കൊച്ചി> കപില വാത്സ്യായൻ എം പിയുടെ ഫണ്ടിൽനിന്നുള്ള ഒന്നരകോടി രൂപയും ഉപയോഗിച്ചാണ് എറണാകുളം ജനറൽ ആശുപത്രിയിൽ സൗജന്യ നിരക്കിൽ എം ആർ ഐ സ്കാനിങ് യൂണിറ്റ് തുടങ്ങാനായതെന്ന് മുൻ എം പി കൂടിയായ പി രാജീവ്. ജനറൽ ആശുപത്രിയിൽ എം ആർ ഐ സ്കാനിങ് സെന്റർ തുടങ്ങാൻ അഞ്ച് കോടിയോളം ചിലവ് വരുമെന്നറിഞ്ഞപ്പോൾ സഹായം തേടിയത് കപിലാജിയോടാണ്. ഒട്ടും മടിക്കാതെ താൻ ചിലവഴിക്കുന്ന അത്ര തുക തന്നെ തരാൻ കപിലാജിയും തയ്യാറായിയെന്ന് പി രാജീവ് ഫേസ്‌ബുക്ക് പോസ്‌റ്റിൽ പറഞ്ഞു.
പോസ്‌റ്റ് ചുവടെ
എറണാകുളം ജനറൽ ആശുപത്രിയിൽ സൗജന്യ നിരക്കിൽ എം ആർ ഐ സ്കാനിങ് ചെയ്യുന്നവർക്ക് കപില വാത്സ്യായൻ എന്ന പേരോ ഈ ചിത്രമോ പരിചയമുണ്ടാകില്ല. ഇന്ന് ജീവിതത്തിൽ നിന്ന് വിട വാങ്ങിയ അവർ എം പി ഫണ്ടിൽ നിന്നും നൽകിയ ഒന്നര കോടി രൂപ കൂടി ഇല്ലായിരുന്നെങ്കിൽ എം ആർ ഐ സെൻറർ സാധ്യമാകുമായിരുന്നില്ല. രാജ്യസഭയിൽ സ്ഥിരം വരുന്ന നോമിനേറ്റഡ് മെമ്പർമാരിൽ ഒരാളായിരുന്നു അവർ. വിദ്യാഭ്യാസം, സംസ്കാരം തുടങ്ങിയ വിഷയങ്ങളിൽ ഇടപെട്ട് സംസാരിക്കും.
ജനറൽ ആശുപത്രിയിൽ എം ആർ ഐ സ്കാനിങ് സെൻ്റർ തുടങ്ങാൻ നിശ്ചയിച്ചിട്ടാണ് ഫണ്ട് അന്വേഷിക്കുന്നത് . എനിക്ക് അനുവദിച്ച ഫണ്ടിൽ നിന്നും ചെലവഴിക്കാൻ ഒന്നര കോടി രൂപയാണ് ഉള്ളത്. അഞ്ചു കോടിയോളം ചെലവ് വരുമെന്നറിഞ്ഞതോടെ സ്വസ്ഥത കുറഞ്ഞു. പലതും ചർച്ച ചെയ്തു കൊണ്ടിരുന്ന സന്ദർഭത്തിൽ ഞാൻ കപിലാജിയോട് ചോദിച്ചു. ഈ പദ്ധതിയുമായി സഹകരിക്കാമോ എന്ന് ചോദിച്ചു. നിങ്ങളുടെ ഫണ്ടിൽ നിന്നും എത്രയാണ് നൽകുന്നതെന്ന് ചോദിച്ചു . ഒന്നര കോടി യെന്ന് പറഞ്ഞപ്പോൾ എന്നാൽ താനും അത്രയും നൽകാമെന്ന് ഒരു സെക്കൻ്റ് പോലും എടുക്കാതെ അവർ പറഞ്ഞപ്പോൾ എന്തു മറുപടി പറയമെന്നറിയാതെ ഇരുന്നു പോയി.
ഷിപ്പ് യാർഡും ഒന്നര കോടി തന്നു. ആ വലിയ മനസ്സിന്റെ സ്നേഹം കൂടിയാണ് ഇന്ന് ജനറൽ ആശുപത്രിയിൽ അനുഭവിക്കുന്ന സൗകര്യം
പ്രണാമം
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..