11 September Wednesday

'നമുക്ക് സര്‍വ്വകലാശാലകള്‍ വേണ്ട' – ഭരണകൂടത്തിന്റെ ചെയ്‌തികളെ വിമര്‍ശിച്ച് ജോയ്‌മാത്യു

വെബ് ഡെസ്‌ക്‌Updated: Wednesday Feb 24, 2016

ജെഎന്‍യുവിലെ വിദ്യാര്‍ഥിവേട്ടയ്ക്കെതിരെ ആഞ്ഞടിച്ച് നടന്‍ ജോയ് മാത്യു വീണ്ടും. നമുക്ക് സര്‍വ്വകലാശാലകള്‍ വേണ്ട എന്ന ദീര്‍ഘമായ കുറിപ്പിലാണ് സംഘപരിവാറിന്റെയും ഭരണകൂടത്തിന്റെയും സംഘടിത അക്രമത്തെ പരിഹസിച്ച് ജോയ് മാത്യു രംഗത്ത് വന്നത്. ' സര്‍വ്വകലാശാലയില്‍ പഠിച്ചിറങ്ങുന്നവര്‍ നമ്മെ ചോദ്യം ചെയ്യും, എവിടെ യുദ്ധം നടന്നാലും ഇവര്‍ യുദ്ധവിരുദ്ധരാകും, നമ്മുടെ കുപ്പായത്തിലെ സ്വര്‍ണ്ണനൂലിന്റെ എണ്ണം തെറ്റി എന്ന് പറഞ്ഞു നമ്മളെ അല്‍പന്മാരാക്കും, ഈ പിള്ളേര് മുഴുവന്‍ രാജ്യദ്രോഹികളാ ഫ്രാന്‍സിലും ചൈനയിലും ക്യൂബയിലും ചിലിയിലും ഒക്കെ ഇവന്മാരാ പലതും തുടങ്ങി വെച്ചത് തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് കുറിപ്പ്. എല്ലാ സര്‍വ്വകലാശാലകളും തൊഴുത്തുകളാക്കുവാനും പിള്ളേരെ മുഴുവന്‍ പശുപാലകരാക്കുവാനും നമുക്ക് തീരുമാനിക്കാം എന്ന ആഹ്വാനത്തോടെയാണ് ഭരണകൂടത്തിന്റെ ചെയ്തികളെ ചോദ്യംചെയ്യുന്ന കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.

രാജ്യദ്രോഹ കുറ്റം ആരോപിച്ച് ജെഎന്‍യു വിദ്യാര്‍ഥിയൂണിയന്‍ പ്രസിഡന്റ് കനയ്യകുമാറിനെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് ഷട്ട്ഡൌണ്‍ജെഎന്‍യു എന്ന ഹാഷ് ടാഗുമായി സംഘപരിവാര്‍ രംഗത്തിറങ്ങിയിരുന്നു. നികുതിപ്പണമുപയോഗിച്ച് പഠിക്കുന്ന ജെഎന്‍യു വിദ്യാര്‍ഥികള്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനം നടത്തുകയാണെന്ന ആക്ഷേപവും സംഘപരിവാര്‍ നേതാക്കളില്‍നിന്ന് ഉണ്ടായിരുന്നു. ജെഎന്‍യു സര്‍വ്വകലാശാലയെ ആകെതന്നെ അപമാനിക്കുന്ന പ്രസ്താവനകളാണ് തുടര്‍ന്നും ഇവര്‍നടത്തിയത്.

ജെഎന്‍യു ക്യാമ്പസില്‍ ദിവസവും 3,000 ഗര്‍ഭനിരോധന ഉറകള്‍ ഉപയോഗിക്കുന്നുണ്ടെന്ന കണക്കുമായി ബിജെപി എംഎല്‍എ ജ്ഞാനദേവ് അഹൂജയും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇതിനെതിരെ ശക്തമായ പ്രതികരണമാണ് രാജ്യവ്യാപകമായി ഉയര്‍ന്നത്. ഇതിനുമുന്‍പുതന്നെ സര്‍വ്വകലാശാല അടച്ചുപൂട്ടണമെന്ന വികലമായ പ്രതിഷേധവുമായി രംഗത്തുവന്ന സംഘപരിവാര്‍ അത് തുറന്നുകാട്ടപ്പെട്ടതോടെ പ്രതിരോധത്തിലായിരുന്നു. ഷട്ട്ഡൌണ്‍ജെഎന്‍യു എന്ന ഹാഷ്ടാഗ് ഉപയോഗിക്കുന്നതില്‍നിന്ന് പിന്നോക്കം പോവുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് രൂക്ഷമായ പരിഹാസവുമായി ജോയ് മാത്യൂവിന്റെ ഫേസ്ബുക്ക് കുറിപ്പ്.

