28 September Monday

പട്ടിണിയോ? ബ്രിട്ടണിലോ?

എ കെ രമേശ്‌Updated: Tuesday Sep 20, 2016

ബെനിഫിറ്റുകളുടെ പ്രളയമാണ് ഇംഗ്ലണ്ടില്‍.. പണിയില്ലെങ്കില്‍ അലവന്‍സ്, വാര്‍ദ്ധക്യത്തില്‍ പെന്‍ഷന്‍, സിംഗിള്‍ മദറാണെങ്കില്‍ ബെനിഫിറ്റ്. വെല്‍ഫെയര്‍ സ്റ്റെയ്റ്റില്‍ എവിടെച്ചെന്നാണ് ഒരു പട്ടിണിക്കാരനെ കണ്ടെത്തുക എന്നായിരുന്നു ആലോചന. ഈ മധുര മനോഹര ലോകത്തെ യാണോ നിങ്ങള്‍ മുതലാളിത്ത നാട് എന്ന് വിളിച്ചാക്ഷേപിക്കുന്നത് എന്നാണ് ദീര്‍ഘകാലമായി ഇവിടെ പാര്‍ത്തു പോന്ന ഒരു സുഹൃത്ത് ചോദിച്ചത്.

നാട്ടില്‍ പഴയൊരനുഭവമുണ്ട് . പെരുന്നാള്‍ കാലത്തെ ഒരു സ്വകാര്യാശുപത്രിക്കു മുന്നിലുള്ള സൗജന്യ ഭക്ഷണ വിതരണ ക്യൂവില്‍ മണിക്കൂറുകളോളം കാത്തു കെട്ടിക്കിടക്കുന്നവരെ കാട്ടിക്കൊടുത്തപ്പോള്‍ മാത്രമാണ് കോഴിക്കോട്ട് പട്ടിണിയുണ്ടെന്ന് ഒരു ബാങ്ക് സുഹൃത്തിന് ബോദ്ധ്യപ്പെട്ടത്! കീറിപ്പറിഞ്ഞ കുപ്പായങ്ങളുമായി, ചോര വറ്റിയ മനുഷ്യരങ്ങനെ പൊരിവെയിലില്‍ ഉരുകിത്തീരുകയാണ് .

അയാള്‍ പെട്ടെന്ന് ഓര്‍ത്തത്, ഇറാനിലെ ഒരു ഭൂകമ്പ കാലത്ത്, നഗരത്തിന്റെ ഹൃദയഭാഗത്ത് പൊളിഞ്ഞു വീണ കെട്ടിടങ്ങള്‍ക്കിടയില്‍ നിന്ന് തല നീക്കി വന്ന പാമ്പുകളെയാണത്രെ!. ആശ്ചര്യപൂര്‍വo അയാള്‍ ചോദിച്ചത് ഇവരൊക്കെയും ഇത്ര കാലം എവിടെയായിരുന്നുവെന്നാണ്. ഈ അഗോചരമനുഷ്യര്‍ ഇപ്പോള്‍ എവിടെ നിന്ന് പൊട്ടി മുളച്ചുവെന്ന്!

നമ്മുടെ കാഴ്ചകളില്‍ ഒരിക്കലും ഇടം പിടിക്കാത്ത ഈ പേക്കോലങ്ങള്‍ നമ്മുടെ സ്വാസ്ഥ്യം കെടുത്താതെ അവരുടെതായ മാളങ്ങളില്‍ കഴിയുകയായിരിക്കണം. ഇക്കാര്യം പറഞ്ഞപ്പോള്‍, അന്നത്തെ സാഹചര്യത്തില്‍ അയാള്‍ക്ക് സമ്മതിച്ചു തരാതെ നിര്‍വാഹമുണ്ടായിരുന്നില്ല.

ചേരികളില്ലാത്ത, കൗണ്‍സിലുകള്‍ എല്ലാവര്‍ക്കും വീ ടുകള്‍ ഉറപ്പാക്കിക്കൊടുക്കുന്ന ഒരു നാട്ടില്‍ എന്തു പട്ടിണി എന്നാണ് പലരും ചോദിച്ചിരുന്നത്.

എന്നിട്ടും അത് അവിശ്വസിച്ച എന്റെ പഴഞ്ചന്‍ മനസ്സിനെ അവര്‍ പലരും പിരാകുകയും ചെയ്തിരുന്നു.

പക്ഷേ, ഇന്നത്തെ ബിസിനസ് സ്റ്റാന്‍ഡേഡ് പത്രം ചെയ്ത ഒരു സ്റ്റോറി കണ്ടപ്പോഴാണ് തെറ്റ് എനിക്കല്ല എന്നുറപ്പിച്ചു പറയാനായത്!

