22 September Friday

നെല്ലുകുത്തൊക്കെ പോയില്ലെ അമ്മമാരെ.. നൊന്തുനൊന്തുള്ള 'സുഖവേദന' മറക്കാം.. ഇനി നോവാതെ പ്രസവിക്കാം

ഡോ.പല്ലവി ഗോപിനാഥന്‍Updated: Saturday Dec 9, 2017


നെല്ലുകുത്ത്- ഡെലിവറി- നെല്ലുകുത്തുപോലെ അത്രനിസാരമായി പറഞ്ഞുപോകാവുന്നതല്ല  പ്രസവവേദന . ഒരു എല്ലൊടിയുന്നതിന്റെ ഇരട്ടി വേദനയാണ് സുഖപ്രസവമെന്നു പറയുമ്പോളും ആ അമ്മ അനുഭവിക്കുന്നത്. വേദനയെ അളന്നാല്‍ ഒരു എല്ലൊടിയുന്നതിന്റെ വേദനയുടെ തോത് 20 ആണെന്നിരിക്കെ പ്രസവവേദന 40 ആണ്. അതായത് ഒരു വിരല്‍ മുറച്ചുമാറ്റുമ്പോള്‍ ഉണ്ടാകുന്ന അത്രയും വേദന. പ്രസവ വേദന കുറയ്ക്കാനുള്ള ശാസ്്ത്രീയ മാര്‍ഗങ്ങള്‍ ഉണ്ടെന്നിരിക്കെ ഇനിയും നൊന്തുനൊന്തുതന്നെ പ്രസവിക്കണോ.

പ്രസവവേദന കുറയക്കാന്‍ വികസിത രാജ്യങ്ങളില്‍ വ്യാപകമായ ആ രീതികള്‍ നമുക്കും സ്വീകരിക്കാന്‍ ഒന്നേ മാറേണ്ടതുള്ളൂ അതു മനോഭാവം മാത്രമാണെന്ന് ഇന്‍ഫോ ക്ളിനിക്ക് കൂട്ടായ്മയിലെ ഡോക്ടര്‍ പല്ലവി ഗോപിനാഥന്‍ പറയുന്നു. വേദനിച്ചുപ്രസവിക്കുന്ന അമ്മയെക്കാള്‍ നോവാതെ പ്രസവിച്ചു കടലോളം സ്നേഹിക്കുന്ന അമ്മമാരുണ്ടാവട്ടെയെന്നും പല്ലവി  പറയുന്നു. ലേഖനത്തിന് കടപ്പാട് ഇന്‍ഫോ ക്ളിനിക്


പോസ്റ്റ്  ചുവടെ


'സുഖപ്രസവം ന്ന് മിണ്ടിപ്പോകരുത്. ഞാനെന്താണ്ട് വേദനയൊന്നൂല്ലാതെ പ്രസവിച്ച പോലെ. നോര്‍മലായിരുന്നൂന്ന് പറഞ്ഞാ മതി'ഫോണിലൂടെ സകലരോടും 'സുഖപ്രസവം ആരുന്നേ' എന്ന് പറയുന്ന ഭര്‍ത്താവിനോട് ഭാര്യ  പറഞ്ഞതാണ്, ഈയിടെ.

അന്താരാഷ്ട്ര വേദന പഠന അസോസിയേഷന്‍ നിര്‍വചനം അനുസരിച്ച്, ' സംവേദനപരമോ വികാരപരമോ ആയ ഒരു അലോസരപ്പെടുത്തുന്ന അനുഭവമാണ് വേദന, അനുബന്ധമായി ശരീരകലകള്‍ക്ക് ക്ഷതം സംഭവിച്ചിട്ടുണ്ടാവുകയോ സംഭവിക്കാന്‍ സാധ്യതയുണ്ടാവുകയോ ആവാം.'പ്രസവപ്രക്രിയയിലൂടെ കടന്നു പോകുന്ന ഒരുവള്‍ക്ക്, വേദനയില്ലാത്ത , സുരക്ഷിതമായ പ്രസവം സാധ്യമാക്കുകയും, ഒപ്പം അമ്മയുടെയും കുഞ്ഞിന്റെയും സ്വാസ്ഥ്യം ഉറപ്പുവരുത്തുകയും ചെയ്യുന്ന ശാസ്ത്രീയ ചികിത്സാ മാര്‍ഗമാണ് പ്രസവവേദന നിവാരണം അഥവാ ഒബ്സ്റ്റട്രിക് അനാല്‍ജീസിയ.

