30 March Thursday

കണ്ണൂരില്‍ ഒരു പ്രചാരകന്‍ കൂടി ചെങ്കൊടി കീഴിലേക്ക്, സമത്വം സ്വപ്‌നം കാണുന്ന ഒട്ടേറെ ചെറുപ്പക്കാര്‍ ഇനിയും സിപിഐ എമ്മിലേക്കെത്തും: സുധീഷ് മിന്നി

വെബ് ഡെസ്‌ക്‌Updated: Wednesday Jan 17, 2018

കൊച്ചി > ആര്‍എസ്എസിന്റെ അക്രമ രാഷ്ട്രീയത്തിലും ഏകാധിപത്യപരമായ പ്രവര്‍ത്തന ശൈലിയിലും മനംമടുത്ത് സംഘപരിവാര്‍ ബന്ധം ഉപേക്ഷിച്ച് സിപിഐ എമ്മിലേക്ക് വരുന്നവരുടെ എണ്ണം ഇനിയും കൂടുമെന്ന് സുധീഷ് മിന്നി. ആര്‍എസ്എസ് പ്രചാരകനായിരുന്ന സി വി സുബഹ് ഇന്ന് സിപിഐ എമ്മില്‍ ചേര്‍ന്നിരുന്നു.  ഈ ലോകത്ത് സമത്വം എന്നൊരാശയം മാത്രമേ നിലനില്ക്കുകയുള്ളു, അതിലേക്കെത്താന്‍ ഭയരഹിതമായ ഒരു സംഘടന വേണം അതാണ് സിപിഐ എം എന്ന് ചിന്തിക്കുന്ന ഒരു പാട് പ്രചാരകര്‍ ഇന്ന് ആര്‍എസ്എസിലുണ്ട്. അവര്‍ ഓരോരുത്തരായി ഇനിയും സിപിഐ എമ്മിലേക്കെത്തിച്ചേരുമെന്ന് സുധീഷ് മിന്നി. തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ്  സുധീഷ് മിന്ന് കാര്യങ്ങള്‍ വിശദമാക്കുന്നത്.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

കണ്ണൂരില്‍ ഒരു പ്രചാരകന്‍ കൂടി ചെങ്കൊടി കീഴിലേക്ക്

ഞാന്‍ ബാലഗോകുലത്തിന്റെ ജില്ലാ അദ്ധ്യക്ഷനായ് പ്രവര്‍ത്തിക്കുമ്പോഴാണ് സുബഹിനെ പരിചയപ്പെടുന്നത്.. കണ്ണൂരിന്റെ കാവിക്കോട്ടയെന്ന് സംഘം ഓമനപ്പേരിട്ട് വിളിക്കുന്ന ചെറുവാഞ്ചേരിയില്‍ വച്ചാണ് പരസ്പരം കണ്ടുമുട്ടുന്നത്...

' ഒരു വരത്തിനു വേണ്ടി മാത്രം വ്രതമെടുത്തവരാണ് ഞങ്ങള്‍ അതിനു ജീവിതമാകമാനം സ്വയമൊഴിഞ്ഞവരാണ് നമ്മള്‍' എന്ന സംഘ ഗണഗീതത്തില്‍ ജീവിതം ലയിപ്പിച്ച അനേകം പ്രചാരകരില്‍ ഒരാളായിരുന്നു സുബഹും.. തന്നെ പഠിപ്പിച്ച 3 ശത്രുവര്‍ഗ്ഗങ്ങളില്‍ (മുസ്ലീം, ക്രിസ്ത്യന്‍, കമ്യൂണിസ്റ്റ് ) ഇന്ത്യയില്‍ കമ്യൂണിസം രൂപം കൊണ്ട പിണറായ് പാറപ്പുറത്ത് ശാഖ സൃഷ്ടിക്കാന്‍ സംഘംകണ്ട ഒരു വഴിയായിരുന്നു പിണറായ് സ്വദേശിയായ സുബഹ്...

3 വര്‍ഷം വിസ്താരകനായ് (പ്രചാരകനാവുന്നതിനു മുന്നിലുള്ള പ്രവര്‍ത്തനം) കണ്ണൂര്‍ ജില്ലയില്‍ പ്രവര്‍ത്തിച്ചു ശേഷം കൊല്ലം ജില്ലയില്‍(പുത്തൂര്‍, കൊല്ലം താലുക്ക് ) 4 വര്‍ഷം പ്രചാരകായ് പിന്നീട് തിരുവനന്തപുരം വിഭാഗ് കാര്യാലയ പ്രമുഖായ് ഒരു വര്‍ഷം, എറണാകുളം ജന്മഭുമിയില്‍ സബ് എഡിറ്റര്‍ ട്രെയിനിയായ് ഒരു വര്‍ഷവും. ഇങ്ങനെ സംഘം ഒരുക്കിയ വിവിധങ്ങളായ പാന്ഥാവില്‍ ജീവിതം തകര്‍ന്നു പോയ ചെറുപ്പക്കാരനാണ് സുബഹ്...

