01 October Sunday

ഈ ‘ദുർഗ'കൾ വാളേന്തുന്നത് എന്തിന് ?..കെ ടി കുഞ്ഞിക്കണ്ണൻ എഴുതുന്നു

കെ ടി കുഞ്ഞിക്കണ്ണൻUpdated: Tuesday May 31, 2022

കൊച്ചി> ഹിന്ദു വനിതകളെ  ദുർഗകളാക്കി തോക്ക്, കഠാരി, വാൾ തുടങ്ങിയ ആയുധങ്ങൾ ഉപയോഗിക്കാനുള്ള പരിശീലനം നൽകി ഹിന്ദു രാഷ്ട്ര നിർമ്മിതിക്കുള്ള റോളിലേക്കുയർത്തിയെടുക്കുക എന്നതാണ്  ദുർഗാവാഹിനി എന്ന  സംഘടനയിലൂടെ ആർഎസ്എസ് ലക്ഷ്യമാക്കുന്നതെന്ന്‌ കെ ടി കുഞ്ഞിക്കണ്ണൻ. 1980 -84 കാലത്താണ് ദുർഗാവാഹിനിയുടെ സംഘാടനം നടന്നത്. ഗുജറാത്ത് കലാപത്തിൽ പ്രധാന പങ്ക് വഹിച്ചത് ദുർഗാവാഹിനികളായിരുന്നു. ബാബരി മസ്ജിദ് തകർത്തകർ സേവകിൽ 20,000 ദുർഗാവാഹിനി പ്രവർത്തകരുമുണ്ടായിരുന്നുവെന്നും കുഞ്ഞിക്കണ്ണൻ ഫേസ്‌ബുക് പോസ്‌റ്റിൽ  പറയുന്നു.

സ്ത്രീയിലെ ദുർഗയെ ജ്വലിപ്പിച്ചെടുക്കാനും അവരെ ദുർഗകളാക്കി മാറ്റാനും അതുവഴി ഹിന്ദുവിൻ്റെ ശത്രുക്കൾക്കെതിരായി അവരെ സൈനികവൽക്കരിക്കാനുമാണ് ബജ്രംഗ്ദൾ ദുർഗാവാഹിനി എന്ന സ്ത്രീകളുടെ സംഘടനക്ക് രൂപം നൽകിയത്.വി എച്ച് പിയുടെ സായുധദളമായ ബജ്രംഗ്ദളിൻ്റെ വനിതാ വിഭാഗമെന്ന നിലയിലാണ് ഈ സംഘടന രൂപം കൊണ്ടത്. 1936ൽ ഹെഡ്ഗെവാറിൻ്റെ നിർദേശമനുസരിച്ച് രൂപം കൊണ്ട രാഷ്ട്ര സേവികാ സമിതിയുടെ തുടർച്ചയായി രൂപം കൊണ്ട ആർഎസ്എസ് പരിവാർ കുടുംബത്തിൽ പെട്ട ഭീകര സംഘടനയാണിത്.

വീരവനിതകളെ ദുർഗകളാക്കി തോക്ക്, കഠാരി, വാൾ തുടങ്ങിയ ആയുധങ്ങൾ ഉപയോഗിക്കാനുള്ള പരിശീലനം നൽകി ഹിന്ദു രാഷ്ട്ര നിർമ്മിതിക്കുള്ള റോളിലേക്കുയർത്തിയെടുക്കുക എന്നതാണ് ഈ സംഘടനയിലൂടെ ആർഎസ്എസ് ലക്ഷ്യമാക്കിയിരിക്കുന്നത്.

