25 March Saturday

അര്‍ണാബ്, നിങ്ങള്‍ ആത്മവിശ്വാസം ഒട്ടുമില്ലാത്ത ഭീരുവാണ്: എം ബി രാജേഷ്

വെബ് ഡെസ്‌ക്‌Updated: Tuesday May 30, 2017


റിപ്പബ്ളിക് ചാനല്‍ മേധാവി അര്‍ണാബ് ഗോസ്വാമി ആത്മവിശ്വാസം ഒട്ടുമില്ലാത്ത  ഭീരുവാണെന്ന് എം ബി രാജേഷ് എം പി. തുറന്ന കത്തിലൂടെയാണ് എം ബി രാജേഷ് അര്‍ണാബിനെതിരെ ആഞ്ഞടിച്ചിട്ടുള്ളത്. പക്ഷപാതിയായ, മുന്‍വിധിക്കാരനായ, പൂര്‍ണതയില്ലാത്ത, വിശ്വാസ്യതയില്ലാത്ത, ജേണലിസ്റ്റാണ് അര്‍ണാബെന്നും അതുമറച്ചുവെക്കാനാണ് ചാനല്‍ ഷോകളില്‍ അലറുകയും പൊട്ടിത്തെറിക്കുയും ചെയ്യുന്നതെന്നും രാജേഷ് പറയുന്നു. സംഘസേനയുടെ സംരക്ഷണത്തില്‍നിന്ന്  സിപിഐ എമ്മിനെതിരെ നുണകള്‍ തുപ്പാനേ അര്‍ണാബിനറിയുവെന്നും തനിക്ക് ആര്‍മി ഒരു ന്യൂസ് റൂം അനുഭവമല്ലെന്നും ദീര്‍ഘകാലം ഇന്ത്യന്‍ അര്‍മിയുടെ ഭാഗമായിരുന്ന പിതാവിന്റെ അഭിമാനിയായ മകനാണ് താനെന്നും കത്തില്‍ രാജേഷ് പറയുന്നു. “സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരിക്കയാണ് രാജേഷിന്റെ കത്ത്.

കത്തിന്റെ പൂര്‍ണരൂപം ചുവടെ


"മിസ്റ്റര്‍ അര്‍ണബ് ഗോസ്വാമി, ഞാനീ തുറന്ന കത്തെഴുതുന്നത് 26.05.2017ന് രാത്രി 10 മണിക്ക് നടന്ന, ഞാന്‍ കൂടി പങ്കെടുത്ത ടിവി ഷോയെ കുറിച്ചാണ്. ആ ഷോയ്ക്കിടെ താങ്കള്‍ എന്നോട് അഹങ്കാരത്തോടെ പറഞ്ഞു, നിങ്ങളെക്കാള്‍ വലിയ നേതാക്കളെ ഞാന്‍ കൈകാര്യം ചെയ്തിട്ടുണ്ട്. ചിലപ്പോള്‍ അത് മാത്രമായിരിക്കും ആ ഷോയില്‍ നിങ്ങള്‍ പറഞ്ഞ ഒരേയൊരു സത്യം. ഈ ഒരൊറ്റ വാചകം മതി താങ്കളുടെ അഹന്തയും അഹങ്കാരവും അല്‍പത്തരവും വ്യക്തമാക്കാന്‍. ഞാനൊരിക്കലും അവകാശപ്പെട്ടിട്ടില്ല ഞാനൊരു വലിയ നേതാവാണെന്ന്. താങ്കള്‍ എന്നെക്കാള്‍ വലിയ നേതാക്കളെ കൈകാര്യം ചെയ്തിരുന്നതുകൊണ്ട്, എനിക്ക് സത്യസന്ധരും പരിഷ്കൃതരും ബുദ്ധിയും ബോധവുമുള്ള അവതാരകരുടെ ചര്‍ച്ചകളില്‍ പങ്കെടുക്കാനുള്ള അവസരമുണ്ടായി.

