07 December Wednesday

എച്ച്‌1 എൻ1 പ്രതിരോധിക്കാം.. മുൻകരുതലാണ്‌ പ്രധാനം

വെബ് ഡെസ്‌ക്‌Updated: Tuesday Dec 4, 2018

കഴിഞ്ഞദിവസം ചില സ്ഥലങ്ങളിൽ  എച്ച്‌1 എൻ1 പനി റിപ്പോർട്ടു െചയ്‌ത സാഹചര്യത്തിൽ വ്യാപനംതടയാൻ മുൻകരുതൽ നല്ലതാണ്‌. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ഒറ്റപ്പെട്ട കേസുകൾ  മാത്രമാണ്‌ കണ്ടത്‌. എന്നാൽ അപ്പോൾതന്നെ മുൻകരുതൽ എടുക്കുന്നത്‌ പനി പകരുന്നത്‌ തടയാൻ സഹായിക്കും.

എന്താണ്‌ എച്ച്‌1 എൻ1 പനി എന്നറിയുക. എച്ച്‌1 എൻ1 എന്ന വൈറസ് പരത്തുന്ന പനിയാണ്‌ എച്ച്1 എൻ1 .  ജലദോഷത്തിന്റെ ലക്ഷണങ്ങളുമായി തുമ്മലും ചീറ്റലുമുള്ള പനിയാണിത്. ഇന്ന്‌ ജലദോഷങ്ങളിൽ 25 ശതമാനത്തിനും കാരണം എച്ച്‌1 എൻ1 വൈറസാണെന്നു പഠനം പറയുന്നു.
സാധാരണ ജലദോഷത്തിന്റെ അതേലക്ഷണങ്ങൾതന്നെയാണ് എച്ച്1 എൻ1 പനിക്കും കണ്ടുവരുന്നത്.   തലവേദന, തൊണ്ടവേദന, ഛർദി, സന്ധിവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. എന്നാൽ, രോഗം കടുത്താൽമാത്രം നെഞ്ചുവേദന, ശ്വാസംമുട്ട്, കഫത്തിൽ രക്തം എന്നിവയും കൈകാലുകളിൽ ചെറുതായി നീലനിറം എന്നീ അസാധാരണ ലക്ഷണങ്ങളും കണ്ടേക്കാം.  കടുത്ത രോഗബാധ വർധിച്ചാൽ ന്യുമോണിയയും പിടിപെടാൻ സാധ്യതയുണ്ട്‌.  ഗർഭിണികൾ,  വൃക്ക, പ്രമേഹം, കരൾ രോഗങ്ങൾ്ക്ക്‌ ചികിത്സ നടത്തുന്നവർ എന്നിവർ പനി വന്നാൽ എത്രയും വേഗം ആശുപത്രിയൽ സമീപിച്ച്‌ ചികിത്സ തേടുന്നതാണ്‌ നല്ലത്‌.

ചികിത്സ ഫലപ്രദം
ഒസൽടാമിവിർ ഗുളിക ഉപയോഗിച്ചുള്ള ചികിത്സയാണ് രോഗത്തിന് പ്രതിവിധി.  മരുന്ന് എല്ലാ സർക്കാർ ആശുപത്രികളിലും ആരോഗ്യവകുപ്പ് അധികൃതർ ലഭ്യമാക്കിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികളിലും സ്‌റ്റോക്ക്‌ ചെയ്യാൻ നിർദേശിച്ചു. േ്ഡാക്ടറുടെനിർദേശപ്രകാരമേ മരുന്ന‌് കഴിക്കാവൂ.
വിശ്രമമാണ് ആദ്യം വേണ്ടത്‌. പോഷകമൂല്യമുള്ള ആഹാരവും കഴിക്കണം.  എളുപ്പം ദഹിക്കുന്ന ഭക്ഷണമാണ‌് കഴിക്കേണ്ടത്.  വിശപ്പില്ലെന്നു പറഞ്ഞ് ഭക്ഷണം കഴിക്കാതിരിക്കരുത്.

പ്രതിരോധശേഷി നഷ്ടപ്പെടാതിരിക്കാൻ കഞ്ഞിവെള്ളം കുടിക്കണം.  വേണമെങ്കിൽ ചൂട് കഞ്ഞിവെള്ളത്തിൽ ചെറുനാരങ്ങയും ഉപ്പും ചേർത്ത് ഗുണവും രുചിയും കൂട്ടി കഴിക്കാം. വിറ്റാമിനുകൾ അടങ്ങിയ നാട്ടിൽ ലഭ്യമായ പച്ചക്കറികളും പഴങ്ങളും കഴിക്കാം.

