22 September Friday

കേട്ടുകേഴ്‌വികള്‍ വിശ്വസിക്കരുതമ്മേ, നല്ല ആള്‍ക്കാരാണ് ഇവിടെയുള്ളത്; സോഷ്യല്‍ മീഡിയയില്‍ തരംഗമായി യുപിയില്‍ നിന്ന് കേരളത്തിലെത്തിയ മകന്റെ ഫോണ്‍വിളി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 8, 2017

തിരുവനന്തപുരം > കേരളത്തിനെതിരെ സംഘപരിവാര്‍ വ്യാജപ്രചാരണം തുടരുമ്പോള്‍ കൊലപാതകങ്ങളുടെയും വര്‍ഗീയ സംഘര്‍ഷങ്ങളുടെയും എണ്ണത്തില്‍ മുന്നില്‍ നില്‍ക്കുന്ന ഉത്തര്‍പ്രദേശില്‍ നിന്ന് കേരളത്തിലെത്തിയ യുവാവും അമ്മയും തമ്മിലുള്ള ഫോണ്‍ സംഭാഷണം സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു.

യുപിയിലെ ഒരു കുഗ്രാമത്തില്‍ നിന്ന് തൊഴില്‍ തേടി കേരളത്തിലെത്തിയ യുവാവിനെ അമ്മ വിളിക്കുന്നതായാണ് സംഭാഷണം. കേരളം ശാന്തസുന്ദരമായ സ്ഥലമാണെന്നും ഇവിടുത്തെ ആര്‍ക്കാര്‍ വളരെ നല്ലവരാണെന്നും. കേരളത്തിനെതിരായ പ്രചാരണങ്ങളില്‍ വിശ്വസിക്കരുതെന്ന് അമ്മയുടെ ആശങ്കകള്‍ക്ക് മറുപടിയായി യുവാവ് പറയുന്നുണ്ട്.   ഫേസ്ബുക്ക്, വാട്സാപ്പ് ഗ്രൂപ്പുകളില്‍ സന്ദേശം വ്യാപകമായി ഷെയര്‍ ചെയ്യപെടുന്നുണ്ട്.

ഫോണ്‍സംഭാഷണം പൂര്‍ണ്ണമായി ചുവടെ വായിക്കാം..

യു പിയിലെ ഒരു കുഗ്രാമത്തില്‍ നിന്ന് ജോലി തേടി കേരളത്തില്‍ പോയ മകനെ അവന്റെ അമ്മ ഫോണ്‍ വിളിക്കുകയാണ് .
' മകനേ ...ഓം പ്രകാശ് ,
നിനക്കവിടെ സുഖമാണോ ?'
' അതെയമ്മേ .
നിങ്ങളൊന്നും കൂടെയില്ലാത്തതിന്റെ വിഷമം മാത്രം '
'താമസമൊക്കെ എങ്ങിനെ ?'
' വലിയൊരു വാര്‍ക്ക കെട്ടിടത്തിന്റെ ഒരു മുറിയിലാണമ്മേ ,
ഞങ്ങള്‍ നാലുപേരുണ്ട് . മുറിയോട് ചേര്‍ന്ന് തന്നെ ശൗചാലയവുമുണ്ട് '
'അത് കൊള്ളാമല്ലോ മകനെ .
 ഇവിടെ ഇന്നും വൈകി ഉണര്‍ന്നു .
 പുറത്ത് കുറ്റിച്ചെടിയുടെ മറവില്‍ വെളിക്കിറങ്ങാനിരിയ്ക്കുമ്പോള്‍ അതു വഴി കടന്നുപോയ ഗ്രാമ മുഖ്യന്‍ പരിഹസിച്ച് ചിരിക്കുന്നു .
ആട്ടെ ....
നിന്റെ ജോലിയൊക്കെ എങ്ങിനെ ?'
' കുഴപ്പമില്ലമ്മേ .
എട്ട് മണിക്കൂര്‍ ജോലി .
വൈകിട്ട് കൃത്യമായി കൂലി കിട്ടും .
 അവിടെക്കിട്ടുന്നതിന്റെ മൂന്ന് നാല് മടങ്ങ് .
 കുറഞ്ഞു പോയാല്‍ കൂലി ചോദിച്ച് വാങ്ങാം .
ആരും തല്ലിയോടിക്കില്ല '
'ആട്ടെ .... ഭക്ഷണമൊക്കെ എങ്ങിനെ ?
 വിശപ്പ് പോകാന്‍ മാത്രം കിട്ടുമോ ?'
' കൊള്ളാം !
അമ്മേ .... ഇവിടൊക്കെ ആള്‍ക്കാര്‍ മൂന്ന് നേരമാ വയറു നിറയെ ഭക്ഷണം കഴിക്കുന്നത് ! അതും മിക്കവാറും ഇറച്ചിയും മീനുമൊക്കെ കൂട്ടി .
തവിട്ട് നിറമുള്ള ചോറാണ് .
വെളുത്ത അരികൊണ്ട് എന്തൊക്കെയോ പലഹാരങ്ങളുണ്ടാക്കും ....
അപ്പം ദോശാന്നൊക്കെയാണ് പേര് .
നല്ല രുചിയാണ് . നമ്മുടെ റൊട്ടിയും കിട്ടും
 
