06 February Monday

ഹെയ്‌തിയിലെ കുട്ടികളും അമ്മയുടെ ബാല്യവും-മുരളി തുമ്മാരുകുടി എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Nov 5, 2016

മിടുക്കരായിരുന്നിട്ടും പലപ്പോഴും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം എന്തുകൊണ്ടാണ് പാതിവഴിയില്‍ മുടങ്ങുന്നത്. ഒരു വീട്ടിലെ ആണ്‍കുട്ടികള്‍ക്ക് കിട്ടുന്ന വിദ്യാഭ്യാസ സൌകര്യങ്ങള്‍  ആ വീട്ടിലെ

പെണ്‍കുട്ടികള്‍ക്ക് ഉണ്ടോ എന്നൊക്കെ ചോദിക്കുമ്പോള്‍ അത് പഴയകാലത്തല്ലെ എന്നു പറയാനാകും എളുപ്പം. എന്നാല്‍ ഇന്നും പ്രാരാബ്ധങ്ങളില്‍ മുങ്ങിത്താണ് വീട്ടിലേക്കുള്ള വെള്ളം ചുമന്നും വിറക് ചുമന്നും താഴെയുള്ളതുങ്ങളെ നോക്കിയും നിരവധി പെണ്‍കുട്ടികളാണ് വിദ്യാലയങ്ങള്‍ക്ക് പുറത്ത് നില്‍ക്കുന്നത്.  കൊടുങ്കാറ്റ് നാശം വിതച്ച ഹെയ്‌ത്തിയില്‍നിന്നും  ആ പെണ്‍കുട്ടികളെ കുറിച്ച് മുരളി തുമ്മാരുകുടി എഴുതുന്നു. ഐക്യരാഷ്ട്രസമതി പരിസ്ഥിതി പ്രോഗ്രാമിലെ ദുരന്ത ലഘൂകരണ വിഭാഗം തലവനാണ് മുരളി തുമ്മാരുകുടി

അമ്മയുടെ ബാല്യം
മുന്‍പ് പറഞ്ഞിട്ടുള്ള കഥയാണ്. പക്ഷെ ഹെയ്തിയിലെ ദുരന്തത്തിന്റെ നടുക്ക് അത് ഒരിക്കല്‍ കൂടി ഓര്‍ക്കാന്‍ അവസരം ഉണ്ടായി.

മക്കളുടെ കാര്യങ്ങളെല്ലാം അമ്മമാര്‍ ശ്രദ്ധിക്കുമെങ്കിലും
അമ്മമാരുടെ കാര്യങ്ങള്‍ മക്കള്‍ അത്ര ശ്രദ്ധിക്കാറില്ല. ഉദാഹരത്തിന് നമുക്ക് ഏറ്റവും പ്രിയപ്പെട്ട ഭക്ഷണം ഏതാണെന്ന് അമ്മമാര്‍ക്ക് അറിയാമെങ്കിലും അമ്മമാരുടെ ഇഷ്ടഭക്ഷണം ഏതെന്ന് നാം സാധാരണ അന്വേഷിക്കാറില്ല, എന്നത് ദുഃഖകരമായ സത്യമാണ്.

എന്റെ അമ്മ അഞ്ചാം ക്ളാസ് വരെ മാത്രമേ പഠിച്ചിട്ടുള്ളു എന്നെനിക്ക് അറിയാമായിരുന്നു. പക്ഷെ എന്തുകൊണ്ടാണ് അമ്മ ചെറുപ്പത്തിലേ തന്നെ പഠിത്തം നിര്‍ത്തിയത് എന്ന് ഞാന്‍ ഒരിക്കലും അന്വേഷിച്ചിരുന്നില്ല. അമ്മയുടെ ചേട്ടന്‍ പത്താം ക്ളാസ് പാസ്സായ ആളാണ്. അപ്പോള്‍ അടുത്ത് സ്കൂള്‍ ഇല്ലാത്തതോ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം അറിയാത്തതോ ഒന്നും അല്ല. അപ്പോള്‍ പിന്ന എന്താണ് അമ്മ മാത്രം അഞ്ചാം ക്ളാസ്സിനപ്പുറം പഠിക്കാതിരുന്നത്?