സ്വയം അഹങ്കരിക്കാനുള്ള എല്ലാ അവകാശവും താങ്കള്‍ക്കുണ്ട്. പക്ഷേ താങ്കളെക്കുറിച്ച് ഞാന്‍ കരുതുന്നത് താങ്കള്‍ പക്ഷപാതിയായ, മുന്‍വിധിക്കാരനായ, പൂര്‍ണതയില്ലാത്ത, വിശ്വാസ്യതയില്ലാത്ത, ജേണലിസ്റ്റ് എന്ന നിലയില്‍ ആത്മവിശ്വാസം പോലുമില്ലാത്തയാളാണ് എന്നാണ്. താങ്കളുടെ ദൌര്‍ബല്യത്തെക്കുറിച്ച് താങ്കള്‍ തന്നെ ബോധവാനാണ് എന്ന് കരുതുന്നു. ആ ആത്മവിശ്വാസക്കുറവിനെ മറച്ചുപിടിക്കാനാണ് താങ്കള്‍ ഷോയ്ക്കിടെ അലറുകയും പൊട്ടിത്തെറിക്കുകയും ചെയ്യുന്നതെന്ന് എനിക്ക് എപ്പോഴും തോന്നിയിട്ടുണ്ട്. ഞാന്‍ കണ്ടതിലും വെച്ച് ഏറ്റവും അസന്മാര്‍ഗിയായിട്ടുള്ള പ്രവര്‍ത്തകന്‍ താങ്കളാണ്.

26.05.2017ന് എനിക്ക് നിങ്ങളുടെ ചാനലില്‍ നിന്നും ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ ക്ഷണം കിട്ടി. മോദി സര്‍ക്കാരിന്റെ മൂന്നു വര്‍ഷങ്ങള്‍ എന്നായിരുന്നു വിഷയം. 10 മുതല്‍ 10.15 വരെയാണ് സമയം. നിങ്ങളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന ഏഷ്യാനെറ്റ് ചാനല്‍ സ്റ്റുഡിയോവില്‍ ഞാന്‍ ചെന്നപ്പോള്‍ ചര്‍ച്ച അവസാനിക്കാറായിരുന്നു. ഏഷ്യാനെറ്റിന്റെ പാലക്കാട് സ്റ്റുഡിയോയില്‍ അന്വേഷിച്ച് വിഷയം സ്ഥിരീകരിക്കാന്‍ ഞാന്‍ ഏഷ്യാനെറ്റിലെ തൊഴിലാളികളോട് ആവശ്യപ്പെട്ടു. എന്റെ മുന്നില്‍ വെച്ച് തന്നെ അരവിന്ദ് എന്നയാള്‍ താങ്കളുടെ ചാനലിലേക്ക് വിളിച്ച് വീണ്ടും ഉറപ്പിച്ചു, വിഷയം മോദി സര്‍ക്കാരിന്റെ മൂന്നു വര്‍ഷങ്ങള്‍ തന്നെ. പെട്ടെന്നാണ് അറിയുന്നത് ചര്‍ച്ചയുടെ വിഷയം കോടിയേരിയുടെ സൈന്യത്തിനെതിരായ പ്രസംഗമാണ് ചര്‍ച്ചയ്ക്കെടുത്തത് എന്ന്.

ഷോ അപ്പോള്‍ തന്നെ ബഹിഷ്കരിക്കാമായിരുന്നു എനിക്ക്. പക്ഷേ അങ്ങനെ ചെയ്തിരുന്നെങ്കില്‍ എന്റെ അസാന്നിധ്യത്തില്‍ താങ്കള്‍ എന്നെക്കുറിച്ച് കള്ളം പറയും, ഞാന്‍ ഷോയില്‍ നിന്ന് ഓടിപ്പോയെന്ന്. അങ്ങനെയൊരു സന്ദര്‍ഭം സൃഷ്ടിക്കാതിരിക്കാനാണ് കെട്ടിച്ചമച്ച ഒരു വിഷയത്തിലുള്ള ഒരു ചര്‍ച്ചയില്‍  ഞാന്‍ പങ്കെടുത്തത്. കോടിയേരി സൈന്യത്തെ അധിക്ഷേപിച്ചു എന്ന താങ്കളുടെ അടിസ്ഥാനമില്ലാത്ത ആരോപണത്തെ, താങ്കളുടെ സംസ്കാരശൂനന്യമായ പൊട്ടിത്തെറികള്‍ക്കിടയില്‍ കിട്ടിയ ചുരുങ്ങിയ സമയത്തിനുള്ളില്‍ ഞാന്‍ എതിര്‍ക്കാന്‍ ശ്രമിച്ചു. കേരളത്തിലെ ഒരു ടിവി ചാനലും എന്തിന് ഏഷ്യാനെറ്റ് പോലും ഈ വിഷയം ചര്‍ച്ച ചെയ്തില്ല, കോടിയേരിയുടെ പ്രസ്താവന അഫ്സ്പ നിയമത്തെക്കുറിച്ചാണെന്നും സൈന്യത്തെക്കുറിച്ചല്ലായെന്നും എല്ലാവര്‍ക്കും അറിയാം.

മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയില്‍ താങ്കള്‍ സിപിഐഎമ്മിനെതിരായ ആരോപണങ്ങള്‍ തുടര്‍ന്നു. മണിപ്പൂരില്‍ അഫ്്സ്പയുടെ ബലത്തില്‍ നടപ്പാക്കിയ 1528 കൊലപാതകങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെടുന്ന 27.04.2016ലെ സുപ്രിം കോടതി വിധി ഞാന്‍ താങ്കളുടെ ശ്രദ്ധയില്‍ പെടുത്താന്‍ ശ്രമിച്ചു. അസൌകര്യമുണ്ടാക്കുന്ന ആ വസ്തുത താങ്കള്‍ അവഗണിച്ചു. അഫ്സ്പയുമായി ബന്ധപ്പെട്ട അത്തരം കാര്യങ്ങള്‍ താങ്കള്‍ ശ്രദ്ധിച്ചു കാണില്ല... താങ്കളുടെ പത്രപ്രവര്‍ത്തനവും ആങ്കറിങ്ങും എത്രമാത്രം ഒച്ചയുണ്ടാക്കാം എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണല്ലോ, അതില്‍ ശ്രദ്ധയോടെയുള്ള വായനക്കോ അപ്ഡേഷനോ വിഷയത്തില്‍ ആഴത്തിലുള്ള അറിവോ സൂക്ഷ നിരീക്ഷണമോ അതിനു വേണ്ട. താങ്കളെപ്പോലുള്ളവര്‍ക്ക് ശബ്ദം കൊണ്ട് തന്നെ അതിജീവിക്കാം. തലച്ചോറ് വേണ്ട.

പിന്നീട് താങ്കള്‍, ഒരു ഭീരുവിനെപ്പോലെ സംഘ സേനയാല്‍ സുരക്ഷിതമായി ചുറ്റപ്പെട്ട് സിപിഐഎമ്മിനെതിരെ നുണകള്‍ തുപ്പാന്‍ തുടങ്ങി, എനിക്ക് ഇടപെടാന്‍ ഒരവസരം പോലും തരാതെ. ഇന്ത്യന്‍ ആര്‍മിയെ അപമാനിച്ചിട്ടില്ലെന്ന് ഞാന്‍ വ്യക്തമാക്കിയിട്ടും പട്ടാളത്തിനെതിരെ എന്ന് പിന്നീട് താങ്കള്‍, ഒരു ഭീരുവിനെപ്പോലെ സംഘ സേനയാല്‍ സുരക്ഷിതമായി ചുറ്റപ്പെട്ട് സിപിഐഎമ്മിനെതിരെ നുണകള്‍ തുപ്പാന്‍ തുടങ്ങി, എനിക്ക് ഇടപെടാന്‍ ഒരവസരം പോലും തരാതെ. ഇന്ത്യന്‍ ആര്‍മിയെ അപമാനിച്ചിട്ടില്ലെന്ന് ഞാന്‍ വ്യക്തമാക്കിയിട്ടും പട്ടാളത്തിനെതിരെ എന്ന് സബ്ടൈറ്റില്‍ എന്റെ ചിത്രത്തോട് ചേര്‍ത്ത് വെച്ചു. അനുസരണയുള്ള അടിമയ്ക്ക് ഉടമയെ സന്തോഷിപ്പിക്കാന്‍ നടത്തുന്ന ശ്രമങ്ങളിലൊന്നായി മാത്രമേ ഇതിനെ കാണാന്‍ കഴിയൂ.

