29 September Tuesday

2030ല്‍ ലോകം പേ വിമുക്തമാകാന്‍

ഡോ. എന്‍ അജയന്‍Updated: Thursday Sep 28, 2017

കേരളത്തില്‍ 2.7 ലക്ഷം തെരുവുനായകളുണ്ടെന്നാണ് കണക്ക്. 2015-16ല്‍ ഒരു ലക്ഷത്തോളം പേരെ നായ കടിച്ചു. മരണം 2013ല്‍ 11ഉം 2014ല്‍ 10ഉം 2015ല്‍ 11ഉം 2016ല്‍ 12മെന്നാണ് റിപ്പാര്‍ട്ട്.  ബോധവല്‍ക്കരണത്തിലൂടെയും ശാസ്ത്രീയവും നവീനവുമായ വാക്സിനേഷന്‍ രീതിയിലൂടെയുമൊക്കെ റാബീസ് മൂലമുള്ള മരണനിരക്ക് കുറഞ്ഞിട്ടുണ്ട്.

ശാലുവമ്മയെ തെരുവുനായകള്‍ കടിച്ചുകൊന്നപ്പോഴും കോഴിക്കോട് തമിഴ്നാട്ടുകാരി ലക്ഷ്മി പേയിളകി മരിച്ചപ്പോഴും വര്‍ക്കലയിലെ രാഘവനു നേരെ നായ അക്രമമുണ്ടായപ്പോഴും വയനാട്ടില്‍ പിഞ്ചുകുഞ്ഞിനെ മാറോടണച്ചു രക്ഷിക്കുന്നതിനിടയില്‍ നായകടിയേറ്റു പേയിളകി യുവതി മരിച്ചപ്പോഴുമൊക്കെ സമൂഹമനസാക്ഷി മരവിക്കുകയായിരുന്നു. എന്നാല്‍ ഇതവിടെ തിരുന്നു. പേവിഷബാധക്കെതിരായ ശാശ്വതപരിഹാരത്തിന സര്‍ക്കാര്‍ നടപടികള്‍ക്കൊപ്പം ് നമുക്കും പലതുംചെയ്യാനുണ്ടെന്ന കാര്യം മറക്കുന്നു.

2030ഓടെ ആഗോളതലത്തില്‍ പേവിഷബാധ നിര്‍മാര്‍ജനം ചെയ്യുക എന്ന സന്ദേശവുമായി സെപ്തംബര്‍ 28ന് മറ്റൊരു ലോക റാബീസ് ദിനംകൂടി വന്നു. ഗ്ളോബല്‍ അലയന്‍സ് ഫോര്‍ റാബീസ് കണ്‍ട്രോള്‍ എന്ന കൂട്ടായ്മയാണ് ഈ ദിനാചരണത്തിനു നേതൃത്വം നല്‍കുന്നത്. ലോകാരോഗ്യസംഘടന, പാന്‍ അമേരിക്കന്‍ ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍, വേള്‍ഡ് ഓര്‍ഗനൈസേഷന്‍ ഫോര്‍ ആനിമല്‍ ഹെല്‍ത്ത് യുണിസെഫ് എന്നിവയൊക്കെ ഇതില്‍ കണ്ണികളാണ്. പേവിഷത്തിനെതിരെ ലോകത്താദ്യമായി ഒരു വാക്സിന്‍ പരീക്ഷിച്ചു വിജയിച്ച ലൂയിപാസ്ചറുടെ ചരമദിനമാണ് (സെപ്തംബര്‍ 28) ലോക പേവിഷ ദിനമായി ആചരിക്കുന്നത്. 2006 ലാരംഭിച്ച ഈ ദിനാചരണം 11 വര്‍ഷം പിന്നിടുമ്പോള്‍ പേവിഷബോധവല്‍ക്കരണത്തിലും വാക്സിനേഷന്‍ രീതിയിലുമൊക്കെ ബഹുദൂരം മുന്നേറിയിട്ടുണ്ട്. എങ്കിലും ഗ്രാമഗ്രാമാന്തരങ്ങളില്‍ പേവിഷബാധയെപ്പറ്റിയുള്ള ആശങ്കകള്‍ വിട്ടൊഴിയുന്നില്ല. ഇന്ത്യയില്‍ ഓരോ 2 സെക്കന്‍ഡിലും ഒരു നായകടിയുണ്ടാകുന്നു. ഇന്ത്യയില്‍ മനുഷ്യന്‍ നായ അനുപാതം 1:36 ആണ്. നമ്മുടെ സംസ്ഥാനത്ത് ഓരോ ചതുരശ്ര കിലോമീറ്ററിനും 35 നായകള്‍ എന്നതാണ് കണക്ക്.