ഓ, ഓരോ പുതിയ ഫാഷന്‍. പുതിയതല്ല.
1847 ല്‍ ഇംഗ്ളണ്ടില്‍ ജെയിംസ് സിംപ്സണ്‍ ഈതര്‍ ഉപയോഗിച്ചുള്ള ചികിത്സ നടത്തിയിരുന്നു. പ്രശസ്ത കവി H W  ലോങ്ഫെലോയുടെ ഭാര്യ ഫാനി ലോങ്ഫെലോ ആയിരുന്നു അതേ വര്‍ഷം തന്നെ ഈ സേവനം ലഭിച്ച അമേരിക്കയിലെ ആദ്യ വനിത.
അനസ്തീസിയ എന്ന ശാസ്ത്ര ശാഖയുടെ ചരിത്രത്തിലെ ആദ്യ നാഴികക്കല്ലുകളില്‍ ഒന്നാണ് വിക്ടോറിയ രാജ്ഞിയ്ക്കു നല്‍കിയ പ്രസവവേദന നിവാരണ ചികിത്സ.

ആധുനിക അനസ്തീസിയയുടെ പിതാവായ ഡോക്ടര്‍ ജോണ്‍ സ്നോ , രാജ്ഞിക്ക് ഒരു തൂവാലയില്‍ ക്ളൊറോഫോം നല്‍കി. ലിയോപോള്‍ഡ് രാജകുമാരനെ പ്രസവിച്ച ശേഷം രാജ്ഞി ക്ളൊറോഫോമിനെ ' സുഖവും ശാന്തതയും അളവറ്റ സന്തോഷവും' തരുന്ന ഒന്നായി വാഴ്ത്തി. രാജ്ഞിയുടെ ഈ പോസിറ്റീവ് സമീപനത്തോടെ, പ്രസവവേദന നിവാരണത്തെക്കുറിച്ചുണ്ടായിരുന്ന മതപരവും സാമൂഹികവുമായ എതിര്‍പ്പ് കുറയുകയും അക്കാലത്തെ ഉയര്‍ന്ന സാമൂഹ്യ ശ്രേണിയിലുള്ള വനിതകള്‍ക്ക് ഈ സേവനം ലഭിക്കുകയും ചെയ്തു.

വേദന ഒരോ വ്യക്തിയും ഓരോ രീതിയില്‍ അനുഭവപ്പെടുന്ന ഒരു ലക്ഷണമാണ്. പരിഷ്കൃത സമൂഹത്തില്‍ വേദനയ്ക്ക് ആശ്വാസം കിട്ടേണ്ടത് ഒരു അടിസ്ഥാന മനുഷ്യാവകാശമാണ് (  right to pain relief) 
അപ്പോ പ്രസവവേദന?? ശാസ്ത്രീയ മാര്‍ഗങ്ങള്‍ ലഭ്യമാണ്, ഉപയോഗപ്പെടുത്തുക തന്നെ വേണം.

വേദന എങ്ങനെ ഉണ്ടാകുന്നു?

പ്രസവപ്രക്രിയയെ മൂന്ന് ഘട്ടങ്ങളായി തിരിക്കാം.
ഗര്‍ഭപാത്രത്തിന്റെ സങ്കോചങ്ങള്‍  ( contractions)മൂലമുണ്ടാകുന്ന വിട്ടു വിട്ടുള്ള വേദന, അതായത് തനി പ്രസവ വേദനയുടെ( true labor pain) തുടക്കം മുതല്‍ ഗര്‍ഭാശയഗളം അഥവാ സെര്‍വിക്സ് പൂര്‍ണ്ണമായും വികസിക്കുന്നത് വരെ ഒന്നാം ഘട്ടം.

