കൊച്ചി > അബുദാബിയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ 'ദേശാഭിമാനി'ക്കെതിരെ വ്യാജപ്രചരണം. അബുദാബിയില്‍ തിങ്കളാഴ്ച മുതല്‍ ആരംഭിക്കുന്ന അണുനശീകരണ പ്രവര്‍ത്തനത്തെ ദേശാഭിമാനി 'വന്ധ്യംകരണ യജ്ഞം' എന്ന് വിശേഷിപ്പിച്ചുവെന്നാണ് സോഷ്യല്‍മീഡിയയില്‍ ഒരുവിഭാഗം വ്യാജപ്രചരണം നടത്തുന്നത്.
മറ്റൊരു മലയാള ദിനപത്രത്തിന്റെ ഗള്‍ഫ് എഡിഷനിലാണ് 'അബുദാബിയില്‍ ദേശീയ വന്ധ്യംകരണ യജ്ഞം തിങ്കളാഴ്ച മുതല്‍' എന്ന തലക്കെട്ടോടെ വാര്‍ത്ത വന്നത്. സ്‌റ്റെറിലൈസേഷന്‍ എന്ന ഇംഗ്ലീഷ് വാക്കിനെ മലയാളത്തിലേക്ക് തര്‍ജിമ ചെയ്തപ്പോഴാണ് പത്രം തെറ്റായ വാക്ക് നല്‍കിയത്. എന്നാല്‍ വാര്‍ത്ത വന്ന പത്രത്തിന്റെ പേര് മറച്ചുവെച്ചുകൊണ്ടാണ് വാര്‍ത്ത ദേശാഭിമാനിയിലാണ് വന്നതെന്ന നുണ പ്രചരിപ്പിക്കുന്നത്.
അബുദാബിയിലെ പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ദേശാഭിമാനി ഞായറാഴ്ച തന്നെ വാര്‍ത്ത നല്‍കിയിരുന്നു. 'അബുദാബിയില്‍ രാത്രികാല കര്‍ഫ്യു നാളെ മുതല്‍' എന്നായിരുന്നു വാര്‍ത്തയുടെ തലക്കെട്ട്. വാര്‍ത്തയില്‍ എവിടെയും വന്ധ്യംകരണം എന്ന വാക്ക് ദേശാഭിമാനി ഉപയോഗിച്ചിട്ടുമില്ല.

ദേശാഭിമാനിയില്‍ ഈ വിഷയത്തില്‍ വന്ന വാര്‍ത്ത
ജാസി ജാസ്മിന്‍ എന്ന പേരിലുള്ള മുസ്ലിം ലീഗ് അനുകൂല ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നാണ് വാര്‍ത്ത ദേശാഭിമാനിയുടേതെന്ന തലത്തില്‍ നുണ പ്രചരണം ആരംഭിച്ചത്. പോസ്റ്റിനുതാഴെ നിരവധി പേര്‍ രണ്ടുപത്രങ്ങളിലെയും വാര്‍ത്ത കമന്റായി മറുപടി നല്‍കിയിട്ടും വ്യാജപ്രചരണം പിന്‍വലിക്കാന്‍ തയ്യാറായിട്ടില്ല. വ്യാജരേഖ ഉപയോഗിച്ചുള്ള നുണപ്രചാരനത്തിനെതിരെ ദേശാഭിമാനി പരാതി നല്‍കിയിട്ടുണ്ട്.