11 June Sunday

ആര്‍ത്തവദിനങ്ങളോ... ഇനിയൊരു കപ്പില്‍ ആശ്വസിക്കാം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 12, 2017

ആര്‍ത്തവദിനങ്ങളില്‍ ആശ്വാസം പകരാന്‍ സാനിറ്ററി പാഡുകളും ടാബൂണുകളും നല്‍കിയിരുന്ന സേവനം ഇനിയൊരു കപ്പിലൊതുക്കാം. അതെ മെനസ്റ്റല്‍ കപ്പ്തന്നെ . യോനിക്കുള്ളില്‍ ആര്‍ത്തവരക്തം ശേഖരിക്കുന്ന, കഴുകി വീണ്ടും വീണ്ടും ഉപയോഗിക്കാവുന്ന മെനസ്ട്രല്‍ കപ്പുകള്‍ കേരളത്തിലും പ്രചാരം നേടുകയാണ്.മെനസ്ട്രല്‍ കപ്പുകളെകുറിച്ചും അവയുടെ ഉപയോഗത്തെ കുറിച്ചും ഇന്‍ഫോ ക്ളിനിക് കൂട്ടായ്മയിലെ ഡോ. ദീപു എസ് എഴുതുന്നു.

ഡോ. ദീപു എസ്

ഡോ. ദീപു എസ്

ആര്‍ത്തവം എന്നത് ജീവികളുടെ വംശം തന്നെ നില നിന്നു പോവുന്ന പ്രക്രിയയുടെ കണ്ണിയിലെ ഒരു പ്രധാന ജൈവീക പ്രക്രിയയാണ്. ഒരു സ്ത്രീ ആരോഗ്യവതി ആണെന്നതിന്റെ സൂചന കൂടിയാണ് അത്, ആര്‍ത്തവം ഇല്ലാതിരിക്കുകയോ, ക്രമക്കേട് ഉണ്ടാവുകയോ ഒക്കെ ചെയ്യുമ്പോ മാത്രമാണ് അത് അസ്വാഭാവികം ആവുന്നത്. എന്നാല്‍ ആര്‍ത്തവവുമായി ബന്ധപ്പെട്ടു ഒട്ടേറെ അബദ്ധജടിലമായ ധാരണകളും സമൂഹത്തില്‍ നിലവിലുണ്ട്.

ആര്‍ത്തവം ആരോഗ്യപരമായി കൈകാര്യം ചെയ്താല്‍ മതിയാവും എന്നും അതൊരു അശുദ്ധി പേറുന്ന പ്രതിഭാസം അല്ലെന്നും ഏവരും തിരിച്ചറിയേണ്ടതുണ്ട്.
ആര്‍ത്തവം കൈകാര്യം ചെയ്യുന്നതില്‍ ആധുനിക ലോകത്ത് പ്രചുര പ്രചാരം ഉള്ള സാനിറ്ററി പാഡുകള്‍ക്കും, റ്റാമ്പോണുകള്‍ക്കും (ആര്‍ത്തവരക്തം ഒപ്പി എടുക്കാനായി യോനിക്കുള്ളില്‍ കടത്തി വെക്കുന്ന സിലിണ്ടര്‍ ആകൃതിയിലുള്ള ഉപാധി) ബദലായി അടുത്തകാലത്തു പ്രചാരത്തിലായി വരുന്ന ഒരു ഉപാധിയാണ് ആര്‍ത്തവ കപ്പുകള്‍.

എന്താണ് മെന്‍സ്റ്ററല്‍ കപ്പ് (ആര്‍ത്തവ കപ്പ്)?

ചെറിയ കപ്പ് രൂപത്തില്‍ ഉള്ള വളയ്ക്കാന്‍ കഴിയുന്ന സിലിക്കോണ്‍, തെര്‍മോ പ്ളാസ്റ്റിക് ഇലാസ്റ്റൊമര്‍ അല്ലെങ്കില്‍ ലാറ്റക്സ് നിര്‍മ്മിത ഉപകരണമാണിത്. ആര്‍ത്തവ രക്തം ആഗിരണം ചെയ്യുന്നതിന് പകരം ഈ കപ്പില്‍ ശേഖരിക്കപ്പെടുന്ന പ്രക്രിയയാണ് ഇതില്‍ ഉപയുക്തമാക്കുന്നത്. inverted cup അഥവാ തിരിച്ചു പിടിച്ചിരിക്കുന്ന ഒരു മണിയുടെ ആകൃതി ആണ് ഇവയ്ക്കുള്ളത്.

