29 November Tuesday

അന്നനാളത്തെ ബാധിക്കുന്ന രോഗാവസ്ഥകളും പരിഹാരവും

ഡോ. ബൈജു സേനാധിപൻUpdated: Thursday Jan 21, 2021

പേരുപോലെ ആഹാരത്തെ വായിൽനിന്നും ആമാശയത്തിലേക്ക്‌ കടത്തിവിടുന്ന  കുഴലാണ് അന്നനാളം. ഇത് കഴുത്തിന്റെ ഉപരിഭാഗം മുതൽ ഉദരാശയത്തിന്റെ ആദ്യഭാഗംവരെ നെഞ്ചിൻകൂടിൽ നട്ടെല്ലിനും മഹാധമനിക്കും മുന്നിലായി സ്ഥിതിചെയ്യുന്ന ഒരു പൈപ്പിന്റെ ആകൃതിയിലുള്ള ട്യൂബ് ആണ് (foodpipe).

അന്നനാളത്തിൽ പ്രത്യേകമായി വിന്യസിച്ചിരിക്കുന്ന പേശികളുടെ പ്രത്യേകതരത്തിലുള്ള ചലനം മൂലമാണ് ആഹാരം ആമാശയത്തിലേക്ക്‌  പ്രവേശിക്കുന്നത് .  അന്നനാളത്തിലെ പേശികളുടെ ചലനം നിയന്ത്രിക്കുന്നത്‌ അവിടെയുള്ള നാഡികൾ വഴിയാണ്. ഈ നാഡികൾക്കോ പേശികൾക്കോ  ജന്മനായോ അല്ലാതെയോ ഉള്ള വൈകല്യം മൂലം ചലനക്രമത്തിൽ വ്യത്യാസം സംഭവിക്കാം .ഇതുമൂലം രോഗിക്ക് ആഹാരപദാർഥങ്ങൾ വിഴുങ്ങാൻ കഴിയാത്ത  അവസ്ഥ ഉണ്ടാകും. അന്നനാളത്തിലേക്ക് മർദമാപിനികൾ  കടത്തിവിട്ട്‌ ഇത്‌ കണ്ടെത്താനാകും.

അന്നനാളപേശികളിലുണ്ടാകുന്ന ചലനവ്യതിയാനങ്ങളിൽ പ്രധാനമായും കണ്ടുവരുന്നത് Achalasia Cardia  എന്ന അസുഖമാണ്. ആഹാരപദാർഥങ്ങൾ കഴിക്കുമ്പോൾ തടസ്സം അനുഭവപ്പെടുക, കഴിച്ച ആഹാരത്തിന്റെ അവശിഷ്ടങ്ങൾ തികട്ടി വരുക, രാത്രികാലങ്ങളിൽ  മൂക്കിലൂടെയും  വായിലൂടെയും  സ്രവങ്ങൾ ഉണ്ടാവുക തുടങ്ങിയവയാണ്‌  ലക്ഷണങ്ങൾ. ഒട്ടുമിക്ക അവസ്ഥ കളിലും ഇത് ചികിത്സിച്ചു  ഭേദമാക്കാവുന്നതാണ് .അടുത്ത കാലത്തായി എൻഡോസ്കോപ്പി വഴിയുള്ള ചികിത്സാരീതിക്ക് ( POEM ) കൂടുതൽ പ്രചാരം ലഭിച്ചിട്ടുണ്ട്. ലാപ്പറോസ്കോപ്പി അഥവാ കീഹോൾ സർജറി വഴിയിലുള്ള   ചികിത്സാ സമ്പ്രദായമാണ് മറ്റൊരു പ്രതിവിധി .

