30 May Tuesday

പറഞ്ഞതൊക്കെയും മൂടിവെക്കുന്ന കോഴ്സിന്റെ കോളേജ് അഥവാ ജമാ അത്തെ ഇസ്ലാമി: നിതീഷ് നാരായണന്‍

വെബ് ഡെസ്‌ക്‌Updated: Thursday Feb 23, 2017
എസ്എഫ്ഐ നേതാക്കള്‍ക്കെതിരെ എസ്ഐഒ നടത്തിയ വ്യാജ പ്രചരണത്തിന്റെ വസ്തുത വിശദീകരിച്ചവര്‍ക്കെതിരെയും പ്രചാരണങ്ങള്‍ നടത്തുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് എസ്എഫ്ഐ കേന്ദ്ര സെക്രട്ടറിയറ്റ് അംഗം നിതീഷ് നാരായണന്‍ നടത്തിയ പ്രതികരണം ഫേസ്‌ബുക്കില്‍ നിന്ന് പിന്‍വലിച്ചെന്നാണ് പുതിയ പ്രചരണം.

തന്റെ പ്രതികരണം എവിടെയും പോയിട്ടില്ലെന്ന് വ്യക്തമാക്കിയ നിധീഷ് ജമാ അത്തെ ഇസ്ലാമിയോട് ചില ചോദ്യങ്ങള്‍ ഉന്നയിക്കുന്നു. 'ചരിത്രപരമായി തന്നെ പറഞ്ഞ കാര്യങ്ങള്‍ പിന്‍വലിക്കുക, തരം പോലെ മാറ്റി പറയുക, ആളുകള്‍ വായിച്ചാല്‍ തങ്ങളുടെ കാപട്യം പുറത്താകും എന്ന് പേടിച്ച് പുസ്തകങ്ങള്‍ വരെ പിന്‍വലിക്കുക, മറച്ചുവെക്കുക തുടങ്ങിയ കോഴ്സിന്റെ കോളേജ് നടത്തുന്നവരാ ജമാത്തെക്കാര്. ആദ്യം അതൊക്കെ തിരികെ എത്തിക്കാന്‍ നോക്കു' എന്നും പ്രതികരിച്ചു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ഞാന്‍ ഒരു പോസ്റ്റും പിന്‍വലിച്ചിട്ടോ മാറ്റം വരുത്തിയിട്ടോ ഇല്ല. ഇനിയും സംശയം ഉള്ള അരെങ്കിലും ഉണ്ടെങ്കില്‍ വരാം. എന്റെ പ്രൊഫെയില്‍ പേജ്‌ കാണിച്ചു തരാന്‍ ഒരുക്കമാണ്‌. പിന്നെ ഞാന്‍ ഒരു സുഹൃത്തിന്റെ പോസ്റ്റ്‌ ഷെയര്‍ ചെയ്തതാണ്‌. അവന്റെ വാളില്‍ അത്‌ കാണാന്‍ പറ്റുന്ന ആര്‍ക്കും എന്റെ പേജിലും കാണാം. എന്നിട്ടും പറ്റുന്നില്ലെങ്കില്‍ അത്‌ 'കാഴ്‌ചപ്പാടിലുള്ള' പ്രശ്നമാകും. ചികില്‍സയില്ല. എസ്‌ എഫ്‌ ഐ യുടെ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ്‌ പറഞ്ഞുവെന്ന് പറഞ്ഞ്‌ ഒരു നുണ വ്യാപകമായി പ്രചരിപ്പിച്ചപ്പോള്‍ അങ്ങനെയുണ്ടായിട്ടില്ല എന്നാണ്‌ പറഞ്ഞത്‌. തീവ്രവാദ കേസുകളില്‍ ജമാത്തെ ഇസ്ലാമി ബന്ധമുള്ള ആരും അറസ്റ്റ്‌ ചെയ്യപ്പെട്ടിട്ടില്ല. അങ്ങനെ ആരു പ്രസ്താവിച്ചാലും അത്‌ വസ്തുതാവിരുദ്ധമാണ്‌. ഇന്ത്യയില്‍ തീവ്രവാദ പ്രവര്‍ത്തനം ആരോപിച്ച്‌ അറസ്റ്റ്‌ ചെയ്യപ്പെട്ടവരില്‍ എത്രയോ നിരപരാധികളായ മുസ്ലീം ചെറുപ്പക്കാരുണ്ട്‌. നൂറുകണക്കിന്‌ മുസ്ലീം ചെറുപ്പക്കാരുടെ ജീവിതം തകര്‍ത്തെറിഞ്ഞിട്ടുണ്ട്‌. ഇനി ജമാത്തെ ഇസ്ലാമിയുടെ രാഷ്ട്രീയം തീവ്രവാദപരമാണെന്ന് പറഞ്ഞത്‌ മുസ്ലീം സമുദായത്തിലെ തന്നെ ഭൂരിപക്ഷമാണല്ലോ. കോട്ടയ്ക്കലില്‍ ചേര്‍ന്ന വിവിധ മുസ്ലീം സംഘടനകളുടെ യോഗത്തിലെ ജമാത്തെ ഇസ്ലാമിയെ തള്ളിപ്പറഞ്ഞുകൊണ്ടുള്ള പ്രമേയമൊന്നും മറന്നുപോയിട്ടില്ലല്ലോ. മുസ്ലീം ലീഗ്‌ നേതാക്കന്മാരുടെയൊക്കെ പ്രസംഗങ്ങള്‍ യൂടൂബില്‍ ഉണ്ടാകും. തീവ്രവാദത്തെയും ജമാത്തെ ഇസ്ലാമിയെയും ചേര്‍ത്ത്‌ ഒരായിരം തവണ പറയുന്നത്‌ കേള്‍ക്കാം. ഇതൊക്കെ 'ഇസ്ലാമോഫോബിയ' യുടെ പരിധിയില്‍ തന്നെ വരുമോ? ഇതിനൊന്നും മറുപടി പറയാതെ എസ്‌ എഫ്‌ ഐ യുടെ ജില്ലാകമ്മറ്റിയംഗമായ ഫാസിലിന്റെ പ്രസ്താവന മാത്രമെടുത്ത്‌ ഇസ്ലാമോഫോബിയ ആരോപിക്കുന്നതിന്റെ പിന്നിലെ ഉദ്ദേശം അത്ര നിഷ്കളങ്കമല്ലല്ലോ.