ജോയ് മാത്യൂവിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം:

നമുക്ക് സര്‍വ്വകലാശാലകള്‍ വേണ്ട

നമുക്ക് സര്‍വ്വകലാശാലകള്‍ വേണ്ട
ശരിക്കും അതൊരു പാഴ്‌ചിലവാണ്.
പിള്ളേര് പഠിച്ചുകളയും
പഠിച്ചു കഴിഞ്ഞ് അവര്‍ പുറത്തിറങ്ങിയാല്‍
പണികിട്ടും;
അവര്‍ക്കല്ല , നമുക്ക്.

വല്ല പാടത്തും പറമ്പത്തും പണിയെടുക്കേണ്ട പിള്ളേര്‍
നമ്മുടെ ചിലവില്‍ പഠിച്ചിറങ്ങിയാല്‍
പിന്നെ പാടത്തും പറമ്പത്തും
നമ്മള്‍ പണിയെടുക്കിേവരും

അതാണു പറഞ്ഞത്
സര്‍വകലാശാലകള്‍ നമുക്ക് വേണ്ട.

പഠിക്കുന്ന കുട്ടികള്‍ അപകടകാരികളാണ്
അവര്‍ പെട്ടെന്ന് കാര്യങ്ങള്‍ മനസ്സിലാക്കും
അതായത് പഠിക്കാത്ത നമ്മള്‍ ആപത്ത്
ക്ഷണിച്ചു വരുത്തുന്നതു പോലെ.

ആലോചിച്ചു നോക്കൂ,
നമുക്ക് വിദ്യാഭ്യാസമുണ്ടായിട്ടാണോ
നമ്മള്‍ അധികാരത്തിലെത്തിയത് ?
അധികാരവും വിദ്യാഭ്യാസവും തമ്മില്‍
ഒരു ബന്ധവുമില്ലെന്ന്
ചരിത്രം പഠിച്ചവര്‍ക്കറിയാം

മനുഷ്യരെ തമ്മിലടിപ്പിക്കാനും
യുദ്ധം ചെയ്യിക്കാനും
പുതിയ ചോരപ്പുഴകള്‍ക്ക് ചാലുകീറാനും
വിദ്യാഭ്യാസത്തിന്റെ ആവശ്യമേയില്ല

അതുകൊണ്ടാണ് പറയുന്നത്
നമുക്ക് സര്‍വ്വകലാശാലകള്‍ വേണ്ട

നോക്കൂ,
ചുളുവില്‍ ഒപ്പിക്കാവുന്ന ചില
പാഠ്യപദ്ധതികളില്ലേ,
രാഷ്ട്രീയം കളിക്കാനും വിദ്യാഭ്യാസമുണ്ടെന്നു കാണിക്കാനും!
ഇനി അതും പോരേങ്കില്‍ കഷ്ടപ്പെട്ട് പഠിക്കുന്ന പിള്ളേരുടെ
തലമക്ക് മുകളിലൂടെ പറന്ന്
കൈക്കലാക്കാന്‍ ഡി.ലിറ്റുകള്‍ എത്ര വേണം?
അധികാരമുള്ളപ്പോള്‍ അതിനാണോ തടസ്സം!

