03 October Tuesday

മറച്ചുവെയ്ക്കപ്പെടുന്ന സത്യങ്ങളില്‍ അവരുണ്ട്; അവരെ അറിയുന്നവരും

അജിത്‌ കേരളവര്‍മ്മUpdated: Saturday Dec 9, 2017
കലാപങ്ങള്‍ക്കിടയില്‍ പാര്‍ട്ടി ഓഫീസുകളില്‍ അഭയം ലഭിച്ച ന്യൂനപക്ഷങ്ങൾക്കറിയാം അവരെ... ബീഫിന്റെ പേരില്‍ കൊലചെയ്യപ്പെട്ട അഖ്‌ലാക്കിന്റെ കുടുംബത്തിനറിയാം  അവരെ... മഹാരാഷ്ട്ര മരത്തവാഡയിലെ കൊടും വരള്‍ച്ചക്കിടയില്‍ വെള്ളവും ഭക്ഷണവും ലഭിച്ച അസ്ഥിയും ചര്‍മ്മവും ഒന്നായി ജീവിച്ച മനുഷ്യര്‍ക്കറിയാം അവരെ... ദളിതന്റെ ശ്വാസം പോലും കടന്നുചെല്ലാതിരിക്കാന്‍ മതിലുകെട്ടി വേര്‍തിരിച്ച ഉത്തംപുരത്തെ ജാതിമതില്‍ തകര്‍ക്കപ്പെട്ടതിനു സാക്ഷിയായവര്‍ക്കുമറിയാം അവരെ... ഇന്നലെ രാജസ്ഥാനില്‍ വച്ച് മതതീവ്രവാദിയുടെ കൈകളാല്‍ നിഷ്ഠൂരമായി കൊല്ലപ്പെട്ട മുഹമ്മദ്‌ അഫ്രസുള്‍ന്റെ വീട്ടുകാര്‍ക്കുമറിയാം അവരെ...
അജിത്‌ കേരളവര്‍മ്മ എഴുതുന്നു
 
പോസ്റ്റ്‌ ട്രൂത്തിന്റെ കാലത്ത് മറച്ചുവയ്ക്കപ്പെടുന്ന  പലതുമുണ്ട്. അവിടെ സെലിബ്രിറ്റി സമരനേതാക്കളുടെ ഘോരഘോര ക്യാമറ പ്രസംഗങ്ങള്‍ക്കുമപ്പുറം... സന്ദര്‍ശനമഹോത്സവങ്ങള്‍ക്കുമപ്പുറം... സൗകര്യപ്രദമായി മറന്നുപോകുന്ന വേട്ടയാടപ്പെട്ട ജീവിതങ്ങളുണ്ട്‌. കത്തിനില്‍ക്കുന്ന  EXCLUSIVE വിഷയപ്രാധാന്യത്തിനപ്പുറം നിയമപരമായും, രാഷ്ട്രീയമായും, സാമ്പത്തികപരമായും, മാനസികമായ പിന്തുണയുമായും സഹായവുമായി കടന്നുചെല്ലുന്ന ഒരു ഇടതുപക്ഷ രാഷ്ട്രീയമുണ്ട്. ആ രാഷ്ട്രീയത്തെ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ പ്രസ്ഥാനമുണ്ട്; മറ്റു വര്‍ഗ്ഗ ബഹുജന പ്രസ്ഥാനങ്ങളുണ്ട്. 
 
