01 October Sunday

കുസാറ്റ്‌ നിയമനം: ഡോ ഉഷക്കെതിരെ നടക്കുന്നത്‌ വൃത്തികെട്ട പ്രചരണമെന്ന്‌ കെപിസിസി പബ്ലിക് പോളിസി വിഭാഗം അധ്യക്ഷൻ

വെബ് ഡെസ്‌ക്‌Updated: Thursday Dec 8, 2022

കൊച്ചി> കൊച്ചി സർവ്വകലാശാലയിൽ പ്രൊഫസറായി ഡോ. കെ ഉഷയെ നിയമിച്ചതിനെതിരെ  നടത്തുന്ന അപവാദപ്രചാരണത്തെ രൂക്ഷമായി വിമർശിച്ച്‌ പബ്ലിക് പോളിസി വിദഗ്ധനും സാമൂഹിക, മനുഷ്യാവകാശപ്രവര്‍ത്തകനുമായ  ജോണ്‍ സാമുവൽ. കെപിസിസി പുതിയതായി തുടങ്ങിയ പബ്ലിക് പോളിസി വിഭാഗത്തിന്റെ അധ്യക്ഷൻ കൂടിയാണ്‌ അദ്ദേഹം. കോൺഗ്രസ്‌ നേതാക്കളുടെ നേതൃത്വത്തിലാണ്‌ മാധ്യമങ്ങളെ ഉപയോഗിച്ച്‌ ഡോ ഉഷക്കെതിരെ നുണ പ്രചാരണം നടത്തുന്നത്‌. മാധ്യമങ്ങളെയും അദ്ദേഹം വിമർശിക്കുന്നു.

‘‘ഞാൻ പൂന യൂണിവേഴ്സിറ്റിയിൽ ഗവേഷണം ചെയ്യുന്ന സമയത്ത് പൂന യൂണിവേഴ്സിറ്റിയിൽ കെമിസ്ട്രി എംഎസ്‌സി യും ഗവേഷണവും ചെയ്യാൻ വന്ന ബ്രില്ല്യന്റായ ഒരാൾ ആയിരുന്നു ഉഷ. അവർ മികച്ച നിലയിൽ പിഎച്ച്‌ഡി പൂർത്തിയാക്കി.അവർക്ക് കൊച്ചി യൂണിവേഴ്സിറ്റിയിൽ ജോലി കിട്ടിയത് അവരുടെ ഭർത്താവിന്റെ കൃപ കൊണ്ടാണ് എന്നാണ് പുതിയ പുകിൽ. അവരുടെ മേഖലയിൽ അന്താരാഷ്ട്ര പ്രശ്‌സ്തയായ ഒരു ഗവേഷകയുടെ 26 കൊല്ലത്തെ ഗവേഷണം ഒന്നും അല്ലാതെ ആക്കുന്നത് അവരുടെ ഭർത്താവ് ഇപ്പോൾ എം ജി യൂണിവേഴ്സിറ്റി പ്രൊ വൈസ് ചാൻസലർ ആണെന്ന് ഉള്ള ഒറ്റ കാര്യം കൊണ്ടാണ്. അവർ ജോലിക്ക് അപേക്ഷിക്കുമ്പോൾ അയാൾ പ്രൊഫസർ മാത്രം ആയിരുന്നു എന്നതൊന്നും നോക്കില്ല’’ജോൺ സാമുവൽ ഫേസ്‌ബുക്ക്‌ പോസ്‌റ്റിൽ പറഞ്ഞു.

ആർക്കെങ്കിലും എതിരെ പാര പണിയാൻ ആരെങ്കിലും കൊടുക്കുന്ന പത്രക്കുറിപ്പ്‌ അതേപടി കൊടുക്കാതെ ‘ക്രോസ്‌ ചെക്ക്‌ ’ ചെയ്‌തു കൊടുക്കണമെന്നും ജോൺ സാമുവൽ ആവശ്യപ്പെടുന്നു.

ജെ എസ് അടൂര്‍ എന്ന പേരിൽ  ഫേസ്‌ ബുക്കിൽ എഴുതുന്ന  ജോണ്‍ സാമുവല്‍ ഐക്യരാഷ്ട്രസഭയുടെ വികസനവിഭാഗത്തില്‍ ആഗോള ഗവര്‍ണന്‍സ് വിഭാഗത്തിന്റെ തലവനായിരുന്നു.

