04 March Thursday

"രാത്രിയിൽ വിളക്ക് കത്തിച്ചാൽ വെളിച്ചം കിട്ടും എന്നല്ലാതെ പ്രയോജനമൊന്നുമില്ല; ഏപ്രിൽ ഒന്നാണെങ്കിൽ ഏപ്രിൽ ഫൂൾ എന്നെങ്കിലും പറയാമായിരുന്നു'

നതാഷ ജെറിUpdated: Friday Apr 3, 2020

നതാഷ ജെറി

നതാഷ ജെറി

പ്രധാനമന്ത്രി മന്ത്രി ആഹ്വാനം ചെയ്‌ത പ്രകാശം തെളിയിക്കലിനെപ്പറ്റി അശാസ്‌ത്രീയമായ കാര്യങ്ങളാണ്‌ ട്വിറ്ററിലൂടെ പങ്കുവയ്‌ക്കപ്പെടുന്നത്‌. ഐഎംഎ ഭാരവാഹിയടക്കം ഇത്തരം വസ്‌തുതയില്ലാത്ത കാര്യങ്ങൾ ആധികാരികം എന്ന്‌ തോന്നിപ്പിക്കുന്ന രീതിയിൽ ട്വീറ്റ്‌ ചെയ്‌തിട്ടുണ്ട്‌. കാലാവസ്ഥ ശാസ്‌ത്ര ഗവേഷകയായ നതാഷ ജെറിയുടെ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പ്‌.

ഇന്നത്തെ ഏറ്റവും പുതിയ തള്ള് വന്നിരിക്കുന്നത് ട്വിറ്ററിലാണ്. അതുപ്രകാരം ഏപ്രിൽ 5 വാമന ദ്വാദശി ആണെന്നും അന്നാണ് ഭൂമിയിൽ ഏറ്റവും കൂടുതൽ സൂര്യപ്രകാശം കിട്ടുന്നതെന്നുമാണ്. പതിവ് പോലെ ഇതും തെറ്റിദ്ധരിപ്പിക്കാൻ ഉദ്ദേശിച്ചു പടച്ചു വിട്ടിരിക്കുന്ന ഒന്നാണ്. യാഥാർത്ഥ്യവുമായി പ്രത്യേകിച്ച് ബന്ധമൊന്നുമില്ല. ദ്വാദശി എന്നാൽ ചാന്ദ്രമാസത്തിലെ പന്ത്രണ്ടാമത്തെ ദിവസം എന്ന് മാത്രമേ അർത്ഥമുള്ളൂ. ഈ വർഷത്തെ വാമന/ ഭാദ്രപദ ദ്വാദശി ഓഗസ്റ്റ് 29നാണ്, ഏപ്രിൽ അഞ്ചിനല്ല. ഏപ്രിൽ അഞ്ചിന് മറ്റേതോ ദ്വാദശി ഉണ്ട്. അതാണെങ്കിൽ രാത്രി 7. 25 ന് തീരുമെന്നാണ് പഞ്ചാംഗത്തിൽ കാണുന്നത്. ഇനി സൂര്യപ്രകാശത്തിന്റെ കാര്യം നോക്കാം.

ഭൂമിയിൽ ഏറ്റവും കൂടുതൽ സൂര്യപ്രകാശം കിട്ടുന്നതെന്നാണ്?


രണ്ട് രീതിയിൽ ഇതിനുത്തരം പറയാം. ഭൂമിയുടെ സൂര്യന് ചുറ്റുമുള്ള ഓർബിറ്റ് വൃത്താകൃതിയിലല്ല എന്നറിയാമല്ലോ. ഭൂമിയുടെ ഓർബിറ്റിന് എലിപ്റ്റിക്കൽ ആകൃതിയാണുള്ളത് (ചിത്രം കാണുക). അതുകൊണ്ട് തന്നെ ഒരു വർഷത്തിൽ ഭൂമി സൂര്യനോട് ഏറ്റവും അടുത്ത് വരികയും ഏറ്റവും അകലെ പോവുകയും ചെയ്യുന്ന ദിവസങ്ങളുണ്ട്. ഭൂമി (അല്ലെങ്കിൽ ഏതൊരു ഗ്രഹവും) സൂര്യനോട് ഏറ്റവും അടുത്തു വരുന്നതിനെ പെരിഹീലിയൻ (perihelion) എന്നാണ് വിളിക്കുന്നത്. അതുപോലെ സൂര്യനിൽ നിന്ന് ഏറ്റവും അകലെയുള്ള പോയിന്റിനെ അഫീലിയൻ (aphelion) എന്നും വിളിക്കുന്നു. അപ്പോൾ ഭൂമിയുടെ പെരിഹീലിയൻ ഏതു ദിവസമാണ്? ജനുവരി 3 ആണ് ഭൂമി പെരിഹീലിയനിൽ കൂടെ കടന്നു പോകുന്നത്, അഫീലിയനാകട്ടെ ജൂലൈ നാലിനും. ഏതായാലും ഏപ്രിൽ അഞ്ചിനല്ല.

