30 May Tuesday
എക്സിബിഷനിസത്തിന്റെ ഏകമുഖ നാടകമല്ല രാഷ്ട്രീയ പ്രവർത്തനം

കമ്മ്യൂണിസ്റ്റുകാര്‍ അധികാരത്തില്‍ വന്നാല്‍ വിഷം കഴിച്ചു മരിക്കും എന്ന് പറഞ്ഞവര്‍ വിഷം സ്വയം കഴിക്കാതെ പത്രത്തിലൂടെ സമൂഹത്തിനായി നിത്യവും വിളമ്പുന്നു : ജെയ്ക്ക് സി തോമസ്

വെബ് ഡെസ്‌ക്‌Updated: Tuesday Dec 5, 2017

ഓഖി ചുഴലിക്കാറ്റ് മൂലമുണ്ടായ ദുരന്തത്തില്‍ നിന്ന് ജനങ്ങളെ രക്ഷിക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളെ വിലകുറച്ച് കാണുകയും കേരളമാധ്യമങ്ങളുടെ എക്കാലത്തെയും പ്രിയപ്പെട്ട എക്സിബിഷനിസത്തിന്റെ പൊളിറ്റിക്കല്‍വേര്‍ഷനുകള്‍ ഇല്ലാത്തതിലുള്ള പരിഭവം സര്‍ക്കാര്‍വിരുദ്ധ അക്രമണോത്സുകതയോടെ വെളിയില്‍ ചാടുന്നതിനുമെതിരെ എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് ജെയ്ക്ക് സി തോമസ്.  മലയാളമനോരമയുടെ നേതൃത്വത്തില്‍ പാരമ്പര്യാവകാശം കാത്തുസൂക്ഷിക്കുന്ന ഇടതുപക്ഷവിരുദ്ധവാര്‍ത്തകള്‍ പ്രവഹിക്കുന്നതിനെ രൂക്ഷമായി ജെയ്ക്ക് വിമര്‍ശിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു വിമര്‍ശനം. രാഷ്ട്രീയം ഒരു പ്രകടനപരതയുടെ നാടകവേദിയല്ലെന്നും, ക്രിയാത്മകവും, ആര്‍ജ്ജവവും നിറഞ്ഞ ഇടപെടലുകളാണെന്നും ഇനിയെങ്കിലും ഉള്‍ക്കൊള്ളാനും, അതിനു അനുരൂപമായി അപനിര്‍മാണം നടത്തുവാനും കേരളത്തിലെ മാധ്യമങ്ങള്‍ തയ്യാറാവേണ്ടിയിരിക്കുന്നുവെന്നും ജെയ്ക്ക് പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഓഖി ചുഴലിക്കാറ്റിന്റെ ദുരന്തപൂർണമായ അസ്ഥാന്തരങ്ങളെ ദുരന്തനിവാരണ സംവിധാനങ്ങളെ ഏകോപിപ്പിച്ച് തികഞ്ഞ ഇച്ഛാശക്തിയോടെ കൂടി തന്നെ സർക്കാർ നേതൃത്വം നൽകി നേരിടുകയാണ് അപ്പോഴാണ് കേരളമാധ്യമങ്ങളുടെ എക്കാലത്തെയും പ്രിയപ്പെട്ട എക്‌സിബിഷനിസത്തിന്റെ പൊളിറ്റിക്കൽവേർഷനുകൾ ഇല്ലാത്തതിലുള്ള പരിഭവം സർക്കാർ വിരുദ്ധ അക്രമണോത്സുകതയോടെ വെളിയിൽ ചാടുന്നത്. മലയാള മനോരമയുടെ നേതൃത്വത്തിൽ 'പാരമ്പര്യാവകാശം' കാത്തുസൂക്ഷിക്കുന്ന ഇടതുപക്ഷവിരുദ്ധവാര്ഡത്തകൾ പ്രവഹിക്കുകയാണ്.

രാഷ്ട്രീയം ഒരു പ്രകടനപരതയുടെ നാടകവേദിയല്ലെന്നും, ക്രിയാത്മകവും, ആർജ്ജവവും നിറഞ്ഞ ഇടപെടലുകളാണെന്നും ഇനിയെങ്കിലും ഉൾക്കൊള്ളാനും, അതിനു അനുരൂപമായി അപനിർമാണം നടത്തുവാനും കേരളത്തിലെ മാധ്യമങ്ങൾ തയ്യാറാവേണ്ടിയിരിക്കുന്നു.
മരണത്തിന്റെ മുഖത്ത് നിന്നും രക്ഷിച്ച 690ലധികം വരുന്ന മനുഷ്യ ജീവനുകളാണ് ദുരുന്തനിവാരണ പ്രവർത്തനങ്ങളുടെ വിമർശകർക്ക് വസ്തുതകളുടെ യാഥാർഥ്യജന്യമായ കണക്കുകൾ സമർപ്പിക്കുന്ന മറുപടി.