വിദ്യാഭ്യാസമില്ലാത്ത നമ്മള്‍,
നോക്കൂ,
എത്ര അന്തസ്സായിട്ടാണ്

കാര്യങ്ങള്‍ നടത്തുന്നത്...
ഓരോ രാജ്യത്ത് ചെല്ലുമ്പോഴും നാം
അവരുടെ രീതിക്കനുസരിച്ച് പെരുമാറുന്നു:
മാര്‍പാപ്പയെ കാണുമ്പോള്‍ കുരിശു വരക്കാനും
അറബിയെ കാണുമ്പോള്‍ കെട്ടിപ്പിടിച്ചുമ്മവെക്കാനും
കാപ്പിരിയെക്കാണുമ്പോള്‍ ഒപ്പം നൃത്തം ചെയ്യാനും
സായ്പിനെ കാണുമ്പോള്‍ കവാത്ത് മറക്കാനും
നമ്മള്‍ പഠിച്ചത് ഏതു സര്‍വ്വകലാശാലയില്‍ നിന്നാണ് ?

ഇപ്പോഴുള്ളത് അത്തരം ഗുരുകുലങ്ങളേ അല്ലെന്നേ;
ഗുരുവിന്റെ കാലു തിരുമ്മാനും
ഗുരുപത്നിക്കു വെള്ളം കോരാനും
ഈ പിള്ളാരെ കിട്ടില്ലത്രെ;
ഗുരുവും ശിഷ്യരും ഒറ്റക്കെട്ടാണത്രെ!

എവിടെ യുദ്ധം നടന്നാലും
ഇവര്‍ യുദ്ധവിരുദ്ധരാകും
എവിടെ സ്ത്രീകളെയും കുട്ടികളെയും ദളിതരെയും
പീഡിപ്പിക്കുന്നുവോ ഇവര്‍ ആദ്യം കലാപം തുടങ്ങും
കര്‍ഷകരേയും തൊഴിലാളികളേയും
ഇവര്‍ ആവശ്യമില്ലാതെ ബഹുമാനിച്ചുകളയും

അതേസമയം
നമ്മെ പരിഹസിക്കും
നമ്മുടെ കുപ്പായത്തിലെ സ്വര്‍ണ്ണനൂലിന്റെ എണ്ണം
തെറ്റി എന്ന് പറഞ്ഞു
നമ്മളെ അല്‍പന്മാരാക്കും

അതാണു പറഞ്ഞതു
നമുക്ക് സര്‍വ്വകലാശാലകള്‍ വേണ്ട

ഈ പിള്ളേര് മുഴുവന്‍ രാജ്യദ്രോഹികളാ
ഫ്രാന്‍സിലും ചൈനയിലും ക്യൂബയിലും ചിലിയിലും
ഒക്കെ ഇവന്മാരാ പലതും തുടങ്ങി വെച്ചത്
അതുകൊണ്ടാണ് ഇവരെ സൂക്ഷിക്കണം എന്ന് പറയുന്നത്
അതുമല്ല,
ഇവര്‍ പുസ്തകങ്ങള്‍ എഴുതിക്കളയും
പ്രത്യേകിച്ച്, ചരിത്ര പുസ്തകങ്ങള്‍
അതില്‍ നമ്മളെ വിഡ്ഢികളും രാജ്യദ്രോഹികളുമാക്കും

പിന്നെ ഇവര്‍ പഠിച്ച് പഠിച്ചു
പലതും കുപിടിച്ചു കളയും
എന്തിന്, ദൈവം ഇല്ല എന്ന് വരെ
ഈ പിള്ളേര്‍ സ്ഥാപിച്ചു കളയും

അതിനാല്‍ നമുക്ക് സര്‍വ്വകലാശാലകള്‍ വേണ്ട

നമുക്ക്
ഗുരുകുല വിദ്യാഭ്യാസവും
മദ്രസ പഠനവും സണ്‍ഡേ സ്കൂളും മതി

പിള്ളേര് പഠിച്ചാല്‍ നമുക്ക് പണികിട്ടും
അതിനാല്‍
എല്ലാ സര്‍വ്വകലാശാലകളും
തൊഴുത്തുകളാക്കുവാനും
പിള്ളേരെ മുഴുവന്‍ പശുപാലകരാക്കുവാനും
നമുക്ക് തീരുമാനിക്കാം

വരുംകാലത്ത് ചരിത്രത്തിന്റെ ചവറ്റുകുട്ടയില്‍
നിന്നും തലപൊക്കി നോക്കുമ്പോള്‍
നമുക്കു കാണാന്‍
ഒരു തൊഴുത്ത്
.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top