രാജീവ് ചന്ദ്രശേഖറിനെയും സംഘ് പരിവാറിനെയും താങ്കള്‍ക്ക് സന്തോഷിപ്പിക്കേണ്ടിയിരിക്കുന്നു. സിപി ഐഎമ്മിനെതിരായ നിലവാരം കുറഞ്ഞ അഭിപ്രായ പ്രകടനങ്ങളിലൂടെ പ്രൈമറി സ്കൂള്‍ കുട്ടിയേക്കാള്‍ പരിതാപകരമാണ് താങ്കള്‍ക്ക് ചരിത്രത്തെക്കുറിച്ചുള്ള അറിവ് എന്ന് എനിക്ക് മനസ്സിലായി. ചരിത്രത്തെക്കുറിച്ചുള്ള താങ്കളുടെ അറിവില്ലായ്മ ചരിത്രം പഠിപ്പിച്ച ടീച്ചറെ ലജ്ജിപ്പിക്കും. ഇന്ത്യന്‍ സ്വാതന്ത്യ്ര സമരത്തില്‍ കമ്മ്യൂണിസ്റ്റുകളുടെ പങ്കിനെക്കുറിച്ചറിയണമെങ്കില്‍ തുടക്കക്കാര്‍ക്കുള്ള ലഘുലേഖകള്‍ ഞാന്‍ വേണമെങ്കില്‍ താങ്കള്‍ക്ക് നല്‍കാം. വലിയ വലിയ കൃതികള്‍ താങ്കള്‍ക്ക് ദഹിക്കില്ല. കമ്മ്യൂണിസ്റ്റുകളല്ല, വിഡി സവര്‍ക്കര്‍ ആണ് ബ്രിട്ടീഷുകാര്‍ക്ക് നിരന്തരം ക്ളെമന്‍സി പെറ്റീഷനുകള്‍ നല്‍കി സ്വാതന്ത്യ്ര സമരത്തെ ചതിച്ചത്. അത് കേട്ടപ്പോള്‍ ജീവിതത്തില്‍ ആദ്യമായി കേള്‍ക്കുന്നതായാണ് താങ്കള്‍ പെരുമാറിയത്. നമ്മുടെ ചരിത്രത്തെപ്പറ്റിയറിയാന്‍ ട്യൂഷന്‍ ക്ളാസുകളുടെ സഹായവും തേടാവുന്നതാണ്.

എന്തായാലും,താങ്കളുടെ കുറവുകള്‍ മറികടക്കാന്‍ കഠിനാധ്വാനം ചെയ്താല്‍ ചില കാര്യങ്ങളെങ്കിലും താങ്കള്‍ക്ക് കൂടുതല്‍ മനസ്സിലാക്കാന്‍ കഴിയും. പക്ഷേ, എനിക്കുറപ്പില്ല, പെരുമാറ്റത്തിന്റെയും സംസ്കാരത്തിന്റെയും അടിസ്ഥാന പാഠങ്ങള്‍ പഠിച്ചെടുക്കാന്‍ താങ്കള്‍ ബുദ്ധിമുട്ടും.

എനിക്ക് ആര്‍മി ഒരു ന്യൂസ്റൂം അനുഭവം മാത്രമല്ല. ഞാന്‍ മിലിട്ടറി ഹോസ്പിറ്റലിലാണ് ജനിച്ചത്. എന്റെ കുട്ടിക്കാലം ആര്‍മി അന്തരീക്ഷത്തിലായിരുന്നു. അര്‍ണബ്, കുറേക്കാലം ഇന്ത്യന്‍ ആര്‍മിയെ സേവിച്ച പിതാവിന്റെ അഭിമാനിയായ മകനാണ് ഞാന്‍. 1971ലെ യുദ്ധത്തില്‍ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. ഒരു ആര്‍മി കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന അനുഭവം എനിക്കുമുണ്ട്. എത്ര വൃത്തികെട്ട രീതിയിലാണ് താങ്കള്‍ സ്ക്രീനില്‍ സ്വയം അവതരിപ്പിക്കുന്നത് എന്ന് ഒരിക്കലെങ്കിലും കണ്ടുനോക്കണം.
ഞാന്‍ താങ്കള്‍ക്ക് ഇതെഴുതാന്‍ ധൈര്യപ്പെട്ടത് ഞാനൊരു വലിയ നേതാവല്ലാത്തതുകൊണ്ടാണ്...

എം ബി രാജേഷ്‌


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top