കേരളത്തില്‍ 2.7 ലക്ഷം തെരുവനായകളുണ്ടെന്നാണ് കണക്ക്. 2015-16ല്‍ 1 ലക്ഷത്തോളം പേരെ നായ കടിച്ചു. മരണം 2013ല്‍ പതിനൊന്നും 2014ല്‍ 10ഉം 2015ല്‍ 11ഉം 2016ല്‍ 12മെന്നാണ് റിപ്പാര്‍ട്ട്. ശക്തമായ ബോധവല്‍ക്കരണത്തിലൂടെയും ശാസ്ത്രീയവും നവീനവുമായ വാക്സിനേഷന്‍ രീതിയിലൂടെയുമൊക്കെ റാബീസ് മൂലമുള്ള മരണനിരക്ക് കുറഞ്ഞിട്ടുണ്ട്.

സംസ്ഥാനത്ത് തെരുവുനായ ശല്യത്തിന് ഇനിയും പരിഹാരമായിട്ടില്ല. നായയെ കൊല്ലാന്‍ നിയമസാധുതയില്ലാത്തതിനാല്‍ അവയുടെ വംശവര്‍ധന തടയുന്നതിന് ലക്ഷ്യമിടുന്ന അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ പ്രോഗ്രാമാണ് ബദലായി നിര്‍ദേശിച്ചിരിക്കുന്നത്. സംസ്ഥാനത്തെ പല തദ്ദേശഭരണ സ്ഥാപനങ്ങളും എബിസി പ്രോഗ്രാം നടപ്പിലാക്കുന്നുണ്ട്. 1979ലെ പിസിഎ മാനദണ്ഡങ്ങള്‍ പാലിച്ച് തെരുവുനായകളെ വേദനയേല്‍പ്പിക്കാതെ സ്നേഹപുരസരം പിടിച്ച് ഓരോന്നിനേയും പ്രത്യേകം കൂടുകളിലാകി ഷെല്‍ട്ടറുകളിലെത്തിച്ച് ആരോഗ്യപരിശോധന നടത്തി വിരയിളക്കലിനും വന്ധ്യകരണത്തിനും മുറിവുണക്കലിനും (നിലവില്‍ 3 ദിവസമാണ് അനുവദിച്ചിരിക്കുന്നത്) റാബീസ് കുത്തിവെയ്പിനും ശേഷം അടയാളക്കമ്മലോ ചിപ്പോ ഇട്ട് പിടിച്ച സ്ഥലത്തു തിരികെ വിടുന്ന രീതിയാണ് ചുരുക്കത്തില്‍പറഞ്ഞാല്‍ ഈ പദ്ധതി.

മൃഗസ്നേഹികളുടെ ബോധമനസ്സിലുണ്ടായ ഈ ആശയത്തിന് 2010ലെ അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ നിയമത്തിന്റെ പിന്‍ബലവുമുണ്ട്. വീട്ടിലും നാട്ടിലുമുള്ള എല്ലാ നായകള്‍ക്കും ഇതു ബാധകമാണെങ്കിലും രാജകീയ പ്രൌഢിയോടെ വീട്ടില്‍ വളരുന്ന നായകള്‍ ഏറിയകൂറും ഈ നിര്‍ബന്ധ വന്ധ്യംകരണത്തിനു വിധേയമാകുന്നില്ല എന്നതാണ് പക്ഷപാതിത്വം. ഒടുവില്‍ നാടന്‍ നായകളുടെ വംശം അന്യം നില്‍ക്കുന്ന കാലം വിദൂരമല്ല. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പേവിഷകുത്തിവയ്പിനെത്തുന്നത് അധികവും വളര്‍ത്തുനായകളുടെയോ പൂച്ചകളുടെയോ കടിയേറ്റവരാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. എബിസി പ്രോഗ്രാം, വിഭാവന ചെയ്തിരിക്കുന്ന രീതിയില്‍ നടത്തുക പ്രായോഗികമല്ല. ഇപ്പോള്‍ നടന്നുവരുന്നത് കേവലം വന്ധ്യംകരണവും പ്രതിരോധ കുത്തിവയ്പും മാത്രമായി പരിമിതപ്പെട്ടിരിക്കുന്നു. ഏറ്റവും അപകടകാരികള്‍ രാത്രികാലങ്ങളില്‍ തെരുവില്‍ ഇറങ്ങുന്ന നായകളാണെന്നിരിക്കെ അവയെ ഒഴിവാക്കപ്പെടുന്നതും ലക്ഷ്യത്തെ തകര്‍ക്കുന്നു.