എന്റെ പോസ്റ്റില്‍ ജമാത്തിനെ പ്രകോപിപ്പിച്ചത്‌ അതില്‍ നജീബിന്റെ സഹോദരിയെ ചേര്‍ത്ത്‌ നുണപ്രചരണം നടത്തിയതിനെക്കുറിച്ച്‌ പറഞ്ഞതാണെന്നറിയാം. ജമാത്തിന്റെ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ സംസ്ഥാന കമ്മറ്റി സംഘടിപ്പിച്ച പരിപാടിയില്‍ വച്ച്‌ നജീബിന്റെ സഹോദരി പറഞ്ഞുവെന്ന വ്യാജേന എസ്‌ എഫ്‌ ഐക്കെതിരെ കല്ലുവെച്ച നുണ പ്രസംഗിച്ചപ്പോള്‍ തിരുത്തിക്കാന്‍ ആരെയും കണ്ടില്ലല്ലോ. പിന്നീട്‌ നജീബിന്റെ സഹോദരി തന്നെ താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കിയപ്പോഴല്ലേ കള്ളക്കളി പുറത്തായതില്‍ ഉരുളാന്‍ തുടങ്ങിയത്‌. ജമാത്തെക്കാര്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലുള്‍പ്പടെ പ്രചരിപ്പിക്കുന്ന പരിഹാസങ്ങളില്‍ ഒന്ന് 'മുസ്ലീം പെണ്‍കുട്ടിക്കൊപ്പം തീയ്യച്ചെറുക്കന്‌' നടക്കാനുള്ള അവകാശത്തിനായി പോരാടുകയാണ്‌ എസ്‌ എഫ്‌ ഐ എന്നൊക്കെയാണ്‌. സ്ക്രീന്‍ ഷോട്ടൊക്കെ തരാന്‍ ബുദ്ധിമുട്ടില്ല കേട്ടോ. നിങ്ങളെ പ്രകോപിപ്പിക്കുന്നത്‌ എന്താണെന്ന് മനസ്സിലാകുന്നുണ്ട്‌. അതിന്‌ കീഴടങ്ങാന്‍ തല്‍കാലം ഉദ്ദേശമില്ല.

