01 July Friday

'എല്ലാ നിയന്ത്രണങ്ങളും വിട്ടലറി വിളിച്ച ജീവിതത്തിലെ ഏക നിമിഷമായിരുന്നു അത്' : കെ പി വത്സലന്റെ കൊലപാതകം കെ വി അബ്‌ദുള്‍ ഖാദര്‍ എംഎല്‍എ ഓര്‍മ്മിയ്ക്കുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Feb 26, 2019

ആദ്യം ഇറക്കിയത് വല്‍സലനെയാണ്.അക്‌ബറിനെ പുറകെയും കാഷ്വാലിറ്റിയിലേക്ക് മാറ്റി. ഒരു മിനിറ്റ് കഴിഞ്ഞു കാണും.സുരേഷ് അലറി കരഞ്ഞു കൊണ്ട് പുറത്തേക്ക് വരുന്നു.''വല്‍സലന്‍ പോയി.'എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. വല്‍സലനോ.! എല്ലാ നിയന്ത്രണങ്ങളും വിട്ടലറി വിളിച്ച ജീവിതത്തിലെ ഏക നിമിഷമാണ്...കെ വി അബ്ദുള്‍ഖാദര്‍ എംഎല്‍എ എഴുതുന്നു

2006 ഏപ്രില്‍ 16.നിയമസഭാ തെരഞ്ഞെടുപ്പ്  പ്രചരണം തകൃതിയായി നടന്നുകൊണ്ടിരുന്ന ദിവസം.അന്ന് തെക്കന്‍ പാലയൂരിലായിരുന്നു ഞാന്‍. എന്റെ ഫോണിലേക്ക് വല്‍സന്‍ [ചാവക്കാട് നഗര സഭാ ചെയര്‍മാന്‍] വിളിച്ചു. ഉച്ചയ്ക്കു ശേഷം കാണേണ്ട ചില വ്യക്തികളെ കുറിച്ചും പോകേണ്ട സ്ഥലങ്ങളെ കുറിച്ചും പറയാനാണ് വിളിച്ചത്.

തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ ഏകോപിപ്പിക്കുന്ന മണ്ഡലം സെന്ററിലെ പ്രധാനിയായിരുന്നു വല്‍സന്‍. ഉച്ചയോടെ പാലയൂരിലെ ഫറൂഖിന്റെ വീട്ടിലെത്തിയപ്പോഴായിരുന്നു ഫോണ്‍വന്നത്.ഉച്ചയ്ക്കു ശേഷം ചാവക്കാട് പാര്‍ട്ടി ഓഫീസില്‍ സഖാവ് സി കണ്ണേട്ടന്‍ അനുസ്മരണ യോഗമുണ്ടായിരുന്നു.

നാലു മണി കഴിഞ്ഞു കാണും. ഓഫീസിലെ ബെല്ല് തുരുതുരാ അടിക്കുന്നു. അപ്പോള്‍ ഓഫീസിലുണ്ടായിരുന്ന ഡ്രൈവര്‍ ഉണ്ണിയാണ് ഓടി വന്ന് പറയുന്നത്.''എ എച്ച് അക്ബറിന് അകലാട് വച്ച് കുത്തേറ്റു.' രാജാ ആശുപത്രിയിലേക്ക് കൊണ്ട് വരുന്നു.സഖാവ് ബേബി മാഷ് ഉള്‍പ്പെടെ യോഗത്തിലുണ്ട്.

ഞാനും പി വി സുരേഷും ഇക്‌ബാലും ഉണ്ണിയും കൂടി രാജയിലേക്ക് തിരിച്ചു.ഗുരുതരമായ ഒരു സംഘര്‍ഷവും നേരത്തെ അകലാട് ഉണ്ടായിരുന്നില്ല.അത് കൊണ്ട് തന്നെ ചെറിയ പരിക്കോ മറ്റോ ആയിരിക്കും എന്നാണ് കരുതിയത്.രാജയിലെത്തുമ്പോള്‍ അവിടം ശാന്തമാണ്. കാഷ്വാലിറ്റി പഴയ കെട്ടിടത്തിലാണ്.

