23 March Thursday

'മറുപടി പറഞ്ഞിട്ട് പോയാ മതി': എകെജിയെ അധിക്ഷേപിച്ച വി ടി ബലറാമിനോട്‌ സോഷ്യല്‍ മീഡിയ

വെബ് ഡെസ്‌ക്‌Updated: Saturday Jan 6, 2018

കൊച്ചി > എകെജിയെ ബാലപീഡകനായി ചിത്രീകരിച്ച വി ടി ബലറാം എം എല്‍ എയ്ക്ക് മറുപടിയുമായി സോഷ്യല്‍ മീഡിയ. 1947ല്‍ കോയമ്പത്തൂര്‍ ജയിലില്‍ എകെജിയെ സന്ദര്‍ശിച്ച 19 കാരിയായ സുശീലാ ഗോപാലനെപ്പറ്റി എ കെ ജി ആത്മ കഥയില്‍ നടത്തുന്ന പരാമര്‍ശങ്ങള്‍ മാറ്റിയെഴുതിയാണ് ബലറാം എകെജിയെ അധിക്ഷേപിച്ചത്.

ബാലറാമിന് മറുപടിയായി വന്ന ചില പോസ്റ്റുകള്‍

ദീപക് ശങ്കരനാരായണന്‍

കരുണാകരനും ഉമ്മൻ‌ ചാണ്ടിയുമായുള്ള വ്യത്യാസമെന്താണ്?

സ്വാഭാവികമായും പല ഉത്തരങ്ങൾ സാദ്ധ്യമാണ്. കരുണാകരൻ കോൺഗ്രസ്സുകാനും ഉമ്മൻ ചാണ്ടി കെ എസ് യു ക്കാരനുമാണ് എന്നതായിരിക്കും എന്റെ ഉത്തരം.

കരുണാകരൻ രാഷ്ട്രീയക്കാരനാണ്. പല റിസ്കുകളുമെടുക്കുന്ന, നഷ്ടസാദ്ധ്യതയുള്ള വ്യവഹാരങ്ങളിൽ കൂടി ഇടപെടാൻ ധൈര്യം കാണിക്കുന്ന, വലതുപക്ഷ രാഷ്ട്രീയക്കാരൻ. ഏതൊരു വലതുപക്ഷരാഷ്ട്രീയക്കാനേയും പോലെ അധികാരക്കൊതിയും സാമ്പത്തിക അഴിമതിയും രാഷ്ട്രീയത്തിന്റെ മദ്ധ്യത്തിൽ നിൽക്കുമ്പോഴും നിങ്ങൾക്ക് കരുണാകരനോട് ഒരു പ്രതിപക്ഷബഹുമാനം സാദ്ധ്യമാണ്.

ഉമ്മന്‍ചാണ്ടി കെ എസ് യു ക്കാരനാണ്. സ്വന്തമായൊരു ഫോൺ പോലും കൊണ്ടുനടക്കാൻ, അതിലെ കാളുകൾക്ക് അക്കൗണ്ടബിൾ ആയിരിക്കാൻ, പോലുമുള്ള റിസ്കെടുക്കില്ല. പോളിറ്റിയെ തുരക്കലല്ലാതെ പോളിറ്റിക്ക് അയാളെക്കൊണ്ട് ഒരുപകാരവുമുണ്ടായിട്ടില്ല. ഉളുപ്പെന്നത് അടുത്തുകൂടെ പോയിട്ടില്ല. അറപ്പല്ലാതെ ഒരു വികാരവും സാമാന്യ നീതിബോധമുള്ള ഒരാളിലും ഉണ്ടാക്കാൻ അയാൾക്ക് കെൽപ്പില്ല. വോട്ടിരിക്കുന്നത് സാമ്പത്തികനയങ്ങളിലും ഭരണവൈഭവത്തിലുമൊന്നുമല്ലെന്ന് അരനൂറ്റാണ്ടുകാലത്തെ കെ എസ് യു പ്രവര്‍ത്തനത്തിലുടനീളം തെളിയിച്ച സമര്‍ത്ഥനായ സതീശന്‍ കഞ്ഞിക്കുഴി. പൊളിറ്റിക്കല്‍ എന്ന് വിളിക്കാവുന്ന ഒരു രാഷ്ട്രീയനടപടിയോ പ്രസംഗമോ പ്രസ്താവനയോ നയമോ ഈ അരനൂറ്റാണ്ടിനുള്ളില്‍ ഉമ്മന്‍ചാണ്ടിയുടെ ഭാഗത്തുനിന്ന്, എല്ലാ കെ എസ് യു ക്കാരെയും പോലെ, ആരും കണ്ടിട്ടില്ല. ആയുഷ്കാലം മുഴുവന്‍ ചാണ്ടി വെറുമൊരു ഉപജാപകനായിരുന്നു, ഒരിക്കല്‍ പോലും അയാള്‍ രാഷ്ട്രീയക്കാരനായിരുന്നിട്ടില്ല.