ഏതായാലും ഫേസ്ബുക്ക്‌ പോസ്റ്റ്‌ പിന്‍ വലിച്ചുവെന്നൊക്കെയുള്ള വ്യാജ പ്രചരണങ്ങള്‍ക്ക്‌ ശേഷം സമയമുണ്ടെങ്കില്‍ ഇതേ ചോദ്യം ജമാത്തെ ഇസ്ലാമിയുടെ നേതാക്കളോടും ചോദിക്കണം. ചരിത്രപരമായി തന്നെ പറഞ്ഞ കാര്യങ്ങള്‍ പിന്‍വലിക്കുക, തരം പോലെ മാറ്റി പറയുക, ആളുകള്‍ വായിച്ചാല്‍ തങ്ങളുടെ കാപട്യം പുറത്താകും എന്ന് പേടിച്ച്‌ പുസ്തകങ്ങള്‍ വരെ പിന്‍വലിക്കുക, മറച്ചുവെക്കുക തുടങ്ങിയ കോഴ്‌സിന്റെ കോളേജ്‌ നടത്തുന്നവരാ ജമാത്തെക്കാര്‌. ആദ്യം അതൊക്കെ തിരികെ എത്തിക്കാന്‍ നോക്ക്‌ ചങ്ങാതിമാരെ. ആളുകളൊക്കെ നിങ്ങളെ പറ്റിയും ആചാര്യന്‍ മൗദൂദിയെ പറ്റിയുമെല്ലാം പഠിക്കട്ടെ. കാശ്‌ തരാം, എനിക്ക്‌ മൂന്ന് പുസ്തകങ്ങള്‍ ആവശ്യമുണ്ട്‌. കൈയ്യിലുണ്ടെങ്കില്‍ തരാനുള്ള കനിവുണ്ടാകണം. 1. പര്‍ദ. 2. അല്‍ജിഹാദു ഫില്‍ ഇസ്ലാം(ഇസ്ലാമിലെ ജിഹാദ്), 3. മുര്‍തദ് കീ സസാ ഇസ്ലാമീ ഖാനൂന്‍ മെ (മതം മാറ്റത്തിന് ഇസ്ലാമികനിയമത്തിലെ ശിക്ഷ ).

ഇനി എം എ കാരപ്പഞ്ചേരി പറയും.

'അന്‍പതുകളുടെ തുടക്കത്തില്‍ തന്നെ കേരളത്തില്‍ മൌദൂദിയുടെ ഉര്‍ദു പുസ്തകങ്ങളുടെ പരി‍ഭാഷകള്‍ വന്നുതുടങ്ങിയിരുന്നു. ഇന്നും ഓരോ കൃതികള്‍ മലയാളത്തില്‍ വന്നുകൊണ്ടിരിക്കുന്നു. ജമാ അത്തിന്റെ പ്രസിദ്ധീകരണസംവിധാനമായ കോഴിക്കോട്ടെ ഇസ്ലാമിക് പബ്ലിഷിങ് ഹൌസ് (IPH) ആണ് ഇതിനു നേതൃത്വം നല്‍കുന്നത്. ചില കൃതികള്‍ കേരളീയരുടെ ശ്രദ്ധയില്‍ പെടാതിരിക്കുവാന്‍ ശ്രദ്ധിക്കുക, പരിഭാഷകളില്‍ ഗുരുതരമായ കൃത്രിമം കാണിക്കുക, മൂല കൃതികളുടെ മൌലിക സന്ദേശത്തില്‍ യഥേഷ്ടം കൈ കടത്തുക, ഖുര്‍ ആന്‍ വാക്യങ്ങള്‍ പോലും വികലമായി തര്‍ജ്ജമ ചെയ്യുക, പരിഭാഷയില്‍ മൂലകൃതിയിലുള്ള ചില അധ്യായങ്ങള്‍ തന്നെ ഒഴിവാക്കുക തുടങ്ങിയ അനേകം വിമര്‍ശനങ്ങള്‍ ഇതിനകം IPH നേരെ ഉയര്‍ന്നുവന്നിട്ടുണ്ട്.