കേന്ദ്രമന്ത്രി നിർമ്മല സീതാരാമന്റെയും, അൽഫോൺസ് കണ്ണന്താനത്തിന്റെയും വാക്കുകളിൽ ക്രമാനുഗതമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സർക്കാർ സംവിധാനങ്ങൾ ഉണർന്നുതന്നെ പ്രവർത്തിക്കുന്നു എന്നാണ്.പക്ഷെ മഴ പെയ്തു തീർന്നാലും തുടരുന്ന മര പെയ്തതു പോലെ അന്ധമായ കമ്മ്യൂണിസ്റ്റ് വിരോധം നോം ചോംസ്‌കിയെയും ശരിവെച്ചു കൊണ്ട് മലയാള മുഖ്യധാരകർ ആവർത്തിക്കുകയാണ്.

പഴുത്തയിലകൾ പൊഴിഞ്ഞുവീഴുന്ന മരങ്ങളുടെ ചുവട്ടിൽ 'കൂട്ടിയിട്ട' പച്ചിലകളെ തൂത്തുംകൊണ്ട് സ്വച്ഛഭാരത് പ്രഖ്യാപിച്ച പ്രധാനമന്ത്രിയുടെ നാട്ടിൽ നിങ്ങൾക്കു ഇങ്ങനെയൊരു മുഖ്യമന്ത്രിയെ ഉൾക്കൊള്ളുവാൻ പ്രയാസമാകുന്നതിലെ അസ്വഭാവികത തിരിച്ചറിയാതിരിക്കുന്നില്ല.
വീട്ടിലെത്തിച്ചു കൊടുക്കേണ്ട വിധവാപെൻഷനും, വാർദ്ധക്യപെൻഷനും താനിരിക്കുന്ന 'ജനവിരുദ്ധസമ്പർക്കത്തിന്റെ' വേദിയിലെത്തിച്ച് 5000/ രൂപ ദാനമായി നൽകുന്ന ഉമ്മൻചാണ്ടിമാരുടെ പ്രദർശനാത്മക രാഷ്ട്രീയത്തിന്റെ കളർഫോട്ടോ പത്രപ്രവർത്തകർക്ക് സ്വപ്നങ്ങളിൽപോലുമൊന്ന് അംഗീകരിക്കാനുള്ള പ്രയാസവും അസാധാരണമല്ല.

പക്ഷേ, കേരളത്തിലെ മാധ്യമമുഖ്യധാരകൾ തിരിച്ചറിയണം,തിരുത്തുവാൻ തയ്യാറാവണം. പുറ്റിങ്ങൽ ദുരന്തത്തിൽ വന്നിറങ്ങിയ രാഷ്ട്രീയനേതാക്കന്മാർ സൃഷ്ട്ടിച്ച തടസ്സങ്ങൾ.നിശ്ചയമായും ദുരന്തത്തിലകപ്പെട്ട് പരിക്കേറ്റ ജനതയെ സഹായിക്കുന്നത് പ്രദര്ശനപരതയുടെ ഗിമ്മിക് ഷോകളല്ല എന്നും ഓഫീസിലിരുന്ന് സകലദുരന്തനിവാരണമാർഗങ്ങളേയും ഏകോപിപ്പിച്ച് നടത്തുന്ന രക്ഷാപ്രവർത്തനത്തിന്റെ ആർജവമുള്ള നേതൃത്വമാണെന്നും തിരിച്ചറിയേണ്ടിയിരിക്കുന്നു.

വിശക്കുന്നവന്റെ മുന്നിൽ ദൈവം പ്രത്യക്ഷപ്പെടുന്നത് അന്നത്തിന്റെ രൂപത്തിലാവുമെന്ന് പറഞ്ഞത് സ്വാമിവിവേകാനന്ദൻ ആയിരുന്നു. കുഴഞ്ഞുവീണവർക്കും രോഗം ബാധിച്ചവർക്കും വിശന്നുവലയുന്നവർക്കും വേണ്ടത് പളുപളുത്ത കുപ്പായങ്ങളുടെ സാന്നിദ്ധ്യത്തിനുമപ്പുറം വൈദ്യസഹായവും, മരുന്നും, ആശുപത്രി സേവനങ്ങളും ഭക്ഷണപൊതിയുമാണ്. അവിടെ ഒരു ഭരണാധിപൻ നയിക്കേണ്ട ശരിയായ രാഷ്ട്രീയ പ്രവർത്തനത്തിനു കരുത്താർന്ന നേതൃത്വമാകുവാൻ കേരളമുഖ്യമന്ത്രിക്കും നിസംശയം കഴിഞ്ഞിരുന്നു.

