01 June Thursday

ജൂൺ മുപ്പത്‌ വരെ ക്ഷേത്രദർശനം ഒഴിവാക്കണമെന്ന്‌ കൊടുങ്ങല്ലൂർ മേൽശാന്തി

വെബ് ഡെസ്‌ക്‌Updated: Monday Jun 8, 2020

കൊച്ചി> ജൂൺ മുപ്പത്‌ വരെ ക്ഷേത്രദർശനം ഒഴിവാക്കാൻ അഭ്യർത്ഥനയുമായി കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രം മേൽശാന്തി ത്രിവിക്രമനടികൾ.ഈ അവസരത്തിൽ രോഗവ്യാപനം തടയുന്നതിനായി പാളയം പള്ളി അധികാരികൾ എടുത്ത തീരുമാനം സ്വാഗതാർഹമാണെന്നും അദ്ദേഹം ഫേസ്‌ബുക്കിൽ എഴുതുന്നു.

പോസ്‌റ്റിന്റെ പൂർണ്ണരൂപം:

നമസ്കാരം.

ഇന്ന് ക്ഷേത്രത്തിലിരുന്നപ്പോൾ സമൂഹത്തെക്കുറിച്ചു മനസ്സിൽ തോന്നിയ ചില ചിന്തകളാണ് ഈ പോസ്റ്റിന് ആധാരം..
വളരെ ധൃതി പിടിച്ചു കൊണ്ട് ആരാധനാലയങ്ങൾ തുറക്കുന്നത് കൊണ്ടുള്ള വിപത്തുകൾ ചൂണ്ടിക്കാണിക്കാൻ ആഗ്രഹിക്കുന്നു.
ഭക്തർക്ക് ക്ഷേത്രദര്ശനം കഴിയുമ്പോൾ ശാന്തിയും സമാധാനവും ലഭ്യമാകണം.

ഇപ്പോഴത്തെ സാഹചര്യത്തിൽ പ്രത്യേക നിയന്ത്രണങ്ങൾ പാലിച്ചു കൊണ്ടുള്ള ദര്ശനക്രമമാകുമ്പോൾ അതു ലഭ്യമാകുമോ എന്ന് പരിശോധിക്കേന്ടിയിരിക്കുന്നു. സാമൂഹിക അകലം പാലിച്ചു കൊണ്ടുള്ള ദര്ശനമൊക്കെ എത്ര കണ്ടു പ്രായോഗികമാകുമെന്ന് കണ്ടറിയണം. ഇതൊക്കെയായാലും ഭക്തന് അല്പം പോലും തീർത്ഥവും പ്രസാദവും ലഭിക്കില്ല.
പിന്നെ ഭണ്ഡാരസമർപ്പണമോ,കൊടിമരം സ്വർണം പൂശലോ, വാതിൽമാടം സ്വർണം പൊതിയാലോ ഒന്നുമല്ല ഈശ്വരനിലേക്കെത്താനുള്ള മാർഗ്ഗം എന്നറിയുക.
പ്രാർത്ഥനക്കൊപ്പം മാനവസേവയും ചെയ്യണം.

രണ്ടര മാസമായി ഗുരുവായൂരപ്പനെ കാണാതെ ഉറക്കം വരാത്തവരോ കൊടുങ്ങല്ലൂരമ്മയെ കാണാതെ ഉറക്കം വരാത്തവരോ ഉള്ളതായി തോന്നുന്നില്ല.
ധ്യാന ജപാദികൾ മൂലം ദേവതയെ മനസ്സിൽ കാണുവാനുള്ള പ്രാപ്തി നേടണം.

ഇപ്പോഴുള്ള ഈ പ്രവൃത്തി മഴക്കാറ് കണ്ടപ്പോൾ കുട നിവർത്തിപിടിച്ചു പെരുമഴ പെയ്തപ്പോൾ കുട മടക്കിയ പോലെയാകും.

മഹാക്ഷേത്രങ്ങളിലെല്ലാം ഏതെങ്കിലും വിധത്തിൽ കോവിഡബാധ വന്നാൽ ക്ഷേത്രങ്ങൾ അടച്ചിട്ടു പൂജാദികർമങ്ങൾക്ക്‌ തടസ്സങ്ങൾ നേരിട്ടാൽ നാടിനു തന്നെ വിപത്തായി തീരും.
ജൂൺ 20 മുതൽ 30 വരെയുള്ള കാലയളവിൽ ഈ മഹാമാരി കൂടുതൽ വ്യാപിക്കാൻ സാധ്യതയുള്ളതായി വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നുണ്ട്.

ആയതിനാൽ എല്ലാ ഭക്തരും ജൂൺ 30 വരെ ക്ഷേത്രദര്ശനം ഒഴിവാക്കി സ്വഗൃഹത്തിലിരുന്നു കൊണ്ട് ഇഷ്ടദേവതയെ മനസ്സിൽ കണ്ടുകൊണ്ട് പ്രാർത്ഥിക്കണമെന്ന് ഈ അവസരത്തിൽ എല്ലാ ഭക്തരോടും അപേക്ഷിക്കുന്നു.

ഇത്രയും ദിവസങ്ങളിൽ ഞങ്ങളെല്ലാം ഭക്തന്മാരില്ലാതെയും വരുമാനമില്ലാതെയും മുടങ്ങാതെ ക്ഷേത്രത്തിലെ പൂജാദി കാര്യങ്ങൾ ചിട്ടയോടെ നിർവഹിച്ചു നിങ്ങൾക്കെല്ലാവർക്കും വേണ്ടി അതായതു ലോകക്ഷേമത്തിനായി പ്രാര്ഥിക്കുന്നുണ്ട്.

ഈ അവസരത്തിൽ രോഗവ്യാപനം തടയുന്നതിനായി പാളയം പള്ളി അധികാരികൾ എടുത്ത തീരുമാനം സ്വാഗതാർഹമാണ്.

ലോകംബികയായ കൊടുങ്ങല്ലൂരമ്മ എല്ലാവരെയും ഈ മഹാമാരിയിൽ നിന്നും രക്ഷിക്കുമാറാകട്ടെ..

ദേവീചരണങ്ങളിൽ..
പ്രാർത്ഥനയോടെ,
അഡ്വ.ത്രിവിക്രമനടികൾ.
പാരമ്പര്യ മേൽശാന്തി.
കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top