ഇത് വേണമെങ്കിൽ ശകലം കൂടി സിമ്പിളായി പറയാം. ഏ കെ ഗോപാലന്റെ ആത്മകഥയിൽ നിന്നുള്ള ഒരു ഭാഗം വായിക്കുക.

"കൊയമ്പത്തൂർ ജയിലിൽ കിടക്കുമ്പോൾ അവൾ എന്നെ വന്നുകണ്ടു. നാട്ടിലെ വളർന്നുവരുന്ന പ്രസ്ഥാനത്തോടൊപ്പം വളരുന്ന അവളോട് എനിക്ക് മമത തോന്നി“

ഇനി അത് കെ എസ് യു വിന്റെ എം എൽ എ വി ടി ബൽറാം എങ്ങനെ വായിച്ചു എന്ന് നോക്കുക.

"വളർന്നുകൊണ്ടിരിക്കുന്ന പ്രസ്ഥാനത്തോടൊപ്പം വളർന്നു വരുന്ന സുശീലയും എന്നിൽ മോഹങ്ങൾ അങ്കുരിപ്പിച്ചു".

ഇതെഴുതാൻ കരുണാകരന് പറ്റില്ല, ചാണ്ടിക്ക് പറ്റും. അതാണ് കോൺഗ്രസ്സുകാരനും കെ എസ് യു ക്കാരനും തമ്മിലുള്ള വ്യത്യാസം. .

പരനാറികൾക്കിടയിലും നാറിത്തരത്തിൽ ഗ്രേയ്ഡ് വ്യത്യാസം സാദ്ധ്യമാണ്. ഒരു കോൺഗ്രസ്സുകാരനെങ്കിലുമായി വളരാൻ വി ടി ബൽറാമിന് കഴിയട്ടെ എന്ന് ഞാൻ ആത്മാർത്ഥമായി ആശംസിക്കുന്നു.

എഡിറ്റ്:- എ കെ ജി വിവാഹം ചെയ്തത് പ്രായപൂർത്തിയായ സുശീലയെയായിരുന്നുവെന്നും അതിൽ നിയമപരമോ ധാർമ്മികമായോ ഒരു തെറ്റുമില്ലെന്നും വസ്തുതാപരമായി സമർത്ഥിക്കാവുന്നതേയുള്ളൂ. പക്ഷേ അതിനെന്റെ പട്ടിവരും. ഈ ശവത്തിന് ഈ കൂദാശ മതി.

കെ ജെ ജേക്കബ്ബ് (റസിഡന്റ്റ് എഡിറ്റര്‍, ഡെക്കാന്‍ ക്രോണിക്കിള്‍)

വി ടി ബൽറാമിന്റെ എ കെ ജിയെപ്പറ്റിയുള്ള ഒരു ക്രിമിനൽ കുറ്റാരോപണവും ഒരു ദുസൂചനയും അതിലൊന്നിന് നൽകിയ വിശദീകരണവും കണ്ടു.

ക്രിമിനൽ കുറ്റാരോപണം: 'ബാലപീഡനം നടത്തിയ കമ്മി നേതാവ് എ കെ ജി.'

അതിനുള്ള വിശദീകരണത്തിൽ 'ഹിന്ദു' പത്രത്തിൽ വന്ന ഒരു ഫീച്ചർ ഉദ്ധരിച്ച് ബൽറാം ഇങ്ങിനെ പറയുന്നു:

'ഒരു ദശാബ്ദത്തോളം നീണ്ടുനിന്ന പ്രണയത്തിനൊടുവിലാണ്‌' എകെ ഗോപാലൻ എന്ന മധ്യവയസ്കനായ വിപ്ലവകാരി സുശീലയെ വിവാഹം കഴിച്ചതെന്ന് ആ വാർത്തയിൽ ഹിന്ദു ലേഖകൻ കൃത്യമായി പറയുന്നു.'

ഇത് ഹിന്ദു ലേഖകൻ പറയേണ്ട ആവശ്യമില്ല, എ കെ ജി തന്നെ പറഞ്ഞിട്ടുണ്ട്, ആത്മകഥയിൽ: 'വളരെക്കാലമായി ഞാൻ ആഗ്രഹിച്ചപോലെ എന്റെ സുഖദുഃഖങ്ങളും പ്രവർത്തനവും പങ്കിടാൻ തയാറുള്ള ഒരാൾ എന്റെ ജീവിതസഖാവായിത്തീർന്നു. ഒൻപതുവര്ഷം നീണ്ട കാത്തിരിപ്പ് ഞങ്ങളുടെ ജീവിതത്തിൽ മാധുര്യം കൂടി.'