രണ്ടാം ഘട്ടമാണ് കുഞ്ഞുവാവയുടെ പുറത്തേക്കുവരല്‍. സെര്‍വിക്സിന്റെ പൂര്‍ണ വികസനം മുതല്‍ ഗര്‍ഭസ്ഥ ശിശു പൂര്‍ണമായും പുറത്തേക്ക് എത്തുന്നത് വരെ.

മൂന്നാം ഘട്ടത്തിലാണ് മറുപിള്ള അഥവാ പ്ളാസന്റ പുറത്തേക്ക് വരുന്നത്.

ആദ്യ ഘട്ടത്തില്‍ വേദനയുടെ കാരണങ്ങള്‍ പ്രധാനമായും ഗര്‍ഭപാത്രത്തിന്റെ  സങ്കോചവികാസങ്ങള്‍ ( contractions) , ഗര്‍ഭപാത്രഭിത്തിയുടെ താഴ്ഭാഗത്തെ വലിച്ചില്‍, സെര്‍വിക്സിന്റെ വികാസം എന്നിവയാണ്. ആദ്യമായി അമ്മയാവുമ്പോള്‍ പത്തു മണിക്കൂര്‍ ഒക്കെ നീളാറുണ്ട് ഈ ഘട്ടം. രണ്ടാം ഘട്ടത്തില്‍ കുഞ്ഞു പുറത്തേയ്ക്ക് വരുമ്പോഴുള്ള ക്ഷതം കൊണ്ടും കൂടാതെ മറ്റു പെല്‍വിക് അവയവങ്ങള്‍ (മൂത്രസഞ്ചി, മലാശയം ഒക്കെ) ഞെരുങ്ങുന്നതു കൊണ്ടും വേദന ഉണ്ടാകുന്നു.

എത്ര തീക്ഷ്ണമാണു പ്രസവവേദന?' ഓ, ചുമ്മാ പറയുന്നതാന്നേ. കൊച്ചൊണ്ടായിക്കഴിഞ്ഞാ അങ്ങു മറന്നോളും'
' ഈ രാജ്യത്ത് പിന്നെ വേറെ പെണ്ണുങ്ങളൊന്നും പെറ്റിട്ടില്ലല്ലോ'
പിന്നെ ദ ക്ളാസിക്കല്‍ നെല്ലുകുത്ത്- ഡെലിവറി- നെല്ലുകുത്ത് .

അങ്ങനൊന്നും പറഞ്ഞാല്‍ പറ്റില്ല. വേദന അളക്കാനും നമുക്കുണ്ട് ശാസ്ത്രീയ മാര്‍ഗങ്ങള്‍. വേദന പലരിലും പലതാണ് എന്നൊക്കെ പറഞ്ഞാലും, വേദനയെ അളക്കുന്ന സൂചകങ്ങളില്‍ ഒന്നായ മക്ഗില്‍ പെയിന്‍ ഇന്‍ഡക്സ് പ്രകാരം ഏതാണ്ട് ഒരു വിരല്‍ അങ്ങു മുറിച്ചു മാറ്റുന്ന വേദനയ്ക്ക് തുല്യമാണ് പ്രസവവേദന. ഇന്‍ഡക്സ് നാല്‍പത്. വിരല്‍ മുറിച്ച വേദന അറിഞ്ഞിട്ടില്ലെങ്കിലും എല്ലൊടിഞ്ഞ വേദന പലര്‍ക്കും പരിചയമുണ്ടാകും, ഇന്‍ഡക്സ് ഇരുപതേയുള്ളൂ. പല്ലുവേദനയും ഇരുപതാണ്.