പോസ്‌റ്റിന്റെ പ്രസക്തഭാഗം:

കേരളത്തിലെ മെയിൽ ഷോവണിസ്റ്റ് ടോക്സിക് കൾച്ചർ.
സത്യത്തിൽ കേരളത്തിൽ വിവാദങ്ങളും വെറുപ്പും പാര പണിയുന്നതും ബ്ലാക് മെയിൽ ചെയ്യുന്നതും മൊക്കെ സർവ്വ സാധാരണമാണ്. ആർക്കും ആർക്കെതിരെയും ആരോപണം ഉന്നയിക്കാം. മീഡിയക്ക് ഏറ്റെടുക്കാം. സത്യം ചെരിപ്പിടുന്നതിന് മുൻപ് കള്ളം പെട്ടന്ന് ഓടിക്കയറും.
 
ഇത് പറയാൻ കാരണം ഞാൻ പൂന യൂണിവേഴ്സിറ്റിയിൽ ഗവേഷണം ചെയ്യുന്ന സമയത്ത് പൂന യൂണിവേഴ്സിറ്റിയിൽ കെമിസ്ട്രി MSc യും ഗവേഷണവും ചെയ്യാൻ വന്ന ബ്രില്ല്യന്റായ ഒരാൾ ആയിരുന്നു ഉഷ. അവർ മികച്ച നിലയിൽ പി എച്ച്‌ ഡി പൂർത്തിയാക്കി.
 
അവർക്ക് കൊച്ചി യൂണിവേഴ്സിറ്റിയിൽ ജോലി കിട്ടയത് അവരുടെ ഭർത്താവിന്റെ കൃപ കൊണ്ടാണ് എന്നാണ് പുതിയ പുകിൽ. അവരുടെ മേഖലയിൽ അന്താരാഷ്ട്ര പ്രശ്‌സ്തയായ ഒരു ഗവേഷകയുടെ 26 കൊല്ലത്തെ ഗവേഷണം ഒന്നും അല്ലാതെ ആക്കുന്നത് അവരുടെ ഭർത്താവ് ഇപ്പോൾ എം ജി യൂണിവേഴ്സിറ്റി പ്രൊ വൈസ് ചാൻസലർ ആണെന്ന് ഉള്ള ഒറ്റ കാര്യം കൊണ്ടാണ്. അവർ ജോലിക്ക് അപേക്ഷിക്കുമ്പോൾ അയാൾ പ്രൊഫസർ മാത്രം ആയിരുന്നു എന്നതൊന്നും നോക്കില്ല.
 
പൂനയിൽ നാഷണൽ കെമിക്കൽ ലബോറട്ടറി സ്കൊളർഷിപ്പിൽ സീ ടി അരവിന്ദകുമാർ ഉണ്ടായിരുന്നു. മികച്ച വിദ്യാർത്ഥി ആയിരുന്ന അരവിന്ദനെ അന്നേ അറിയാം.അവിടുത്തെ ഏറ്റവും മികച്ച ഗവേഷകരിൽ ഒരാളായ അരവിന്ദിന് ലോകത്തെ ഏറ്റവും മികച്ച ജർമിനിയിലെ മാക്സ്പ്ലാങ്ക് ഇന്സ്ടിട്ട്ടിൽ പി എച് ഡി ഗവേഷണത്തിനു സ്കൊലര്ഷിപ്പു കിട്ടി.
 
പിന്നീടാണ് അവർ വിവാഹിതരായത്. അത് കഴിഞ്ഞു ഞാൻ അവരെകണ്ടത് നേതർലാൻഡിലെ ഐന്തൊവൻ യൂണിവേഴ്സിറ്റിയിലാണ്. ലോകത്തിലെ ഏറ്റവും മികച്ച ഗവേഷണം സ്ഥാപനമാണ് അമേരിക്കയിലെ കാൽടെക്ക്. അവിടെ അവർക്ക് രണ്ട് പേർക്കും സയന്റിസ്റ്റകാൻ അവസരമുണ്ടായിരുന്നു.

അതൊക്കെ കളഞ്ഞു കേരളത്തിൽ എം ജി യൂണിവേഴ്സിറ്റിയിൽ വരാൻ അരവിന്ദൻ തീരുമാനിച്ചപ്പോൾ അത് ചെയ്യരുത് എന്നാണ് ഞാൻ ഉപദേശിച്ചത്. കാരണം അവർ മാക്സ് പ്ലാങ്കിലോ കാൽടെക്കലോ പോയി ജോലി ചെന്നിരുന്നെങ്കിൽ ലോക പ്രശസ്ത സയന്റിസ്റ്റുകൾ ആയിരുന്നേനെ.