ദശാബ്ദം എന്ന് നിങ്ങൾ പറയുമ്പോൾ ഒൻപതു വര്ഷം എന്ന് എ കെ ജി തന്നെ പറയുന്നു. അപ്പോൾ അതിലെന്താണ് പുതുതായി ഉള്ളത്? നിങ്ങളുടെ ആരോപണത്തെ സാധൂകരിക്കുന്ന എന്ത് വെളിപ്പെടുത്തലാണ് 'ഹിന്ദു' ലേഖനത്തിൽ ഉള്ളത്?

പക്ഷെ വിഷയം അതല്ലല്ലോ, ബൽറാം. എ കെ ജി പന്ത്രണ്ടു വയസുകാരിയെ പ്രണയിച്ചു എന്നല്ല നിങ്ങൾ പറഞ്ഞത്, അദ്ദേഹം ബാലപീഡനം നടത്തി എന്നാണ്. നമ്മുടെ സമൂഹം അങ്ങേയറ്റം വെറുക്കുന്ന ഒരു കുറ്റകൃത്യമാണ് ഇന്ത്യൻ പാർലമെന്റിലെ ആദ്യ പ്രതിപക്ഷനേതാവിന്റെ സ്‌ഥാനത്തിരുന്ന മനുഷ്യന്റെ നേരെ നിങ്ങൾ ഉന്നയിക്കുന്നത്. ആ ആരോപണത്തിനാണ് തെളിവ് വേണ്ടത്, അല്ലാതെ അദ്ദേഹം പ്രണയിച്ചു എന്നതിനല്ല; അതിനുള്ള തെളിവ് അദ്ദേഹം തന്നെ നൽകിയിട്ടുണ്ട്.

രണ്ട്:

'പത്തുനാല്പതു വയസ്സുള്ള, വിവാഹിതനായ ഒരു വിപ്ലവ നേതാവ് ഒളിവുകാലത്തു അഭയം നൽകിയ വീട്ടിലെ പന്ത്രണ്ടു വയസ്സുകാരിയെക്കുറിച്ച് പറഞ്ഞതാണ്'

'വിവാഹിതനായ വിപ്ലവനേതാവ്' എന്ന് നിങ്ങൾ പറയുന്നത് എന്തടിസ്‌ഥാനത്തിലാണ്? എ കെ ജി വിവാഹിതനായിരുന്നു, ആ വിവാഹം ഒഴിഞ്ഞു, ആദ്യ ഭാര്യ വീണ്ടും വിവാഹം കഴിച്ചു എന്ന് ആത്മകഥയിൽ പറയുന്നുണ്ട്. വിവാഹം ഒഴിയുകയും ആദ്യഭാര്യ പുനർവിവാഹം ചെയ്യുകയും ചെയ്ത ഒരാളെ 'വിവാഹിതൻ' എന്ന് ആ വാക്കിനു വലിയ അർത്ഥമുള്ള കോണ്ടെക്സ്റ്റിൽ പ്രയോഗിക്കുന്നത് എന്ത് മര്യാദയാണ്?

നിങ്ങൾ പറയുന്നതുപോലെ 'അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തേക്കുറിച്ച്‌ പബ്ലിക്‌ ഡൊമൈനിൽ ലഭ്യമായ വിവരങ്ങൾ' ആവർത്തിക്കാൻ നിങ്ങൾക്കവകാശമുണ്ട്. പക്ഷെ 'ബാലപീഡനം' ഏതു പബ്ലിക് ഡൊമൈനിൽ ലഭ്യമായ വിവരമാണ് എന്ന് നിങ്ങൾ പറഞ്ഞേ തീരൂ. സുശീലയെ പ്രണയിക്കുമ്പോൾ അദ്ദേഹം 'വിവാഹിതനാണ്' എന്ന പരാമര്ശത്തിനും നിങ്ങൾ വിശദീകരണം നൽകിയേ തീരൂ.

അതിനു കഴിവില്ലെങ്കിൽ ഇല്ലാത്ത ന്യായീകരണങ്ങൾ പറഞ്ഞു നിങ്ങള്ക്ക് ഒഴിഞ്ഞുമാറാനാവില്ല. നിങ്ങൾ ആ പരാമർശങ്ങൾ പിൻവലിച്ച് അദ്ദേഹത്തെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന മനുഷ്യരോട്അവരിൽ കോൺഗ്രസുകാരും ഉണ്ട്ക്ഷമ ചോദിക്കുക തന്നെ വേണം.

