28 September Thursday

പല്ലക്കുണ്ടെങ്കിൽ റെയിലും വേണ്ട; അശോകൻ ചരുവിൽ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Feb 2, 2022

ജീവിതസൗകര്യങ്ങൾ പലകാലത്തും പലരീതിയിൽ ആയിരിക്കും. ഇന്നലെ അത് പരിമിതമായിരുന്നു. ഇന്നു മെച്ചപ്പെട്ടു. നാളെ കൂടുതൽ മെച്ചപ്പെടും. അതൊന്നും പ്രശ്‌നമ‌ല്ല. ഉള്ള സൗകര്യങ്ങൾ എല്ലാവർക്കും ലഭ്യമാകുന്നു എന്നതാണ് പ്രശ്നം. പ്രിവിലേജാണ് പ്രധാനം. അത് നഷ്‌ട‌പ്പെടുന്നു എന്നതാണ് പ്രശ്‌നം. അശോകൻ ചരുവിൽ എഴുതുന്നു.

പല്ലക്കു ചുമക്കുന്നവർ

പഴയയൊരു "പരിശുദ്ധകേരള"ത്തെ പ്രണയിക്കുന്ന ഒരുപാട് പേരുണ്ട്. പ്രത്യേകിച്ചും കലാസാംസ്കാരികപ്രവർത്തകരുടെ ഇടയിൽ. ഇവരാരും ആ ഭൂതകാലകേരളത്തെ നേരിൽ കണ്ടവരല്ല. പക്ഷേ സ്വന്തം രക്തത്തിലൂടെ അവർക്കത് കാണാനും അനുഭവിക്കാനും കഴിയുന്നുണ്ട്. ആമ്പൽക്കുളങ്ങളും സസ്യശ്യാമളവേലികളാൽ അനുഗ്രഹീതമായ നാട്ടുവഴികളും റാന്തൽ വിളക്കുകളും കാളവണ്ടികളും ഉണ്ടായിരുന്ന ഒരു കേരളം. കവിതയിലൂടെയാണ് ഞാൻ ഇങ്ങനെയൊരു കേരളത്തെ കേൾക്കുന്നത്. പ്രത്യേകിച്ചും സുഗതകുമാരി ടീച്ചറുടേയും മറ്റും രചനകളിൽ.

അന്ന് മനുഷ്യർക്കിടയിൽ പരസ്‌പരം സ്നേഹവും കരുണയും വിശ്വാസവും ഉണ്ടായിരുന്നു എന്നാണ് കവികൾ പറയുന്നത്. ഉടമയും അടിമയും തമ്മിലെ സ്നേഹം. ഭൂവുടമയും കുടിയാനും തമ്മിലെ സ്നേഹം. ദ്വിജനും സംബന്ധക്കാരിയും തമ്മിലെ കലർപ്പില്ലാത്ത സ്നേഹം. തമ്പ്രാനും പടിക്കലെ കണ്ടത്തിലെ കോരനും തമ്മിലെ സ്നേഹം. ദേഷ്യം വന്നാൽ തമ്പ്രാൻ ഇട്ട് ചതക്കുമെങ്കിലും വൈകുന്നേരം ഒരു തവി എണ്ണയും ഒരു നാഴി നെല്ലും കൂടുതൽ കൊടുക്കുന്ന ആ ചിത്രമുണ്ടല്ലോ. വായിച്ച് എൻ്റെ കണ്ണുനിറഞ്ഞിട്ടുണ്ട്. ആ കാലം ഗണിച്ചുനോക്കുമ്പോൾ പെട്ടെന്ന് എനിക്ക് സംശയം വരും: ഇപ്പറഞ്ഞ കാലത്ത് എൻ്റെ പൂർവ്വികർ എന്തു ചെയ്യുകയായിരുന്നു?.

