03 December Saturday

ഹൃദയാരോഗ്യം... മാറണം മലയാളിയുടെ ശീലങ്ങള്‍

ഡോ. ജോർജ് തയ്യിൽUpdated: Thursday Jun 15, 2017

ശീലം 1.
രോഗം വന്നിട്ട് ചികിത്സിക്കാം

ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാകുന്നവരില്‍ 90 ശതമാനം പേരും തീവ്രപരിചരണവിഭാഗത്തില്‍ അകപ്പെടുമ്പോഴാണ് തങ്ങളുടെ രോഗത്തിന്റെ ഗുരുതരാവസ്ഥയെപ്പറ്റി ചിന്തിക്കുന്നത്. അവിടെ നടത്തുന്ന പരിശോധനയിലൂടെയാണ് തങ്ങള്‍ക്ക് വര്‍ധിച്ച കൊളസ്ട്രോളും, ഉയര്‍ന്ന രക്തസമ്മര്‍ദവും നിയന്ത്രിക്കപ്പെടാത്ത പ്രമേഹവും ഒക്കെയുണ്ടെന്ന് മനസ്സിലാക്കുന്നത്. ഈ ആപത് ഘടകങ്ങള്‍ നേരത്തെ കണ്ടുപിടിച്ച് സമയോചിതമായി ചികിത്സിച്ചിരുന്നുവെങ്കില്‍ ഇപ്പോഴത്തെ മാരകാവസ്ഥയില്‍നിന്ന് രക്ഷപ്പെടാമായിരുന്നുവെന്ന് ഓര്‍ക്കുന്നത്.

'എന്തും വരുന്നിടത്തുവച്ചു കാണാം' എന്ന മലയാളിയുടെ കുപ്രസിദ്ധമായ ശാഠ്യം അപകടങ്ങളെ ക്ഷണിച്ചുവരുത്തുന്നു. ഒന്നിനും സമയമില്ല എന്ന ഭാവമാണ് മലയാളിയെ പല പ്രശ്നങ്ങളിലേക്കും വലിച്ചിഴയ്ക്കുന്നത്.

കഴിഞ്ഞ 30 വര്‍ഷത്തെ കണക്കുകള്‍ അവലോകനംചെയ്താല്‍, ഹൃദ്രോഗം ഇന്ത്യയില്‍ വര്‍ധിച്ചത് 300 ശതമാനമാണെന്ന് ലോക പ്രശസ്ത ഗവേഷകനും മലയാളിയുമായ സലീം യൂസഫ് പറയുന്നു. മലയാളിയുടെ കാര്യമെടുത്താല്‍ അതിലുമേറെ കഷ്ടം. എറണാകുളത്തു നടത്തിയ ഒരു പഠനത്തില്‍ അവിടെയുള്ള 4050 ശതമാനം പേര്‍ക്കും വര്‍ധിച്ച കൊളസ്ട്രോളുണ്ട്. ഏതാണ്ട് 35 ശതമാനത്തോളം പേര്‍ക്ക് അമിത രക്തസമ്മര്‍ദം ഉണ്ട്. പ്രമേഹബാധിതരുടെ കണക്ക് പറയുകയേവേണ്ട. ആര്‍ത്തിയോടെ ഭക്ഷിക്കുന്ന മലയാളികളുടെ ശരീരഭാരം കൂടിക്കൊണ്ടേയിരിക്കുന്നു. സ്ട്രെസിന്റെ കാര്യം അത്ഭുതാവഹം, സ്കൂള്‍കുട്ടികള്‍ക്കുപോലും നിയന്ത്രിക്കാന്‍പറ്റാത്ത സ്ട്രെസ്. മലയാളിയുടെ മദ്യ ഉപഭോഗം ദേശീയ ശരാശരിയെക്കാള്‍ മൂന്നിരട്ടി.