എന്തിനാണു ജമാ അത്തുകാര്‍ ചില മൌദൂദി കൃതികള്‍ കേരളീയരുടെ മുമ്പില്‍ എത്തരുതെന്നു ശഠിക്കുന്നത്? തങ്ങള്‍ തുറന്നു കാട്ടപ്പെടുമെന്ന ഭീതി കൊണ്ടു തന്നെ . മലയാളത്തില്‍ പരിഭാഷപ്പെടുത്താന്‍ മടിച്ചിരുന്ന മൂന്നു കൃതികള്‍ : 1. പര്‍ദ. 2. അല്‍ജിഹാദു ഫില്‍ ഇസ്ലാം(ഇസ്ലാമിലെ ജിഹാദ്), 3. മുര്‍തദ് കീ സസാ ഇസ്ലാമീ ഖാനൂന്‍ മെ (മതം മാറ്റത്തിന് ഇസ്ലാമികനിയമത്തിലെ ശിക്ഷ ). ഇവയില്‍ രണ്ടെണ്ണം ഇതിനകം മലയാളത്തില്‍ വന്നുകഴിഞ്ഞു. പക്ഷേ അവ പ്രസിദ്ധീകരിക്കപ്പെട്ടതിന്റെ പിന്നില്‍ അരങ്ങേറിയ അന്തര്‍ നാടകങ്ങള്‍ സാംസ്കാരിക കേരളത്തെ ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്.

‘പര്‍ദ’ മലയാളത്തില്‍ വരാതിരിക്കാന്‍ കേരള ജമാ അത്തെ പ്രത്യേകം ശ്രദ്ധിച്ചു എന്നു പറഞ്ഞുവല്ലോ. സ്ത്രീവിമോചനത്തെയും സ്ത്രീകളുടെ അവകാശങ്ങളെയും സമര്‍ത്ഥമായി തുരങ്കം വെക്കുന്ന ഈ മൌദൂദി കൃതി മലയാളത്തില്‍ വന്നാല്‍ മൌദൂദിയുടെ സ്ത്രീ വിരോധവും ജമാ അത്തിന്റെ ഇരട്ടത്താപ്പും വെളിച്ചത്താവുമെന്നതു തന്നെ കാരണം. എന്നാല്‍ ജമാ അത്തു നേതൃത്വത്തിന്റെ എല്ലാ തന്ത്രങ്ങളെയും തകര്‍ത്തു തരിപ്പണമാക്കി ഇപ്പോഴതു പരിഭാഷപ്പെടുത്തി പ്രചരിപ്പിക്കുന്നത് കടുപ്പം കൂടിയ സുന്നികളാണ്! അവര്‍ക്കതുകൊണ്ടു രണ്ടു കാര്യം. : ജമാ ത്തിനെ ക്ഷീണിപ്പിക്കുകയും ഒപ്പം തങ്ങളുടെ സവിശേഷ സ്ത്രീ നിലപാടുകള്‍ അരക്കിട്ടുറപ്പിക്കുകയും ചെയ്യാം. മൌദൂദിയുടെ സുപ്രധാനമായൊരു കൃതി മറ്റൊരു കൂട്ടര്‍ പ്രസിദ്ധീകരിച്ച് മൌദൂദിയന്‍ സ്ത്രീവിരുദ്ധത വെളിച്ചത്തായതിന്റെ നാണക്കേട് ഇപ്പോഴും ജമാ അത്ത് നേതൃത്വത്തില്‍നിന്ന് വിട്ടുമാറിയിട്ടില്ല. രാഷ്ട്രീയ ലക്ഷ്യത്തിനു വേണ്ടിയാണെങ്കിലും വനിതാമുന്നേറ്റങ്ങള്‍ സംഘടിപ്പിക്കുന്ന ജമാ അത്തുകാരുടെ തലയ്ക്കു മീതെ ‘പര്‍ദ’ എന്നും യവനകഥയിലെ വാള്‍ പോലെ തൂങ്ങിക്കിടക്കും.