ഹിന്ദു രാഷ്ട്രമെന്ന മൃഗരാഷ്ട്രം രൂപികരിക്കാന്‍ ഇറങ്ങി തിരിച്ച ഇന്ത്യയിലെ ഒട്ടുമിക്ക പ്രചാരകര്‍ക്കും അവസാനം തോന്നുന്ന ഒരാശയമുണ്ട്... ഈ ലോകത്ത് സമത്വം എന്നൊരാശയം മാത്രമേ നിലനില്ക്കുള്ളൂ എന്ന ബോധം അതിലേക്കെത്താന്‍ ഭയരഹിതമായ ഒരു സംഘടന വേണം അതാണ് സിപിഐ എം എന്ന് ചിന്തിക്കുന്ന ഒരു പാട് പ്രചാരകര്‍ ഇന്നാ പ്രസ്ഥാനത്തിലുണ്ട്.... ഞാനും അത്തരത്തിലൊരളായിരുന്നുവല്ലോ.... എനിക്ക് സ. പി ജയരാജന്‍ ചെങ്കൊടി നല്കിയതിനു ശേഷം എനിക്കേല്‍ക്കേണ്ടി വന്ന ക്രൂരമായ വധഭീഷണികളും കുപ്രചരണങ്ങളിലും എനിക്ക് ഒരാശ്വാസമായ് സുബഹുണ്ടായിരുന്നു... പക്ഷെ സംഘം തനിക്കേകിയ ചുമതലയില്‍ തെല്ലും മാറാത്തെ നിശ്ചയധാര്‍ഢ്യത്തോടെ ആ പ്രസ്ഥാനത്തിന്റെ ഭാഗമായി തന്നെ സുബഹ് നിന്നു.. അങ്ങനെയാണ് ഒരു വര്‍ഷം മുമ്പേ സുബഹിന്റെ അമ്മ മരണപ്പെടുന്നത്, സ്വജീവിതം പ്രസ്ഥാനത്തിനായ് മാറ്റിയ ഈ ചെറുപ്പാക്കാരന്റെ മാതാവിന്റെ മരണത്തില്‍ കണ്ണീരൊപ്പാനും അവിടത്തെ എല്ലാകാര്യത്തിനും കാവി ധാരികളെ കണ്ടില്ല... ശത്രുവാണെന്നറിഞ്ഞിട്ടും പിണറായിയിലെ പാര്‍ട്ടി സഖാക്കള്‍ ഇരുമെയ്യും ചേര്‍ത്ത് ആ വീട്ടില്‍ ഒന്നു ചേര്‍ന്നപ്പോള്‍ സുബഹ് എന്നെ രണ്ട് ദിവസം കഴിഞ്ഞ് ദുഃഖാര്‍ദ്ദമായ് കുറച്ച് കാര്യങ്ങള്‍ പറഞ്ഞു, അതിലൊന്നാമതായ് സുബഹ് ആവശ്യപ്പെട്ടത് കൊടും ഭീകരന്‍മാരുടെ പട്ടികയില്‍ സംഘം പഠിപ്പിച്ചു വിട്ട സ.പി ജയരാജനെ ഒന്ന് കാണണമെന്നായിരുന്നു...

അങ്ങനെ ഒരു ദിവസം കണ്ണൂരില്‍ ജില്ലാ കമ്മിറ്റി ഓഫിസില്‍ വച്ച് അദ്ദേഹത്തെ കണ്ടുമുട്ടുന്നത്... വളരെ ഭയത്തോടെ ഒരു വാക്കു പോലും സംസാരിക്കാനാവാത്തെ അദ്ദേഹത്തിന്റെ മുന്നില്‍ നിശബ്ദനായ സുബഹിനെ ഹൃദയത്തോട് ചേര്‍ത്ത സ. പി ജയരാജന്റെ വ്യക്തിത്വം കണ്ട് 'ഇവരൊക്കെ എങ്ങനെ ഭീകരരാവും നല്ല മനുഷ്യരല്ലേ... മാതൃകകളല്ലേ എന്നാണ് ശേഷം സുബഹ് എന്നോട് പറഞ്ഞത് ഇത് ആര്‍എസ്എസ്
 തന്ത്രമാണ് സിപിഐ എം നേതാക്കന്‍മാരേ അതിക്രൂരമായ് ചിത്രീകരിച്ച് ശാഖയില്‍ പഠിപ്പിക്കാറുണ്ട് അതാണ് സുബഹിനും സംഭവിച്ചത്.

ഇന്നിതാ ഈ ചെറുപ്പക്കാരനും സത്യത്തിന്റെ പാന്ഥാവിലേക്ക് മാറി ചെങ്കൊടിയേന്താന്‍ തീരുമാനിച്ചിരിക്കുകയാണ്... ഈ മാസം 20 തിയ്യതി പിണറായിയില്‍ ചിറക്കുനിയില്‍ സ. പി ജയരാജനും പിണറായ് എറിയ സെക്രട്ടറി ശശിയേട്ടനും മറ്റ് നിരവധി നേതാക്കളും ചേര്‍ന്ന് സുബഹിനേ സ്വീകരിക്കും, കല്യാണം കഴിഞ്ഞപ്പോള്‍ ഞാന്‍ നിശബ്ദനായ് എന്നാണ ആര്‍എസ്എസ് പ്രചരിപ്പിക്കുന്നത്... അതെന്തായാലും ഇല്ല നിങ്ങളുടെ വെട്ടേറ്റ് വീഴുന്നത് വരെ ഞാന്‍ തുടരും അനവധി സുബഹുമാരുടെ മോചനത്തിനായ് ഞാന്‍ ശബ്ദിച്ചു കൊണ്ടേയിരിക്കും.ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top