ശരിയാണ്. അങ്ങനെ ഒരുകാലം ഉണ്ടായിരുന്നു. വൈദ്യുതിയും ആധുനികയാത്രാസൗകര്യങ്ങളും ഇല്ലാത്ത കാലത്തിൻ്റെ സൗഭാഗ്യം.  ഒരു ജന്മിഗൃഹത്തിൽ ചുരുങ്ങിയത് പത്തോ ഇരുപതോ അടിമകൾ ഉണ്ടാകും. കാളവണ്ടിയും മഞ്ചലുമുണ്ട്. നെല്ലുകുത്തുപുര എന്ന പ്രപഞ്ചം ഉണ്ട്. അരിയാട്ടാൻ, അരക്കാൻ, തൂത്തുവാരാൻ, പങ്കവലിക്കാൻ ആളുണ്ട്. ഇന്ദുലേഖയെ കിട്ടാതെ കല്യാണിക്കുട്ടിയെ തട്ടിക്കൊണ്ടുപോയ സൂരി നമ്പൂതിരിപ്പാട് (ഷമിക്കണേ!) സഞ്ചരിച്ച പല്ലക്കു ചുമക്കാൻ എത്ര അമാലന്മാർ ഉണ്ടായിരുന്നു എന്നകാര്യം ചന്തുമേനോൻസാർ വിവരിച്ചിട്ടില്ല.

ദേശത്തെ ബഹുഭൂരിപക്ഷം ജനങ്ങളും പണിയെടുത്തു പട്ടിണി കിടക്കുന്ന കാലം. തലചായ്ക്കാൻ കൂരയില്ലാതെ മഴയും വെയിലും കൊള്ളുന്ന കാലം. ഒരു തുണ്ട് വസ്ത്രമില്ലാതെ മഞ്ഞിൽ കിടുകിടുക്കുന്ന കാലം. അവർക്കിടയിലൂടെ വെപ്പാട്ടിയേയുംകൂട്ടി പല്ലക്കിൽ സഞ്ചരിക്കുമ്പോൾ ഉണ്ടാകുന്ന ആ അനുഭൂതിയുണ്ടല്ലോ. അതാണ് പ്രധാനം. അതാണ് പഴയ കേരളം. സൗഭാഗ്യ സുന്ദരഭൂതകാലം. അല്ലാതെ ഏതാണ്ട് എല്ലാവീട്ടിലും വൈദ്യുതിയുള്ള, എല്ലാവരും സ്കൂളിൽപോകുന്ന, പണിയെടുക്കുന്ന എല്ലാവരും കൂലിവാങ്ങുന്ന, ജാതി നോക്കാതെ എല്ലാവരും എല്ലാവഴിയിലൂടെയും സഞ്ചരിക്കുന്ന, സൗജന്യമായി ചികിത്സിക്കപ്പെടുന്ന, സൗജന്യനിരക്കിൽ ഭക്ഷണം കിട്ടുന്ന, സഞ്ചാരത്തിന് ഏതെങ്കിലുമൊരു മോട്ടോർ വാഹനം ഉപയോഗിക്കുന്ന, എല്ലാവരും ഒരേ ക്യൂവിൽ നിൽക്കാൻ നിർബന്ധിക്കുന്ന, എല്ലാവരുടേയും കയ്യിൽ ഫോണുള്ള, ഓൺലൈൻ ഇടപാടുകളുള്ള നരകഭീകരസമകാലികകേരളമല്ല.

ജീവിതസൗകര്യങ്ങൾ പലകാലത്തും പലരീതിയിൽ ആയിരിക്കും. ഇന്നലെ അത് പരിമിതമായിരുന്നു. ഇന്നു മെച്ചപ്പെട്ടു. നാളെ കൂടുതൽ മെച്ചപ്പെടും. അതൊന്നും പ്രശ്‌നമ‌ല്ല. ഉള്ള സൗകര്യങ്ങൾ എല്ലാവർക്കും ലഭ്യമാകുന്നു എന്നതാണ് പ്രശ്നം. പ്രിവിലേജാണ് പ്രധാനം. അത് നഷ്‌ട‌പ്പെടുന്നു എന്നതാണ് പ്രശ്‌നം.

പല്ലക്കുണ്ടെങ്കിൽ റെയിലും വേണ്ട.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top