അമ്പത്തിരണ്ട് രാജ്യങ്ങളില്‍നിന്നായി 27000 പേരെ ഉള്‍പ്പെടുത്തി പ്രൊഫ. സലീം യൂസഫ് മുഖ്യഗവേഷകനായി നടത്തിയ അതിബൃഹത്തതായ 'ഇന്റര്‍ഹാര്‍ട്ട്' പഠനത്തില്‍ ഒമ്പത് ആപത് ഘടകങ്ങളുടെ (പുകവലി, രക്താതിമര്‍ദം, പ്രമേഹം, അമിതവണ്ണം, വര്‍ധിച്ച കൊളസ്ട്രോള്‍, ഭക്ഷണരീതി, വ്യായാമരാഹിത്യം, മദ്യസേവ, സ്ട്രെസ്) അതിപ്രസരം 90 ശതമാനത്തോളം ഹൃദ്രോഗം ഉണ്ടാകുവാന്‍ ഹേതുവാകുന്നുവെന്ന് തെളിഞ്ഞു. ഈ ആപത്ഘടകങ്ങളെ ക്രിയാത്മകമായി നിയന്ത്രിക്കുകവഴി ഹൃദ്രോഗബാധ 90 ശതമാനംവരെ പ്രതിരോധിക്കാമെന്ന് വ്യക്തമായി. 10 ശതമാനം നിയന്ത്രിക്കാന്‍പറ്റാത്ത പാരമ്പര്യസഹജവും ജനിതകവുമായ പ്രവണതകളാണ്.
രോഗം വന്നിട്ടു മാത്രം ചികിത്സയെപ്പറ്റി ഓര്‍ത്താല്‍ മതിയെന്ന മലയാളിയുടെ ധാര്‍ഷ്ട്യമനോഭാവത്തിന് അറുതിവരണം. കൃത്യമായി പരിശോധനകള്‍ നടത്തി തങ്ങളിലെ അപകടഘടകങ്ങളെപ്പറ്റി അറിഞ്ഞ് അവയെ നിയന്ത്രണവിധേയമാക്കണം.

ശീലം 2.
മരുന്നുണ്ടല്ലോ, പിന്നെന്തു പേടിക്കാന്‍

പലരും ഔഷധസേവയില്‍ അമിതവിശ്വാസം പുലര്‍ത്തുന്നവരാണ്. എല്ലാത്തിനുമുള്ള  അഭയം മരുന്നാണ്. ഒരു നിയോഗംപോലെ മരുന്ന് സേവിച്ചുകൊണ്ടിരുന്നാല്‍ പിന്നെ ഒന്നും പേടിക്കേണ്ടെന്ന മനോഭാവമാണ്.

തീര്‍ച്ചയായും നിരന്തര ഗവേഷണ നിരീക്ഷണങ്ങളിലൂടെ ഉല്‍പ്പാദിപ്പിക്കുന്നതാണ് ഓരോ ഗുളികയും. വൈദ്യനിര്‍ദേശപ്രകാരം മരുന്നുകഴിക്കുന്നത് രോഗതീവ്രത കുറച്ച് ആശ്വാസം ലഭിക്കാന്‍ ഏറെ സഹായിക്കും. എന്നാല്‍, എന്തൊക്കെ സംഭവിച്ചാലും മരുന്നുണ്ടല്ലോ, പിന്നെന്തിനു ഭയപ്പെടാന്‍ എന്ന പ്രവണത ക്രിയാത്മകമല്ല. ഹൃദ്രോഗചികിത്സയിലെ ഒരധ്യായം മാത്രമാണ് ഔഷധസേവ എന്നോര്‍ക്കണം. ഓരോ ഔഷധതന്മാത്രയ്ക്കും അതിന്റേതായ പ്രവര്‍ത്തന പരിമിതികളുണ്ട്. ഒരു രോഗത്തിനുള്ള പൂര്‍ണമായ പ്രതിവിധിയല്ല മരുന്നുകളെന്ന് ഓര്‍ക്കണം.