വിദേശത്ത് മികവ് തെളിയിച്ചാൽ കേരളം അംഗീകരിക്കും. പക്ഷെ മുറ്റത്തെ മുല്ലക്ക് മണം ഇല്ല. കേരളത്തിൽ വന്നാൽ പിന്നെ ഞണ്ടു മനസ്തികളെ അതിജീവിക്കണം. എവിടെ നിന്നും അമ്പുകൾ വരാം. കേരളത്തിൽ എനിക്ക് കോളേജിൽ കിട്ടുമായിരുന്ന അധ്യാപക ജോലി വേണ്ട എന്ന് പറഞ്ഞു ആഗോള തലത്തിൽ പ്രവർത്തിക്കാൻ തീരുമാനിച്ചതാണ് ഞാൻ ജീവിതത്തിൽ എടുത്ത നല്ല തീരുമാനം.

ഉഷ ഒന്നാം തരം നല്ല സയന്റിസ്റ്റണ്. അവർ ഐന്തോവൻ സർവകലാശാലയിലിലെയും ബെൽജിയം യൂണിവേഴ്സിറ്റിയിലെയും ജോലി കളഞ്ഞു കേരളത്തിൽ വന്നതാണ് അവർ ചെയ്ത ഏക തെറ്റ്. ഉഷ ഗവേഷണം ചെയ്തു പബ്ലിഷ് ചെയ്ത 80 ഗവേഷണം പ്രബന്ധങ്ങൾ അവരുടെ ഭർത്താവ് അതെ രംഗത്ത് ഗവേഷണം ചെയ്യുന്നു എന്നത് കൊണ്ടു അയാളുടെ സഹായമായി കാണിക്കുന്നത് വൃത്തികെട്ട പാട്രിയർക്കി മാത്രം അല്ല അവർ കഴിഞ്ഞ 25 കൊല്ലമായി ലോകത്ത് പലയിടങ്ങളിൽ ചെയ്ത ഗവേഷണത്തെ റദ്ദ് ചെയ്യുന്നതാണ്.

ശാസ്ത്ര ഗവേഷണത്തിന്റെ എ ബി സീ അറിയാവുന്നഅവർക്കറിയാം. ഗവേഷണം ചെയ്യുന്നവർ ലീഡ് ഒഥറും ആ ലാബിൽ ആ ഗവേഷണത്തിൽ സഹായിച്ചവർ സെക്കൻഡ് തേഡ് ഓഥറും ആയിരിക്കും.
 
അഭയജിത് ബാനർജിയും എസ്തർ ഡഫ്ലോയും മേരിക്കയിലെ എം ഐ ടി ഇക്കോണോമിക് പ്രൊഫസർമാരാണ്. അവർ ഭർത്താവും ഭാര്യയൂമാണ്. അവർക്ക് രണ്ട് പേർക്കും കൂട്ടിയാണ് നോബൽ പ്രൈസ് കിട്ടി. കേരളത്തിൽ ആണെങ്കിൽ എസ്തർ ഡാഫ്ലോക്ക് നോബൽ ഭർത്താവ് ഒപ്പിച്ചു കൊടുത്തു എന്ന് പറഞ്ഞു വാർത്തയാക്കി ആഘോഷിക്കും
കാരണം സ്ത്രീകൾ എത്ര മികച്ചതാണ് എങ്കിലും കേരളത്തിലെ പാട്രിയാർക്കൽ കൾച്ചർ അവരെ അംഗീകരിക്കില്ല.
 
കേരളത്തിലെങ്ങും ഭർത്താവിന്റെ നിഴലിൽ കഴിയാൻ ആഗ്രഹിക്കാത്ത ഒരുപാട് മികച്ച സ്ത്രീകൾ ഉണ്ട്..പക്ഷെ സമൂഹം അവരുടെ ഏജൻസി അംഗീകരിക്കാൻ വലിയ പ്രയാസമാണ്. സ്ത്രീകൾ എത്ര മികച്ച നിലവാരം കാണിച്ചാലും അവരുടെ ഭർത്താവ് ഏതെങ്കിലും പൊതു രംഗത്ത് ഉണ്ടെങ്കിൽ എല്ലാം മികവും റദ്ദ് ചെയ്തു അയാളുടെ അകൗണ്ടിലാക്കും.