അവിടെ ആരും എത്തിയിട്ടില്ല.രണ്ടോ മൂന്നോ മിനിറ്റ് കഴിഞ്ഞു കാണും.ഗുരുവായൂരിലെ ഡ്രൈവര്‍ തോമസിന്റെ പഴയ അംബാസിഡര്‍ കാര്‍ പാഞ്ഞു വരുന്നു.കാഷ്വാലിറ്റിയില്‍ കാര്‍ നിന്നു.കാറില്‍ നിന്ന് ഞരക്കം കേള്‍ക്കാം.ഞാനും സഖാക്കളും സ്ട്രക്ച്ചറുമായി അടുത്തെത്തി.

ആദ്യം ഇറക്കിയത് വല്‍സലനെയാണ്.അക്ബറിനെ പുറകെയും കാഷ്വാലിറ്റിയിലേക്ക് മാറ്റി. ഒരു മിനിറ്റ് കഴിഞ്ഞു കാണും.സുരേഷ് അലറി കരഞ്ഞു കൊണ്ട് പുറത്തേക്ക് വരുന്നു.''വല്‍സലന്‍ പോയി.'എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. വല്‍സലനോ.! എല്ലാ നിയന്ത്രണങ്ങളും വിട്ടലറി വിളിച്ച ജീവിതത്തിലെ ഏക നിമിഷമാണ്.

നഗര സഭാ ചെയര്‍മാനായി  തെരഞ്ഞെടുക്കപ്പെട്ട് ആറേഴ് മാസങ്ങളേ ആയിട്ടുള്ളു.അനിതര സാധാരണ ഇടപെടലുകളിലൂടെ തീരദേശത്തെ സാധാരണ മനുഷ്യരുടെ കണ്ണിലുണ്ണിയായി മാറി കഴിഞ്ഞ ജന നേതാവിനെയാണ് യുഡിഎഫ് ക്രിമിനലുകള്‍ കൊലപ്പെടുത്തിയത്. മത്സ്യ തൊഴിലാളി കുടുംബത്തില്‍ പിറന്ന് ദരിദ്ര ജീവിത സാഹചര്യങ്ങളോട് പൊരുതി യുവജന തൊഴിലാളി പ്രസ്ഥാനങ്ങളുടെ അമരക്കാരനായി മാറിയ മനുഷ്യ സ്‌നേഹിയായ ചെറുപ്പക്കാരന്‍.

നഗരസഭാ ചെയര്‍മാന്‍ കൊല ചെയ്യപ്പെടുന്ന ആദ്യത്തെ സംഭവമായിരുന്നു വല്‍സലന്‍ വധം. എഎച്ച് അക്‌ബര്‍ ജീവിതത്തിലേക്ക് തിരിച്ചു വന്നത് മാസങ്ങള്‍ നീണ്ടചികിത്സയിലൂടെ. വല്‍സലന്റെ കുടുംബം അനുഭവിച്ച വ്യഥകള്‍ വിവരണാതീതമായിരുന്നു.അഛന്‍,ഭാര്യ,അമ്മ മരണത്തിന് കീഴടങ്ങിയത് മാസങ്ങളുടെ ഇടവേളകളില്‍.

വല്‍സലന്‍ മരിക്കുമ്പോള്‍ മകന്‍ കണ്ണന് വയസ്സ് നാലോ അഞ്ചോ ആണ്.അഛനും അമ്മയുമില്ലാതെ അവന്‍ ജീവിക്കുന്നു. ഇന്ന് മാര്‍ക്‌സിസ്റ്റ് അക്രമത്തെ കുറിച്ച് വാചാലരാകുന്ന മാധ്യമങ്ങള്‍ അന്നുമുണ്ട്. വല്‍സലന്റെ കുടുംബത്തിന്റെ തീരാ സങ്കടങ്ങള്‍ ഒരു മാധ്യമവും വാര്‍ത്തയാക്കിയില്ല. അയാള്‍ കമ്മ്യൂണിസ്റ്റായിരുന്നു.

കൊന്നവര്‍ ലീഗ് യുഡിഎഫ് ക്രിമിനലുകളും. വിവേചനം എന്തു കൊണ്ടെന്ന് നിങ്ങള്‍ തന്നെ തീരുമാനിക്കുക.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top