വേദന എങ്ങനെ ഉണ്ടാകുന്നു, ഏതാണ്ട് എങ്ങനെ ഉണ്ടാകും എന്നു കണ്ടു. എങ്ങനെ കുറയ്ക്കാം??
പ്രസവവേദന നിവാരണത്തിനായി ഏതെങ്കിലും മാര്‍ഗങ്ങള്‍ ഒരു പരിധി വരെ സാധാരണ എല്ലാ ആശുപത്രിപ്രസവങ്ങളിലും സ്വീകരിക്കാറുണ്ട്. ഫലപ്രദമായ ചികിത്സ പലപ്പോഴും നടക്കാറില്ല എന്നു മാത്രം.

പ്രസവവേദന അമ്മയിലും കുഞ്ഞിലും പലതരം ശാരീരിക പ്രതികരണങ്ങള്‍ ഉണ്ടാക്കും. അമ്മയുടെ ഹൃദയമിടിപ്പിന്റെ നിരക്ക് , ശ്വസനനിരക്ക് , രക്തസമ്മര്‍ദ്ദം തുടങ്ങിയവ വേദനയ്ക്കൊപ്പം വര്‍ദ്ധിക്കുന്നു. രണ്ടു കണ്‍ട്രാക്ഷനുകള്‍ക്ക് ഇടയ്ക്കുള്ള സമയം അമ്മ ക്ഷീണിതയായി ശ്വസനനിരക്ക് കുറയാം. കുഞ്ഞിനുള്ള ഓക്സിജന്‍ ലഭ്യതയില്‍ വ്യതിയാനങ്ങള്‍ ഉണ്ടായേക്കാം.


സാധാരണ ഗതിയില്‍ ഈ വ്യതിയാനങ്ങള്‍ കുഞ്ഞിനോ അമ്മയ്ക്കോ കടുത്ത പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചെന്നു വരില്ല. ഗര്‍ഭത്തോടനുബന്ധിച്ച് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉള്ളവരില്‍, ഹൃദ്രോഗം ഉള്ളവരില്‍ ഒക്കെ വേദനയുടെ പ്രതികരണങ്ങള്‍ ജീവനു ഹാനികരമായേക്കാം. അത്തരം സന്ദര്‍ഭങ്ങളില്‍ പ്രസവവേദന നിവാരണ മാര്‍ഗങ്ങള്‍ കാത്തു രക്ഷിക്കുന്നത് അമ്മയുടെ ജീവന്‍ തന്നെയാണ്.

അമ്മയ്ക്ക് ആവശ്യമായ വേദന നിവാരണം നല്‍കുന്നതും , ഒപ്പം അമ്മയ്ക്കും കുഞ്ഞിനും ദോഷഫലങ്ങള്‍ ഉണ്ടാക്കാത്തതും , പ്രസവത്തെ സഹായിക്കുന്നതുമാവണം പ്രസവവേദന നിവാരണ മാര്‍ഗങ്ങള്‍. പലതരം മാര്‍ഗങ്ങള്‍ ലഭ്യമാണ്- മരുന്നുകള്‍ ഉപയോഗിച്ചുള്ള ( pharmacological)മാര്‍ഗങ്ങളും മരുന്നിതര ( non pharmacological )മാര്‍ഗങ്ങളും.

മരുന്നിതര മാര്‍ഗങ്ങള്‍ പ്രധാനമായും ലക്ഷ്യമിടുന്നത് മാനസികമായ തയ്യാറെടുപ്പും വൈകാരിക പിന്തുണ ഉറപ്പാക്കലുമാണ്.
ലാമേസ് ടെക്നിക്കില്‍ ( Lamaze technique) പ്രസവതീയതിക്ക് ആറാഴ്ചമുന്‍പു മുതല്‍ പരിശീലനം തുടങ്ങും. ഗര്‍ഭിണിയുടെ ഭയാശങ്കകള്‍ ഇല്ലാതാക്കുകയും ശ്വസന രീതിയില്‍ പരിശീലനം നല്‍കി റിലാക്സ്ഡ് ആക്കുകയും ചെയ്യുന്നതാണ് ഈ രീതി. സമാനമായ മറ്റു പല മാര്‍ഗ്ഗങ്ങളിലും ഭര്‍ത്താവിന്റെ സാമീപ്യം, തലോടല്‍ ഒക്കെ ഉപയോഗിക്കാറുണ്ട്.
ബയോഫീഡ്ബാക്ക് , ടെന്‍സ് ( transcutaneous electrical nerve stimulation ) തുടങ്ങി പല ചികിത്സകളും നടത്താറുണ്ട്. പക്ഷേ ഈ മാര്‍ഗങ്ങള്‍ വേദന നിവാരണം ഫലപ്രദമായി ഉറപ്പുവരുത്തുന്നതില്‍ പലപ്പോഴും പരാജയപ്പെട്ടേക്കാം.