രണ്ടാമത്തെ മൌദൂദി കൃതി അല്‍ജിഹാദു ഫില്‍ ഇസ്ലാം . സായുധ ജിഹാദിനെ പൊലിപ്പിച്ചു കാട്ടുന്ന ഈ കൃതിക്ക് പര്‍ദയുടെ ഗതി വരരുതെന്നു കരുതി IPH തന്നെയാണിതു പ്രസിദ്ധീകരിച്ചിട്ടുള്ളത്. മൌദൂദിയെ കൊള്ളുകയും മൌദൂദിസത്തില്‍ വെള്ളം ചേര്‍ക്കാന്‍ ശ്രമിക്കുന്ന ജമാ അത്തിനെ തള്ളുകയും ചെയ്യുന്ന ചില ജിഹാദീ സംഘങ്ങള്‍ രംഗം പിടിച്ചടക്കുമെന്ന് വന്നപ്പോഴാണു ഗത്യന്തരമില്ലാതെ ജമാ അത്ത് ‘ജിഹാദ്’ പരിഭാഷപ്പെടുത്തിയത്. പക്ഷെ മൌദൂദിയുടെ തീവ്രമായ ജിഹാദീ ആശയങ്ങളില്‍ വെള്ളം ചേര്‍ത്തു കൊണ്ടാണ് ഈ കൃതി കേരളീയര്‍ക്കു നല്‍കിയിട്ടുള്ളത്. അനിസ്ലാമിക ഭരണകൂടങ്ങളെ ജിഹാദിലൂടെ മറിച്ചിട്ട് തത്സ്ഥാനത്തു ശരീ അത്ത് അടിസ്ഥാനത്തിലുള്ള ദൈവീക ഭരണവ്യവസ്ഥ സ്ഥാപിക്കാന്‍ ശരീരം കൊണ്ടും ധനം കൊണ്ടും പൊരുതുവാനും വേണ്ടിവന്നാല്‍ രക്തസാക്ഷിത്വം വരിക്കുവാനും ഓരോ മുസല്‍മാനും ബാധ്യസ്ഥനാണെന്ന ഏറ്റവും മൌലികമായ മൌദൂദിയന്‍ സന്ദേശം പരിഭാഷയില്‍ ബലി കഴിച്ചിരിക്കുന്നു.

മൂന്നാമത്തെ കൃതിയുടെ പ്രമേയം മുസ്ലിങ്ങളുടെ കൂട്ടത്തില്‍നിന്ന് ആരെങ്കിലും മതം മാറിയാല്‍ അവനെ കൊല്ലണമെന്നു സമര്‍ത്ഥിക്കാനുള്ള ശ്രമമാണ്. ഈ കൃതിയുടെ കാര്യത്തില്‍ അടുത്ത കാല‍ത്തൊന്നും ജമാ അത്തിനും ഐ പി എച്ചിനും ആരെയും പേടിക്കേണ്ടി വരില്ല. മതം മാറുന്നവനെ കൊല്ലണമെന്നു വിളിച്ചു പറയാന്‍ മുമ്പ് പര്‍ദ പ്രസിദ്ധീകരിച്ചവര്‍ക്കോ ജിഹാദ് പ്രസിദ്ധീകരിക്കുമെന്നു ഭീഷണി മുഴക്കിയവര്‍ക്കോ ഒട്ടും താല്പര്യമുണ്ടാവാനിടയില്ല. എന്തായാലും ‘മുര്‍തദ് കീ സസാ ഇസ്ലാമീ ഖാനൂന്‍ മെ’ എന്ന മൌദൂദി കൃതി മലയാളത്തില്‍ വരേണ്ടത് അനിവാര്യമാണ്. മൌദൂദിയുടെ തനിനിറം മനസ്സിലാക്കാനും മൌദൂദിസ്റ്റുകളുടെ കാപട്യം തിരിച്ചറിയാനും അതുപകരിക്കും.

