23 March Thursday

ഡയബറ്റിക‌് ന്യൂറോപതി.. കരുതിയിരിക്കാം

ഡോ. ഷീജ ശ്രീനിവാസ‌് ഇടമനUpdated: Wednesday May 29, 2019

പ്രമേഹം  കാലക്രമേണ സങ്കീർണമായ അവസ്ഥകളിലേക്കു നീങ്ങുമെന്ന്‌ അറിയാമല്ലോ.  സാധാരണയായി കണ്ടുവരുന്നതും വളരെയധികം അലോസരപ്പെടുത്തുന്നതുമായ ഒരു പ്രമേഹസങ്കീർണതയാണ്‌ ഡയബറ്റിക്‌ ന്യൂറോപതി. 

പ്രമേഹംമൂലം നാഡികൾക്ക‌് ക്ഷതം സംഭവിക്കുന്ന അവസ്ഥയാണ‌് ഡയബറ്റിക‌് ന്യൂറോപതി. ശരീരത്തിലെ ഏതു നാഡികളെയും ഇത‌് ബാധിക്കാമെങ്കിലും കൂടുതലായും കാലുകളിലെയും പാദത്തിലെയും നാഡികളിലാണ‌് കാണാറുള്ളത‌്. ശരീരത്തിന്റെ ഏതു ഭാഗത്തെ നാഡികളെ ബാധിക്കുന്നു എന്നതനുസരിച്ചായിരിക്കും ഇതിന്റെ ലക്ഷണങ്ങൾ .  ഡയബറ്റിക‌് ന്യൂറോപതി നാലുതരത്തിലുണ്ട‌്. ഏതുതരത്തിലുള്ള ന്യൂറോപതിയാണോ ബാധിച്ചിരിക്കുന്നത‌്, ശരീരത്തിലെ ഏതു നാഡികളെയാണോ ബാധിച്ചിരിക്കുന്നത‌് എന്നതനുസരിച്ചാണ‌് ഇതിന്റെ ലക്ഷണങ്ങൾ. നാഡികൾക്ക‌് ഒരിക്കൽ ക്ഷതം സംഭവിച്ചാൽ തിരിച്ച‌് പൂർവാവസ്ഥയിൽ എത്താനുള്ള സാധ്യത വിരളമാണെന്നത‌് ഈ സങ്കീർണത വരാതെ നോക്കേണ്ടതിന്റെ പ്രാധാന്യം കാണിക്കുന്നു.

പെരിഫെറൽ ന്യൂറോപതി
ഏറ്റവും കൂടുതൽ കണ്ടുവരുന്ന തരം ഇതാണ‌്. ഇത‌് ആദ്യം പാദങ്ങളെയും കാലുകളെയും പിന്നീട‌് കൈകളെയും കൈപ്പത്തികളെയും ബാധിക്കും. - ലക്ഷണങ്ങൾ‐ കൈകാലുകൾക്ക‌് തരിപ്പ‌്, വേദനയും ചൂടും അറിയാതിരിക്കുക, പുകച്ചിൽ, കടച്ചിൽ, ശക്തിയായ വേദന, ചെറിയ സ‌്പർശംപോലും ചിലർക്ക‌് ശക്തിയായ വേദനപോലെ അനുഭവപ്പെടുക. പേശീതളർച്ച, സന്ധിവേദന, കൈകാലുകളിൽ വ്രണങ്ങൾ, അസ്ഥികൾക്ക‌് വേദന തുടങ്ങിയവയാണ‌് ഇതിന്റെ ലക്ഷണങ്ങൾ. ഇത്യാദി ലക്ഷണങ്ങൾ കൂടുതലായി ബുദ്ധിമുട്ടുണ്ടാക്കുന്നത‌് രാത്രിയാണ‌്.