അന്നനാള പേശികളിലെ ആവരണമായ  പാട (mucosa )യിൽ  പൊള്ളലുകളോ, വിള്ളലുകളോ ഉണ്ടാകുമ്പോൾ നൈഞ്ചരിച്ചിൽ അനുഭവപ്പെടാം. അന്നനാളവും ആമാശയവുമായി ബന്ധിപ്പിക്കുന്ന ഭാഗത്ത് ഒരുതരം വാൽവുണ്ട്‌ .അന്നനാളത്തിലൂടെ ആമാശയത്തിൽ എത്തുന്ന ആഹാരം തിരിച്ചു കടക്കാതിരിക്കുന്നത്‌ ഈ വാൽവ്‌ മൂലമാണ്‌.  ചിലരിൽ ഈ വാൽവിന്റെ തകരാർ മൂലം ദഹനസഹായത്തിനായി ആമാശയത്തിലുണ്ടാകുന്ന അമ്ളം ആഹാരവുമായി മിശ്രിതമായി അന്നനാളത്തിലേക്ക് തിരിച്ചുവരാം. ഇത് അന്നനാളത്തിലെ ആവരണത്തിൽ പൊള്ളലുകളോ വിള്ളലുകളോ ഉണ്ടാക്കുകയും രോഗിക്ക് കടുത്ത നെെഞ്ചരിച്ചിൽ, പുളിച്ചു തികട്ടൽ മുതലായവ അനുഭവപ്പെടുകയും ചെയ്യുന്നു .

ഇതിനെ ഗ്യാസ്‌ട്രോ ഇസോഫാഗിൽ റിഫ്‌ളക്‌സ്‌ ഡിസീസ്‌  എന്നാണ്  പറയുന്നത് .  വാൽവിന്റെ സ്ഥാനചലനം കൊണ്ടും ഇങ്ങനെ സംഭവിക്കാം.  അമിതവണ്ണമുള്ളവരിലും പുകവലിയും മദ്യപാനവും  ശീലമാക്കിയവരിലും ഈ അവസ്ഥാവിശേഷം കാണപ്പെടാം. അമ്ളത്തിന്റെ ഉൽപ്പാദനം കുറയ്ക്കുവാനുള്ള വിവിധയിനം ഗുളികകളാണ്  ഈ രോഗലക്ഷണ ശമനത്തിനായി ഉപയോഗിക്കുന്നത്. ഇതുമൂലം തികട്ടി വരുന്ന അമ്ളത്തിന്റെ അളവ്  കുറയുകയും വൃണങ്ങൾ സ്വതവേ ഉണങ്ങുവാനുള്ള  സാധ്യത കൂടുകയും ചെയ്യും. എന്നാൽ ഈ വിഭാഗത്തിൽപെടുന്ന മരുന്നുകൾ സ്ഥിരമായി ഉപയോഗിക്കേണ്ടി വന്നാൽ  ശസ്ത്രക്രിയ  ചെയ്യുകയാണ് ഉത്തമം.  ലാപ്പറോസ്കോപ്പി വഴിയാണ് ഇത്‌  കൂടുതലും ചെയ്തുവരുന്നത്. മൂന്ന് ദിവസത്തെ ആശുപത്രിവാസം മാത്രം മതിയാകും .അന്നനാളത്തിലുണ്ടാകുന്ന അർബുദം ഗുരുതരമായ ആരോഗ്യപ്രശ്നമാണ് . എൻഡോസ്കോപ്പി വഴിയാണ് ഇത് കൂടുതലും കണ്ടുപിടിക്കുന്നത് .വായിലൂടെ ഒരു നേർത്ത ക്യാമറ കടത്തിവിട്ട് അന്നനാളത്തിന്റെ ഉൾഭിത്തിയെ നിരീക്ഷിച്ചാണ്  മനസ്സിലാക്കുന്നത് .

അന്നനാളത്തിലെ ആരോഗ്യ പ്രശ്‌നങ്ങൾ കൂടുതലും ലഘുവായ മാർഗങ്ങളിലൂടെ കണ്ടുപിടിക്കാവുന്നതാണ്. യഥാസമയം കണ്ടുപിടിക്കപ്പെട്ടിട്ടില്ലെങ്കിൽ  ഗുരുതരമായ ഭവിഷ്യത്തുകൾക്ക് ഇത് ഇട നൽകും.

ഡോ. ബൈജു സേനാധിപൻ
(ഗ്യാസ്‌ട്രോ സർജൻ, എസ്‌യുടി ആശുപത്രി,  പട്ടം തിരുവനന്തപുരം)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top