18 January Monday

ഇത് 2002ല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ നേരിട്ടതിനേക്കാള്‍ അരക്ഷിതാവസ്ഥ; ചരിത്രം മറക്കുന്ന കോണ്‍ഗ്രസ് സര്‍വീസ് സംഘടനകളോട് പറയാനുള്ളത്

വെബ് ഡെസ്‌ക്‌Updated: Sunday Sep 16, 2018

പ്രളയദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് കൈത്താങ്ങാകാന്‍ ഒരു മാസത്തെ ശമ്പളം നല്‍കണമെന്ന മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥനയ്‌ക്കെതിരെ സമരം ചെയ്യുന്ന കോണ്‍ഗ്രസ് സര്‍വീസ് സംഘടനാ നേതാക്കളോട് ചരിത്രം ഓര്‍മിപ്പിച്ച് യുവാവിന്റെ ഫേസ്‌‌‌ബുക്ക് പോസ്റ്റ്. 2002ലെ സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ഐതിഹാസിക സമരം ഓര്‍മിപ്പിച്ചുകൊണ്ടാണ് ജിതിന്‍ ഗോപാലകൃഷ്‌ണന്‍ എന്നയാള്‍ ഫേസ്‌‌ബുക്ക് കുറിപ്പെഴുതിയിരിക്കുന്നത്. അന്നത്തെ എ കെ ആന്റണി സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് സംഘടനകള്‍ വരെ സമരം ചെയ്യേണ്ടിവന്ന സാഹചര്യവും അതിന് കിട്ടിയ പൊതുപിന്തുണയുമെല്ലാം പോസ്റ്റില്‍ സൂചിപ്പിക്കുന്നു. നാടെങ്ങും സമര സഹായ സമിതികള്‍ രൂപീകരിച്ചും സമര കേന്ദ്രങ്ങളില്‍ ജീവനക്കാര്‍ക്കും കുടുംബത്തിനും കൂട്ടായി കഞ്ഞി വെച്ചു കൊടുത്തും ഇന്നാട്ടിലെ കര്‍ഷക തൊഴിലാളികളും കൂലിപ്പണിക്കാരുമൊക്കെയാണ് അന്ന് സമരത്തിലുണ്ടായിരുന്ന ജീവനക്കാരെ സംരക്ഷിച്ചത്. 2002 ലെ സമരകാലത്ത് സര്‍ക്കാര്‍ ജീവനക്കാര്‍ അനുഭവിച്ചതിലും വലിയ അരക്ഷിതാവസ്ഥയിലൂടെയാണ് ഇന്ന് പ്രളയബാധിത മേഖലകളില്‍ വലിയൊരു ശതമാനം ജനങ്ങള്‍ ജീവിക്കുന്നതെന്നും, ഇപ്പോള്‍ ശമ്പളം നല്‍കാന്‍ മുഖം തിരിഞ്ഞു നില്‍ക്കുന്നതില്‍ നിന്നും കോണ്‍ഗ്രസ് സംഘടനകള്‍ മുന്‍പത്തെ അനുഭവങ്ങളില്‍ നിന്നും ഒരുപാഠവും പഠിച്ചിട്ടില്ലെന്നാണ് മനസിലാക്കാനാകുന്നതെന്നും  പോസ്റ്റില്‍ പറയുന്നു.

ഫേസ്‌‌ബുക്ക് പോസ്റ്റ്

കോണ്‍ഗ്രസ്സ് അനുകൂലികളായ സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനകള്‍ മുഖ്യമന്ത്രിയുടെ 'സാലറി ചലഞ്ചി'നെതിരെ രംഗത്തു വന്നിരിക്കുകയാണല്ലോ. ചില കാര്യങ്ങള്‍ ഇവിടെ പങ്കുവെക്കട്ടെ.