ഓട്ടണോമിക‌് ന്യൂറോപതി
നമ്മുടെ ഹൃദയം, ആമാശയം, മൂത്രസഞ്ചി, കുടൽ, കണ്ണുകൾ, ലൈംഗികാവയവങ്ങൾ എന്നിവയെ നിയന്ത്രിക്കുന്നത‌് ഓട്ടണോമിക‌് നാഡീവ്യവസ്ഥയാണ‌്. ഇവിടങ്ങളിലെ നാഡികൾക്ക‌് ക്ഷതം വരുന്ന അവസ്ഥയാണ‌് ഓട്ടണോമിക‌് ന്യൂറോപതി.  ലക്ഷണങ്ങൾ–- രക്തത്തിലെ പഞ്ചസാര കുറഞ്ഞുപോകുന്നത‌് മനസ്സിലാകാതിരിക്കുക (ഹൈപ്പോഗ്ലൈസീമിയ അൺഅവയർനെസ‌്), മൂത്രത്തിൽ പഴുപ്പ‌്, മൂത്രം പിടിച്ചുവയ‌്ക്കാൻ കഴിയാതിരിക്കുക, മൂത്രം പൂർണമായും പോകാതെ മൂത്രസഞ്ചിയിൽ കിടക്കുക, ദഹനക്കുറവ‌്, മലബന്ധമോ വയറിളക്കമോ രണ്ടും കൂടെയോ ഉണ്ടാവുക, ശോധന ശരിയായി നടക്കാത്തതിനാൽ ഛർദി, വയറുവീർക്കൽ, വിശപ്പില്ലായ‌്മ എന്നിവയും ഉണ്ടാകാറുണ്ട‌്. വിഴുങ്ങാനുള്ള ബുദ്ധിമുട്ട‌്, വിയർപ്പ‌് കൂടുകയോ കുറയുകയോ ചെയ്യുക, നെഞ്ചിടിപ്പ‌്, ഇരിക്കുമ്പോഴും നിൽക്കുമ്പോഴും രക്തസമ്മർദം പെട്ടെന്ന‌് കുറയുന്നത‌ുമൂലം തലപെരുപ്പ‌്, തലകറക്കം തുടങ്ങിയവ ഉണ്ടായേക്കാം.  ലൈംഗികാസക്തിയും ലൈംഗിക ഉത്തേജനവും കുറയുക, യോനീഭാഗം വരണ്ടിരിക്കുക.

റാഡികുലോപ്ലെക്‌സസ്‌ ന്യൂറോപതി (ഡയബറ്റിക‌് അമ‌്യോട്രോഫി)

ഇതിനെ പ്രോക‌്സിമൽ ന്യൂറോപതി എന്നും പറയാറുണ്ട‌്. തുടകൾ, നിതംബങ്ങൾ, കാലുകൾ തുടങ്ങിയ സ്ഥലങ്ങളിലെ നാഡികളെയാണ‌് ഇതു ബാധിക്കുന്നത‌്.
ലക്ഷണങ്ങൾ–- സാധാരണയായി ശരീരത്തിന്റെ ഒരു ഭാഗത്ത‌ുമാത്രമാണ‌് കാണാറുള്ളത‌്. ചിലപ്പോൾ മറ്റേ ഭാഗത്തുമുണ്ടാകാം.  ശക്തിയായ വേദന, പേശീതളർച്ച, ഇരുന്നിടത്തുനിന്ന‌് എഴുന്നേൽക്കാനുള്ള ബുദ്ധിമുട്ട‌്, ശരീരഭാരം കുറയുക.

മോണോ ന്യൂറോപതി
ഒരു പ്രത്യേക നാഡിയെമാത്രം ബാധിക്കുന്ന അവസ്ഥ. സാധാരണയായി മുഖത്തോ ശരീരത്തിന്റെ മധ്യഭാഗത്തോ കാലിലോ ഉള്ള നാഡികളെ‌യാണ‌് ബാധിക്കാറുള്ളത‌്. വളരെ പെട്ടെന്നാണ‌് ഉണ്ടാകാറുള്ളത‌് എന്നുള്ളതും ചികിത്സിക്കാതെതന്നെ കുറച്ചുമാസങ്ങൾകൊണ്ട‌് ലക്ഷണങ്ങൾ ഇല്ലാതാകുമെന്നുള്ളതും ഇതിന്റെ പ്രത്യേകതയാണ‌്. ഏതു നാഡിയെയാണ‌് ബാധിച്ചത‌് എന്നതിനെ ആശ്രയിച്ചായിരിക്കും ലക്ഷണങ്ങൾ. ലക്ഷണങ്ങൾ–- കാലിലോ കാൽപ്പാദത്തിലോ വേദന, നടുവേദന, തുടയിലോ വയറിലോ നെഞ്ചിലോ വേദന, രണ്ടായി കാണുക, കണ്ണിനു പുറകിൽ വേദന, മുഖം ഒരു വശത്തേക്ക‌് കോടുക, കാഴ‌്ച കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട‌്.
കാർപൽ ടണൽ സിൻഡ്രോം എന്നത‌് പ്രമേഹരോഗികളിൽ കണ്ടുവരുന്ന ഒരുതരം കംപ്രഷൺ ന്യൂറോപതിയാണ‌്. ഇത‌് കൈകൾക്ക‌് തരിപ്പ‌്, കടച്ചിൽ, തളർച്ച, എന്തെങ്കിലും മുറുകെ പിടിക്കാനുള്ള ബുദ്ധിമുട്ട‌് തുടങ്ങിയ ലക്ഷണങ്ങൾ കാണിക്കാറുണ്ട‌്.