കേരളത്തിലെ ഒരു നിയമസഭംഗം സാധാരണ പുലർത്തുന്ന മാന്യത പുലർത്താൻ നിങ്ങൾക്കും ബാധ്യതയുണ്ട്.

ഒരിക്കൽക്കൂടി:

മരിച്ചുപോയ നേതാവിനെക്കുറിച്ച് നിങ്ങൾ ഉന്നയിച്ചത് അത്യന്തം ഗൗരവമായ ക്രിമിനൽ കുറ്റമാണ്. അതിനു തെളിവ് നൽകാനുള്ള ഉത്തരവാദിത്തം നിങ്ങൾക്കുണ്ട്. ഇനി അതല്ല വഴിയേ പോകുമ്പോൾ മാവിന് കല്ലെറിയുന്ന കുട്ടിയാണ് താൻ എന്ന് സ്വയം കരുതാൻ രണ്ടാം പ്രാവശ്യം എം എൽ എ ആയ ആൾക്കു അവകാശമുണ്ട്, മാവിന്റെ ഉടമകൾ അതംഗീകരിച്ചാലും ഇല്ലെങ്കിലും.

പി കെ ശ്രീകാന്ത്

'കാലൻ വന്നു വിളിച്ചിട്ടും
പോകാതെന്തൂ ഗോപാലാ'

പണ്ട് സഖാവ് എകെജി അസുഖ ബാധിതനായി മരണശ്ശയ്യയിൽ കിടക്കുമ്പോൾ പഴയ ഖദർ കോണ്ഗ്രസുകാർ വിളിച്ച മുദ്രാവാക്യമാണ്.
എകെജി പോയി.സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രതിപക്ഷ സ്ഥാനം അലങ്കരിച്ച അദ്ദേഹത്തിന് ചരിത്രം പാവങ്ങളുടെ പടത്തലവൻ എന്ന പേരും സമ്മാനിച്ചു.

പക്ഷേ ചരിത്രം ആവർത്തിക്കുകയാണ്.മാർക്സ് പറഞ്ഞ പോലെ ആദ്യം അവിചാരിതവും പിന്നീട് പ്രഹസനവുമായുമൊന്നുമല്ല.ഇവർ അന്നും ഇന്നും പ്രഹസനം മാത്രമാണ്.
ബഹു തലങ്ങളിൽ വ്യാപരിച്ചു കിടന്ന സ്വാതന്ത്ര സമര പോരാട്ടങ്ങൾ ഒറ്റ ആങ്കിളിലേക്ക് കൂട്ടി കെട്ടി ആ ഖദറിന്റെ പങ്കു പറ്റി കാലമിന്നോളം കക്കുക,മുക്കുക,കട്ടവന്റെ ആസനം കഴുകി കൊടുത്താണെങ്കിലും നക്കുക എന്ന ഒറ്റ രാഷ്ട്രീയത്തിന് വേണ്ടി കൈ മെയ് മറന്ന് ഒത്തു കൂടുന്ന ആള്കൂട്ട പാർട്ടിയുടെ പുതിയ താരോദയത്തിന്റെ പുത്തൻ ജോലി സംഘികളെ വെല്ലുന്ന തരത്തിൽ ചരിത്രത്തിന്റെ അപ നിർമ്മാണമാണ്.പണ്ട് എകെജിയെ കാലൻ വിളിക്കാത്തതിൽ അമർഷം കൊണ്ടവർ ഇന്ന് അര്മാദിക്കുന്നത് എകെജിയെ ശിശു പീഡകനായി ചിത്രീകരിച്ച് കൊണ്ട്.

' ഞാൻ ഒളിവിൽ നിന്ന് പുറത്ത്‌ വന്നപ്പോൾ ഒരു സഖാവ്‌ എന്നെ അറിയിച്ചു ' സുശീല ഫോട്ടോയും വെച്ച്‌ കാത്തിരിക്കുന്നു അങ്ങ്‌ എഴുത്തെഴുതാത്തതിൽ അവൾ ദുഖിതയാണു. അവളെ കാണണമെന്ന് ഞാൻ തീരുമാനിച്ചു.സഖാവ്‌ കൃഷ്ണ പിള്ള എന്റെ കൂടെ വരാമെന്ന് പറഞ്ഞു . എന്നാൽ എനിക്കത്‌ ചെയാൻ കഴിഞ്ഞില്ല . ഞാൻ അറസ്റ്റ്‌ ചെയ്യപ്പെട്ടു . ഞാൻ കോയംബത്തൂർ ജയിലിൽ കിടക്കുംബോൾ അവൾ എന്നെ കാണാൻ വന്നു .

നാട്ടിലെ വളർന്നുവരുന്ന പ്രസ്ഥാനത്തോടൊപ്പം വളരുന്ന അവളോട്‌ എനിക്ക്‌ കൂടുതൽ മമത തോന്നി .

