13 September Friday

ഏറ്റവുമധികം സ്വർണക്കള്ളക്കടത്ത്‌ നടക്കുന്ന രാജ്യം; "മേക് ഇൻ ഇന്ത്യ' യുടെ മറവിലെ കോർപ്പറേറ്റ്‌ പ്രീണനം

വെബ് ഡെസ്‌ക്‌Updated: Wednesday Jul 8, 2020

മോഡി സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം Dore എന്നറിയപ്പെടുന്ന ശുദ്ധീകരിക്കാത്ത സ്വർണം ഇന്ത്യയിൽ എത്തുന്നതിൽ വൻ വർധനയാണ്. ഈ വർദ്ധനവിന് പ്രധാനകാരണം മോദിയുടെ മേക് ഇൻ ഇന്ത്യ പരിപാടിയുടെ മറവിൽ നടക്കുന്ന കോർപ്പറേറ്റ് പ്രീണനമാണ്. ശുദ്ധീകരിക്കാത്ത സ്വർണത്തിനു ടാക്‌സ് 8 ശതമാനമാക്കി കുറച്ചു (ശുദ്ധീകരിച്ചതിനു 13 ശതമാനം). സ്വർണ റിഫൈനറികൾ ഇന്ത്യയിൽ വികസിപ്പിക്കാൻ എന്ന പേരിലാണ് ഈ നികുതി കുറവ്. ഇക്കാര്യങ്ങൾ വിശദീകരിച്ചുകൊണ്ടുള്ള ടി ഗോപകുമാറിന്റെ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പ്‌.

ഇക്കിളി വേണ്ടത്ര ആയെങ്കില്‍ ചില കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്താം.

ലോകത്തെ സ്വർണവ്യാപാരത്തിന്റെ മൂന്നിലൊന്ന് നടക്കുന്ന രാജ്യമാണ് ഇന്ത്യ. ഏറ്റവുമധികം സ്വർണക്കള്ളക്കടത്ത് നടക്കുന്ന രാജ്യവും. ആഫ്രിക്കയിൽ നിന്നും എത്തുന്ന സ്വർണം മറ്റിടങ്ങളിലേക്ക് കടത്തുന്നതിന്റെ ആഗോള ഹബ് ആണ് UAE. ഇന്ത്യ ഒരു വർഷം ഇറക്കുമതി ചെയ്യുന്നത് 1000 ടണ്ണോളം സ്വർണമാണ് - ഔദ്യോഗിക കണക്കിൽപെടുന്നത് ഇതിന്റെ 75 ശതമാനം മാത്രമാണ്.

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ എണ്ണയോളം പ്രാധാന്യമുണ്ട് സ്വർണ്ണത്തിന്. എണ്ണയുടെ കാര്യത്തിൽ കേന്ദ്രം കാണിക്കുന്ന തരികിടയെപ്പറ്റി പറഞ്ഞു തുടങ്ങിയാൽ നാട്ടുകാർ കടുപ്പത്തിൽ വല്ലതുമൊക്കെ പറഞ്ഞു പോകും. അത് പോട്ടെ..

രണ്ടു തരത്തിലുള്ള സ്വർണമാണ് ഇന്ത്യയിലേയ്ക്ക് എത്തുന്നത് - ശുദ്ധീകരിച്ച ബുള്ളിയൻ, ശുദ്ധീകരിക്കാത്ത ദോരെ. ഇതിൽ ബുള്ളിയൻ ഇറക്കുമതി ചെയ്യാൻ അനുമതി ബാങ്കുകളടക്കം 22 ഏജൻസികൾക്ക് മാത്രമേ ഉള്ളു. ആവശ്യക്കാർ അവരുടെ കയ്യിൽ നിന്ന് വാങ്ങണം. പിന്നുള്ളത് ദോരെ. മിക്കവാറുമൊക്കെ ആഫ്രിക്കയിൽ നിന്നും UAE വഴി ഇന്ത്യയിൽ എത്തുന്നു. ഇങ്ങനെ എത്തുന്ന സ്വർണത്തിൽ നല്ലൊരു പങ്കിന്റെയും - ഏതാണ്ട് നാൽപതു ശതമാനം - ഉറവിടം സംശയാസ്പദമാണ്. എന്നുവച്ചാൽ യുദ്ധത്തിലും മറ്റും കൊള്ളയടിക്കുന്നതും, മോഷണമുതലുമൊക്കെയായ സ്വർണം dore രൂപത്തിൽ ഇന്ത്യയിൽ എത്തുന്നുണ്ട്.

