23 November Saturday

സുരേഷ് ഗോപിയുടെ ഓഡി ക്യൂ 7 പോണ്ടിച്ചേരി രജിസ്ട്രേഷന്‍; നികുതി വെട്ടിപ്പെന്ന് സോഷ്യല്‍ മീഡിയ

വെബ് ഡെസ്‌ക്‌Updated: Sunday Nov 20, 2016

കള്ളപ്പണം ഇല്ലാതാക്കാനെന്ന പേരില്‍ കേന്ദ്രസര്‍ക്കാര്‍ നോട്ടുകള്‍ അസാധുവാക്കിയതോടെ ജനം ബാങ്കുകള്‍ക്ക് മുന്നില്‍ വരിനില്‍ക്കുമ്പോള്‍ ബിജെപി എംപിയും സിനിമ നടനുമായ സുരേഷ് ഗോപി നികുതി വെട്ടിച്ചെന്ന സംശയം ബലപ്പെടുന്നു. സുരേഷ് ഗോപിയുടെ ആഢംബര വാഹനം ഓഡി ക്യൂ 7 പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിപ്പ് നടത്തിയെന്ന് സോഷ്യല്‍ മീഡിയ ആരോപിക്കുന്നു.

കേന്ദ്രഭരണ പ്രദേശങ്ങളില്‍ പോയി വാഹന രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിക്കുക എന്ന തന്ത്രം സുരേഷ് ഗോപിയും പയറ്റി എന്നാണ് നിരവധിപേര്‍ ചൂണ്ടിക്കാട്ടുന്നത്.  പോണ്ടിച്ചേരിയില്‍ ഇരുപത് ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഏത് കാറിനും 55,000 രൂപയാണ് ഫ്ളാറ്റ് ടാക്സ്. 75 ലക്ഷത്തോളം വിലയാണ് സുരേഷ് ഗോപിയുടെ ഓഡി ക്യൂ 7ന്റെ ഏകദേശ വില. ഈ വാഹനം പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്താല്‍ സംസ്ഥാന നികുതിയില്‍ നിന്നും ഒഴിവായി കിട്ടും. രജിസ്ട്രേഷന് വേണ്ടത് പ്രദേശത്തെ താമസക്കാരനാണെന്നതിന്റെ തെളിവ് മാത്രവും. അതൊക്കെ ഡീലര്‍മാര്‍ ശരിയാക്കും. ഇതേ തന്ത്രം സുരേഷ് ഗോപിയും സ്വീകരിച്ചോ എന്നാണ് ഇപ്പോള്‍ സംശയം ഉയരുന്നത്.

ദീപക് ശങ്കരനാരായണന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

കേരളത്തില്‍ ഇരുപത് ലക്ഷം രൂപയുടെ മുകളിലുള്ള വാഹനങ്ങള്‍ക്ക് വിലയുടെ ഇരുപത് ശതമാനമാണ് നികുതി. 75 ലക്ഷം വിലയുള്ള ഓഡിയ്ക്ക് സംസ്ഥാനത്ത് ഏകദേശം 14-15 ലക്ഷം നികുതി നല്‍കിേ വരും.

ഇത്തരം തട്ടിപ്പുകള്‍ ഇല്ലാതാക്കാന്‍ വണ്ടി വാങ്ങുന്ന ആളുടെ അഡ്രസ് ഏത് ആര്‍ടി ഓഫീസിന് കീഴിലാണോ ആ ആര്‍ടി ഓഫീസില്‍ തന്നെ വണ്ടി റജിസ്റ്റര്‍ ചെയ്യണം എന്ന നിബന്ധന വന്നിരുന്നു. അപ്പോള്‍ സുരേഷ് ഗോപിക്ക് എങ്ങനെ പോണ്ടിച്ചേരി വാഹനം രജിസ്റ്റര്‍ ചെയ്യാനായി എന്നാണ് സോഷ്യല്‍ മീഡിയയില്‍ നിരവധിപേര്‍ ചോദിക്കുന്നത്.

കേരളത്തില്‍ ഓടുന്ന വാഹനങ്ങ‌ള്‍ എവിടെയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്?

അതെന്ത് ചോദ്യം എന്നല്ലേ? നമ്മുടെ വീടിന്റെ അഡ്രസ് കൊടുത്താല്‍ അടുത്ത ആര്‍ ടി ഓ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യാം.

പിന്നെ ചില വാഹനങ്ങള്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്യുന്നതെന്തിനാണ്?