ഞാൻ ജയിലിൽ നിന്ന് പുറത്ത്‌ വന്നാലുടനെ വിവാഹിതരാകണമെന്ന് ഞങ്ങൾ അവിടെവെച്ച്‌ അപ്പോൾ തന്നെ തീരുമാനിച്ചു '
സ:എകെജിയുടെ ആത്മകഥയിൽ പേജ് 193 ൽ എഴുതിയതാണ്‌ ഈ വാചകങ്ങൾ.ഇതിൽ സൂചിപ്പിച്ച പെണ്കുട്ടി സ:എകെജിയുടെ ഭാര്യ സുശീല ഗോപാലനു അന്ന് 19 വയസ്സ് പ്രായമുണ്ട്.ഈ രേഖയെ വളച്ചൊടിച്ചു ഫെയ്‌സ് ബുക്കിലെ വിശ്വ വിഖ്യാത ഫാസിസ്റ്റ് വിരുദ്ധ പോരാളി വിടി ബൽറാം പറയുന്നു എകെജി 12 വയസ്സു പെണ്കുട്ടിയോട് മോഹം തോന്നി ബാല പീഡനം നടത്തിയ കമ്മി നേതാവാണെന്ന്.

കേസും,മാപ്പും ഒക്കെ അതിന്റെ വഴിക്ക് നടക്കട്ടെ.കുറച്ചു നാളായി ബലരാമനും ഭക്ത ശിങ്കിടികളും ഒരേ പോലെയുള്ള വാചകങ്ങൾ വള്ളി പുള്ളി തെറ്റാതെ ആവർത്തിക്കുന്നത് കണ്ടപ്പോഴേ നിരീച്ച സംശയമാണ്.സീക്രട്ട് ഗ്രൂപ് ചർച്ച നടത്തി ഇമ്മാതിരി പണിക്ക് ഇറങ്ങുമ്പോ മിനിമം വീക്ഷണം പത്രമെങ്കിലും കൈ കൊണ്ട് തൊട്ടവനോടെങ്കിലും രണ്ടു വട്ടം ആലോചിക്കടെ.ഇല്ലെങ്കിൽ കേസും, മാപ്പും,കോപ്പിന്റെയുമൊക്കെ കൂടെ ആ

ത്മാഭിമാനമുള്ള മനുഷ്യരുടെ കൈ തരിപ്പും കൂടെയറിഞ്ഞെന്നു വരും.

ന്തോ, വയലൻസ് ആണെന്നല്ലേ..ആണുവ്വേ. ഇതേ എകെജി ജീവിച്ചിരുന്ന കാലത്ത് നീയൊക്കെ കാലു നക്കി വളർത്തിയ പഴയൊരു സാറിന്റെ മൂക്ക് ചെത്തി കണ്ടം വഴി ഓടിച്ചതും വയലൻസായിരുന്നു.

ബി അരുന്ധതി

ജനങ്ങള്‍ തെരഞ്ഞെടുത്ത എംഎല്‍എ യാണ്. പറയുന്നത് പൊതുസ്ഥലത്താണ്.
എ.കെ.ജി യെ കമ്യൂണിസ്റ്റ് പാര്‍ടി നേതാവെന്ന രീതിയില്‍ നിങ്ങള്‍ ബഹുമാനിക്കണമെന്നില്ല. പക്ഷെ ഇന്ത്യന്‍ ലോക് സഭയുടെ ആദ്യ പ്രതിപക്ഷ നേതാവ് ബാലപീഡനം നടത്തി എന്ന് യാതൊരു തെളിവുമില്ലാതെ വിളിച്ചുകൂവാന്‍ ഒരു ജനപ്രതിനിധിയെ അനുവദിച്ചുകൂടാ. ഒളിവില്‍ സഖാവ് എ.കെ.ജിക്ക് അഭയം കൊടുത്ത മുഴുവന്‍ സ്ത്രീകളെയും വി.ടി.ബല്‍റാം അപമാനിക്കുകയാണ്.
ജനങ്ങള്‍ വിഡ്ഢികളാണെന്നും സ്വന്തം നിലവാരത്തിനനുസരിച്ച് എന്ത് വൃത്തികേട് പറഞ്ഞും രക്ഷപെടാമെന്നും നിങ്ങള്‍ വിചാരിക്കണ്ട.
എ.കെ.ജി യുടെ ബാലപീഢനത്തിന് തെളിവുണ്ടോ? ഇല്ലെങ്കില്‍ മാപ്പ് പറയണം.
പറഞ്ഞിട്ട് പോയാ മതി.

