പാലക്കാട് > കഞ്ചാവുമായി അറസ്റ്റിലായ ആര്‍എസ്എസുകാരനോട് കൈയിലെ രാഖിപൊട്ടിക്കാന്‍ മറ്റൊരു ആര്‍എസ്എസുകാരന്‍ പറയുന്ന വീഡിയോ വൈറലാകുന്നു. കേസില്‍ പിടിയിലായവരെല്ലാം ആര്‍എസ്എസുകാരാണ്. ഇവരുടെ വീഡിയോ നാട്ടുകാര്‍ മൊബൈല്‍ഫോണില്‍ ഷൂട്ട് ചെയ്യാന്‍ തുടങ്ങിയപ്പോഴാണ് പ്രതികളില്‍ ഒരാളുടെ കൈയിലെ രാഖി കണ്ടത്. ഇതും ഷൂട്ട് ചെയ്യുന്നത് കണ്ടതോടെയാണ് നാണക്കേട് ഒഴിവാക്കാന്‍ മറ്റൊരു ആര്‍എസ്എസുകാരന്‍ രാഖി പൊട്ടിക്കാന്‍ ആവശ്യപ്പെടുന്നത്.
ആറുകിലോ കഞ്ചാവുമായാണ് കോഴിക്കോട്ടെ ആര്‍എസ്എസുകാരായ വിഷ്‌ണു, അലോക്, ജിനോ പോള്‍ എന്നിവരെ അറസ്റ്റ് ചെയ്തത്. ഇവരുടെ കാറിന്റെ ബോണറ്റില്‍നിന്ന് ആറു കിലോ കഞ്ചാവ് കണ്ടെടുത്തു. വാളയാര്‍ ടോള്‍ പ്ലാസയില്‍ എക്‌സൈസ് സംഘം കൈകാണിച്ചപ്പോള്‍ നിര്‍ത്താതെ പോയ വാഹനത്തെ ഒരു കിലോമീറ്ററോളം പിന്തുടര്‍ന്നു. പുതുശേരി പഞ്ചായത്ത് ഓഫീസിനുസമീപത്തുവച്ച് തടഞ്ഞ് നാട്ടുകാരുടെ സഹായത്തോടെയാണ് പിടികൂടിയത്.
.jpg)
അറസ്റ്റിലായ വിഷ്ണു, അലോക്, ജിനോ പോള്‍
മൂന്ന് പാക്കറ്റുകളിലായി സൂക്ഷിച്ച കഞ്ചാവിന് വിപണിയില്‍ ആറുലക്ഷത്തോളംരൂപ വില വരുമെന്ന് എക്‌സൈസ് അധികൃതര്‍ പറയുന്നു. കോഴിക്കോട്ടെ കഞ്ചാവ് മാഫിയക്ക് നല്‍കാന്‍ തമിഴ്‌നാട്ടിലെ സേലത്തുനിന്നാണ് കഞ്ചാവ് കടത്തുന്നത്. ഇവര്‍ക്കെതിരെ നേരത്തേയും കഞ്ചാവ് കടത്തിയതിനു കേസുണ്ട്. കാറും കസ്റ്റഡിയിലെടുത്തു. കഞ്ചാവിന് ഒരു പൊതിക്ക് 10,000രൂപ മുതല്‍ 25,000രൂപ വരെ വില ഈടാക്കുന്നുണ്ട്. 10വര്‍ഷംവരെ തടവ്ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.
പാലക്കാട് ഡെപ്യൂട്ടി എക്‌സൈസ് കമീഷണര്‍ വി പി സുലേഷ് കുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധിച്ചത്. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം രാകേഷ്, എക്‌സൈസ് ഇന്‍സ്‌പെക്‌ടര്‍ ടി രാജീവ് എന്നിവരുടെ നേതൃത്വത്തിലാണ് കഞ്ചാവ് പിടികൂടിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..