എക്കാലത്തും വളരെ വൈകി കാര്യങ്ങള്‍ മനസ്സിലാക്കുന്നവരാണ് കോണ്‍ഗ്രസ്സ് അനുകൂലികളായ സര്‍ക്കാര്‍ ജീവനക്കാര്‍. ജനകീയാസൂത്രണകാലത്തെ വിഷയങ്ങള്‍ ഉത്തമ ഉദാഹരണങ്ങളാണ്. ജനകീയാസൂത്രണവേളയില്‍ ലോക്കല്‍ ബോഡികളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ ലൈന്‍ ഡിപ്പാര്‍ട്ടുമെന്റുകളില്‍ നിന്നും പഞ്ചായത്തുകളിലേക്ക് ജീവനക്കാരെ മാറ്റി വിന്യസിപ്പിച്ചപ്പോള്‍ സര്‍ക്കാരിനെതിരെ ചാടിവീണവരാണ് ഇക്കൂട്ടര്‍. ലോക്കല്‍ ബ്യുറോക്രസിക്ക് കൂച്ചുവിലങ്ങിട്ട് പദ്ധതി നടത്തിപ്പില്‍ ജനകീയ സമിതികള്‍ വന്നപ്പോള്‍ തങ്ങള്‍ക്ക് നഷ്ട്ടപ്പെടുന്ന അധികാരത്തെയോര്‍ത്ത് സിപിഐഎമ്മിനെതിരെ മുറവിളികൂട്ടിയവരാണ് ഇവര്‍.

ജനകീയാസൂത്രണ വിവാദകാലത്ത് 'പാഠം' മാസികയും കെ വേണുവിനെപ്പോലുള്ളവരുടെ എഴുത്തുകളുമായിരുന്നു ഇക്കൂട്ടര്‍ക്ക് സിപിഐഎം നേതൃത്വം കൊടുക്കുന്ന സര്‍ക്കാരിനെ അടിക്കാനുള്ള വടികള്‍. ജനകീയാസൂത്രണം 'വിദേശ ചാരപ്പണി'യാണെന്നും 'ലോകബാങ്ക് അജണ്ട'യാണെന്നും 'വര്‍ഗ്ഗ സഹകരണ'ത്തിലേക്കുള്ള നയ വ്യതിയാനമാണെന്നും 'പാഠം' മാസിക അടിച്ചുവിട്ടപ്പോള്‍ അതേറ്റുപിടിച്ചായിരുന്നു കോണ്‍ഗ്രസ്സ് അനുകൂല സര്‍വ്വീസ് സംഘടനകള്‍ സര്‍ക്കാരിനെതിരെ തിരിഞ്ഞത്. ജനകീയാസൂത്രണത്തെ നൂറുശതമാനം ആത്മാര്‍ത്ഥതയോടെ സ്വാഗതം ചെയ്ത, അഴിമതിരഹിത ജനപക്ഷ സിവില്‍ സര്‍വീസിനായി നിലകൊണ്ട പ്രാദേശിക വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നിരവധി തൊഴില്‍ ദിനങ്ങള്‍ തങ്ങളുടെ കായികാധ്വാനം വഴി സംഭാവന ചെയ്യാന്‍വരെ മുന്നിട്ടിറങ്ങിയ കേരള എന്‍ജിഓ യൂണിയനെ കേരളത്തിലെ അധികാരവികേന്ദ്രീകരണ പ്രക്രിയയെ പിന്തുണച്ചു എന്ന ഒറ്റക്കാരണം കൊണ്ട് പ്രതിക്കൂട്ടില്‍ നിര്‍ത്താനും ഇവര്‍ അന്ന് മറന്നിരുന്നില്ല.