അവസാനമായി ; മൌദൂദി കൃതികളുടെ പരിഭാഷയില്‍ മാത്രം ഒതുങ്ങുന്നില്ല IPHന്റെ കൃത്രിമം. മൌദൂദിയുടെ പാണ്ഡിത്യവും പദവിയും പൊലിപ്പിച്ചു കാണിക്കാന്‍ ഈയിടെ പുറത്തിറക്കിയ പുസ്തകമാണ് ‘മൌദൂദി സ്മൃതി രേഖകള്‍ ’ . മൌദൂദിയുടെ കുടുംബാംഗങ്ങളും ശിഷ്യന്മാരും സഹപ്രവര്‍ത്തകരും അനുയായികളും മൌലാനയുടെ ജീവിതത്തെയും ബൌദ്ധിക രാഷ്ട്രീയ പ്രവര്‍ത്തനങ്ങളെയും വിവിധ കോണുകളിലൂടെ വിലയിരുത്തുന്ന ലേഖനങ്ങളുടെ സമാഹാരമാണിത്. കൂട്ടത്തില്‍ സമകാലിക മുസ്ലിം ലോകത്തിലെ ഏറ്റവും ശ്രദ്ധേയനായ ബുദ്ധിജീവിയും എഴുത്തുകാരനുമായ സിയാവുദ്ദീന്‍ സര്‍ദാറിന്റെ ഒരു കുറിപ്പും കൊടുത്തിട്ടുണ്ട്. സര്‍ദാറിന്റെ Desperately Seeking Paradiseലെ എന്ന പ്രസിദ്ധ കൃതിയില്‍നിന്നെടുത്ത ഭഗമാണിത്.

മൌദൂദിയെ ആദ്യമായി കാണുന്നതും ലോക ഇസ്ലാമികപ്രസ്ഥാനത്തിന്റെ ഭാവിയെയും സമകാലിക സമൂഹത്തില്‍ മുസ്ലിം ബുദ്ധിജീവികളുടെ പങ്കിനെപറ്റിയും മറ്റും തനിക്കുണ്ടാവേണ്ട ബോധ്യവുമായി ബന്ധപ്പെട്ട് മൌദൂദിയുമായി സംവദിച്ചതും ‘ചിന്തകനും പണ്ഡിതനുമായ’ മൌദൂദി തന്നെ നിരാശപ്പെടുത്തിയതും സര്‍ദാര്‍ തന്റെ പുസ്തകത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. പക്ഷെ ഐ പി എചിന്റെ പുസ്തകത്തില്‍ കാതലായ ആ ഭാഗം വിട്ടു കളഞ്ഞിരിക്കുന്നു. വിട്ടു കളഞ്ഞ ആ ഭാഗം താഴെ:

“മൌദൂദിയുടെ വാദങ്ങള്‍ ,ആധുനിക സമൂഹത്തിന്റെ വെല്ലുവിളികളുടെയും പ്രശ്നങ്ങളുടെയും മുമ്പില്‍ വേണ്ടത്ര ഗുണദോഷനിരൂപണം ചെയ്യപ്പെട്ടിട്ടില്ലാത്തതിനാല്‍ , എന്റെ മുമ്പില്‍ ബോധ്യപ്പെടാതെ കിടന്നു. സാമ്പ്രദായിക പണ്ഡിതന്മാര്‍ക്ക് ആധുനിക ലോകവുമായി ഒരു ബന്ധവുമില്ലെന്ന് നിരന്തരം ഉണര്‍ത്തിക്കൊണ്ടിരിക്കുന്ന മൌദൂദിക്കും അവര്‍ പറഞ്ഞതു തന്നെയേ പറയാനുണ്ടായിരുന്നുള്ളു. അദ്ദേഹത്തെ സംബന്ധിച്ച് സര്‍വ്വ പ്രശ്നവും പരിഹരിക്കാന്‍ കഴിയുന്ന ഒരു റെഡിമെയ്ഡ് വ്യവസ്ഥയാണു ശരീ അത്ത്. ഇസ്ലാമിന്റെ ലോക വീക്ഷണത്തെ കുറിച്ച് നവീന ധാരണകള്‍ നേടാനുള്ള ഒരു പദ്ധതിയും അദ്ദേഹത്തിന്റെ ചിന്തയ്ക്കു പ്രദാനം ചെയ്യാനുണ്ടായിരുന്നില്ല. സര്‍വ്വോപരി മൌദൂദിയുടെ സ്ത്രീകളെ കുറിച്ചുള്ള കാഴ്ച്ചപ്പാടാണ് എന്നെ അങ്ങേയറ്റം അസ്വസ്ഥനാക്കിയത്.