സുനാമി ദുരിത ബാധിതരില്‍ നഷ്ടപ്പെട്ട ഭവനം തിരിച്ചു കിട്ടിയ പല ജീവിതങ്ങള്‍ക്കുമറിയാം അവരെ... കലാപങ്ങള്‍ക്കിടയില്‍ പാര്‍ട്ടി ഓഫീസുകളില്‍ അഭയം ലഭിച്ച ന്യൂനപക്ഷങ്ങൾക്കറിയാം അവരെ... ബീഫിന്റെ പേരില്‍ കൊലചെയ്യപ്പെട്ട അഅഖ്‌ലാക്കിന്റെ കുടുംബത്തിനറിയാം  അവരെ... മഹാരാഷ്ട്ര മരത്തവാഡയിലെ കൊടും വരള്‍ച്ചക്കിടയില്‍ വെള്ളവും ഭക്ഷണവും ലഭിച്ച അസ്ഥിയും ചര്‍മ്മവും ഒന്നായി ജീവിച്ച മനുഷ്യര്‍ക്കറിയാം അവരെ... കാസര്‍ഗോഡ്‌ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കറിയാം അവരെ... എല്ലാം നഷ്ടപ്പെട്ട് ജീവിതം വഴിമുട്ടി നില്‍ക്കുമ്പോള്‍ ആവും വിധം ഭവനങ്ങള്‍ നിര്‍മിച്ചു ലഭിച്ച മുസാഫര്‍നഗറിലെ ജനങ്ങള്‍ക്കറിയാം അവരെ... ആനയെ വിട്ടുപൊളിച്ച വിദ്യാലയം പുനര്‍നിര്‍മിച്ചു ലഭിച്ച ആസ്സാമിലെ വിദ്യാര്‍ഥികള്‍ക്കുമറിയാം അവരെ... ദളിതന്റെ ശ്വാസം പോലും കടന്നുചെല്ലാതിരിക്കാന്‍ മതിലുകെട്ടി വേര്‍തിരിച്ച ഉത്തംപുരത്തെ ജാതിമതില്‍ തകര്‍ക്കപ്പെട്ടതിനു സാക്ഷിയായവര്‍ക്കുമറിയാം അവരെ... ഇന്നലെ രാജസ്ഥാനില്‍ വച്ച് മതതീവ്രവാദിയുടെ കൈകളാല്‍ നിഷ്ഠൂരമായി കൊല്ലപ്പെട്ട മുഹമ്മദ്‌ അഫ്രസുള്‍ന്റെ വീട്ടുകാര്‍ക്കുമറിയാം അവരെ...

സിപിഐ എം എന്നോ, എസ് എഫ് ഐ  എന്നോ, ഡിവൈഎഫ് ഐ , എഐഡിഡബ്ല്യുഎ  എന്നോ, എഐകെഎസ്  എന്നോ പേരുവിളിച്ചു പറയാന്‍ അറിയില്ലായിരുന്നെങ്കിലും അവര്‍ അവരെ കമ്മ്യൂണിസ്റ്റുകള്‍ എന്ന് വിളിച്ചു. 

'നവസാമൂഹ്യമായാലും' 'പരമ്പരാഗത' മായാലും  വിവരങ്ങള്‍ അരിച്ചുകുറുക്കി, ചിലപ്പോള്‍ ആരും കാണാതെ 'മുക്കിയും' നമുക്ക് മുന്നിലേക്ക്‌ വച്ചുതരുമ്പോള്‍ അതിനനുസരിച്ച് മാര്‍ക്ക് നല്‍കിയാല്‍ മങ്ങലേല്‍ക്കുന്നത് ബാക്കിയുള്ള പ്രതീക്ഷയില്‍ തന്നെയായിരിക്കും.

ഗുജറാത്ത് കലാപത്തിന്റെ അലയൊലികള്‍ കത്തിതീരുന്നതിനു മുന്‍പ് അതിനെതിരെ കലാലയ മാഗസിനിലൂടെ പ്രതികരിച്ചതിന്റെ പേരില്‍  കോടതിയില്‍ കയറിയിറങ്ങിയ എസ്എഫ്ഐ ക്കാരായ മാഗസിന്‍ സമിതിയുള്ള കലാലയത്തിലാണ് ഞാന്‍ വളര്‍ന്നത്‌. ആത്മീയ വ്യാപാരത്തിനെതിരെ പ്രതികരിച്ച മാഗസിന്‍ എഡിറ്റര്‍ വിഷ്ണുവിനു ഒരുപാടുതവണ വധഭീഷണി വരെ നേരിടേണ്ടി വന്നിരുന്നുവെങ്കിലും പിന്മാറാതിരിക്കാന്‍ ഊര്‍ജ്ജമായതും എസ്എഫ്ഐ നൽകിയ മനസ്സാന്നിധ്യം തന്നെയായിരുന്നു. 
 