കാരണങ്ങൾ
ഡയബറ്റിക‌് ന്യൂറോപതിക്ക‌് ഒരു പ്രധാന കാരണം രക്തത്തിൽ പഞ്ചസാരയുടെ അളവ‌് അനിയന്ത്രിതമായി വർധിക്കുന്നതാണ‌്. വർധിച്ച ഗ്ലൂക്കോസ‌് നേരിട്ട‌് നാഡികൾക്ക‌് ക്ഷതം വരുത്തുന്നതുമൂലവും രക്തക്കുഴലുകൾക്ക‌് നാശം വരുത്തുന്നതുംമൂലം നാഡികൾക്ക‌് ഓക‌്സിജനും പോഷകങ്ങളും കിട്ടാതെവരുന്നതുകൊണ്ടും  നാഡികൾ ക്ഷയിക്കുമെന്നാണ‌് ഗവേഷകർ കരുതുന്നത‌്. സാധാരണയായി നാഡികൾക്കുണ്ടാകുന്ന വീക്കം, ജനിതകപരമായ കാരണങ്ങൾ തുടങ്ങിയവയും ന്യൂറോപതിക്ക‌് കാരണമാകും. പുകവലിയും മദ്യപാനവും ഇതിന‌് ആക്കംകൂട്ടും.

അപകടസാധ്യതയുള്ള ഘടകങ്ങൾ (റിസ‌്ക‌് ഫാക്ടേഴ‌്സ‌്)
 നിയന്ത്രണവിധേയമല്ലാത്ത പ്രമേഹം, ദീർഘനാളായുള്ള പ്രമേഹം, വൃക്കകളുടെ തകരാറുകൾ, അമിതവണ്ണം, പുകവലി.

സങ്കീർണതകൾ
ഡയബറ്റിക‌് ന്യൂറോപതിയുള്ള വ്യക്തികൾക്ക‌് മുറിവുകളുണ്ടായാൽ പലപ്പോഴും അവരത‌് അറിയാതിരിക്കുകയും തന്മൂലം അവ പഴുത്ത‌് സങ്കീർണമാകാനും സാധ്യതയുണ്ട‌്. ഇത‌് ചില ഘട്ടങ്ങളിൽ വിരൽ, പാദം, കാൽ എന്നിവ മുറിച്ചുമാറ്റേണ്ട അവസ്ഥയിലേക്കുപോലും രോഗിയെ എത്തിച്ചെന്നിരിക്കും.
ഡയബറ്റിക‌് ന്യൂറോപതി സന്ധികളെ ബാധിച്ച‌് സന്ധികൾക്ക‌് വൈകല്യം വരുത്താറുണ്ട‌്. ‘ചാർക്കോട്ട‌്സ‌് ജോയിന്റ‌്’ എന്നത‌് കാലിലെ ചെറിയ സന്ധികളെ ബാധിക്കുന്ന ഇത്തരത്തിലൊരു വൈകല്യമാണ‌്. യഥാസമയം ശരിയായ ചികിത്സ കിട്ടിയാൽ കൂടുതൽ വൈകല്യം ഉണ്ടാകാതെ സന്ധികളെ രക്ഷിക്കാനാകും.

എങ്ങനെ പ്രതിരോധിക്കാം?
ഭക്ഷണനിയന്ത്രണം, ചിട്ടയായ വ്യായാമം, മരുന്നുകൾ എന്നിവയിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ‌് നന്നായി നിയന്ത്രിക്കുക. രക്തത്തിലെ പഞ്ചസാരയുടെ അളവ‌് വീട്ടിൽത്തന്നെ ഇടയ‌്ക്കിടെ പരിശോധിച്ച‌് നിയന്ത്രണവിധേയമാക്കി വയ‌്ക്കണം.
നിത്യേന  ഒരു കണ്ണാടിയുടെ സഹായത്തോടെ പാദപരിശോധന നടത്തുക, മുറിവോ ചുവന്ന പാടോ  തടിപ്പോ തൊലി പൊട്ടലോ ഉണ്ടെങ്കിൽ ഉടൻ ഡോക്ടറെ കാണിക്കണം.