ഞാന്‍ ജീവിക്കുന്ന ലോകത്തെ കുറിച്ച് മൌലാനക്ക് പൂര്‍ണ അജ്ഞതയാണുള്ളതെന്ന് ഇവിടെ വെച്ചാണു ഞാന്‍ മനസ്സിലാക്കുന്നത്. തന്റെ വാദങ്ങള്‍ സമര്‍ത്ഥിക്കാന്‍ അദ്ദേഹം നിരത്തുന്ന വാദങ്ങള്‍ എത്രയാണെങ്കിലും ‘പര്‍ദ’ തുടങ്ങിയ കൃതികളില്‍ സ്ത്രീകളെ ജന്മനാ തരം താണവരായും മൂടുപടത്തില്‍ പൊതിഞ്ഞ് വീടിന്റെ അകത്തളങ്ങളില്‍ തളക്കപ്പെടേണ്ടവരുമായിട്ടാണ് ചിത്രീകരിക്കുന്നതെന്ന വസ്തുത അവശേഷിക്കുന്നു. സ്ത്രീകള്‍ പ്രകൃത്യാ തന്നെ സമൂഹത്തിന്റെ സുസ്ഥിയ്തിക്കൊരു സാന്മാര്‍ഗ്ഗികഭീഷണിയാണത്രെ! മൌദൂദിയുടെ മിക്ക അഭിപ്രായങ്ങളും വിജ്ഞാനത്തിന്റെ പിന്‍ബലമില്ലാത്തവയാണെന്നും അവയുടെ യുക്തി പ്രാകൃതമാണെന്നും വായിക്കും തോറും എനിക്കു ബോധ്യപ്പെട്ടുകൊണ്ടിരുന്നു. “

സിയാവുദ്ധീന്‍ സര്‍ദാര്‍ പോലും മൌദൂദിയെ അനുസ്മരിച്ചിരിക്കുന്നു എന്ന് പൊതു സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുകയല്ലാതെ സര്‍ദാര്‍ മൌദൂദിയെ എങ്ങനെയാണു വിലയിരുത്തിയതെന്ന വസ്തുത വായനക്കാര്‍ക്ക് എത്തിക്കുകയായിരുന്നില്ലല്ലോ ഐ പി എച്ചിന്റെ ഉദ്ദേശ്യം. അപ്പോള്‍ സംഭവിക്കേണ്ടതു തന്നെയാണു സംഭവിച്ചത്.'

പിന്‍കുറിപ്പ്‌: 'മുസ്ലീങ്ങളെ ശുദ്ധീകരിച്ച്‌' ഹിന്ദുക്കളാക്കാന്‍ ഒരുമ്പെട്ടിറങ്ങിയ ഹിന്ദു മഹാസഭയുടെ സ്ഥാപകന്‍ മദന്‍ മോഹന്‍ മാളവ്യയെ പുകഴ്‌ത്തി ഇതേ മൗദൂദി എഴുതിയ മറ്റൊരു പുസ്തകം കൂടെയുണ്ട്‌. മൂടി വച്ചിരിക്കുന്ന അതും പുറത്തെടുക്കുമോ?

 

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top