ലണ്ടനിലെ വലിയ സൂപ്പര്‍ മാര്‍ക്കറ്റുകളെ കേന്ദ്രീകരിച്ചു നടത്തിയ ഒരു പഠനത്തിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടാണ്. വലിയ മാളുകള്‍ ഭക്ഷ്യസാധനങ്ങള്‍ നശിപ്പിച്ചു കളയുന്ന ഒരു നാട്ടില്‍ ഒരു നേരത്തെ ഭക്ഷണത്തിനായി ഭക്ഷണ കൂപ്പണുകള്‍ക്കായി കാവല്‍ നില്‍ക്കുകയാണ്. ലണ്ടനിലെ വിവിധ സ്റ്റോറുകളില്‍ നിന്ന് ശേഖരിച്ച നേരനുഭവങ്ങളുടെ കഥകളുമുണ്ടതില്‍.

അങ്ങനെ കണ്ടെത്തിയ ഒരമ്മയുടെ കഥ കേള്‍ക്കൂ: 26 വയസുള്ള സിംഗിള്‍ മദറായ ഒരു സ്ത്രീ പറയുകയാണ്, , ഒരുദിവസ ഭക്ഷണത്തിനായി തന്റെ കുടുംബത്തിന് നീക്കിവെക്കാനാവുക 10 പൗണ്ട് മാത്രമാണെന്ന്!( ഒരു കാപ്പിക്ക് ലണ്ടനില്‍ ഞാന്‍ കൊടുത്തത് 3 പൌണ്ടാണ്!)

"I ran out of food so I walked to a food bank with a voucher and they gave me some tins and said come back in 3 months. I asked them"How can I survive on 15 tins for ,3 months?"
അവര്‍ കുഞ്ഞിനെയുമെടുത്ത് 8 മണി വരെ സൂപ്പര്‍ മാര്‍ക്കറ്റില്‍ കാത്തു നില്‍ക്കുമത്രെ!. "കേടായിപ്പോവുന്ന സാധനങ്ങള്‍ക്ക് വില താഴ്ത്തിയിടുക അപ്പോളാണ്."

ഇങ്ങനെയുള്ള ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടിയ ശേഷം പത്രം ചില കണക്കുകള്‍ കൊടുക്കുന്നുണ്ട്.
പട്ടിണി കിടക്കേണ്ടി വരുന്ന ലണ്ടന്‍കാരെപ്പറ്റി സര്‍ക്കാറിന്റെ പക്കല്‍ യാതൊരു കണക്കുമില്ല.എന്നാല്‍ ഐക്യരാഷ്ട്ര സഭയുടെ ഒരു കണക്ക് പറയുന്നത് ഒരു ലക്ഷത്തിനും 4 ലക്ഷത്തിനും ഇടക്കാണ് പട്ടിണിക്കാരുടെ എണ്ണം എന്നാണ്!

പട്ടിണിയുടെ വ്യാപ്തി ഇതായിരിക്കെ, വലിയ മാളുകളും സൂപ്പര്‍ സ്റ്റോറുകളും നശിപ്പിച്ചു കളയുന്ന ഭക്ഷ്യയോഗ്യമായ ആഹാരത്തിന്റെ കണക്കെടുക്കാന്‍ ഈവനിങ് സ്റ്റാന്‍ഡേഡ് പത്രം ഒരു ശ്രമം നടത്തി.എല്ലാ സ്റ്റോറുകളോടും അവര്‍ നശിപ്പിച്ചു കളയുന്ന ഭക്ഷ്യ സാധനങ്ങളുടെ കണക്ക് ചോദിച്ചു. ഒറ്റ ക്കമ്പനി മാത്രമേ കണക്ക് കൊടുത്തുള്ളൂ. ടെസ്കോ. 59.4 മില്യണ്‍ കിലോ ഭക്ഷണം തങ്ങള്‍ 2015-16 വര്‍ഷം നശിപ്പിച്ചതായി അവര്‍ സമ്മതിക്കുന്നു .5 കോടി 94 ലക്ഷം കിലോ. ഒരു മാസം ഏതാണ്ട് 50 ലക്ഷം കിലോ. ഒരു സ്റ്റോറിന്റെ മാത്രം കണക്കാണിത്. ഇതില്‍ പാതിയും ഉപയോഗയോഗ്യമായതാണത്രെ! അതിലൊരംശമെങ്കിലും ചാരിറ്റിക്ക് കൊടുക്കണം എന്ന് വന്‍കിടക്കമ്പ നികള്‍ക്ക് തോന്നുകയേയില്ല. അവരുടെ നോട്ടത്തില്‍ എവിടെയുണ്ട് പട്ടിണി ?

ഏതായാലും പലരും പറയുമ്പോലെ, അത്ര കേമമല്ല ഈ വെല്‍ഫെയര്‍ സ്റ്റെയ്റ്റ്!


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top