ഉദാഹരണത്തിന്, കൊളസ്ട്രോള്‍ കുറയ്ക്കുന്ന 'സ്റ്റാറ്റിന്‍' മരുന്നുകള്‍ സേവിക്കുകയും ഒപ്പം കൊഴുപ്പുകൂടിയ ഭക്ഷണപദാര്‍ഥങ്ങള്‍ സമൃദ്ധമായി കഴിക്കുകയും ചെയ്യുമ്പോഴത്തെ സ്ഥിതി ഒന്ന് ആലോചിച്ചുനോക്കു. തീര്‍ച്ചയായും ആ മരുന്നിന്റെ പ്രയോജനം നഷ്ടപ്പെടുകതന്നെ ചെയ്യും. ഹൃദ്രോഗചികിത്സയില്‍ മരുന്നുകളുടെ ഉപയോഗം പ്രധാനമായും ജീവിതഭക്ഷണ ക്രമീകരണത്തിനുശേഷം മാത്രമാണ്. കര്‍ശനമായ ജീവിതഭക്ഷണ നിയന്ത്രണം ഹൃദ്രോഗസാധ്യതയെയും രോഗഗതിയെയും പിടിയിലൊതുക്കാന്‍ നല്ലൊരു പരിധിവരെ സഹായിക്കും.
 

ശീലം  3.
മരുന്നുകളുടെ പാര്‍ശ്വഫലങ്ങളെപ്പറ്റി അമിതഭയം
ഇന്റര്‍നെറ്റിന്റെ ആവിര്‍ഭാവത്തോടെ വിവരസാങ്കേതികരംഗത്ത് ഒട്ടേറെ പ്രയോജനങ്ങളുണ്ടായി. ഒപ്പം ആരോഗ്യരംഗത്തും. വിവിധ രോഗങ്ങളെപ്പറ്റിയും അവകളുടെ ചികിത്സാരീതികളെപ്പറ്റിയും ആളുകള്‍ ഇന്റര്‍നെറ്റില്‍ പരതി. ഒപ്പം ഔഷധങ്ങളുടെ ഗുണദോഷങ്ങളെപ്പറ്റി വിവരങ്ങള്‍ ശേഖരിച്ചു. ഇന്ന് പലരും ഡോക്ടറെ കാണാന്‍വരുന്നതിനുമുമ്പ് രോഗത്തെപ്പറ്റി പഠിച്ചിരിക്കും. മരുന്നുകള്‍ കുറിച്ചുകൊടുത്തല്‍ ഉടന്‍ ചെയ്യുന്നത്, ആ രാസതന്മാത്രകളുടെ ഗുണങ്ങളെയും ദൂഷ്യങ്ങളെയുംപറ്റി ഇന്റര്‍നെറ്റില്‍ അന്വേഷിക്കുകയാണ്. അപ്പോഴാണ് പല മരുന്നുകളുടെയും പാര്‍ശ്വഫലങ്ങളെപ്പറ്റി അവര്‍ക്ക് അറിവുണ്ടാകുന്നത്. ഇവ ചിലരില്‍ അമിത ആശങ്ക ഉളവാക്കുകതന്നെ ചെയ്യും. പിന്നെ അവരുടെ ചിന്ത, ആ മരുന്നുകള്‍ ശരീരത്തില്‍ ഉണ്ടാക്കാന്‍ പോകുന്ന ഭവിഷ്യത്തുകളെപ്പറ്റിയാണ്. ഡോക്ടര്‍ എന്തിനുവേണ്ടി ആ മരുന്ന് കുറിച്ചുകൊടുത്തു എന്നതിലേക്കാളുപരി ആ മരുന്നിന്റെ പാര്‍ശ്വഫലങ്ങളാണ് അവരുടെ പ്രശ്നം. അതേപ്പറ്റി ഓര്‍ത്തോര്‍ത്ത് വ്യാകുലപ്പെട്ട് പിന്നെ മരുന്ന് നിര്‍ത്തുകതന്നെ ചെയ്യുന്നു.