അമ്മ പഠിക്കാന്‍ മോശമായിരുന്നിരിക്കാന്‍ ഒരു വഴിയുമില്ല എന്നെനിക്കറിയാം. കാരണം ഈ എണ്‍പത്തിനാലാം വയസ്സിലും അമ്മ എന്നും പത്രം വായിക്കും. കേരള രാഷ്ട്രീയത്തിലെ മാറ്റങ്ങള്‍ തൊട്ട് മറ്റുള്ള സമകാലിക പ്രശ്നങ്ങള്‍ എല്ലാം അമ്മ ശ്രദ്ധിക്കുന്നുണ്ട്. എല്ലാ കാര്യങ്ങളെ പറ്റിയും അമ്മക്ക് കൃത്യമായ അഭിപ്രായം ഉണ്ട്. പറ്റുന്പോഴൊക്കെ മറ്റ് പുസ്തകങ്ങളും മാസികയുമൊക്കെ വായിക്കും. യുക്തി ഭദ്രമായി സ്വന്തം ഭാഗം വാദിക്കുന്ന
കാര്യത്തില്‍ അമ്മയാണെന്റെ റോള്‍ മോഡല്‍. അപ്പോള്‍ പഠിക്കാന്‍ അവസരം കിട്ടിയിരുന്നുവെങ്കില്‍ തീര്‍ച്ചയായും അമ്മ നല്ലൊരു അധ്യാപികയോ വക്കീലോ ഒക്കെയായി ശോഭിച്ചേനെ!

എന്തിനാണ് അമ്മ അഞ്ചാം ക്ളാസ്സില്‍ പഠനം നിര്‍ത്തിയത് എന്ന്
കഴിഞ്ഞ വര്‍ഷമാണ് ഞാന്‍ അമ്മയോട് ചോദിച്ചത്. അമ്മയുടെ ഉത്തരം എന്നെ വല്ലാതെ സങ്കടപ്പെടുത്തി.

തുമ്മാരുകുടിയിലെ കിണറിന് സ്ഥാനം കണ്ടത് വീട്ടില്‍ നിന്നും
ഏതാണ്ട് അന്‍പത് മീറ്റര്‍ അകലെ വീടിന്റെ നിരപ്പില്‍ നിന്നും ഏറെ താഴെയാണ്. വീട്ടിലെ ആവശ്യത്തിനുള്ള വെള്ളം മുഴുവന്‍ കോരി എത്തിക്കുന്ന ജോലി പത്താം വയസ്സിലേ അമ്മയുടെ തലയില്‍ എത്തി (അക്ഷരാര്‍ത്ഥത്തില്‍ തന്നെ). ആറേഴ് മക്കളും അതിലിരട്ടി പണിക്കാരും പിന്നെ പശുവും കാളയും ഒക്കെയുള്ള വീട്ടിലേക്ക് ആവശ്യമുള്ള വെള്ളം കോരിയെത്തിക്കുക എന്നത് മുഴുദിന ജോലിയാണ്. പഠനം അവിടെ അവസാനിച്ചു.

കൊടുങ്കാറ്റില്‍ തകര്‍ന്ന ഹെയ്തിയിലെ വിവിധ പ്രദേശങ്ങളില്‍ ആയിരുന്നു ഒരാഴ്ചയായി. അതിനിടയില്‍ ആണ് പത്തു വയസ്സ് പോലും ആകാത്ത ഒരു പെണ്‍കുട്ടി തലയില്‍ വെള്ളവും ചുമന്ന് പോകുന്ന കാഴ്ച കണ്ടത്. ബുധനാഴ്ചയാണ്, ഉച്ച സമയവും. ഈ പ്രായത്തില്‍ ഉള്ള കുട്ടികള്‍ ആ സമയത്ത് സ്കൂളില്‍ ആയിരിക്കേണ്ടതാണ്. ആ കൊച്ചു കുട്ടിയില്‍ എന്റെ അമ്മയുടെ ബാല്യം ഞാന്‍ കണ്ടു.ഇതൊരു ഒറ്റപ്പെട്ട കഥയല്ല. ലോകത്തെ അനവധി പെണ്‍കുട്ടികള്‍ പഠനം അവസാനിപ്പിക്കുന്നത് വീട്ടിലേക്ക് വെള്ളമോ വിറകോ ഒക്കെ ശേഖരിക്കാന്‍ വേണ്ടിയാണ്. വീട്ടില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഉണ്ടെങ്കില്‍ സാമ്പത്തിക ഭദ്രത ഇല്ലെങ്കില്‍ ഇപ്പോഴും സ്കൂളില്‍ പോകാന്‍ അവസരം നിഷേധിക്കപ്പെടുന്നത് പെണ്‍ കുട്ടികള്‍ക്ക് തന്നെയാണ്, പഠിക്കാന്‍ അവര്‍ കൂടുതല്‍ മിടുക്കര്‍ ആണെങ്കില്‍ കൂടി. പെണ്‍കുട്ടികള്‍ക്ക് തുല്യ അവസരം നിഷേധിക്കപ്പെടുമ്പോള്‍ നഷ്ടം വരുന്നത് സമൂഹത്തിന് മൊത്തം ആണ്.

എല്ലാ കുട്ടികള്‍ക്കും, ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും, അവര്‍ ലോകത്ത് എവിടെ ആണെങ്കിലും, അവര്‍ക്ക് ഇഷ്ടമുള്ള കാലത്തോളം പഠിക്കാന്‍ അവസരം കിട്ടുന്ന ലോകം ആണെന്റെ സ്വപ്നം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top