1930 കളില്‍ ഉപയോഗയുക്തമാക്കി തുടങ്ങിയ ഈ സംവിധാനം അമേരിക്കയില്‍ വ്യാവസായിക അടിസ്ഥാനത്തില്‍ നിര്‍മ്മിച്ച് തുടങ്ങിയത് 1987 മുതല്‍ക്കു ആണ്.1932 ല്‍ മിഡ് വൈഫുമാരുടെ ഒരു ഗ്രൂപ്പാണ് ആദ്യമായി ഇതിനു പേറ്റന്റ് നേടിയത്.ക്യാനഡയിലും, യു എസിലും ഇവയുടെ നിലവിലെ കണക്കുകള്‍ നോക്കിയാല്‍ പാഡ്, റ്റാമ്പോണുകള്‍ എന്നിവയെക്കാള്‍ ഇരുപതു മടങ്ങു വര്‍ദ്ധനവാണ് ഇവയുടെ വില്‍പ്പനയില്‍ ഉണ്ടായിട്ടുള്ളത്. അതായത് ഇവയ്ക്ക് ആവശ്യക്കാര്‍ ഏറി വരുന്നു എന്ന് ചുരുക്കം.

എങ്ങനെ ആണ് മെന്‍സ്റ്ററല്‍ കപ്പ് ഉപയോഗിക്കുന്നത്?

ആര്‍ത്തവത്തിന് തൊട്ടു മുന്നേ ഈ കപ്പ് നിര്‍ദ്ദിഷ്ട രീതിയില്‍ മടക്കി ഉള്ളിലേക്ക് വയ്ക്കുകയാണ് ചെയ്യുന്നത്. ശരിയായ രീതിയില്‍ നിക്ഷേപിച്ചാല്‍ ഇത് ഉള്ളിലിരിക്കുന്നതു അറിയുക പോലുമില്ലത്രേ!

ഗര്‍ഭ നിരോധനോപാധി ആയ ഡയഫ്രമൊക്കെ ഉള്ളില്‍ വയ്ക്കുന്ന രീതിക്കു സമാനമാണിത്. ഉള്ളില്‍ ഈ കപ്പ് തുറന്നു വരുകയും ആര്‍ത്തവരക്തം ലീക്ക് തടയും വിധം യോനീ ഭിത്തികള്‍ക്കിടയില്‍ നില കൊള്ളുകയും തുടര്‍ന്ന് ആര്‍ത്തവ രക്തം ഈ കപ്പില്‍ ശേഖരിക്കപ്പെടുകയും ചെയ്യും.

ഉപയോഗിച്ചതിന് ശേഷം നശിപ്പിക്കാവുന്ന തരത്തില്‍ ഉള്ള ഡിസ്പോസിബിള്‍ കപ്പുകള്‍ ഉണ്ടെങ്കിലും ഭൂരിഭാഗവും ടൈപ്പുകള്‍ പുനര്‍ ഉപയോഗം സാധ്യമായവയാണ്.

നീക്കം ചെയ്യുന്നത് എങ്ങനെ?

കപ്പിന്റെ താഴത്തെ തണ്ട് പോലുള്ള അഗ്രത്തില്‍ വലിച്ചതിനു ശേഷം അമര്‍ത്തി ഇത് പുറത്തു എടുക്കാവുന്നതാണ്.സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കിയതിനു ശേഷം വീണ്ടും ഉപയോഗിക്കാം, ചൂട് വെള്ളത്തില്‍ തിളപ്പിച്ച് അണ്വിമുക്തി ഉറപ്പു വരുത്തുകയും ആവാം. ഓരോ ആര്‍ത്തവ ചക്രത്തിനു ശേഷവും നിര്‍ബന്ധമായും തിളപ്പിച്ച വെള്ളത്തിലിട്ടു അണുവിമുക്തമാക്കി വീണ്ടും ഉപയോഗത്തിനായി സൂക്ഷിച്ചു വെക്കേണ്ടതാണ്.