മോഡി സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം Dore എന്നറിയപ്പെടുന്ന ശുദ്ധീകരിക്കാത്ത സ്വർണം ഇന്ത്യയിൽ എത്തുന്നതിൽ വൻ വർധനയാണ് ഉണ്ടായിട്ടുള്ളത് (Official data - 23 tons in 2012 to 229 tons by 2015). ഇങ്ങനെ എത്തുന്ന സ്വർണത്തിൽ നല്ലൊരു പങ്കിന്റെയും - ഏതാണ്ട് നാൽപതു ശതമാനം - ഉറവിടം സംശയാസ്പദമാണ്. ഇങ്ങനെ കള്ളക്കടത്ത് വഴി എത്തുന്ന സ്വർണത്തിന്റെ വളരെ ചെറിയ ഒരു ശതമാനം മാത്രമാണ് പിടിക്കപ്പെടുന്നത്. തൊട്ടുകഴിഞ്ഞ വര്ഷം കസ്റ്റംസ് അധികൃതർക്ക് പിടികൂടാൻ സാധിച്ചത് വെറും നാല് ടൺ അനധികൃത സ്വർണമാണ്.
.
ഈ വർദ്ധനവിന് പ്രധാനകാരണം മോദിയുടെ മേക് ഇൻ ഇന്ത്യ പരിപാടിയുടെ മറവിൽ നടക്കുന്ന കോർപ്പറേറ്റ് പ്രീണനമാണ്. ശുദ്ധീകരിക്കാത്ത സ്വർണത്തിനു ടാക്സ് 8 ശതമാനമാക്കി കുറച്ചു (ശുദ്ധീകരിച്ചതിനു 13 ശതമാനം). സ്വർണ റിഫൈനറികൾ ഇന്ത്യയിൽ വികസിപ്പിക്കാൻ എന്ന പേരിലാണ് ഈ നികുതി കുറവ്. ഉത്തരാഖണ്ഡ് പോലെയുള്ള ചില സംസ്ഥാനങ്ങളിൽ, SEZ കളിൽ ഒക്കെ റിഫൈനറികൾ സ്ഥാപിക്കാൻ പ്രത്യേക നികുതി ഇളവുകൾ നൽകി. ഈ ഇളവുകൾ കാരണം ഇതുവരെ കേട്ടുകേഴ്വിയില്ലാത്ത ലാഭമാണ് വലിയ റിഫൈനറി ഉടമകൾ ഉണ്ടാക്കിവന്നത്.

അന്താരാഷ്ട്ര തലത്തിൽ നിന്ന് സമ്മർദ്ദം ഉണ്ടായിട്ടും, ഇപ്പോഴും ശുദ്ധീകരിച്ച സ്വർണത്തിന്റെ മേലുള്ള നികുതി, GST കൂടെ കണക്കിലെടുക്കുമ്പോൾ 13 ശതമാനമാണ്. ഈ വ്യത്യാസമാണ് കള്ളക്കടത്ത് ഇത്രയേറെ ആകർഷകം ആക്കുന്നത്. പുതിയ ബഡ്ജറ്റിൽ വന്നിട്ടുള്ള എക്സൈസ് തീരുവയുടെ ഘടനയും ഇതേ രീതിയ്ക്കുള്ളതാണ്. ഇറക്കുമതി തീരുവ കുറയ്ക്കണമെന്ന് സംഘടനകൾ നിരന്തരം ആവശ്യപ്പെട്ടിട്ടും കൂട്ടുകയാണ് നിർമല സീതാരാമൻ ചെയ്തത്. ഇത് ഞെട്ടിക്കുന്നതാണെന്നും, ആരെ സഹായിക്കാൻ ചെയ്യുന്നതാണെന്നത് സംശയാസ്പദമാണെന്നും ജ്വല്ലറി രംഗത്തെ പ്രമുഖർ തന്നെ അന്ന് പറഞ്ഞിരുന്നു. ബഡ്ജറ്റ് പ്രഖ്യാപനത്തിനു ശേഷം സ്വര്‍ണക്കടത്തിൽ വൻവർദ്ധന ഉണ്ടായിട്ടുണ്ട് എന്ന് കസ്റ്റംസ് അധികൃതർ തന്നെ പറയുന്നു. ഈ ഒരൊറ്റ നടപടി മൂലം കള്ളക്കടത്ത് തോത് ഇരട്ടിയായി.