അധികാര വികേന്ദ്രീകരണ പ്രക്രിയയില്‍ തന്നെ രണ്ടു സ്‌കൂള്‍ ഓഫ് തോട്ടുകളുണ്ടെന്ന് മിനിമം വായനയുള്ളവര്‍ക്ക് ബോധ്യപ്പെടുന്നതാണ്. ഒന്ന് ലോകബാങ്ക് ഉള്‍പ്പെടെ പ്രമോട്ട് ചെയ്യുന്നതും നവലിബറല്‍ ലോജിക്കില്‍ പ്രവര്‍ത്തിക്കുന്നതുമായ പ്രൈവറ്റെയ്സെഷന്‍-ഫ്രീ മാര്‍ക്കറ്റ്-എഫിഷ്യന്‍സി-അക്കൗണ്ടബിലിറ്റി-സോഷ്യല്‍ കാപ്പിറ്റല്‍ തുടങ്ങിയ സംജ്ഞകളിലൂടെ വിശദീകരിക്കപ്പെടുന്നതുമായ അരാഷ്ട്രീയ വീകേന്ദ്രീകരണം. രണ്ടാമത്തേത് പ്രൈവറ്റെയ്‌സെഷനെയും മറ്റ് നവലിബറല്‍ നയങ്ങളെയും ചെറുക്കുന്ന, സോഷ്യല്‍ കാപ്പിറ്റല്‍ സിദ്ധാന്തത്തെ തള്ളിക്കളയുന്ന, സ്റ്റേറ്റിന് ഇടപെടല്‍ ശേഷിയുള്ള, പബ്ലിക് ആക്ഷനെയും മൂവ്‌മെന്റ് പൊളിറ്റിക്‌സിനെയും ബേസ് ചെയ്തുള്ള ബദല്‍ വികസന സങ്കല്പത്തിലൂന്നിയ രാഷ്ട്രീയ വികേന്ദ്രീകരണ പദ്ധതി. നവലിബറല്‍ നയങ്ങളുടെ ഭാഗമായുള്ള സിവില്‍ സര്‍വ്വീസ് റിഫോം അല്ലേയല്ല ജനകീയാസൂത്രണമെന്നും സ്റ്റേറ്റ് പിന്‍വാങ്ങല്‍ സ്വഭാവം കാഴ്ചവെക്കുന്ന അത്തരം നവലിബറല്‍ ഭരണപരിഷ്‌ക്കാരങ്ങള്‍ക്ക് നേര്‍വിപരീതമായി ലോക്കല്‍ ബോഡികളുള്‍പ്പെടുന്ന സ്റ്റേറ്റിനെ ശക്തിപ്പെടുത്തി സാമൂഹിക മേഖലയിലെ സ്പെന്‍ഡിങ് ശക്തിപ്പെടുത്തുകയെന്ന ബദലാണ് അധികാര വികേന്ദ്രീകരണത്തിന്റെ മാര്‍ക്‌സിറ്റ് സ്‌കൂള്‍ ഓഫ് തോട്ടില്‍ നിന്നുമുരുത്തിരിഞ്ഞ കേരളത്തിലെ ജനകീയാസൂത്രണ പ്രസ്ഥാനം ചെയ്യുന്നതെന്നും കൃത്യമായി വിശദീകരണം നല്‍കിയിട്ടും അത് മനസ്സിലാക്കാനുള്ള മിനിമം ബോധം പലര്‍ക്കുമില്ലാതെപോയി. നിയോലിബറലിസം ശക്തിപ്പെടുന്നതിനും പതിറ്റാണ്ടുകള്‍ക്ക് മുന്നേ ഇ.എം. എസ് മുന്നോട്ടുവെച്ച മുഖ്യധാരാ വികസന സങ്കല്പങ്ങള്‍ക്കുള്ള ബദലിനെ കോണ്‍ഗ്രസ്സ് അനുകൂല സര്‍വീസ് സംഘടനകളും മറ്റും 'പാഠം' പോലുള്ള ഉത്തമസാഹിത്യവും ക്വാട്ടുചെയ്താണ് അക്കാലങ്ങളില്‍ വിമര്‍ശനം നടത്തിയത്. ഇടതുപക്ഷം 2001ല്‍ തെരഞ്ഞെടുപ്പ് തോല്‍ക്കുന്നത് ഇത്തരം വിവാദങ്ങള്‍ പൊട്ടിപ്പുറപ്പെട്ടതിന്റെ ഭാഗമായാണ്.