അനുകൂല ഘടകങ്ങള്‍

1. പരിസ്ഥിതി സൌഹൃദ ഉപാധിയാണ് ഇവ ഓരോ ബ്രാന്‍ഡ് അനുസരിച്ച് ഉപയോഗയോഗ്യമായ കാലാവധി മാറും എങ്കിലും സാധാരണഗതിയില്‍ 4 തൊട്ടു 10 വര്‍ഷം വരെ തുടര്‍ച്ചയായി ഉപയോഗിക്കാവുന്ന ആര്‍ത്തവ കപ്പുകള്‍ വിപണിയില്‍ ലഭ്യമാണ്. പാഡ് പോലുള്ളവയും ആയി താരതമ്യം ചെയ്യുമ്പോള്‍ പരിസര മാലിന്യത്തിന്റെ അളവ് ഇവ ഗണ്യമായി കുറയ്ക്കുന്നു. പാഡ് പോലുള്ളവ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിലുള്ള പ്രായോഗിക ബുദ്ധിമുട്ട് ഇത് ഉപയോഗിക്കുമ്പോള്‍ ഇല്ലതാനും.

2. 12 മണിക്കൂറോളം ഒറ്റയടിക്ക് ഉപയോഗിക്കാം. പാഡ് റ്റാംപോണ് എന്നിവ രക്തസ്രാവം അനുസരിച്ചു 4 തൊട്ടു 8 മണിക്കൂര്‍ വരെ മാത്രമാണ് ഉപയോഗിക്കാന്‍ കഴിയുന്നത്.
രാത്രി മുഴുവന്‍ ഉപയോഗിക്കുന്നതിനും കൂടുതല്‍ ഉചിതം ആണ്. ഉപയോഗിച്ച് ശീലമായാല്‍ പാഡ് പോലുള്ള സംവിധാനങ്ങള്‍ പകരമായി കരുതുന്ന സാഹചര്യവും ഒഴിവാക്കാം.വിമാനത്തിലോ ട്രെയിനിലോ ഒക്കെ ദീര്‍ഘയാത്ര പോലുള്ള അവസരങ്ങളില്‍ കൂടുതല്‍ സൌകര്യം പ്രദാനം ചെയ്യുന്നു.

3. കൂടുതല്‍ അളവ് ആര്‍ത്തവ രക്തം കൈകാര്യം ചെയ്യും, ഏകദേശം ഒരു ഔണ്‍സ്. (ഏറ്റവും കൂടുതല്‍ ആഗിരണ ശേഷിയുള്ള പാഡിന്റെ ഏകദേശം ഇരട്ടി അളവ് വരുമിത്) കൂടുതല്‍ രക്തം ഒഴുക്കിനെ കൈകാര്യം ചെയ്യാന്‍ മെച്ചപ്പെട്ട സംവിധാനം ആണിത്.

4. മൃദുവായ ഡിസ്പോസിബിള്‍ കപ്പു ഉപയോഗിക്കവെ തന്നെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാം.

5. അന്തരീക്ഷ വായുവുമായി സമ്പര്‍ക്കത്തില്‍ വരുമ്പോ ആര്‍ത്തവ രക്തത്തിനു ദുര്‍ഗന്ധം ഉടലെടുക്കാമെന്നാല്‍ കപ്പ് അതിനുള്ള സാധ്യതകള്‍ തടയുന്നു.6. റ്റാംമ്പോണ്‍ ഉപയോഗിക്കുമ്പോള്‍ ഉണ്ടായേക്കാവുന്ന ടോക്സിക് ഷോക് സിന്‍ഡ്രോം പോലുള്ള രോഗാണുബാധകള്‍ ഉണ്ടാവാന്‍ ഉള്ള സാദ്ധ്യതകള്‍ കുറയ്ക്കുന്നു. പാഡ് ഉപയോഗിക്കുമ്പോള്‍ തുടയിടുക്കുകളില്‍ ഉണ്ടായേക്കാവുന്ന ത്വക് പ്രശ്നങ്ങളുടെ സാധ്യതകള്‍ ഇല്ലാതാക്കുന്നു.