വര്‍ഗ്ഗീയതയ്ക്കെതിരെ പ്രതികരിച്ചതിന് ജീവന്‍ നഷ്ടപ്പെട്ട എസ്എഫ്ഐ ക്കാരനായ ഇ കെ  ബാലന്റെ കലാലയം... 'കേരളവര്‍മ്മ'. കേരളവര്‍മ ഹോസ്റ്റലിനടുത്തുവച്ച്  ആര്‍എസ്എസ് കാര്‍ ആക്രമിച്ച വിദ്യാര്‍ഥികളെ ആശുപത്രിയിലെത്തിച്ചു മടങ്ങുന്നതിനിടയില്‍ ഇപ്പോഴും ചുരുളഴിയാത്ത മരണത്തിന് കീഴടങ്ങിയ എസ്എഫ്ഐ ക്കാരനായ ലാലപ്പന്‍ ഒരു 'വാഹനാപകടത്തില്‍' കൊല്ലപ്പെടുമ്പോള്‍  നിരവധി തവണ ആര്‍എസ്എസ് ന്റെ കൊലക്കത്തിയില്‍നിന്നും മനസ്സാന്നിദ്ധ്യംകൊണ്ട് മാത്രം രക്ഷപ്പെട്ട ചരിത്രവും ബാക്കി വച്ചിരുന്നു. വീട്ടിലേക്ക് പോകും വഴിക്ക് കയറ് വരിഞ്ഞുകെട്ടി  ജെബിന്റെ ബൈക്ക് മറിച്ചിട്ട്, അയാളുടെ പച്ചമാംസത്തില്‍ തലങ്ങും വിലങ്ങും വെട്ടുമ്പോള്‍ അയാള്‍ ചെയ്ത കുറ്റം എസ്എഫ്ഐ ക്കാരനായിരുന്നു എന്നതായിരുന്നു... സംഘപരിവാരിനെതിരെ ശബ്ദമുയര്‍ത്തിയിരുന്നു എന്നതായിരുന്നു. യൂണിറ്റ് സെക്രട്ടറി സന്ദീപായിരുന്നാലും, ചെയര്‍മാനായിരുന്ന പ്രേംസിങ്ങായിരുന്നാലും, അങ്ങനെ നീണ്ടു പോകുന്ന അക്രമത്തിനിരയായ നിരവധി സഹസഖാക്കളായിരുന്നാലും ആര്‍എസ്എസ് കാരാല്‍ അക്രമിക്കപ്പെട്ടത്‌ ആര്‍എസ്എസ് പ്രത്യയശാസ്ത്രത്തെയും സംവിധാനത്തെയും ശക്തിയുക്തം എതിര്‍ത്തിരുന്നു എന്ന ഒറ്റക്കാരണത്താലായിരുന്നു. നാലുഭാഗവും ആര്‍എസ്എസ് കാരാല്‍ വളയപ്പെട്ടു കിടക്കുന്ന കേരളവര്‍മയില്‍ എസ്എഫ്ഐ എന്ന സംവിധാനം നാല്‍പ്പതു വര്‍ഷത്തിനധികം യൂണിയനില്‍ സ്ഥിരമായി തിരഞ്ഞെടുക്കപ്പെട്ടതും ഈ കൊലക്കത്തികളെ ധീരമായി എതിരിട്ടും വിദ്യാര്‍ഥി സമൂഹത്തെ സംഘപരിവാര്‍ ശക്തികള്‍ക്കെതിരെ അണിനിരത്തിയും തന്നെയാണ്. 