സംസ്ഥാനത്ത് തെരുവുനായ പ്രശ്നത്തിന്റെ അടിസ്ഥാന കാരണം അമിതമായ മാലിന്യമാണ്. കത്തിയെരിയുന്ന വേനല്‍ചൂട,് മനുഷ്യന്റെ ഭക്ഷണരീതിയിലെ മാറ്റം, ഫാസ്റ്റ് ഫുഡ് സംസ്കാരം, ശാസ്ത്രീയരീതിയിലല്ലാത്ത ഇറച്ചിക്കടകള്‍ ഇവയൊക്കെ നായയുടെ സ്വഭാവത്തിലും മാറ്റം വരുത്തിക്കഴിഞ്ഞു. ചോരയുടെ രുചിയറിഞ്ഞ നായകള്‍ ചെന്നായയെപോലെ അക്രമകാരികളായികൊണ്ടിരിക്കുന്നു. അവന്റെ അക്രമണത്തിനു വിധേയരാകുന്നവരിലധികവും തൊഴിലാളികളും കുട്ടികളും തെരുവില്‍ അന്തിയുറങ്ങുന്നവുമാണ.്്

പ്രിയപ്പെട്ടവരും ബന്ധുക്കളുമൊക്കെ നായകടിയേറ്റു മരിക്കുമ്പോള്‍ മാത്രം വിലപിച്ചിട്ടും പ്രതികരിച്ചിട്ടും പ്രതിഷേധിച്ചിട്ടും കാര്യമില്ല. സുപ്രിംകോടതി നിയോഗിച്ച ജസ്റ്റിസ് സിരിജഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അടിയന്തിര നടപടികളുണ്ടാകണം.

പേവിഷബാധവല്‍ക്കരണവും വ്യക്തി ശുചിത്വവും പരിസരശുചിത്വവുമൊക്കെ ജനകീയ സംരംഭങ്ങളായി മാറണം. സര്‍ക്കാരിന്റെ ഹരിതകേരളം, ശുചിത്വമിഷന്‍ പരിപാടികള്‍ക്കു കലവറയില്ലാത്ത പിന്തുണ നല്‍കണം. നായകടിയേറ്റാലുടന്‍ ചെയ്യേണ്ട മുറിവിന്റെ പരിചരണം, കുത്തിവയ്പു രീതികള്‍ എന്നിവയൊക്കെ അയല്‍കൂട്ടം ആശാവര്‍ക്കര്‍മാര്‍ എന്നിവയിലൂടെ വീടുവീടാന്തരം ബോധവല്‍ക്കരണമുണ്ടാകണം.

100 ശതമാനം മാരകവും എന്നാല്‍ 100 ശതമാനവും ഒഴിവാക്കാനുമാകുന്ന റാബിസ് എന്ന ഭീദിതമായ രോഗത്തില്‍ അശ്രദ്ധകൊണ്ടു മാത്രം അപകടമുണ്ടാകാനിടവരാന്‍ പാടില്ല. വീട്ടുനായകളുടെ സമ്പൂര്‍ണ ഉത്തരവാദിത്തം വളര്‍ത്തുടമയില്‍ നിക്ഷിപ്തമാക്കുകയും ഡോഗ് ബ്രീഡേഴ്സിനു നിയന്ത്രണവും കര്‍ശന ലൈസന്‍സിങ്ങും ഏര്‍പ്പെടുത്തുകയും വേണം. 
(മൃഗസംരക്ഷണവകുപ്പ് റിട്ടയഡ് ജോയിന്റ് ഡയറക്ടറാണ് ലേഖകന്‍)


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top