03 June Saturday

കോവിഡും കർക്കടകവും പിന്നെ ആരോഗ്യവും

ശുഭശ്രീ പ്രശാന്ത്‌Updated: Thursday Jul 9, 2020


കർക്കടകം കടന്നുവരികയാണ്‌. പൊതുവിൽ മനസ്സിനും ശരീരത്തിനും ഉത്സാഹക്കുറവ് തോന്നുന്ന കാലമാണത്‌. ഈ കോവിഡ്  കാലത്ത്‌  കർക്കടകത്തിനൊപ്പം വൈറസിനെയും നമുക്ക് നേരിടണം. കർക്കടകത്തിൽ അന്തരീക്ഷ താപനിലയിലെ വ്യതിയാനങ്ങൾ പൊതുവെ പുതപ്പിനുള്ളിൽ മൂടിക്കിടക്കാൻ  മനസ്സിനെ പ്രേരിപ്പിക്കുന്നു. മനസ്സിന്റെ ഈ ഉത്സാഹക്കുറവ്  ശരീരത്തെയും ബാധിക്കുന്നു. മടിപിടിച്ച മനസ്സും ശരീരവും രോഗങ്ങളുടെ വാസസ്ഥലമാകുന്നു. ദഹനവും രക്തചംക്രമണവും കുറയുന്നതു കാരണം വാതസംബന്ധമായ  രോഗങ്ങളുമേറിവരുന്നു. മികച്ച ആഹാരക്രമീകരണവും വ്യായാമവും  കർക്കടകത്തിലെ ആലസ്യമകറ്റി ആരോഗ്യത്തോടെയിരിക്കാൻ  സഹായിക്കും. ഒപ്പം കോവിഡിന്റെ പ്രതിരോധത്തിനും നമുക്ക് സഹായകമാകും

ഉറക്കം
പൊതുവെ മൂടിപ്പുതച്ചുറങ്ങാൻ ഇഷ്ടപ്പെടുന്ന കാലമാണെങ്കിലും പകൽ നേരത്തെ ഉണർന്ന്‌ രാത്രി നേരത്തെ ഉറങ്ങാൻ ശീലിക്കുക.  ഉച്ചയുറക്കം ഒഴിവാക്കുക. എട്ടു മണിക്കൂർ ഉറക്കം ശീലമാക്കുക.

ശുചിത്വം

തണുപ്പ് അധികമായതിനാലും മഴയുടെ കാഠിന്യത്താൽ ജലജന്യ രോഗങ്ങൾക്ക്‌ സാധ്യത കൂടുതലാണ്‌. അതിനാൽ പരിസര ശുചിത്വവും വ്യക്തിശുചിത്വവും അനിവാര്യമാണ്. ദിവസേന രണ്ടു നേരം കുളി , കൈകാലുകൾ വൃത്തിയായി സൂക്ഷിക്കുക, വീടും പരിസരവും മാലിന്യ മുക്തമാക്കുക തുടങ്ങിയവ അനിവാര്യമാണ്‌.  കോവിഡ്‌ കാലമായതിനാൽ സാമൂഹ്യ അകലം പാലിക്കുക. മാസ്‌ക്‌ ഉപയോഗം നിർബന്ധം.


 