അനീഷ്‌ ഷംസുദീന്‍

വീണ്ടും വി ടി ബൽറാം നുണ പറയുന്നു . വീണെങ്കിൽ എണീറ്റ്‌ പോടെ , അവിടെ കിടന്ന് ഉരുളാതെ.....

എ കെ ജി യുടെ ജീവിതം ചരിത്രമാണു , അത്‌ ഹിന്ദു പത്രത്തിനായാലും , ബൽറാമിനായാലും തിരുത്താൻ കഴിയില്ല .

ബൽറാം പറഞ്ഞത്‌ പോലെ 1940 ൽ എ കെ ജി ഒളിവിലായിരുന്നു , പക്ഷെ സുശീലയുടെ വീട്ടിൽ ആയിരുന്നില്ല എന്നത്‌ പോയിട്ട്‌ കേരളത്തിൽ പോലുമായിരുന്നില്ല . തമിഴ്‌ നാട്ടിൽ തൃശ്നാപ്പള്ളിയിലായിരുന്നു എ കെ ജി നാൽപത്കളിൽ ഒളിവിൽ കഴിഞ്ഞത്‌ . അവിടെ ഒളിവിലിരുന്ന് റെയിൽവെ തൊഴിലാളികളെ സംഘടിപ്പിക്കുകയായിരുന്നു എ കെ ജി .

ഒരു വർഷം തമിഴ്‌ നാട്ടിലെ ഒളിവു ജീവിതത്തിനു ശേഷം 1941 മാർച്ച്‌ 24 ന്‌ തൃശ്നാപ്പള്ളിയിൽ അറസ്റ്റ്‌ ചെയപ്പെട്ട എകെജി യെ , വെല്ലൂർ ജയിലിലാണു തടവിൽ പാർപ്പിച്ചത്‌ .

എന്നാൽ 1941 സെപ്റ്റംബർ 25 അർദ്ധരാത്രിയിൽ എകെജിയും കൂട്ടരും വെല്ലൂർ ജയിലിലെ മതിൽ തുരന്ന് തടവ്‌ ചാടി ഉത്തരേന്ത്യയിലേക്ക്‌ രക്ഷപെട്ടു . നേരെ ബോംബെയിലേക്കും അവിടന്ന് കാൺപൂരിലേക്കും തുടർന്ന് കൽക്കട്ടയിലേക്ക്‌ കടന്നു എ കെ ജി

കൽക്കട്ടയിലെ ഇഷ്ടികചൂളയിൽ ദുരിതപൂർണ്ണമായ ജോലിയെക്കുറിച്ചും അവിടെ തൊഴിലാളികളെ സംഘടിപ്പിച്ചതിനെക്കുറിച്ചും എ കെ ജി തന്നെ വിശദമായി എഴുതിയിട്ടുണ്ട്‌ .

വർഷങ്ങൾ നീണ്ട ഉത്തരേന്ത്യയിലെ ഒളിവ്‌ ജീവിതം അവസാനിപ്പിച്ച്‌ കേരളത്തിലേക്ക്‌ സഖാവ്‌ വരുന്നത്‌ 1946 ലെ തിരഞ്ഞെടുപ്പിൽ കോഴിക്കോട്‌ നിന്ന് മൽസരിക്കാനായിരുന്നു . ആ കാലഘട്ടത്തിലായിരുന്നു സഖാവ്‌ സുശീലയുടെ വീട്ടിൽ ഒളിവിൽ താമസിച്ചത്‌ . മൂന്ന് മാസത്തോളം എകെജി സുശീലയുടെ വീട്ടിൽ ഒളിവിൽ താമസിച്ചിരുന്നു . അന്ന് പതിനാറു
വയസുണ്ടായിരുന്ന സുശീല കോളേജ്‌ വിദ്യാർത്ഥിനി ആയിരുന്നു .

( അന്നത്തെ കാലത്തെ ശരാശരി വിവാഹപ്രായം പതിനഞ്ച്‌‌ പതിനാറു വയസായിരുന്നു എന്നൊക്കെ അറിയാൻ ബൽറാമിന്റെ വീട്ടിൽ മുത്തശിമാർ ഉണ്ടെങ്കിൽ അവരോട്‌ കല്യാണം നടന്ന പ്രായം ചോദിചാൽ മതി )

1946 ൽ ഒളിവ്‌ ജീവിതം വിട്ട്‌ പുറത്ത്‌ വന്ന എ കെ ജി അറസ്റ്റിലാകുകയും , ഇന്ത്യക്ക്‌ സ്വാതന്ത്രം കിട്ടുംബോൾ പോലും അദ്ദേഹം ജയിലിൽ അടക്കപ്പെടുകയുമായിരുന്നു . 1947 ൽ കോയംബത്തൂർ ജയിലിൽ കിടന്ന എ കെ ജി യെ സുശീല സന്ദർശ്ശിക്കുകയും അവിടെ വെച്ച്‌ അവർ വിവാഹിതരാകാൻ തീരുമാനിക്കുകയും ചെയ്തു ( ഈ സംഭവമാണു ബൽറാം വളച്ചൊടിച്ച്‌ 12 വയസുള്ള പെൺകുട്ടിയെ കണ്ട്‌ എ കെ ജി കാമാതുരനായെന്ന് എഴുതി വെച്ചത്‌ !! )