ഇത് എന്റെമാത്രം കലാലയത്തിലെ എന്റെ ഓര്‍മയില്‍ ഈ നിമിഷത്തില്‍ മാത്രം വന്നുപോയ ചില ഓര്‍മകള്‍ മാത്രം. എസ്എഫ്ഐ യുടെ പതിനായിരക്കണക്കിനു യൂണിറ്റുകള്‍ക്കും അതിന്റെ ഓരോ കാലഘട്ടത്തിലും കടന്നുപോയ ഓരോ സഖാക്കള്‍ക്കും പറയാനുണ്ടാവും സംഘപരിവാരത്തിനെതിരെയുള്ള രാഷ്ട്രീയത്തിനെക്കുറിച്ച് ഒരുപാട് ആവേശം നിറഞ്ഞതും, വേദനിപ്പിക്കുന്നതും, അനുഭവപാഠങ്ങള്‍‍ പകര്‍ന്നു നല്‍കിയതുമായ ഒരുപാട് ഓര്‍മകള്‍. പാഠപുസ്തകങ്ങളിൽ നിന്നും പഠിച്ച അറിവുകളായിരുന്നില്ല അതൊന്നും. രാഷ്ട്രീയ പോരാട്ടങ്ങളില്‍ ഭാഗഭാക്കായതില്‍നിന്നും സ്വായത്തമാകിയ അറിവുകള്‍. അതിനിടയില്‍ സ്വന്തം കരിയര്‍ പോലും രാഷ്ട്രീയത്തിന് വേണ്ടി ബലി കഴിച്ചവര്‍.... രക്തസാക്ഷിത്വം വരിച്ചവര്‍... ജീവിച്ചിരിക്കുന്ന രക്തസാക്ഷിയായവര്‍.... സ്വന്തം കാര്യം നോക്കിനടക്കാന്‍ ഉപദേശങ്ങളേറെ കേട്ടിരുന്നെങ്കിലും വിശ്വസിച്ച രാഷ്ട്രീയത്തിനും പ്രസ്ഥാനത്തിനും വേണ്ടി ജീവന്‍ പോലും നല്‍കിയവര്‍....

ഇവിടെ ജെഎന്‍യുവില്‍ വന്നും കണ്ടിരുന്നു, നേരിട്ടിരുന്നു ഒരുപാട് തവണ സംഘപരിവാറിന്റെയും സംഘപരിവാര്‍ ഭരണകൂടത്തിന്റെയും വെല്ലുവിളികളും, അക്രമങ്ങളും... നിരവധിതവണ... കലാലയത്തിനകത്തും, പുറത്തും. രോഹിത്ത് വെമുല സമരത്തില്‍ കൈകള്‍ ഒടിഞ്ഞു നില്‍ക്കുന്ന വാണിയും യദുലും ഇപ്പഴും മനസ്സിലുണ്ട്. 2014 നവംബര്‍ 14 ഒരു നോര്‍ത്ത്ഈസ്റ്റ് വിഷയത്തിലെ സമരത്തില്‍ പോലിസ് മര്‍ദ്ദനത്തില്‍ കൈകള്‍ ഒടിഞ്ഞ ജീമൂത്തും, കാലില്‍ സാരമായ പരിക്കേറ്റ നജീബും ഇപ്പഴും മനസ്സിലുണ്ട്. അശ്വതിയും, ശാലിനിയും, ദിപ്ഷിതസുരേഷും, ദീപാഞ്ചനും, അമലും, നിതീഷും, സക്കറിയയും, ശ്രബോണിയുമെല്ലാം തല്ലുവാങ്ങാത്ത സമരങ്ങളുണ്ടാവില്ല. ക്യാമറക്ക്‌ വേണ്ടിയല്ലാത്ത, നല്ല തല്ലുകിട്ടിയ സമരങ്ങളുടെ ചിത്രങ്ങളും വീഡിയോകളും എടുത്തുനോക്കുക അവിടെ കാണാം ആരായിരുന്നു മുന്നില്‍ നിന്നിരുന്നതെന്ന്.