2002 ല്‍ എകെ ആന്റണി മുഖ്യമന്ത്രിയായുള്ള യുഡിഎഫ് സര്‍ക്കാര്‍ നവ ലിബറല്‍ നയങ്ങളുടെ ഭാഗമായി മോഡെര്‍നൈസിംഗ് ഗവണ്മെന്റ് പ്രോഗ്രാം (MGP- ഭരണ നവീകരണ പരിപാടി) കേരളത്തില്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചത് ലോകബാങ്ക് -ഏഷ്യന്‍ ഡെവലപ്പ്‌മെന്റ് ബാങ്ക് തിട്ടൂരങ്ങള്‍ക്ക് വഴങ്ങിയാണ്. അധികാര വികേന്ദ്രീകരണത്തിന്റെ സത്തയും രീതിയും പാരഡൈം തന്നെയും ആന്റണി സര്‍ക്കാര്‍ അട്ടിമറിച്ചു. ലോക്കല്‍ ബോഡികളെ ദുര്‍ബലമാക്കി. ജനകീയ കമ്മിറ്റികളെ നോക്കുകുത്തികളാക്കി. ഗവണ്മെന്റ് മെഷിനറിയെ ഡൌണ്‍സൈസ് ചെയ്യാന്‍ തീരുമാനം വന്നു. ADB ലോണിന്റെ കണ്ടീഷനാലിറ്റി വ്യവസ്ഥ പ്രകാരമാണ് തസ്തികകള്‍ വെട്ടിച്ചുരുക്കല്‍, ലീവ് സറണ്ടര്‍ ആനുകൂല്യം നിഷേധിക്കല്‍, കോണ്‍ട്രിബ്യുട്ടറി പെന്‍ഷന്‍, സ്‌കൂളുകള്‍ അനാദായകരമാണെന്ന് മുദ്രകുത്തി അടച്ചുപൂട്ടല്‍ തുടങ്ങിയ നിരവധി പിന്തിരിപ്പന്‍ നയങ്ങളിലേക്ക് സര്‍ക്കാര്‍ നീങ്ങിയത്. സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും 32 ദിവസത്തെ ഐതിഹാസിക സമരം ഇതിനെതിരെയായിരുന്നു. ഇടതു സംഘടനകള്‍ മാത്രമല്ല, അതുവരെ ജനകീയാസൂത്രണത്തെയും എല്‍ഡിഎഫ് നയങ്ങളെയും സിപിഐഎമ്മിനെയും തെറി വിളിച്ച കോണ്‍ഗ്രസ്സ് അനുകൂല സംഘടനകള്‍ വരെ യുഡിഎഫ് സര്‍ക്കാരിനെതിരെ തെരുവിലിറങ്ങാന്‍ നിര്‍ബന്ധിതരായി.

എന്നാല്‍ കോണ്‍ഗ്രസ്സ് അനുകൂല സര്‍വീസ് സംഘടനകളുടെ കണ്‍കണ്ട ദൈവമായിരുന്ന കെ വേണുവുള്‍പ്പെടെ പലരും അന്ന് മുഖ്യമന്ത്രി എകെ ആന്റണിക്ക് മുഖസ്തുതി പാടുകയായിരുന്നു. ജനകീയാസൂത്രണമെന്ന തികച്ചും ഇടതു പരിപ്രേക്ഷ്യത്തിലൂന്നിയ ബദല്‍ വികസന സങ്കല്‍പ്പത്തെ 'ചാരപ്പണി'യെന്നും 'ലോകബാങ്ക് അജണ്ട'യെന്നും 'കീഴടങ്ങലെ'ന്നും വിശേഷിപ്പിച്ച അതേ ആളുകള്‍, എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഒരു ലോകബാങ്ക് അജണ്ട MGP യുടെ രൂപത്തില്‍ കേരളത്തില്‍ വന്നുഭവിച്ചപ്പോള്‍ അതിനെതിരെ ഒരക്ഷരം ഉരിയാടിയതേയില്ല. കെ വേണു 'മലയാളം' വീക്കിലിയില്‍ ജീവനക്കാര്‍ക്കെതിരെ തിരിഞ്ഞ മുഖ്യമന്ത്രി എകെ ആന്റണിയെ അഭിനന്ദിച്ചുകൊണ്ട് തുറന്ന കത്തെഴുതുകപോലുമുണ്ടായി. MGP യെയും മറ്റ് സ്ട്രക്ചറല്‍ അഡ്ജസ്റ്റ്‌മെന്റ് നയങ്ങളെയും പ്രകീര്‍ത്തിച്ച കെ വേണു സമരത്തിലേര്‍പ്പെട്ടിരുന്ന ജീവനക്കാര്‍ക്കെതിരെ അതിരൂക്ഷമായ കള്ളപ്രചാരണം നടത്തി അവഹേളിക്കാന്‍ മുന്നില്‍ നിന്നു. ലീവ് സറണ്ടര്‍ നിര്‍ത്തലാക്കുന്നതിന് സൈദ്ധാന്തിക ന്യായം നല്‍കി. MGP യിലെയും മറ്റും നവലിബറല്‍ വശങ്ങളെ പാഠം മാസികയും കൂട്ടാളികളും കണ്ടില്ലെന്നുനടിച്ചു. ചെറിയൊരു ചെറുത്ത് നില്‍പ്പിനുപോലും അവര്‍ തയ്യാറായില്ല, പകരമവര്‍ 'ലൈംഗിക പെരിസ്ട്രോയിക്ക' പോലുള്ള പുതിയ വിവാദങ്ങളുടെ മേച്ചില്‍പ്പുറങ്ങള്‍ തപ്പി നടന്നു. ഇവരുടെ മുന്‍കാല സിപിഎം വിമര്‍ശനങ്ങള്‍ ജെനുവിന്‍ അല്ലെന്നതിന് വേറെന്ത് തെളിവുവേണം?