ആശുപത്രിയില്‍ നടക്കുന്ന സാധാരണ പ്രസവങ്ങളില്‍ വേദന കുറയ്ക്കാന്‍ ഇന്‍ജക്ഷനുകള്‍ നല്‍കാറുണ്ട്. ചെറിയ ഡോസിലുള്ള വേദന സംഹാരികളാവും ഇവ. താല്‍ക്കാലിക ആശ്വാസം ലഭിക്കും എങ്കിലും വേദന നിവാരണം പൂര്‍ണമായി സാധ്യമായെന്നു വരില്ല.

വേദന രഹിത പ്രസവം എന്നതില്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗം ന്യൂറാക്സിയല്‍ അനാല്‍ജീസിയ, അതായത് സുഷുമ്നയില്‍ നിന്നു വരുന്ന നാഡികളെ മരുന്നു വച്ചു മരവിപ്പിക്കുന്ന രീതി ആണ്. എപ്പിഡ്യൂറല്‍ അനാല്‍ജീസിയ സേവനം വേദനരഹിതപ്രസവം വാഗ്ദാനം ചെയ്യുന്ന ആശുപത്രികളില്‍ ലഭ്യമാവും. നല്‍കുന്നത് അനസ്തീസിയ ഡോക്ടര്‍ ആയിരിക്കും. ഗര്‍ഭിണിയുടെ അറിവോടു കൂടിയ സമ്മതം പരമപ്രധാനമാണ്.

ഒരു ഇന്‍ജക്ഷന്‍ വഴി നേര്‍ത്ത ഒരു കുഞ്ഞിക്കുഴല്‍ ( എപിഡ്യൂറല്‍ കത്തീറ്റര്‍) സുഷുമ്നയെ പൊതിയുന്ന ഡ്യൂറ എന്ന ആവരണത്തിനു പുറത്തായി ഇട്ടുവയ്ക്കും. അതിലൂടെ മരവിക്കല്‍ മരുന്നുകള്‍ തരും. വേദന സിഗ്നലുകള്‍ കൊണ്ടു പോകുന്ന ഞരമ്പുകളെ അത് ബ്ളോക്ക് ചെയ്യും.
കാലുകളുടെ മസിലുകള്‍ അനങ്ങാന്‍ കാരണമായ ഞരമ്പുകളെ ബ്ളോക്ക് ചെയ്യാത്ത വണ്ണം ഡോസ് ക്രമീകരിച്ചാല്‍ പലപ്പോഴും എപിഡ്യൂറല്‍ ഇട്ട് നടക്കാനും പറ്റും. വാക്കിംഗ് എപിഡ്യൂറല്‍ എന്ന ഈ രീതിയില്‍, ഗര്‍ഭിണിയുടെ രക്തസമ്മര്‍ദ്ദം നോര്‍മലാണ്, കൂടെ പിച്ചവെച്ചു നടത്താന്‍ ആളൊക്കെ ഉണ്ട് എങ്കില്‍ മുറിക്കുള്ളില്‍ നടക്കാന്‍ വിടും. ഡോസ് ക്രമീകരണം, നിരന്തര നിരീക്ഷണം തുടങ്ങി അനസ്തീസിയ ഡോക്ടറുടെ നേതൃത്വത്തില്‍ ഒരു ലേബര്‍ അനാല്‍ജീസിയ ടീം ഉണ്ടാവും ഗര്‍ഭിണിക്ക് കൂട്ടായി.

