വിണ്ടുകീറാനുള്ള ഉത്തേജകഘടകമാകുന്നു. ഈ പ്രേരകശക്തികളെ 'ട്രിഗറു'കൾ എന്നു വിളിക്കുന്നു. അതായത്, ഹൃദയദമനികളിൽ ബ്ലോക്ക് ഉണ്ടാക്കുന്ന കൊഴുപ്പുനിക്ഷേപത്തിന് വലുപ്പമുണ്ടെങ്കിലും അത് ഹാർട്ട് അറ്റാക്കിന് ഹേതുവാകണമെങ്കിൽ സവിശേഷ ട്രിഗറുകൾ പ്രവർത്തിക്കണമെന്നർഥം. അമിതഭക്ഷണം ഹാർട്ട് അറ്റാക്ക് ഉണ്ടാക്കാൻ 3‐5 ശതമാനംവരെ കാരണമാകുന്നു. ഇത് വ്യായാമരഹിത പൊണ്ണത്തടിയന്മാരിൽ പതിന്മടങ്ങാകുന്നു.
അമിതഭക്ഷണശീലം കൊഴുപ്പിലേക്കാണ് നയിക്കുന്നത്. കൊഴുപ്പിനെ പൊതുവായി മൂന്നായി തിരിക്കാം. അപൂരിത കൊഴുപ്പുകൾ, പൂരിത കൊഴുപ്പുകൾ, ട്രാൻസ്ഫാറ്റുകൾ. ഇതിൽ ബഹു, ഏക അപൂരിതകൊഴുപ്പുകൾ അപകടകാരികളല്ലെന്നുള്ളതാണ്. മീനെണ്ണ, ഒലിവെണ്ണ, കടലെണ്ണ, കടുകെണ്ണ, വിവിധയിനം കടലകൾ (വാൽനട്ട്, ബദാം, ഹെയ്സൽ നട്ട്, നിലക്കടല) തുടങ്ങിയവ ഹൃദയാരോഗ്യത്തിന് നല്ലതുതന്നെ. പൂരിത കൊഴുപ്പുകൾ അപകടകാരിയാകുന്നു. മാട്ടിറച്ചി, ചീസ്, ബട്ടർ, വെളിച്ചെണ്ണ, പാമോയിൽ, പന്നിയിറച്ചി, ചെമ്മീൻ തുടങ്ങിയവ ഹാനികരമാണ്. ഇനി ഏറ്റവും അപകടകാരി ട്രാൻസ്ഫാറ്റുകളാണ്. രാസപ്രവർത്തനത്തിലൂടെ കട്ടിയാക്കപ്പെട്ട ഇത്തരം കൊഴുപ്പുകൾ നമ്മുടെ ബേക്കറി പലഹാരങ്ങളിലും പലപ്രാവശ്യം തിളപ്പിക്കുന്ന എണ്ണകളിലും സുലഭമാണ്.
ആരാണീ കൊളസ്ട്രോൾ? എവിടെയും വില്ലനായി ചിത്രീകരിക്കപ്പെടുന്ന ഈ കൊളസ്ട്രോൾ നമ്മുടെ ആരോഗ്യസുരക്ഷയ്ക്ക് അനിവാര്യമാണ്. ജീവപ്രധാന ഹോർമോണുകളുടെയും കോശങ്ങളുടെയും നിർമിതിയിൽ കൊളസ്ട്രോൾ അവിഭാജ്യഘടകമാണ്.
എന്നാൽ ഈ രാസതന്മാത്രയുടെ അളവ് ശരീരത്തിൽ അധികരിക്കുമ്പോഴാണ് പ്രശ്നം ഗുരുതരമാകുന്നത്. അധികമായാൽ അമൃതും വിഷം. എന്നിട്ടും തീർന്നില്ല ദുരൂഹതകളും അവ്യക്തതകളും. ഇത്രമാത്രം ഗവേഷണവിധേയമായ മറ്റൊരു സമസ്യ വൈദ്യശാസ്ത്രത്തിലുണ്ടോയെന്നറിയില്ല. കാരണം കൊളസ്ട്രോൾ രക്തത്തിൽ കുമിഞ്ഞുകൂടിയാൽ ധമനികളുടെ ഉൾപ്പാളികളിൽ അടിഞ്ഞുകൂടി ബ്ലോക്കുണ്ടാകുകയും രക്തപ്രവാഹം ദുഷ്കരമാകുകയും ചെയ്യുന്നു. ഹൃദയധമനികളിൽ ബ്ലോക്കുണ്ടാകുമ്പോഴാണ് ഹാർട്ട് അറ്റാക്ക് സംഭവിക്കുന്നത്.
റൃഴലീൃഴലവേമ്യശഹ.രീാ
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..