ഇവ ഭൂമിയെ ബാധിക്കുന്നതെങ്ങനെയാണ്?

സ്വാഭാവികമായും പെരിഹീലിയന്റെ സമയത്ത് സൂര്യനിൽ നിന്ന് കൂടുതൽ ഊർജവും അഫീലിയന്റെ സമയത്ത് കുറഞ്ഞ ഊർജവും ആണല്ലോ ലഭിക്കേണ്ടത്. എന്നാൽ യഥാർത്ഥത്തിൽ സൗരോർജത്തിൽ വരുന്ന വ്യത്യാസം അത്ര വലുതല്ല, ഏകദേശം 7% ആണിത്. മാത്രവുമല്ല പെരിഹീലിയന്റെ സമയത്ത് ഉത്തരാർദ്ധഗോളത്തിൽ ശീതകാലവുമാണ്. വേനൽക്കാലമായ ദക്ഷിണാർദ്ധഗോളത്തിന്റെ ഭൂരിഭാഗവും സമുദ്രങ്ങളാണ്. ജലത്തിന്റെ ഹീറ്റ് കപ്പാസിറ്റി കുറവായതിനാൽ അധികമായി ലഭിക്കുന്ന ഈ സൗരോർജം വളരെ പതിയെ മാത്രമേ ആഗിരണം ചെയ്യപ്പെടുകയുള്ളൂ. അതിനാൽ തന്നെ ദിനാവസ്ഥയിൽ കാര്യമായ മാറ്റമൊന്നും ഈ ഊർജവ്യതിയാനത്തിന് ഉണ്ടാക്കാൻ കഴിയുകയില്ല. Kepler's law അനുസരിച്ച് പെരിഹീലിയനിലൂടെയും അഫീലിയനിലൂടെയും കടന്നു പോകുമ്പോൾ ഭൂമിയുടെ വേഗതയ്ക്ക് വ്യത്യാസം വരുന്നതിനാൽ ഉത്തരാർദ്ധഗോളത്തിലെയും ദക്ഷിണാർദ്ധഗോളത്തിലെയും വേനൽക്കാലത്തിന്റെ ദൈർഘ്യത്തിൽ ഏകദേശം മൂന്ന് ദിവസങ്ങളുടെ വ്യത്യാസമുണ്ട്.

ഇനി രണ്ടാമത്തെ ഉത്തരത്തിലേക്ക് വരാം. ഭൂമിയുടെ ചരിവ് ഏകദേശം 23.4 ഡിഗ്രി ആണെന്നറിയാമല്ലോ. അതിനാൽ തന്നെ സൂര്യൻ ഒരു വർഷത്തിൽ 23N മുതൽ 23S വരെ സഞ്ചരിക്കും. ഇതാണ് ഭൂമിയിൽ ഋതുക്കളുണ്ടാകാനുള്ള കാരണം. അപ്പോൾ ഒരു സ്ഥലത്തു ഏറ്റവും കൂടുതൽ സൂര്യപ്രകാശം കിട്ടുന്നത് അല്ലെങ്കിൽ പകലിന് ഏറ്റവും കൂടുതൽ ദൈർഘ്യമുണ്ടാകുന്നത് സൂര്യൻ ആ സ്ഥലത്തിന്/ അക്ഷാംശത്തിനു നേരെ മുകളിൽ വരുന്ന ദിവസങ്ങളിലാണ്. ഇത് ഓരോ സ്ഥലത്തിനും ഓരോന്നായിരിക്കും.

ഏറ്റവും പ്രധാനപ്പെട്ട കാര്യം ഏറ്റവും കൂടുതൽ വെയിൽ കിട്ടുന്ന ദിവസം രാത്രിയിൽ വിളക്ക് കത്തിക്കുന്നത് കൊണ്ട് വെളിച്ചം കിട്ടും എന്നുള്ളതല്ലാതെ പ്രത്യേക പ്രയോജനമൊന്നുമില്ല എന്നതാണ്. ചുരുക്കി പറഞ്ഞാൽ ഏപ്രിൽ ഒന്നാണെങ്കിൽ ഏപ്രിൽ ഫൂൾ എന്നെങ്കിലും പറയാമായിരുന്നു, ഏപ്രിൽ അഞ്ചിന് ഒരു ഉണ്ടയുമില്ല.

കാലാവസ്ഥ ശാസ്‌ത്ര ഗവേഷകയാണ്‌ ലേഖിക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top