വേദന ഇല്ലാത്തതു കൊണ്ട് വയറില്‍ കൈ വച്ച് കണ്‍ട്രാക്ഷന്‍ ശ്രദ്ധിക്കാന്‍ ഗര്‍ഭിണിയെ ശീലിപ്പിക്കും. കുഞ്ഞു പുറത്തു വരുന്ന രണ്ടാം ഘട്ടത്തില്‍ വേദന ഇല്ലാത്തതു കൊണ്ട് അമ്മ ശക്തിയില്‍ മുക്കുകയില്ല, അതു കൊണ്ട് പ്രസവം നീളും, വാക്വമോ ഫോര്‍സപ്സോ വേണ്ടി വരും എന്ന് ഒരു ധാരണ പരക്കെയുണ്ട്. എന്നാല്‍ വേദന ഇല്ലാത്തതു കൊണ്ട് അമ്മയ്ക്ക് ക്ഷീണം കുറവായിരിക്കും, കൂടുതല്‍ കൃത്യമായി പുഷ് ചെയ്യാന്‍ കഴിയും എന്നും വാക്വം ,ഫോര്‍സപ്സ് എന്നിവയുടെ ഉപയോഗനിരക്ക് കൂടുന്നില്ല എന്നുമാണ് പഠനങ്ങള്‍ പറയുന്നത്.

ഹൃദ്രോഗിയായ അമ്മ. ഇരുപത്തിരണ്ട് വയസ്. വിവാഹം കഴിച്ചപ്പോള്‍ വീട്ടുകാര്‍ രോഗം മറച്ചു വച്ചു, മരുന്നുകളും മുടക്കി. ആദ്യ പ്രസവസമയത്ത് ഹൃദയം പണിമുടക്കി. ദിവസങ്ങളോളം മരണത്തെ മുഖാമുഖം കണ്ട് തിരിച്ചു വന്നു. ഗര്‍ഭം, പ്രസവം ഒക്കെ ക്ഷീണിച്ച ഹൃദയത്തിന് ഇനിയും താങ്ങാനായേക്കില്ലെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു. വീണ്ടും ഗര്‍ഭിണിയായി. ഇത്തവണ അവള്‍ ആദ്യം മുതലേ കൃത്യമായി വിവരങ്ങള്‍ ഡോക്ടര്‍മാരോട് പറഞ്ഞു, ചെക്കപ്പുകള്‍ക്ക് തെറ്റാതെ വന്നു. സമയത്തു വന്ന് അഡ്മിറ്റ് ആയി. എപിഡ്യൂറല്‍ സഹായത്തോടെ വേദന നിയന്ത്രിച്ച്, നിരന്തര നിരീക്ഷണത്തില്‍ സാധാരണ പ്രസവം. ഇക്കുറി അവളുടെ ഹൃദയം ചതിച്ചില്ല. അമ്മയും കുഞ്ഞും സുരക്ഷിതരായിരുന്നു.

രക്തം കട്ടപിടിക്കാത്ത രോഗങ്ങള്‍, അണുബാധ, ശരിയായ നിരീക്ഷണസൌകര്യങ്ങളുടെ അഭാവം തുടങ്ങി ചില അവസ്ഥകളില്‍ എപിഡ്യൂറല്‍ സാധ്യമല്ല.
സാധാരണയായി വേദന രഹിത പ്രസവം ഗര്‍ഭിണിയും ഒബ്സ്റ്റട്രീഷ്യനും അനസ്തീസിയ ഡോക്ടറും ചേര്‍ന്ന് സാധ്യതകള്‍ ചര്‍ച്ച ചെയ്തെടുക്കുന്ന ഒരു കൂട്ടു തീരുമാനം ആണ്.
അഥവാ പ്രസവപ്രക്രിയ സാധാരണ മട്ടില്‍ പുരോഗതിക്കാതെയിരുന്നതിനാലോ, മറ്റെന്തെങ്കിലും കാരണത്താലോ സിസേറിയന്‍ വേണ്ടി വന്നാല്‍ അനസ്തീസിയ തരാനും ഇതേ എപിഡ്യൂറല്‍ ഉപയോഗപ്പെടുത്താം.