മരുന്നുനിര്‍മ്മിക്കുമ്പോള്‍ ആദ്യം അത് പരീക്ഷിക്കുന്നത് മൃഗങ്ങളിലാണ്. അവയിലെ ശാരീരികവ്യതിയാനങ്ങള്‍ വര്‍ഷങ്ങളോളം പഠിക്കും. ഓരോ രാസതന്മാത്രയ്ക്കും ഗുണങ്ങളും ദോഷങ്ങളും ഉണ്ടെന്നോര്‍ക്കണം. പാര്‍ശ്വഫലങ്ങള്‍ ഗുണങ്ങളെക്കാള്‍ ഏറിനിന്നാല്‍ അപ്പോള്‍തന്നെ ആ മരുന്നിന്റെ നിര്‍മാണം നിര്‍ത്തിവയ്ക്കുകയാണ്. മറിച്ച് നിസ്സാര പാര്‍ശ്വഫലങ്ങളോടെ ഏറെ സവിശേഷതകളുള്ള ഒരു മരുന്ന് കണ്ടുപിടിക്കപ്പെട്ടാല്‍ അത് 'ഡ്രഗ് അപ്രൂവല്‍ അതോറിറ്റി'യുടെ പരിഗണനയ്ക്കു സമര്‍പ്പിക്കും. അങ്ങനെ പല കടമ്പകള്‍ കടന്നാണ് ഒരു മരുന്ന് വിപണിയിലെത്തുന്നത്. ചില മരുന്നുകള്‍ പിന്നീട് പ്രശ്നങ്ങളുണ്ടാക്കുന്നുണ്ടെന്നു തെളിഞ്ഞാല്‍ അവ ഉടന്‍ വിപണിയില്‍നിന്ന് പിന്‍വലിക്കപ്പെടുന്നു.

അപ്പോള്‍ ഒരു ഡോക്ടര്‍ മരുന്നുകളുടെ ഗുണദോഷങ്ങളെപ്പറ്റി പൂര്‍ണമായി അറിഞ്ഞുതന്നെയാണ് രോഗിക്ക് കുറിച്ചുകൊടുക്കുന്നത്. ഒരുവന്റെ പലതരത്തിലുള്ള അനുബന്ധ രോഗാവസ്ഥകളെയും പൊതുവായ ആരോഗ്യത്തെയും പ്രായത്തെയും ഒക്കെ പരിഗണിച്ച് ഡോക്ടര്‍ മരുന്നു കുറിക്കുന്നു. ചില മരുന്നുകള്‍ അപ്രതീക്ഷിതമായി ചിലരില്‍ അലര്‍ജി ഉണ്ടാക്കുന്നു. അപ്പോള്‍ ആ മരുന്ന് ഉടന്‍ മാറ്റുന്നു. ഓരോരുത്തരും ഔഷധങ്ങളോടു പ്രതികരിക്കുന്നത് പലവിധത്തിലാണ്. ഒരു മരുന്ന് 99 പേര്‍ക്ക് പ്രയോജനപ്പെടുമ്പോള്‍ ഒരാള്‍ക്ക് അലര്‍ജിയുണ്ടാകാം. ഇത് ഡോക്ടര്‍ക്ക് എപ്പോഴും നേരത്തെ അറിയാന്‍പറ്റിയെന്നു വരില്ല. അപ്പോള്‍ മരുന്നു കുറിക്കുന്ന ഡോക്ടറില്‍ രോഗിക്ക് പൂര്‍ണവിശ്വാസം ഉണ്ടാകണം.  

രണ്ടാം ഭാഗം ഇവിടെ:

ഹൃദയാരോഗ്യം... ശീലങ്ങള്‍ മാറണം

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top