എന്നാല്‍ വേണുവിനെപ്പോലുള്ളവര്‍ പറഞ്ഞ രാഷ്ട്രീയം തള്ളിക്കളയുകയായിരുന്നു കോണ്‍ഗ്രസ്സ് അനുകൂല സര്‍വീസ് സംഘടനയിലെ നേതൃത്വമുള്‍പ്പെടെ എല്ലാവരും ചെയ്തത്. കാരണം തങ്ങളുടെ നിലനില്‍പ്പിനെ ബാധിക്കുന്ന അങ്ങേയറ്റത്തെ എംപ്ലോയി വിരുദ്ധ നയങ്ങളായിരുന്നു കോണ്‍ഗ്രസ്സ്-എഡിബി ബുദ്ധികേന്ദ്രങ്ങളില്‍ നിന്നും വന്നത്. സിവില്‍ സര്‍വ്വീസിന്റെ സര്‍വ്വീസിന്റെ നിലനില്‍പ്പിനെ തന്നെയും ചോദ്യം ചെയ്യുന്ന നവലിബറല്‍ നയങ്ങളുടെ പ്രഹരശേഷി കോണ്‍ഗ്രസ്സനുകൂലികളായ ജീവനക്കാര്‍ക്ക് അനുഭവവേദ്യമായത് അന്നാണ്. പാര്‍ടി നേതാക്കള്‍ വിലക്കിയിട്ടും തെരുവിലേക്കിറങ്ങാനവര്‍ നിര്‍ബന്ധിക്കപ്പെട്ടത് ഭാവിയെക്കുറിച്ചുള്ള അരക്ഷിതാവസ്ഥകൊണ്ട് കൂടിയായിരുന്നു. ഇക്കാലമത്രയും തങ്ങള്‍ തെറിവിളിച്ചുനടന്ന CITU ഉള്‍പ്പെടെയുള്ള ഇടത് ട്രേഡ് യൂണിയനുകളാണ് സമരമുഖത്ത് കോണ്‍ഗ്രസ്സ് അനുകൂല സര്‍വീസ് സംഘടനാ പ്രവര്‍ത്തകര്‍ക്കും അധ്യാപകര്‍ക്കും താങ്ങായി നിന്നത് എന്ന ബോധ്യം അവരെ പിടിച്ചുലച്ചു. നാടെങ്ങും സമര സഹായ സമിതികള്‍ രൂപീകരിച്ചും സമര കേന്ദ്രങ്ങളില്‍ ജീവനക്കാര്‍ക്കും കുടുംബത്തിനും കൂട്ടായി കഞ്ഞി വെച്ചു കൊടുത്തും ഇന്നാട്ടിലെ കര്‍ഷക തൊഴിലാളികളും കൂലിപ്പണിക്കാരുമൊക്കെയാണ് അന്ന് സമരത്തിലുണ്ടായിരുന്ന ജീവനക്കാരെ സംരക്ഷിച്ചത്.