ഒരു എപിഡ്യൂറല്‍ അനുഭവം കൂടി.
ഗര്‍ഭിണി ഒരു ഫിസിഷ്യന്റെ മകളാണ്. താന്‍ ജോലി ചെയ്യുന്ന സര്‍ക്കാരാശുപത്രിയുടെ  ലേബര്‍ റൂം തന്നെയാണ് മകളുടെ പ്രസവത്തിന് ഏറ്റവും വിശ്വാസമുള്ള ഇടം എന്നായിരുന്നു ആ പിതാവിന്റെ വാക്കുകള്‍.
എപിഡ്യൂറല്‍ കൊടുത്ത് അനസ്തീസിയ ടീം കൂട്ടിരുന്നു. സാധാരണ പ്രസവം. കുഞ്ഞു മകള്‍ക്ക് ഉമ്മ കൊടുത്ത് തിരിഞ്ഞ് ഞങ്ങളുടെ ചീഫിനെ നോക്കി അമ്മയായതിന്റെ മുഴുവന്‍ സന്തോഷം മുഖത്തു നിറച്ച് അവള്‍ പറഞ്ഞു, 'നിങ്ങളെന്നെ ഒട്ടും കരയിച്ചില്ലാട്ടോ. ഇനീം വരും'.

ഫലവത്തായ മറ്റൊരു മാര്‍ഗം ഇന്‍ഹലേഷണല്‍ അനാല്‍ജീസിയ- ശ്വാസത്തില്‍ മരുന്ന് നല്‍കുന്ന രീതി ആണ്.
എന്റനോക്സ് എന്ന മിശ്രിതം ആണ് ഉപയോഗിക്കാറ്. അനസ്തീസിയയില്‍ സാധാരണ ഉപയോഗിക്കുന്ന വാതകമായ നൈട്രസ് ഓക്സൈഡ്, ഓക്സിജന്‍ എന്നിവയുടെ 50:50 മിശ്രിതം ആണ് ഇത്. കൃത്യമായി ശ്വാസഗതി ക്രമീകരിച്ചു ഓരോ കണ്‍ട്രാക്ഷന്റെയും തുടക്കം മുതല്‍ ഈ മിശ്രിതം ശ്വസിക്കണം. ഈ മാര്‍ഗങ്ങള്‍ ഉപയോഗിക്കുമ്പോഴെല്ലാം ഗര്‍ഭിണി നിരന്തരമായി നിരീക്ഷണത്തിലാണ്.

പെല്‍വിസിലെ വിവിധ ഞരമ്പുകളെ ഇന്‍ജക്ഷനുകള്‍ കൊണ്ട് മരവിപ്പിക്കാം. പ്രസവത്തെ സഹായിക്കാന്‍ ഉണ്ടാക്കുന്ന ചെറുമുറിവായ എപിസിയോട്ടമി തുന്നലിടുമ്പോള്‍ വേദന കുറയ്ക്കാനും മരവിപ്പിക്കല്‍ ഉപയോഗിക്കാറുണ്ട്.

വികസിത രാജ്യങ്ങളില്‍ പ്രസവവേദന നിവാരണം വ്യാപകമായി ഉപയോഗത്തില്‍ വന്നിട്ടു കാലമൊരുപാടായി. നമ്മുടെ നാട്ടിലും പ്രചാരത്തിലായി വരുന്നു. കൂടുതല്‍ വ്യാപകമാവുക തന്നെ ചെയ്യുമെന്ന് കരുതാം. മാറേണ്ടത് മനോഭാവമാണ്. നോവാതെ പ്രസവിച്ചു കടലോളം സ്നേഹിക്കുന്ന അമ്മമാരുണ്ടാവട്ടെ.

എഴുതിയത്: Dr. Pallavi Gopinathan
@info clinic
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top