പുന്നപ്ര വയലാറിന്റെ സമര പാരംബര്യമുള്ള കുടുംബത്തിൽ നിന്ന് വരുന്ന സുശീല അക്കാലത്ത്‌ തന്നെ കമ്യുണിസ്റ്റ്‌ പാർട്ടി പ്രവർത്തകയായിരുന്നു .1948ൽ തന്റെ പതിനെട്ട്‌ വയസിൽ കമ്യുണിസ്റ്റ്‌ പാർട്ടിയുടെ മെംബർഷിപ്പിൽ വന്നു , സഖാവ്‌ സുശീല . സംഘടനാ പ്രവർത്തനം കാരണം കോളേജുകളിൽ നിന്ന് പുറത്താക്കപ്പെട്ട സുശീല നാലു കോളേജുകളിൽ നിന്നാണു ബിഎ പഠനം പൂർത്തിയാക്കിയത്‌ . തന്റെ 23 ആമത്തെ വയസിലാണ്‌ പാവങ്ങളുടെ പടത്തലവന്റെ ഭാര്യ ആയത്‌

ചുരുക്കിപറഞ്ഞാൽ സുശീലക്ക്‌ 16 വയസുള്ളപ്പോളാണു എ കെ ജി ആദ്യമായി സുശീലയെ കാണുന്നത്‌.
17 വയസുള്ളപ്പോൾ കോയംബത്തൂർ ജയിൽ വെച്ച്‌ അവർ വിവാഹിതരാകാൻ തീരുമാനിച്ചു.
23 ആം വയസിൽ അവർ വിവാഹിതയായി .

ഇനിയെങ്കിലും ശിശുപീഡക ശിഷ്യന്മാരുടെ ന്യായീകരണങ്ങൾ തൊണ്ട തൊടാതെ വിഴുങ്ങല്ലെ ബൽറാമെ . ഒന്നുമില്ലെങ്കിലും നിങ്ങൾ 1940 ൽ ശിശുപീഡനം നടത്തി എന്ന് പറഞ്ഞ എ കെ ജി , തൊട്ട്‌ മുന്നത്തെ വർഷം അതായത്‌ 1939 ലെ തൃപുര അകഇഇ സെഷനിൽ പങ്കെടുത്ത അകഇഇ അംഗമായിരുന്നു എന്ന് താങ്കൾക്ക്‌ അറിവുണ്ടാവുകയില്ല .

അഗഏ യുടെ ജീവിതം എന്നത്‌ ചരിത്രമാണു . ചരിത്രവും കോൺഗ്രസുകാരനും തമ്മിൽ ആടും ആടലോടകവും തമ്മിലുള്ള ബന്ധം പോലും ഉണ്ടാകില്ലാന്ന് അറിയാത്ത ആരാണുള്ളത്‌

മാപ്പ്‌ പറയണം എന്ന് പറയില്ല , ഉളുപ്പുണ്ടെങ്കിൽ വീണിടത്ത്‌ കിടന്ന് ഉരുളാതെ എണീറ്റ്‌ പോടെ

പറയുന്നതെല്ലാംനുണകളാണെന്ന്തെളിയിച്ചിട്ടേപോകു

 

റെജി ജോർജ്ജ്

ബലറാം ഏതൊ ഒരു ഫെയ്സ്ബുക് പോസ്റ്റിനു താഴെ പ്രകോപിതനായി എ.കെ.ജിയെപ്പറ്റി ഒരു മോശം കമന്റ് എഴുതിയതാണൊ?

വളരെ ഉറച്ച ബോധ്യത്തോടുകൂടെ അത്തരം ഒരു ആരോപണം ഉയര്‍ത്തിയതാണെന്നാണു തോന്നുന്നത്. അതിനെ ന്യായികരിക്കുവാന്‍ എ.കെ.ജിയുടെ ആത്മകഥയിലെ സ്കാന്‍ ചെയ്ത പേജും, ഹിന്ദുവിലെ ഒരു വാര്‍ത്തയുമൊക്കെ ഇത്രപെട്ടന്ന് ഷെയര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്.