2002 ലെ സമരമുഖത്ത് ശത്രുക്കളായ ഇടത് സര്‍വീസ് സംഘടനകളുമായി ഐക്യപ്പെടുന്നതിന് കോണ്‍ഗ്രസ്സ് അനുകൂല ജീവനക്കാര്‍ക്ക് ഒരു കുറച്ചിലുമില്ലായിരുന്നു. ഒരുമിച്ചാണവര്‍ ആന്റണിക്കെതിരെയും ധനമന്ത്രി ശങ്കരനാരായണനെതിരെയും അന്ന് മുദ്രാവാക്യങ്ങള്‍ വിളിച്ചിരുന്നത്. കെ വേണുവിന് മറുപടിയായി മലയാളം വീക്കിലിയില്‍ സഖാവ് സി എച് അശോകന്‍ എഴുതിയ ലേഖനം ആവേശം കൊള്ളിച്ചത് എന്‍ജിഓ യൂണിയന്‍കാരെയും കെഎസ്ടിഎക്കാരെയും മാത്രമായിരുന്നില്ല, പരമ്പരാഗത കോണ്‍ഗ്രസ്സ് കുടുംങ്ങളില്‍ നിന്നും വരുന്ന ജീവനക്കാരെക്കൂടിയായിരുന്നു. 'തൊഴിലാളിക്കൊരു പ്രശ്‌നം വന്നാല്‍ എല്ലാമെല്ലാമൊന്നാണ്' എന്ന അന്നത്തെ മുദ്രാവാക്യം എന്നും സമരപ്പന്തലില്‍പ്പോയി കഞ്ഞി കുടിച്ചിരുന്ന അന്നത്തെ ബാലസംഘം പ്രവര്‍ത്തകനും കൊച്ചു കുട്ടിയുമായിരുന്ന എനിക്ക് ഇന്നുമോര്‍മ്മയുണ്ട്. സര്‍ക്കാര്‍ ജീവനക്കാരും തങ്ങളെപ്പോലെ തൊഴിലാളി വര്‍ഗ്ഗമാണെന്ന് കൂലിപ്പണിക്കാര്‍ക്കും വിശാല തൊഴിലാളി വര്‍ഗ്ഗത്തിന്റെ ഭാഗമാണ് തങ്ങളെന്ന് ജീവനക്കാര്‍ക്കുമുള്ള ബോധ്യം ഉറച്ചത് ഇത്തരം സമരങ്ങളില്‍ കൂടി തന്നെയായിരുന്നു.

2002 ലെ സമരകാലത്ത് സര്‍ക്കാര്‍ ജീവനക്കാര്‍ അനുഭവിച്ചതിലും വലിയ അരക്ഷിതാവസ്ഥയിലൂടെയാണ്, ഇന്ന് പ്രളയബാധിത മേഖലകളില്‍ വലിയൊരു ശതമാനം ജനങ്ങള്‍ ജീവിക്കുന്നത്. പണ്ട് തങ്ങള്‍ക്ക് കഞ്ഞിവെച്ചുനല്‍കിയ തൊഴിലാളികളും കുടുംബവും ഇന്ന് ജീവനക്കാരുടെ ചെറിയൊരു കൈത്താങ്ങര്‍ഹിക്കുന്നുണ്ട്. അവരെ താങ്ങി നിര്‍ത്തേണ്ടത് ഓരോ ജീവനക്കാരന്റെയും കൂടി കടമയാണ്. ആ ഉത്തമ ബോധ്യത്തിലാണ് ഇടത് അനുകൂല അധ്യാപക സര്‍വീസ് സംഘടനകളെല്ലാം മുഖ്യമന്ത്രിയുടെ സാലറി ചലഞ്ചില്‍ ഭാഗഭാക്കാവാന്‍ തീരുമാനിച്ചത്. സാലറി ചലഞ്ചില്‍ നിന്നും പിന്തിരിഞ്ഞുനില്‍ക്കാനാണ് യുഡിഎഫ് ബിജെപി അനുകൂല സര്‍വ്വീസ് സംഘടനകളുടെ നിലപാട്. 2002 ലെ പാഠത്തില്‍ നിന്നും ഒന്നും തന്നെ അവര്‍ പഠിച്ചിട്ടില്ല എന്നുവേണം മനസിലാക്കാന്‍. അന്ന് കെ വേണു ചെയ്ത റോള്‍ ചെയ്യാന്‍ സാലറി ചലഞ്ചിനെ പലരീതിയില്‍ ആക്രമിച്ചുകൊണ്ട് പല ബുദ്ധിജീവികളും നിലയുറപ്പിച്ചിട്ടുണ്ട്. അധികം വൈകാതെ, നമ്മള്‍ പൂര്‍ണ്ണമായും അതിജീവിക്കുന്ന കാലത്ത്, 2002 നെയോര്‍ത്ത് നിങ്ങളിന്നനുഭവിക്കുന്ന ആ തികട്ടല്‍ പോലെ ഭാവിയില്‍ മനസ്സാക്ഷിക്കുത്ത് തോന്നാതിരിക്കാനെങ്കിലും ഒരു മാസത്തെ ശമ്പളം മാറ്റിവെക്കണമെന്ന് പ്രതിപക്ഷ അനുകൂല സര്‍വീസ് സംഘടനാ പ്രവര്‍ത്തകരോടും അധ്യാപകരോടും അപേക്ഷിക്കുകയാണ്. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top