ഇങ്ങനെയൊക്കെ എത്തുന്ന സ്വർണംകൊണ്ട് ലാഭമുണ്ടാക്കുന്നവർ ആരാണ്? ഏതായാലും കവലയിൽ ചെറിയ ജ്വല്ലറി ഇട്ടിരിക്കുന്ന സ്വര്ണക്കടക്കാരനല്ല. വൻകിടക്കാർ തന്നെയാണ്... പേരുകളും ലഭ്യമാണ് - ഏറ്റവും തലപ്പത്തുള്ള പേര് സമീർ ഭീംജിയുടേതാണ്. ആഫ്രിക്കയിൽ നിന്ന് സ്വർണം ദുബൈയിൽ എത്തിക്കുന്ന ഇന്ത്യക്കാരൻ ശതകോടീശ്വരൻ. ഒപ്പം കേൾക്കുന്ന മറ്റൊരു പേരുണ്ട്. ഗുജറാത്തിലെ സൂററ്റ് SEZ യിലും അഹമ്മദാബാദിലും മുംബൈയിലുമൊക്കെ പടർന്നു കിടക്കുന്ന സ്വർണ റിഫൈനറി സ്ഥാപങ്ങളുടെ ഉടമ പൃഥ്വിരാജ് കോത്താരി. മോദിജിയാണ് തന്റെ ആശയും പ്രതീക്ഷയും എന്ന് ഏറ്റുപറയുന്ന 5600 കോടി രൂപയുടെ NSEL വിവാദത്തിൽ നേരത്തെ അകത്തുപോയ മറ്റൊരു ഗുജറാത്തി ജിഗ്നേഷ് ഷാ.... ഇവരൊക്കെ ഇന്നും ഇന്ത്യയിൽ വിലസുന്നത് നമ്മുടെ കേന്ദ്രസർക്കാരിന്റെ കയ്യയഞ്ഞ സഹായത്തോടെയാണ് എന്ന് വിദേശമാധ്യമങ്ങൾ പലകുറി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഒരു വിദേശ രാജ്യത്തിന്റെ എംബസിയുടെ സൗകര്യങ്ങൾ ഉപയോഗിച്ചാണ് സ്വർണം കടത്തിയത്. അതും സംസ്ഥാനസർക്കാരിനു മാനത്തുപോലും നോക്കാൻ അധികാരമില്ലാത്ത ഡിപ്ലോമാറ്റിക് ബാഗിൽ. ഇതിനു മുൻപേ പത്ത് തവണ സ്വർണം കടത്തി എന്നാണു പറയുന്നത്. അന്വേഷണം ഇവിടെ ലോക്കൽ പോലീസിന്റെ തലത്തിലൊന്നും നിൽക്കില്ല എന്ന് ആർക്കുമറിയാം. വെറുതെയാണോ വിദേശകാര്യസഹസചിവൻ കൂടും കുടുക്കയുമെടുത്ത് നിർമലമ്മച്ചിയെ കാണാൻ ഓടിയതും, പേടിച്ച് ഹാൻസിന്റെ കെട്ടുവിട്ട കക്ഷികളൊക്കെ പിച്ചും പേയും പറയുന്നതും?

സർക്കാരുമായി തൊട്ടുതെറിച്ച ബന്ധംപോലുമില്ലാത്ത ഒരു സ്ത്രീയെ മുൻനിറുത്തി ഇക്കിളിക്കഥകൾ ഉണ്ടാക്കിയാൽ യഥാർത്ഥ ചോദ്യങ്ങൾ ആരും ചോദിക്കില്ല എന്നുള്ള ചിന്ത. പിന്നെ മറ്റു സംസ്ഥാനങ്ങളേക്കാൾ നന്നായി കോവിഡ് പ്രതിരോധം നടത്തിയതിന്റെ കണ്ണുകടി വേറെയും...

CongRSS ന് അങ്കവും കാണാം താളിയും ഒടിക്കാം. എന്താല്ലേ?.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top