ചില വാഹനങ്ങള്‍ എന്നല്ല ചില ആളുകള്‍ എന്നാ‌ണ്‌ പറയേണ്ടത്. എന്നുവച്ചാല്‍ സംഗതി ചില തരത്തിലുള്ള വന്‍കിട പണക്കാരുടെ ഒരു ഫാഷനാണ്. (പണക്കാരുടെ എന്ന് ജനറലൈസ് ചെയുതുകൂടാ, പണമുണ്ടാക്കല്‍ ഇന്ത്യയില്‍ ഒരു കുറ്റമല്ല. മര്യാദക്ക് ബിസിനസ് ചെയ്യുന്ന അനേകം പേര്‍ ഈ നാട്ടിലുണ്ട്). നികുതി വെട്ടിപ്പ് എന്ന് മലയാളത്തിലും ടാക്സ് ഇവേഷന്‍ എന്ന് ഇംഗ്ലീഷിലും പറയും.

അതായത് പോണ്ടിച്ചേരിയില്‍ ഇരുപത് ലക്ഷം രൂപക്ക് മുകളിലുള്ള ഏത് കാറിനും 55,000 രൂപ ഫ്ലാറ്റ് ടാക്സാണ്. അതിന് താഴെയുള്ളവക്ക് വെറും പതിനയ്യായിരം രൂപയും. ഏറ്റവും റോഡ് ടാക്സ് കുറവുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. വലിയ കാറുകള്‍ക്ക് 8%. 75 ലക്ഷത്തോളം വിലയുള്ള Audi Q7 കാറിന് കേരളത്തില്‍ പോണ്ടിച്ചേരിയില്‍ നിന്ന് വാങ്ങിയാല്‍ ഏതാണ്ടൊരു അഞ്ചര ലക്ഷം രൂപ ടാക്സ് മുക്കാം. പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ തല്‍ക്കാലത്തേക്ക് ഒരു അഡ്രസ് വേണം. അത് പൊതുവെ ഡീലര്‍മാര്‍ തന്നെ കൊടുത്തോളും.

( എഡിറ്റ്: - Audi Q7 ‌ന്‌ ഇരുപതുശതമാനം വരെ നികുതി വരുമെന്ന് അറിയുന്നു. അത് ശരിയാണെങ്കില്‍ ഇതിലും വളരെ വലുതായിരിക്കും ടാക്സ് വെട്ടിപ്പ്)

നിയമപരമായും ധാര്‍മ്മികമായും ഒരു വാഹനം ഉപയോഗിക്കുന്ന സംസ്ഥാനത്താണ് അതിന്റെ നികുതി അടക്കേണ്ടത്. ജോലിയോ താമസമോ മാറുമ്പോള്‍ ആളുകള്‍ സ്വകാര്യവാഹങ്ങള്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറ്റാറുണ്ട്, കേരളം പൊതുവേ അത്തരം മാറ്റങ്ങളോട് സൗഹാര്‍ദ്ദപൂര്‍ണ്ണമായ സമീപനമാണ് എടുക്കാറുള്ളത്. കര്‍ണ്ണാടകയിലെയോ തമിഴ്നാട്ടിലെയോ പോലെ റോഡില്‍ കാണുന്ന മറ്റ് സംസ്ഥാനവാഹങ്ങള്‍ക്കു നേരെ കേരളാ പോലീസ് ചാടി വീഴാറില്ല. അതങ്ങനെത്തന്നെയാണ് വേണ്ടതും. ഇന്‍ക്ലൂസിവിറ്റിയുടെ നഷ്ടങ്ങള്‍ക്കുനേരെ ഒരു ജനാധിപത്യസമൂഹം കണ്ണടക്കക്കുക തന്നെയാണ് വേണ്ടത്, അല്ലാതെ അത് ദുരുപയോഗം ചെയ്യുന്നവരുടെ പേരില്‍ സാമാന്യമനുഷ്യരെ ബുദ്ധിമുട്ടിക്കുകയല്ല.

എന്നിട്ടും നയിച്ചുതിന്നുന്ന മലയാളികളാരും മനപ്പൂര്‍വ്വം നികുതി വെട്ടിക്കാനായി പോണ്ടിച്ചേരിയില്‍ പോയി വണ്ടി വാങ്ങാറില്ല. ഒരു കുടുംബം കാലങ്ങള്‍ സ്വപ്നം കണ്ട് നാലു ലക്ഷം രൂപ ലോണെടുത്ത് വാങ്ങുന്ന ചെറിയ ഒരു കാറി‌ന്‌ പോലും, വലിയ തുക ലാഭിക്കാമെങ്കിലും. ഉളുപ്പെന്ന ഒന്ന് സാമാന്യമനുഷ്യര്‍ക്കുള്ളതുകൊണ്ടാവണം. അതേ സമയം നയിക്കാതെ തിന്നുന്നവര്‍ ചെയ്യാറുണ്ടുതാനും.