അമ്മേ മറ്റൊരു കാര്യം .
ഇവിടെ എല്ലാ കുട്ടികളും സ്കൂളില്‍ പോകുന്നുണ്ട് .
വലിയ വലിയ ധാരാളം സ്കൂളുകള്‍ .
 ഇവിടാരുന്നെങ്കില്‍ എനിക്കും പഠിക്കാമായിരുന്നു .
അനിയനേയും പെങ്ങളു കുട്ടിയേയും പഠിപ്പിക്കാമായിരുന്നു '
 എന്തു ചെയ്യാം മകനെ ,
നമ്മുടെ ഗാവില്‍ ഗോമാതാ മാത്രമല്ലേയുള്ളൂ ,
സ്കൂളില്ലല്ലോ '

 'അവിടുത്തെ ആള്‍ക്കാരൊക്കെ എങ്ങിനെയുണ്ട് ?
ഇവിടെ എന്തൊക്കെയോ കേള്‍ക്കുന്നു '
' കേട്ടുകേഴ്‌വികള്‍ വിശ്വസിക്കരുതമ്മേ !
 നല്ല ആള്‍ക്കാരാണ് ഇവിടെയുള്ളത് .
 മണ്ണില്‍ പണിയെടുക്കുന്നവര്‍ കുറവാണെന്ന് മാത്രം !
മറ്റെന്തൊക്കെയോ ജോലികളും ബിസ്സിനസ്സുമൊക്കെ ചെയ്യുന്നവരാണ് കൂടുതല്‍ . ഇവരുടെ മക്കളൊക്കെ പഠിച്ച് വിദേശ രാജ്യങ്ങളില്‍ പോയി ജോലി ചെയ്യൂന്നു .
 ധാരാളം പണം സമ്പാദിക്കുന്നു '
'എന്നാലും സൂക്ഷിക്കണം മകനെ !
അവിടെ നമ്മുടെ ആള്‍ക്കാരെയൊക്കെ കമ്മ്യൂണിസ്റ്റുകള്‍ എന്ന് പറയുന്നവര്‍ കൊന്നൊടുക്കുകയാണെന്നാണ് കഴിഞ്ഞ ദിവസം ഗ്രാമപ്രമുഖ് പറഞ്ഞത് ! '
'നിറം പിടിപ്പിച്ച നുണകളാണമ്മേ .
 ഇവിടെ വന്നിട്ട് ഇന്നേ വരെ ഒരാളും
' നിന്റെ ജാതി ഏതാണെന്ന്'
 ചോദിച്ചിട്ടില്ലമ്മെ '
'അത് വലിയ കാര്യം തന്നെ മകനെ .
 ഇന്നലേയും ആ ഠാക്കൂര്‍ നിന്റെ അച്ഛനോട് ,
'വൃത്തികെട്ട ചമാറേ .... നിന്നെ എന്റെ കണ്‍വെട്ടത്ത് കണ്ടുപോകരുത് '
എന്ന് അലറുന്നത് കേട്ടു .
'അതാണമ്മേ .
നമ്മുടെ ഗ്രാമത്തിലുള്ളവരോട് പറയണം ,
 നമ്മുടെ രാജ്യത്ത് കേരളമെന്നൊരു നാടുണ്ട് .
അവിടെ മനുഷ്യര്‍ മറ്റുള്ളവരേയും മനുഷ്യരായി കാണുന്നു .
നമ്മുടെ നാടും ഒരുനാള്‍ കേരളം പോലെ മനോഹരമാകുമെന്ന് അവരോട് പറയണം .
 മനുഷ്യന് മനുഷ്യനായി ജീവിക്കാന്‍ കഴിയുന്ന മനോഹരമായ ഒരിടം .

അമ്മേ ഉമ്മ '


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top