6. ചില ആരോഗ്യപ്രശ്നങ്ങള്‍ ഒക്കെ നേരിടുന്ന സമയത്ത് ആര്‍ത്തവ രക്തത്തിന്റെ അളവ് കൃത്യമായി അറിയാന്‍ ഇത് ഉപയോഗയുക്തമാക്കാം. ചില തരം കപ്പുകളില്‍ അളവ് രേഖപ്പെടുത്തിയിട്ടുണ്ടാവും.

7. മെന്‍സ്റ്ററല്‍ കപ്പുകള്‍ പ്രത്യേകിച്ച് ആരോഗ്യപ്രശ്നങ്ങള്‍ ഒന്നും ഉണ്ടാക്കുന്നതായിട്ടു ഇത് വരെ ആധികാരികമായി കണ്ടെത്തിയിട്ടില്ല.

8. ടാമ്പോണുകള്‍ യോനിക്കുള്ളിലെ മറ്റു ശാരീരിക ദ്രവങ്ങളും ആഗിരണം ചെയ്യുന്നതിനാല്‍ യോനി കൂടുതല്‍ വരണ്ടത് ആവാനിടയുണ്ട്. എന്നാല്‍ കപ്പുകള്‍
ശരിയായ രീതിയില്‍ ഉപയോഗിച്ചാല്‍ ലീക്കിങ്/ഓവര്‍ ഫ്ലോ പോലുള്ളവയ്ക്കു സാധ്യത തീരെ കുറവാണ്.

പ്രതികൂല ഘടകങ്ങള്‍

1. ഉപയോഗിക്കവേ ഉണ്ടാവുന്ന അസ്വസ്ഥകള്‍
ചിലരില്‍ ഇത് ഉള്ളില്‍ അസ്വസ്ഥത ജനിപ്പിക്കുന്ന ഒന്നായി ഭവിക്കാം.കൈകാര്യം ചെയ്യുന്നതിന് മുന്നേ കൈകള്‍ നന്നായി സോപ്പ് ഉപയോഗിച്ച് കഴുകി വൃത്തിയാക്കേണ്ടതാണ്. ആര്‍ത്തവ രക്തം നീക്കം ചെയ്യാനായി വൃത്തിയാക്കുമ്പോഴും മൂന്നു ആവര്‍ത്തി എങ്കിലും നന്നായി കഴുകേണ്ടത് പ്രധാനമാണ്.

2. ഉപയോഗിച്ചു തുടങ്ങുന്ന സമയത്തു ചെറിയ പരിശീലനം നേടേണ്ടതുണ്ട്.

ശരിയായ ഫിറ്റ് കണ്ടു പിടിക്കുന്നതിന് ചിലപ്പോള്‍ അല്പം പരിശ്രമം വേണ്ടി വന്നേക്കാം. പ്രായം, ആര്‍ത്തവ രക്തത്തിന്റെ ഒഴുക്ക്, പ്രസവ ശേഷമാണോ ഉപയോഗിക്കുന്നത് എന്നീ ഘടകങ്ങള്‍ ഒക്കെ കണക്കില്‍ എടുത്തു പല വലിപ്പത്തില്‍ ഉള്ള കപ്പുകള്‍ ലഭ്യമാണ്.

ഓരോരുത്തര്‍ക്കും യോജിച്ച അളവ് കണ്ടെത്തുന്നതിനായി തുടക്കത്തില്‍ പല അളവ് മാറി പരീക്ഷിക്കേണ്ടതായി വന്നേക്കാം.അല്‍പം സ്ഥാനഭ്രംശമുള്ള ഗര്‍ഭപാത്രം,താഴ്ന്നിരിക്കുന്ന ഗര്‍ഭാശയ മുഖം എന്നിവ പോലുള്ള ശാരീരിക പ്രത്യേകതകള്‍ ഉള്ളവര്‍ക്ക് ഈ പ്രക്രിയ ചിലപ്പോള്‍ കൂടുതല്‍ പരിശ്രമകരമായേക്കാം.