ഇനി ഈ വീഡിയോ കാണുക.രാവിലെ യാദൃശ്ചികമായി മീഡിയാവണ്‍ ചാനല്‍ കണ്ടപ്പോള്‍ ശ്രദ്ധിച്ചതാണ്. അതിലൊരു Audi Q7 കാര്‍ കാണും. സുരേഷ് ഗോപിയുടെ കാറാണ്. ബി ജെ പി യുടെ രാജ്യസഭാ എം പി, അതും രാജ്യസഭാ തെരഞ്ഞെടുപ്പിനൊന്നും നിന്ന് എം പി ആയതല്ല, ബി ജെ പി നോമിനേറ്റ് ചെയ്ത് പ്രസിഡന്‍ഡ് ഓഫ് ഇന്ത്യാ നേരിട്ട് അവരോധിച്ച എം പി. അതിന്റെ നമ്പറ് ശ്രദ്ധിക്കുക. PY 01 BA 999. എം പി എന്ന് ബോര്‍ഡുമുണ്ട്.

അതിപ്പോ സുരേഷ് ഗോപി തല്‍ക്കാലത്തേക്ക് വല്ല സുഹൃത്തിന്റെയും വാഹനം കടം വാങ്ങിയതാണെങ്കിലോ? നമ്പറൊന്നും ശ്രദ്ധിച്ചിട്ടുണ്ടാവില്ല. തിരക്കുള്ള മനുഷ്യനല്ലേ?

ശരിയാണ്. അങ്ങനെ ഒരു സാദ്ധ്യതയുണ്ട്. ആ നമ്പറെടുത്ത് വാഹന്‍ എന്ന രജിസ്ട്രേഷന്‍ നമ്പറുകള്‍ വച്ച് ഉടമയെ കണ്ടുപിടിക്കാനുള്ള സര്‍ക്കാര്‍ സംവിധാനത്തിലേക്ക് ഒരു എസ് എം എസ് അയക്കുക. (Type VAHAN xxx where xxx is vehicle no. and send sms to 7738299899) ഇങ്ങനെ ഒരു മറുപടി കിട്ടും.

PY01BA0999 [PUDUCHERRY,PY]
Owner:1-SURESH GOPI
Vehicle:AUDI Q7(DIESEL)
L.M.V. (CAR)
RC/FC Expiry:26-Jan-25
Finance:HDFC BANK LTD
MV Tax upto:(LifeTime)
-Courtesy:MoRTH/NIC

ഒന്നുമില്ല. സംഭവം സിംപിളും പവര്‍ഫുള്ളുമാണ്. നികുതിവെട്ടിപ്പിനെതിരെ പൊരുതി മരിക്കുന്ന കേരളത്തിലെ ബി ജെ പിയുടേ ആകപ്പാടെയുള്ള ഒരു എം പി യാണ്. എനിക്കതില്‍ അത്ഭുതമൊന്നുമില്ല, നിങ്ങള്‍ക്കുണ്ടെങ്കില്‍ തലക്കകത്ത് ഒന്നുകില്‍ അജ്ജാതി നിഷ്കളങ്കന്‍ വേണം, അല്ലെങ്കില്‍ മറ്റേ കുറുവടി ടീമായിരിക്കണം.

ഇനിയിപ്പോ സുരേഷ് ഗോപിക്ക് പോണ്ടിച്ചേരിയില്‍ വീടുണ്ടോ, സ്ഥിരതാമസക്കാരനാണോ, വണ്ടി വല്ലപ്പോഴും കേരളത്തില്‍ കൊണ്ടുവന്നതാണോ, ഇനി വണ്ടി ഡെല്‍ഹിയിലാണോ ഓടുന്നത്, എന്നൊന്നും എനിക്കറിയില്ല. സുരേഷ് ഗോപി നികുതി വെട്ടിച്ചു എന്ന് ഞാനൊട്ട് പറഞ്ഞിട്ടുമില്ല. വേറൊരിടത്ത് ഓടുന്ന വണ്ടി പോണ്ടിച്ചേരിയിലെ റോഡല്ല ഉപയോഗിക്കുന്നത് എന്നും റോഡ് ടാക്സ് റോഡ് ഉപയോഗിക്കുന്നതിനാണെന്നും പക്ഷേ എനിക്കറിയാം. അല്ല പറയാന്‍ പറ്റില്ലല്ലോ. ഏതാ നിന്റെ രാജ്യം എന്നത് മൂപ്പരുടെത്തന്നെ ഡയലാഗാണല്ല്?!

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top