ഉടയാത്ത ഖദറിന്റെ പ്രദർശനാത്മക കണ്ണുനീരുകളിലും,കളർഫോട്ടോ ജേര്ണലിസത്തിലും മാത്രം വാർത്തയുടെ സാദ്ധ്യത കാണുന്ന എല്ലാ പരമപണ്ഡിതന്മാരായ മാധ്യമപ്രവർത്തകർക്കും നിരാശരാവുകയേ നിവർത്തിയുള്ളൂ. മാധ്യമങ്ങളുടെ സഹാനുഭൂതിയിൽ വിരിയുന്ന വാർത്തയുടെ കെൽപ്പിൽ നടത്തേണ്ടുന്ന ഒന്നല്ല രാഷ്ട്രീയപ്രവർത്തനം എന്നും ഇനിയുമിനിയും പതിന്മടങ്ങ് കരുത്തോടെ ഇടതുപക്ഷം തെളിയിച്ചുകൊണ്ടിരിക്കുക തന്നെ ചെയ്യും.

അറുപതാണ്ടുകൾക്കു മുൻപ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് സർക്കാരിനെ അട്ടിമറിക്കാൻ അമേരിക്കയിൽ നിന്ന് സി.ഐ.എ ഒഴുക്കിയ പണത്തിന്റെ കഥകൾ നാം കേട്ടത് പതിറ്റാണ്ടുകൾ മുൻപ് മാത്രമാണ്,എന്നാൽ അറുപതാണ്ടുകൾക്കിപ്പുറം അതെ അമേരിക്കയുടെ മുഖമായ വാഷിംഗ്‌ടൺ പോസ്റ്റ് പ്രായശ്ചിത്തം ചെയ്തത് 2017 ഇൽ 'കമ്മ്യൂണിസ്റ്റ് സക്സസ്സ് ' എന്ന പേരിൽ മുൻപേജ് നീക്കി വെച്ചുകൊണ്ടാണ്.ലാവ്ലിന്റെ പേരിൽ വേട്ടയാടിയ മുഴുവൻ മാധ്യമ സിംഹങ്ങൾക്കും തിരുത്തിയെഴുതേണ്ടി വന്നതും,ചരിത്രത്തിലെ തന്നെ ഏറ്റവും കുപ്രസിദ്ധമായ മാധ്യമവേട്ടയെ തോൽപ്പിച്ചു വജ്രശോഭയോടെ മുഖ്യമന്ത്രി പദത്തിലേക്ക് സ്.പിണറായി വിജയൻ നടന്നു കയറിയതും ഇന്നലെയെന്ന പോലെ നമ്മുടെ കണ്മുന്നിൽ അന്തസുള്ള രാഷ്ട്രീയ പ്രവർത്തനത്തിന്റെ പ്രൗഡോജ്ജ്വല മുഖമായി തിളങ്ങി നിൽക്കുന്നു.
മാധ്യമങ്ങളുടെ കാരുണ്യത്തിൽ നടത്തേണ്ടുന്ന പ്രവർത്തനനത്തിന്റെ പേരല്ല രാഷ്ട്രീയം എന്ന് കമ്മ്യൂണിസ്റ്റുകാർ അഭംഗുരം തെളിയിച്ച ചരിത്രസന്ദർഭങ്ങളാണ്‌ ഇവയൊക്കെയും.

കമ്മ്യൂണിസ്റ്റുകാർ അധികാരത്തിൽ വന്നാൽ വിഷം കഴിച്ചു മരിക്കും എന്ന് പറഞ്ഞവർ ലോകത്തിൽ അപൂർവമെങ്കിലും ഉണ്ടാവാം.എന്നാൽ കമ്മ്യൂണിസ്റ്റുകാർ അധികാരത്തിൽ വരികയും,വിഷം സ്വയം കഴിക്കാതെ പത്രത്തിലൂടെ സമൂഹത്തിനായി നിത്യവും വിളമ്പുകയും ചെയ്യുന്നതിന്റെ പൈതൃകാവകാശം,അത് കേരളത്തിലെ ഒരേയൊരു മാധ്യമസ്ഥാപനത്തിനു മാത്രമുള്ളതാണ്.അതുകൊണ്ടു ആ പൈതൃകത്തിൽ നിന്നുത്ഭവിക്കുന്ന മാധ്യമസ്വഭാവത്തെ ഞങ്ങൾ വെല്ലുവിളിക്കുന്നില്ല,പക്ഷെ കാലം അനസ്യൂതം തെളിയിച്ചു കൊണ്ടേയിരിക്കും മാധ്യമങ്ങളുടെ പാലും,പഴവും നിത്യവും നേദിക്കാതെ രാഷ്ട്രീയ പ്രവർത്തനവും,ജനപിന്തുണയും ആർജിച്ചു വിജയിക്കുന്നവരുടെ മനുഷ്യപക്ഷത്തെ.
കാർമേഘങ്ങളുടെ ഗ്രഹണകാലത്തെ എപ്പോഴും വെല്ലുവിളിക്കുകയും ദയാരഹിതമായി തോൽപ്പിക്കുകയും ചെയ്തതാണ് സൂര്യശോഭയുടെ ചരിത്രം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top