ഭക്ഷണം ശ്രദ്ധയോടെ
കർക്കടക  കാലയളവിൽ എളുപ്പം ദഹിക്കുന്നവയും  മലബന്ധം  തടയാൻ സഹായിക്കുന്നതുമായ  ഭക്ഷ്യവസ്തുക്കൾ തെരഞ്ഞെടുക്കുന്നതാണ്‌  ഉത്തമം. പച്ചക്കറികൾ, പഴവർഗങ്ങൾ, പയറുവർഗങ്ങൾ, ധാന്യങ്ങൾ, ഇലക്കറികൾ തുടങ്ങിയവയ്‌ക്ക്‌ പ്രാധാന്യം നൽകണം. തക്കാളി, വെള്ളരിക്ക, മത്തൻ, കുമ്പളം, തടിയൻകായ്‌, ബീറ്റ്റൂട്ട്, ഇഞ്ചി,  വെളുത്തുള്ളി,  പപ്പായ,  കിവി, അത്തിപ്പഴം, വാഴപ്പഴം, ഉലുവ, ചണപ്പയർ, ചിയാവിത്തുകൾ, മുളപ്പിച്ച ചെറു പയർ, മുതിര, ചമ്പാവരി, കുപ്പച്ചീര, തഴുതാമ, കറിവേപ്പില, പുതിന  തുടങ്ങിയവ ഉത്തമം. മത്സ്യ മാംസാദികൾ ഇക്കാലയളവിൽ മിതമായി ഉപയോഗിക്കുക. ഇക്കാലത്ത് ഉണ്ടാകുന്ന  ഹൈപ്പർ അസിഡിറ്റി കുറയ്‌ക്കാൻ ആൽക്കലൈൻ അടങ്ങിയ ഭക്ഷ്യവസ്തുക്കൾ സഹായിക്കും.

നാര്‌ കൂടുതലുള്ള പച്ചക്കറികൾ, പഴവർഗങ്ങൾ എന്നിവ ധാരളമായി കഴിക്കാം.  ദഹിക്കാൻ പ്രയാസമുള്ളതും കൊഴുപ്പുകൂടിയതും ഒഴിവാക്കുന്നതാണ് നല്ലത്. ദഹനപ്രശ്നങ്ങൾ ഒഴിവാക്കാൻ  രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണം. രാത്രി  മിതമായും കൊഴുപ്പില്ലാത്തവയും എളുപ്പം ദഹിക്കുന്നവയും തെരഞ്ഞെടുക്കുക. പ്രമേഹം, ഹൃദ്‌‌രോഗം പോലുള്ള അസുഖമുള്ളവർ ആഹാരക്രമീകരണം ശ്രദ്ധിക്കണം.  ഒപ്പം  പ്രതിരോധശേഷി  വർധിപ്പിക്കുന്ന ഭക്ഷ്യ വസ്തുക്കൾ കൂടി ദിവസേന ഉപയോഗിക്കാം


 

 മുഴുധാന്യങ്ങളിലെ തവിടിലുള്ള സിങ്ക്, ബി വിറ്റാമിനുകൾ, സെലിനി, കോപ്പർ തുടങ്ങിയവ പ്രധിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു.
 മുളപ്പിച്ച പയർപരിപ്പു വർഗങ്ങൾ നിത്യഭക്ഷണത്തിന്റെ  ഭാഗമാക്കുക
 ജീവകം സി, ആന്റിഓക്സിഡന്റുകൾ അടങ്ങിയ പച്ചക്കറികളും പഴവർഗങ്ങളും  നിത്യേന  ഭക്ഷണത്തിൽ ഉൾപ്പെടുത്തുക
 ജലാംശം അധികമായുള്ള ഫലവർഗങ്ങൾ  ഉത്തമം
 ഇഞ്ചി, വെളുത്തുള്ളി, മഞ്ഞൾപ്പൊടി  എന്നിവ സാധാരണ  അളവിൽ കറികളിൽ ചേർത്തുപയോഗിക്കാം.
 വെള്ളം ദിവസേന മൂന്ന് ലിറ്ററിൽ അധികമെങ്കിലും കുടിക്കാൻ ശ്രദ്ധിക്കുക .
 മധുരം, എണ്ണ, അധികം കൊഴുപ്പടങ്ങിയ മാംസങ്ങൾ എന്നിവ നിയന്ത്രിക്കാം
 വീടിനുള്ളിൽ ചെയ്യാൻ സാധിക്കുന്ന വ്യായാമങ്ങൾ ചെയ്യാം .
 മത്സ്യ മാംസാദികളും മുട്ടയും നന്നായി വേവിച്ചു മാത്രം ഉപയോഗിക്കുക


(ക്ലിനിക്കൽ ന്യൂട്രീഷനിസ്റ്റാണ്‌ ലേഖിക)

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top