പാദങ്ങൾ നിത്യേന ചെറു ചൂടുവെള്ളത്തിൽ സോപ്പ‌ുപയോഗിച്ച‌് കഴുകി വൃത്തിയാക്കി തുടച്ച‌് ഉണക്കണം. വിരലുകൾക്കിടയിലും നന്നായി തുടച്ച‌് വൃത്തിയാക്കാൻ മറക്കരുത‌്. ചർമം വരളുന്നത‌് തടയാനായി മോയിസ‌്റ്ററൈസിങ‌് ക്രീമുകൾ ഉപയോഗിക്കണം
നഖങ്ങൾ നന്നായി വെട്ടി സൂക്ഷിക്കണം. വെട്ടിയ അഗ്രങ്ങൾ കൂർത്തിരിക്കാതിരിക്കാനും ശ്രദ്ധിക്കണം.
വൃത്തിയുള്ള, മുറുക്കം കുറഞ്ഞ കോട്ടൺ സോക‌്സുകൾമാത്രമേ ഉപയോഗിക്കാവൂ.
ശരിയായ അളവിലുള്ള ചെരിപ്പോ ഷൂവോമാത്രം ഉപയോഗിക്കണം.

ചികിത്സ
ഡയബറ്റിക‌് ന്യൂറോപതി ചികിത്സിച്ച‌് ഭേദമാക്കാൻ ബുദ്ധിമുട്ടാണ‌്. അതിനാൽ രോഗത്തിന്റെ കാഠിന്യം  തടയുക, വേദന ശമിപ്പിക്കുക, സങ്കീർണതകൾ തടയുക എന്നിവയാണ‌് ചികിത്സയുടെ ലക്ഷ്യം. ഈ രോഗത്തിന്റെ കാഠിന്യം തടയാനുള്ള പരമപ്രധാനമായ കാര്യം രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ‌് നിയന്ത്രിക്കുക എന്നതാണ‌്. വേദന ശമിപ്പിക്കാൻ ഒട്ടനവധി മരുന്നുകൾ ലഭ്യമാണെങ്കിലും എല്ലാവർക്കും ഒരേമരുന്ന‌് ഫലപ്രദമാകണമെന്നില്ല.

മൂത്രാശയസംബന്ധമായ ബുദ്ധിമുട്ടുകൾ ഉള്ളവരാണെങ്കിൽ കൃത്യമായ ഇടവേളകളിൽ മൂത്രമൊഴിക്കാനും മൂത്രമൊഴിക്കുന്ന സമയത്ത‌് പൊക്കിളിനുതാഴെ ചെറുതായി അമർത്തിക്കൊടുക്കാനും ശ്രദ്ധിക്കണം.  മൂത്രസഞ്ചിയിൽ മൂത്രം കെട്ടിനിൽക്കുന്ന പക്ഷം സ്വന്തമായി ട്യൂബിട്ട‌് (സെൽഫ‌് കത്തീട്ടറൈസേഷൻ) മൂത്രം ഒഴിവാക്കാവുന്നതാണ‌്.

ദഹനപ്രശ‌്നങ്ങളുണ്ടെങ്കിൽ ചെറിയ അളവിൽ പല പ്രാവശ്യമായി ഭക്ഷണം കഴിക്കണം. എണ്ണമയമുള്ള ഭക്ഷണവും നാര‌് അധികമുള്ള ഭക്ഷണവും കുറയ‌്ക്കണം.
നിൽക്കുമ്പോൾ രക്തസമ്മർദം കുറഞ്ഞ‌് തലകറക്കം വരുന്നവരാണെങ്കിൽ അവർ ധാരാളം വെള്ളം കുടിക്കണം, മദ്യപാനം ഒഴിവാക്കണം, ഉറങ്ങുമ്പോൾ തല ആറുമുതൽ പത്തിഞ്ച‌ുവരെ പൊക്കിവയ‌്ക്കാൻ ശ്രദ്ധിക്കണം. കാലിൽ കംപ്രഷൻ സോക‌്സ‌് ഉപയോഗിക്കുന്നതും നല്ലതാണ‌്. ലൈംഗികപ്രശ‌്നങ്ങൾ ഉള്ളവർ ഡോക്ടറുടെ നിർദേശാനുസരണം മരുന്നു കഴിക്കുക. .

പ്രമേഹം നിയന്ത്രിക്കുന്ന മരുന്നും ജീവിതശൈലിയും തന്നെയാണ‌് ഡയബറ്റിക‌് ന്യൂറോപതി തടയുന്നതിനും ആദ്യം വേണ്ടത‌്. അതോടൊപ്പം ഇതിനുള്ള പ്രത്യേക ചികിത്സയും മുൻകരുതലുകളും ആവശ്യമാണ‌്.
 
(ഹെൽത്ത‌് സർവീസിൽ അസിസ‌്റ്റന്റ‌് സർജനും സീനിയർ ഡയബറ്റോളജിസ‌്റ്റുമാണ‌് ലേഖിക) drsheejasreenivas@gmail.com


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top