എനിക്ക് അറിയാവുന്ന പ്രൊഫ ഉഷയും അത് പോലെയാണ്. വളരെ മികച്ച അക്കാദമിക് നിലവാരമുള്ളയാൾ.അവർ ചെയ്ത എക തെറ്റ് യൂറോപ്പിൽ ഉണ്ടായിരുന്ന ജോലി കളഞ്ഞു കേരളത്തിൽ ഗവേഷണത്തിനു വന്നതാണ്.. കേന്ദ്ര സയൻസ് ആൻഡ് ടെക്നോലോജി റിസേർച്ച്‌ അവാർഡ് രണ്ട് പ്രാവശ്യം ലഭിച്ച. സീ എസ് ഐ ർ റിസേർച് സന്റിസ്റ്റ് ആയിരുന്ന. കേരള സർക്കാർ റിസേർച് സയന്ററിസ്റ്റ് ആയിരുന്നു. അവർ വർക്ക് ചെയ്യുന്നത് എൻവേൻമെന്റൽ കെമിസ്ട്രിയിലാണ്. അവർ ഇരുപത്തി ആറു കൊല്ലം ചെയ്ത റിസേർച്ചും ഇന്റർനാഷണൽ പീർ റിവ്യൂഡ് ജെനലിൽ പബ്ലിഷ് ചെയ്തതെല്ലാം ഭർത്താവിന്റെ കൃപ കൊണ്ടാണ് എന്ന് പറയുന്നതാണ് ടോക്സിക്ക് മെയിൽ ഷോവണിസം.
കേരളത്തിൽ ഒരു സ്ത്രീക്ക് സ്വന്തം നിലയിൽ സയന്റിസ്‌റ്റോ പ്രൊഫസറോ ആകുമ്പോൾ പലർക്കും അസ്വസ്ഥത വരുന്നതും അവരുടെ മികവ് എല്ലാം ഭർത്താവിന്റെ അഡ്രസ്സിൽ ആക്കുന്നതാണ് മെയിൽ ഷോവനിസ്റ്റ് ടോക്സിക് കൾച്ചർ.
 
പ്രൊഫ് ഉഷയ്ക്ക് ഇപ്പോഴും മൂന്നു മികച്ച ഇന്റർനാഷണൽ റിസേർച്ച് കൊളാബ്രേഷൻ ഉണ്ട്. അവർക്ക് അവരുടെ റിസേർച്ച് മികവ് കൊണ്ടു മാത്രം യൂ കെ യിലോ യൂറോപ്പിലോ പ്രൊഫസറാകാം. ഇത് പോലെ ഒരു ബ്ലാക് മെയിലിങ്ങോ പാരയോ ഒന്നും ഉണ്ടാകില്ല.
 
എന്തായാലും കേരളത്തിൽ യൂണിവേഴ്സിറ്റികളിൽ രാഷ്ട്രീയവൽക്കരണവും പരസ്പര വെറുപ്പും ഒക്കെ കൊണ്ടു ദുസ്സഹമാറിയിരിക്കുന്നു. ഇനിയും ഇങ്ങനെ പോയാൽയൂണിവേഴ്സിറ്റികളിൽ ഉള്ള സ്ത്രീകൾക്ക് സ്വന്തമായി ഒന്നും ചെയ്യാൻ ഒക്കില്ല എന്ന് പറഞ്ഞു ടോക്സിക്ക് കൾച്ചർ വളർത്തരുത്.ഒരു ഡിപ്പാർട്മെന്റിൽ പ്രവർത്തിക്കുന്ന ഒരാൾക്ക് എക്‌സൈപീരിയൻസ് സർട്ടിഫെക്കറ്റ് കൊടുക്കാൻ അതിന്റ ഡയരക്ടർ ബാധ്യസ്ഥനാണ്. ആ ഗവേഷക അയാളുടെ ഭാര്യ എന്നത് കൊണ്ടു മാത്രം എക്സ്പീരിയൻസ് സർട്ടിഫിക്കേറ്റ് കൊടുത്തത് തെറ്റന്ന് പറയുന്നവരും അതെ മെയിൽ ഷോവനിസ്റ്റ് ടോക്സിക് കൾച്ചറിന്റ ആൾക്കാരാണ്.

എന്തായാലും മീഡിയയോട് പറയാൻ ഉള്ളത് ഏതെങ്കിലും പത്രകുറിപ്പ് ആർക്കെങ്കിലും പാര പണിയാൻ കൊടുക്കുമ്പോൾ ആരെങ്കിലും തരുന്നത് അതെ പടി കൊടുക്കാതെ വസ്തുതകൾ അന്വേഷിച്ചു രണ്ട് വശവും ക്രോസ്സ് ചെക്ക് ചെയ്തു വസ്തുനിഷ്ഠമായി വാർത്തകൾ കൊടുക്കുക.ദയവായി ഭർത്താവിന്റെ പേരിൽ സ്ത്രീകളെ ക്രൂശിക്കാതിരിക്കുക‐ പോസ്‌റ്റിൽ പറയുന്നു.

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top