1980 -84 കാലത്താണ് ദുർഗാവാഹിനിയുടെ സംഘാടനം നടന്നത്. സാധ്വി റീതാംബരയായിരുന്നു സ്ഥാപക സെക്രട്ടറി. കൽപനാ ന്യാസ് ജോയിൻ്റ് സെക്രട്ടറിയും.18 വയസ് മുതൽ 35 വയസ് വരെയുള്ളവരെയാണ് അംഗളാക്കുന്നതെന്നാണ് അവരുടെ വെബ്സൈറ്റുകളിൽ ലഭിക്കുന്ന വിവരം. താഴ്ന്ന ജാതിയിക്കാരും സാമ്പത്തിക പിന്നോക്കാവസ്ഥ അനുഭവിക്കുന്നവരുമാണ് റിക്രൂട്ട്ചെയ്യപ്പെടുന്നത്.
പ്രത്യയശാസ്ത്രപരമായി മുസ്ലിം വിരോധമാണ് ഇവരുടെ മനസ്സുകളിൽ കുത്തിവെക്കുന്നത്.. ഹിന്ദുധർമം പുലരാൻ സ്ത്രീകൾ ദുർഗകളായി മാറി ഹിന്ദുവിൻ്റെ ശത്രുക്കൾക്കെതിരെ ആയുധമെടുക്കണമെന്ന ഉന്മാദം വളർത്തിയെടുക്കുന്നു.

മുസ്ലിം ഉന്മൂലനലക്ഷ്യത്തോടെ നടന്ന ഗുജറാത്ത് കലാപത്തിൽ പ്രധാന പങ്ക് വഹിച്ചത് ദുർഗാവാഹിനികളായിരുന്നു. കടുത്ത മുസ്ലിം വിരുദ്ധ ക്ഷുദ്ര വികാരം സൃഷ്ടിക്കുന്ന റീതാംബരയുടെയും ഉമാഭാരതിയുടെ പ്രസംഗകാസറ്റുകൾ വീടുകളിൽ നിരന്തരം എത്തിച്ചു കൊണ്ടാണ് മുസ്ലിം വിരുദ്ധമായ പൊതു ഹിന്ദുബോധം ദുർഗാവാഹിനികൾ വളർത്തി കൊണ്ടുവന്നത്. കമ്യൂണലിസം കോംപാറ്റിൻ്റെ റിപ്പോർട്ടിൽ വീടുകളിൽ മുഴങ്ങി കേട്ടിരുന്ന വിദ്വേഷ കാസറ്റ് പ്രസംഗങ്ങൾ ഉദ്ധരിച്ചിട്ടുണ്ട്; "നമ്മുടെ എതിരാളികളാണ് മുസ്ലിങ്ങൾ. നമ്മൾ പശുവിനെ പൂജിക്കുന്നു. അവർ പശുവിനെ കൊല്ലുന്നു. നമ്മൾ ഇടത് വശത്ത് നിന്ന് വലത്തോട്ട് എഴുതുന്നു.അവർ വലത്ത് നിന്ന് ഇടത്തോട്ട് എഴുതുന്നു. "ഹിന്ദുവിൻ്റെ വിപരീത പദമാണ് മുസ്ലിം എന്ന നിലയിലുള്ള നിരന്തരമായ പ്രചരണമാണ് നടത്തിയത്.

കലാപത്തിന് മുന്നോടിയായി നടന്ന കുടുംബ സർവെയും മുസ്ലിം ഹിന്ദു വീടുകളെ വേർതിരിക്കുന്ന കാവിക്കൊടി നാട്ടലുമെല്ലാം നിർവഹിച്ചത് ദുർഗാവാഹിനികൾ വഴിയായിരുന്നു .

ബാബരി മസ്ജിദ് തകർത്തകർ സേവകിൽ 20,000 ദുർഗാവാഹിനി പ്രവർത്തകരുമുണ്ടായിരുന്നു. സ്ത്രീകളിൽ കടുത്ത മുസ്ലിം വിരോധം കുത്തിവെച്ച് വിഭജനവും വിദ്വേഷവും വളർത്തി നാടിനെയും മാനവികതയെയും തകർക്കുന്ന ഹിന്ദുത്വ അജണ്ടക്കെതിരെ ജാഗ്രതയോടെയുള്ള മതനിരപേക്ഷ ഇടപെടലും പ്രതിരോധവും ആവശ്യപ്പെടുന്ന സാഹചര്യത്തിലൂടെയാണ് നാം കടന്നു പോകുന്നത്. അതാണ് ആര്യാങ്കോട്ടെ ദുർഗാവാഹിനിയുടെ വാളേന്തിയ പ്രകടനം മതനിരപേക്ഷകേരളത്തോട് ആവശ്യപ്പെടുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top