എസ്എഫ്ഐ സംഘി ഏക്‌ ഹേ എന്ന് പരിഹസിച്ചുകൊണ്ട്  സംഘപരിവാറിനെതിരായി എസ്എഫ്ഐ നടത്തിയ പ്രക്ഷോഭങ്ങളെ കുറച്ചുകാണിച്ചു പരിഹസിച്ച ഒരു അതിവിപ്പ്ളവകാരി സുഹൃത്തിന് ഷര്‍ട്ട്‌ പൊക്കി സംഘപരിവാറിന്റെ കത്തിയുടെ പാടുകള്‍ കാണിച്ചു വായടപ്പിച്ച എസ്എഫ്ഐ ക്കാരനായ അതുലും ഈ കലാലയത്തില്‍ തന്നെയാണ് പഠിക്കുന്നത്.


ബീഫ് കൈവശം വച്ചതിനു കൊലചെയ്യപ്പെട്ട
ഓരോ മുസല്‍മാന്റെയും ശബ്ദം ഓരോ കലാലയങ്ങളും കേട്ടിരുന്നു. പ്രണയിച്ചതിന്റെ പേരില്‍ കൊലചെയ്യപ്പെട്ട ഓരോ ദളിതന്റെയും ശബ്ദം കലാലയങ്ങളില്‍ കേട്ടിരുന്നു.സ്വന്തം ദേശത്തുതന്നെ അഭയാര്‍ഥികളാക്കപ്പെട്ട പാലസ്തീന്‍ ജനതയുടെ ശബ്ദവും ഓരോ കലാലയങ്ങളും കേട്ടിരുന്നു. ആ ശബ്ദമാവാന്‍ ഇന്ത്യന്‍ കലാലയങ്ങള്‍ക്ക്‌ സാധിച്ചത് എസ്എഫ്ഐ എന്ന ഒരൊറ്റ വിദ്യാര്‍ഥി പ്രസ്ഥാനം ഉണ്ടായിരുന്നു എന്നതുകൊണ്ടാണ്.

ഭരണകൂടത്തിന്റെ ഒത്താശയോടെ സംഘപരിവാറിന്റെ കൊലയാളി സംഘം മുസ്ലിമുകളെയും ദളിതരെയും കമ്മ്യൂണിസ്റ്റുകളെയും റാഷണലിസ്ടുകളെയും എഴുത്തുകാരെയും പത്രക്കാരെയും കൊന്നൊടുക്കുമ്പോള്‍ അതെ സംഘപരിവാര്‍ സംഘചാലകരെ വിളിച്ചിരുത്തി 'സാമുദായിക ഐക്യത്തെക്കുറിച്ച്' സെമിനാര്‍ സംഘടിപ്പിക്കുന്ന തിരക്കിലായിരുന്നില്ല എസ്എഫ്ഐ യ്യും മറ്റു ഇടതുപക്ഷ സംഘടനകളും. അവര്‍ക്കെതിരെ തെരുവുകളില്‍ പ്രതിഷേധം പടര്‍ത്തുക തന്നെയായിരുന്നു.


പറ്റുന്ന തെറ്റുകള്‍ തിരുത്തി തന്നെയാണ് മുന്നോട്ടു പോയത്. ചൂണ്ടികാട്ടിയത്
കെട്ടും, വേണ്ടത് സ്വീകരിച്ചും. പോരായ്മകളുണ്ടാകാം. അതും തിരുത്തപ്പെടുക തന്നെ ചെയ്യും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top