3. നീക്കം ചെയ്യല്‍ ചിലപ്പോള്‍ ശ്രമകരമായേക്കാം.
ഇരുന്നുകൊണ്ട് ഉള്ളില്‍ നിന്നും അല്പം മര്‍ദ്ദം ചെലുത്തി കൂടി വേണം ഇത് തിരിച്ചു എടുക്കാന്‍.അടിഭാഗം വിരല്‍ത്തുമ്പു കൊണ്ട് അമര്‍ത്തി പുറകിലേക്ക് അല്പം ചരിച്ചു വേണം എടുക്കാന്‍.പൊതു സ്ഥലങ്ങളില്‍ ഉള്ള ശൌചാലയങ്ങള്‍ പോലുള്ള ഇടങ്ങളില്‍ വെച്ച് ഇത് ചെയ്യാനും കഴുകി വൃത്തിയാക്കാനും പ്രായോഗിക പ്രയാസം നേരിയ രീതിയില്‍ നേരിടാനിടയുണ്ട്.ഇവ നിര്‍മ്മിക്കുന്നവരുടെ നിര്‍ദ്ദേശങ്ങളില്‍ വിവരിക്കുന്നത് കുപ്പിയില്‍ വെള്ളം എടുത്തു ഒഴിച്ച് കഴുകി ടോയ്ലറ്റ് പേപ്പര്‍ ഉപയോഗിച്ച് തുടച്ചു വൃത്തിയാക്കാം എന്നാണു.

4. ഗര്‍ഭപാത്രത്തിനു ഉള്ളില്‍ നിക്ഷേപിക്കുന്ന കോപ്പര്‍ ടി പോലുള്ള ഗര്‍ഭ നിരോധനോപാധികളുടെ ഒപ്പം ഇത് ഉപയോഗിക്കുന്നത് ആശാസ്യകരം അല്ല. ഗര്‍ഭനിരോധന ഉപാധിയുടെ സ്ഥാനം മാറാനോ അറിയാതെ നീക്കം ചെയ്തു പോവാനോ ഒക്കെ നേരിയ സാധ്യതകള്‍ നില നില്‍ക്കുന്നു എന്നതിനാല്‍ ആണ് ഇത്.

അശുദ്ധിയും സങ്കോചം ഉണ്ടാക്കുന്ന സാഹചര്യവും ആണ് ആര്‍ത്തവം എന്ന ചിന്തയില്‍ നിന്നും മാറി, ആര്‍ത്തവത്തെ ഒരു അവജ്ഞയോടെ കാണുന്നത് ഒഴിവാക്കി ഇതൊരു സാധാരണ ജൈവീക പ്രകിയ ആണെന്ന ചിന്ത പ്രോത്സാഹിപ്പിക്കാന്‍ കപ്പുകള്‍ക്കു സാധിക്കുന്നു എന്നൊരു കാഴ്ച്ചപ്പാട് ഉണ്ട്.

സാമ്പത്തിക ലാഭം ഉള്‍പ്പെടെയുള്ള പ്രായോഗിക പ്രയോജനങ്ങള്‍ ഏറെ ഉള്ള കപ്പ് കൂടുതല്‍ പ്രചാരം നേടാന്‍ പോന്നതാണ്, പ്രത്യേകിച്ചും ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങളില്‍ ഇതിനു പ്രസക്തി ഏറെയുണ്ട്. ഇന്ത്യയില്‍ സാനിറ്ററി പാഡുകള്‍ ഉപയോഗിക്കുന്നത് കേവലം 12% സ്ത്രീകള്‍ മാത്രമാണ് എന്നാണു ചില പഠനങ്ങള്‍ പറയുന്നത്. പരമ്പരാഗത രീതികളെ ക്കാള്‍ ശുചിത്വം ഏറിയതും എന്നാല്‍ പാഡിനേക്കാള്‍ ചെലവ് വളരെ കുറഞ്ഞതുമായ ബദല്‍ ആയി മെന്‍സ്റ്ററല്‍ കപ്പ്സ്വീകാര്യത നേടാന്‍ ഉള്ള സാധ്യതകള്‍ നിലനില്‍ക്കുന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top