കോണ്‍ഗ്രസ്സിന്റെ ഉപശാലകളില്‍ ഇത്തരം ഒരു ചര്‍ച്ചയും അതിനോട് അനുബന്ധമായി ഇത്തരം ഒരു പൊതുനിലപാടും ഉയര്‍ന്നിട്ടുണ്ടാവണം അല്ലെങ്കില്‍ ബാലരാമന്‍ ഉള്‍പ്പെട്ട ഏതെങ്കിലും മാധ്യമ കോക്കസ് ഇതിന്റെ പിന്നില്‍ ഉണ്ടാവണം.

പാര്‍ട്ടി സമ്മേളനങ്ങള്‍ നടക്കുന്ന സമയത്ത് ബലറാമിനാല്‍ പ്രകോപിതരായി ആരെങ്കിലും അയാള്‍ക്ക് എതിരെ ഒരു കരിയില എങ്കിലും പറത്തിയാല്‍ പാര്‍ട്ടി കോണ്‍ഗ്രസ്സ് തീരും വരെ ഇവിടെ മാധ്യമങ്ങള്‍ എ.കെ.ജിയെപ്പറ്റി എന്തു വഷളന്‍ ചര്‍ച്ചയും നടത്തുവാന്‍ അണിഅറയില്‍ സജീവമായി തയ്യാറെടുപ്പ് നടത്തുന്നുണ്ടാവണം.

എന്തായാലും ഇടതുപക്ഷം ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നു. സംഘപരിവാര്‍ ഉപജാപത്തിനു സമാനമായ രീതിയിലാണു ഇതും ഫെയ്സ്ബുക്കില്‍ എത്തിച്ചിരിക്കുന്നത്.

നിഷ മഞ്ചേഷ്

അണക്കരയിൽ നിന്ന് കുമളിയ്ക്ക് പോകുന്ന പത്ത് കിലോമീറ്ററിനിടയിൽ ഒരു ബസ് സ്റ്റോപ്പ് ഉണ്ട് , 'എ കെ ജി പടി'. അതെന്താ എ കെ ജി പടി എന്ന് അമ്മയോട് സംശയം ചോദിക്കുന്നത് തീരെ ചെറുതായിരിക്കുമ്പോൾ ആണ് . 'ദാ ഈ കാണുന്ന സ്ഥലമെല്ലാം ഒന്നുമില്ലാത്ത സാധാരണക്കാർക്ക് സമരം കിടന്നു വാങ്ങി കൊടുത്ത സഖാവാണ് എ കെ ജി' എന്ന് മറുപടി കേട്ട് ബസ്സിന്റെ ജനൽ ചതുരത്തിലൂടെ കണ്ണ് തുറന്ന് 'അമരാവതി' എന്ന നാടിനെ കാണുമ്പോൾ 'സഖാവ് സമരം കിടന്ന സ്ഥലമാണ് എ കെ ജി പടി' എന്ന് അമ്മ തുടർന്നു.

പിന്നീട് വർഷങ്ങളോളം ആ വഴിയേ പോയി. ഇന്നും നാട്ടിൽ പോകുമ്പോൾ വീട്ടിലേയ്ക്ക് പോകുന്നത് എ കെ ജി പടി കടന്നാണ്. കണ്ണ് നിറച്ചുനോക്കാതെ ഒരിക്കലും അവിടെ കടന്നു പോയിട്ടില്ല. ഞാൻ മാത്രമല്ല , അവിടൊരാളും അങ്ങനല്ലാതെ പോവില്ല.

സഖാവ് ഞങ്ങളുടെ മണ്ണിന്റെ നായകൻ ആണ് . സ്വന്തമായി ഒന്നുമില്ലാതെ കാട്ടാനയോടും മലങ്കാറ്റിനോടും തോറ്റ് പോകാതെ ഞങ്ങൾക്ക് വേരുറയ്ക്കാൻ മണ്ണ് തരാൻ പട്ടിണി കിടന്ന നായകനാണ് എ കെ ജി.

ഇന്ന് നിങ്ങൾ ഇപ്പറയുന്ന വങ്കത്തരമൊന്നും ആ മണ്ണിൽ വന്നു പറയില്ല ഒരു കോൺഗ്രെസ്സുകാരനും .

വെല്ലുവിളി തന്നെയാണെടോ .

അമരവാതിയിൽ കാല് വെക്കുമ്പോൾ സഖാവ് എ കെ ജി യുടെ മണ്ണാണ് എന്ന് ഉള്ളിൽ പറയുന്ന ഒരു ഇടുക്കികാരിയുടെ, കുമളിക്കാരിയുടെ, അമരാവതി സ്‌കൂളിൽ പഠിച്ച ഒരുവളുടെ വെല്ലുവിളി.
#MLA_VT_Balaram_Should_Appologize
#ബലറാം_എം_എൽ_എ_മാപ്പുപറയുക.

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top