രോഗം പിടിപെട്ടവരുമായുള്ള ഹസ്തദാനം, സമ്പർക്കം, തുമ്മൽ എന്നിവയും രോഗബാധയ്ക്കു കാരണമാകാം.  രോഗബാധയുള്ളവർ  മറ്റുള്ളവരുമായി സമ്പർക്കം പുലർത്താതെ  വീട്ടിൽ വിശ്രമിക്കുന്നതാണു നല്ലത്.

പ്രതിരോധ മാർഗങ്ങൾ
മുൻകരുതലാണ്‌ എച്ച്‌1 എൻ1 തടയാനുള്ള പ്രധാന മാർഗം എന്ന്‌ ആദ്യമേ പറഞ്ഞല്ലോ. രോഗം പിടിപെട്ടവരുമായുള്ള ഹസ്തദാനം, സമ്പർക്കം, തുമ്മൽ എന്നിവയും രോഗബാധയ്ക്കു കാരണമാകാം. വായുവിലൂടെയാണ് രോഗം പകരുന്നത്.  രോഗബാധയുള്ളവർ  മറ്റുള്ളവരുമായി സമ്പർക്കം പുലർത്താതെ  വീട്ടിൽ വിശ്രമിക്കുന്നതാണു നല്ലത്.

പനി എളുപ്പം മാറുന്നതിനുമാത്രമല്ല, പകരാതിരിക്കാനും കൂടിയാണ് പനിയുള്ളവർ പുറത്തുപോകാതെ വീട്ടിൽ വിശ്രമിക്കണമെന്നു പറയുന്നത്.  സ‌്കൂളുകളിലും പ്ലേ സ‌്കൂളുകൾപോലുള്ള സ്ഥലങ്ങളിലും ഇത്തരം പനിയുള്ള കുട്ടികളെ വിടരുത്.

ഈ സീസണിൽ രോഗപകർച്ച സാധ്യതയുള്ളതുകൊണ്ട്‌ ആശുപത്രിസന്ദർശനം ഒഴി്വാക്കുന്നതാണ്‌ നല്ലത്‌.   ശ്വാസകോശസംബന്ധമായ അസുഖമുള്ളവരുമായി രോഗികൾ സമ്പർക്കം ഒഴിവാക്കുക, ശ്വസിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടാൽ ഉടൻ ഡോക്ടറെ സമീപിക്കുക, രോഗിയുടെ കുടുംബാംഗങ്ങൾ കൂടെക്കൂടെ സോപ്പ‌് ഉപയോഗിച്ച് കൈ കഴുകുക, രോഗാവസ്ഥയിൽ സന്ദർശകരെ അനുവദിക്കാതിരിക്കുക എന്നിവ മുൻകരുതലായി സ്വീകരിക്കാം.

തിരിച്ചറിയാൻ എളുപ്പം

എച്ച്1 എൻ1 പനിയാണോ എന്ന‌് എളുപ്പം തിരിച്ചറിയാൻ എല്ലാ ആശുപത്രികൾക്കും സ്വകാര്യമേഖലയിലെ ഡോക്ടർമാരുൾപ്പെടെ എല്ലാവർക്കും എ ബി സി ഗൈഡ‌്‌ലൈൻ  എന്ന പേരിൽ ലക്ഷണങ്ങളും മാർഗനിർദേശങ്ങളും തയ്യാറാക്കി നൽകിയിട്ടുണ്ട്. അതുകൊണ്ട് പരിശോധന ഇല്ലാതെതന്നെ എളുപ്പം പനി തിരിച്ചറിയാനും ചികിത്സ ആരംഭിക്കാനും കഴിയും.

വ്യാപകമായി ഇത്തരം പനികൾ വരുമ്പോഴാണ് വൈറസിന്റെ സ്ഥിതിയും വ്യാപ്തിയും അറിയാൻ  മണിപ്പാലിലോ ആലപ്പുഴയിലോ ഉള്ള വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ അല്ലെങ്കിൽ തിരുവനന്തപുരം ആർജിസിബിയിൽ രക്തസാമ്പിളുകൾ പരിശോധിക്കേണ്ടി വരുന്നത്. അതിനും സംവിധാനമൊരുക്കിയിട്ടുണ്ട്‌.

പൊതുജനങ്ങൾക്കും ഡോക്ടർമാർക്കും സംശയദൂരീകരണത്തിന്  ദിശ എന്ന പേരിൽ ഹെൽപ്പ‌് ലൈനും പ്രവർത്തിക്കുന്നു.  ഫോൺ 0471 2552056.  1056 എന്ന ടോൾ ഫ്രീ ഹെൽപ്പ‌് ലൈനിലേക്കും വിളിക്കാം. www.dhs.kerala.gov.in വെബ്സൈറ്റിലും വിശദമായ വിവരം ലഭ്യമാണ്.
 
(സംസ്ഥാനത്തെ എച്ച്1 എൻ1 നോഡൽ ഓഫീസറാണ് ലേഖകൻ)

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top