മിനേഷ് രാമനുണ്ണി എഴുതുന്നു. ഫേസ്‌ബുക്കിൽ നിന്ന്:
സ്‌പ്രിംഗ്ളർ, ക്വിക് ഡോക്ടർ, ബെവ് ക്യൂ തുടങ്ങിയ വിഷയങ്ങളിൽ യുഡിഎഫ് നേതാക്കൾ നടത്തിയ ശുദ്ധ അസംബന്ധ നാടകങ്ങളും വിവാദങ്ങളും എൽഡിഎഫ് നേതാക്കൾ ആയിരുന്നു നടത്തിയതെങ്കിൽ നമ്മുടെ മാധ്യമങ്ങളുടെ നറേറ്റിവ് എന്താവും എന്ന് സങ്കൽപ്പിച്ചു നോക്കുന്നത് നന്നാവും.
അമേരിക്കയിൽ നിന്നും ലാപ്‌ടോപ്പും പിടിച്ചു വരുന്ന ഒരു ടെക്കിയെ മുണ്ടും മടക്കി കുത്തി ഷർട്ടിന്റെ കൈ ചുരുട്ടി കയറ്റി കൊമ്പൻ മീശയുമായി ഗുണ്ടാലുക്കിൽ നിൽക്കുന്ന പിണറായിയും കോടിയേരിയും തടുത്തു നിർത്തി 'നിന്റെ സ്പ്രിംഗ്ളർ ഇവിടെ വേണ്ട' എന്ന് പറയുന്ന കാർട്ടൂൺ ഗോപീകൃഷ്ണൻ മാതൃഭൂമിയുടെ ഫ്രണ്ട് പേജിൽ വരക്കും. പാവപ്പെട്ട ഓട്ടോ തൊഴിലാളിയുടെ മകൻ സ്റ്റാർട്ടപ്പ് നടത്തണ്ട എന്ന് പറയുന്ന സിഐടിയു ഗുണ്ടകളുടെ കഥകൾ പൊടിപ്പും തൊങ്ങലും വെച്ച് മനോരമയിൽ വരും. ഒപ്പം മൈക്രോസോഫ്റ്റിന്റെ മോസ്റ്റ് വാൽയുവബിൾ പ്രൊഫഷണൽ ആയി തിരഞ്ഞെടുത്ത യുവാവിന്റെ സ്റ്റാർട്ടപ്പ് സ്വപ്‌നങ്ങൾ കമ്യൂണിസ്റ് ഗുണ്ടകൾ നശിപ്പിക്കുന്നത് ചൂണ്ടിക്കാണിച്ചു ചിറ്റവുസേപ്പ് കൊച്ചിലപ്പിള്ളി ഫെയിസ്ബുക്കിൽ ആഞ്ഞടിക്കും.
തങ്ങളുടെ ഏറ്റവും സ്ട്രാറ്റജിക് ആയ വിർച്വൽക്യൂ പ്രൊജക്റ്റ് തന്നെ ഒരു സ്റ്റാർട് അപ്പിനെ ഏൽപ്പിച്ച യുഡിഎഫ് സർക്കാരിനെ അഭിനന്ദിച്ച് പ്രമുഖ ചാനലുകൾ പ്രത്യേക സ്റ്റോറി ഇറക്കും.
ഈ വിഷ്വലുകൾ വെച്ച് ഒരു ഇരുപത്തിയഞ്ചു കൊല്ലം ഇടതുപക്ഷം സ്റ്റാർട് അപ്പിനെ എതിർത്തതും കൊറോണക്കാലത്ത് സ്പ്രിങ്ക്ലറിന്റെ സേവനം തടസ്സപ്പെടുത്തിയതും ഒക്കെ സോഷ്യൽ മീഡിയയിൽ ഓടും.
വി ടി ബൽറാമും ടി സിദ്ധിക്കും ഗെയിൽ പൈപ്പ് ലൈനിനെതിരെ സമരം നടത്തിയാലും 'മരണം വരെയും ഗെയിൽ അനുവദിക്കില്ല' എന്ന് മുദ്രാവാക്യം വിളിച്ചാലും കോൺഗ്രസ്സിനെ ആരും വികസനവിരുദ്ധർ എന്ന് വിളിക്കില്ല. മാത്രവുമല്ല, തന്റെ കാലത്ത് ഗെയിൽ മടുത്തു ഇട്ടിട്ടുപോയ പദ്ധതിയുടെ 90 % ക്രഡിറ്റും ചോദിച്ചു ചാണ്ടിക്ക് ഇറങ്ങുകയും ചെയ്യാം.
വലതുപക്ഷത്തിനു കിട്ടുന്ന സൗകര്യം ഇതൊക്കെയാണ്. എണ്പത്തിനാലിൽ കമ്പ്യൂട്ടർവൽക്കരണ വിരുദ്ധ സമരം നടത്തി എന്ന് അഭിമാനത്തോടെ പറയുന്ന ബി എം എസിനോ അതുപോലെ കമ്പ്യൂട്ടർവൽക്കരണ വിരുദ്ധ സമരം നടത്തിയ ഐ എൻ ടി യു സി ക്കോ ഇല്ലാത്ത വികസന വിരുദ്ധർ എന്ന ലേബലും പേറി ഇന്ത്യയിലെ ആദ്യത്തെ ഐ ടി പാർക്ക് ആരംഭിച്ച നായനാർ സർക്കാരിന് നേതൃത്വം നൽകിയ ഇടതുപക്ഷത്തിനു ഇപ്പോഴും നടക്കേണ്ടി വരുന്നു എന്നതാണ് രസകരം .
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..