ഇന്ന് രണ്ടിലൊന്ന്

Saturday Oct 28, 2017
പ്രദീപ് ഗോപാല്‍
ഇംഗ്ളണ്ട് ടീം പരിശീലനത്തില്‍ /ഫോട്ടോ ജി പ്രമോദ്

കൊല്‍ക്കത്ത > ലോക ഫുട്ബോളിന്റെ കളിത്തട്ടിലേക്ക് ഇന്ന് കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ ഇന്ന് ഒരു പന്തുരുളും. ഇരുപത്തിമൂന്നു നാള്‍ നീണ്ട കൌമാര കളി വേഗങ്ങളുടെ പന്ത്. അതില്‍ മുദ്ര ചാര്‍ത്താനൊരുങ്ങുകയാണ് സ്പെയ്നും ഇംഗ്ളണ്ടും. സ്പെയ്നിന്റെ താളമോ, ഇംഗ്ളണ്ടിന്റെ വേഗമോ, ഏതിനാണ് ജയം എന്നതിന് സാള്‍ട്ട്ലേക്ക് ഇന്നുരാത്രി ഉത്തരം നല്‍കും. രാത്രി എട്ടിനാണ് ഫൈനല്‍. അതിനുമുമ്പ് വൈകിട്ട് അഞ്ചിന് മൂന്നാം സ്ഥാനത്തിനായി ബ്രസീലും മാലിയും പോരടിക്കും.

 സ്പെയ്ന്‍ ടീം അംഗങ്ങള്‍ പരിശീലനത്തില്‍

സ്പെയ്ന്‍ ടീം അംഗങ്ങള്‍ പരിശീലനത്തില്‍

ആര് ചാമ്പ്യനായാലും അതു ചരിത്രമാകും. യൂറോപ്പിലെ വമ്പന്‍മാരുടെ പിന്‍മുറക്കാര്‍ക്ക് കൌമാര കിരീടം ഇപ്പോഴും അന്യമാണ്. ചരിത്രത്തില്‍ രണ്ട് യൂറോപ്യന്‍ ടീമുകള്‍ തമ്മില്‍ ഫൈനലില്‍ പോരടിച്ചിട്ടുമില്ല. ഇംഗ്ളണ്ട് ഫൈനലില്‍ കടക്കുന്നത് ആദ്യം. മൂന്ന് തവണ ഫൈനലില്‍ കടന്നിട്ടും കിരീടം കിട്ടാത്തതിന്റെ നിരാശയിലാണ് സ്പെയ്ന്‍. തന്ത്രങ്ങള്‍ തമ്മില്‍ കോര്‍ക്കും. ഇരു പാര്‍ശ്വങ്ങളില്‍നിന്നുള്ള പന്തൊഴുക്കിന് തടയിടാന്‍, മധ്യനിരയിലുള്ള കളി മെനയലുകളെ ചിതറിത്തെറിപ്പിക്കാന്‍, അസ്ത്രവേഗമുള്ള ഷോട്ടുകളെ നിര്‍വീര്യമാക്കാന്‍ ഇരു സംഘവും തന്ത്രങ്ങള്‍ രൂപപ്പെടുത്തിയിട്ടുണ്ട്. മധ്യനിരകള്‍ തമ്മിലുള്ള പോരായിരിക്കും ഇന്ന്. ഭാവന സമ്പന്നമാണ് ഇരുമധ്യനിരകളും.

ഇതുവരെയുള്ള ഇംഗ്ളണ്ടിനെ ഇനിയും കാണാം എന്ന് കോച്ച് സ്റ്റീവന്‍ കൂപ്പര്‍ പറയുമ്പോള്‍ സ്പാനിഷ് കോച്ച് സാന്റിയാഗോ ഡിനിയ ആദ്യമായി പ്രതിരോധ കളിയെ കുറിച്ച് പറഞ്ഞു. ഇംഗ്ളീഷ് കൌമാരനിരയ്ക്ക് ഒരു പ്രതികാരം കൂടിയുണ്ട്.  അണ്ടര്‍ 17 യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിലെ ഫൈനല്‍ തോല്‍വിയുടെ വേദന മാറിയിട്ടില്ല. ഷൂട്ടൌട്ടില്‍ ഇംഗ്ളണ്ടിന്റെ കിക്ക് പാഴാക്കിയ റിയാന്‍ ബ്രൂസ്റ്ററാണ് ഈ ലോകകപ്പിലെ മികച്ച ഗോളടിക്കാരന്‍. മറ്റൊരു കിക്ക് പാഴാക്കിയ ജോയെല്‍ ലാറ്റിബ്യൂഡെയര്‍ ഇംഗ്ളീഷ് നിരയുടെ ക്യാപ്റ്റനാണ്. സെമിയില്‍ ബ്രസീലിന്റെ ആക്രമണത്തെ ലാറ്റിബ്യൂഡെയര്‍ മനോഹരമായാണ് പ്രതിരോധിച്ചത്.

രണ്ട് ഹാട്രിക് ഉള്‍പ്പെടെ ഏഴ് ഗോള്‍ ഇതിനകം നേടിയ ബ്രൂസ്റ്ററാണ് ഇംഗ്ളണ്ട് നിരയിലെ അപകടകാരി. ലക്ഷ്യം തെറ്റാറില്ല ഈ ലിവര്‍പൂള്‍ താരത്തിന്. എന്നാല്‍ ഇംഗ്ളണ്ടിന്റെ ഊര്‍ജം മറ്റ് രണ്ട് പേരാണ്്. കല്ലം ഹഡ്സണ്‍ ഒഡോയിയും ഫിലിപ് ഫോഡിനും. ഇരുവശത്തുനിന്നും മിന്നല്‍പോലെയാണ് ഇവരുടെ കുതിപ്പ്.  ഒഡോയി ത്രസിപ്പിക്കും. പന്ത് കാലില്‍കിട്ടിയാല്‍ ഇത്രയും അപകടകാരിയായൊരു കളിക്കാരനില്ല. വിടവുണ്ടാക്കി കുതിക്കും. ബ്രൂസ്റ്റര്‍ക്ക് നിരന്തമായി ക്രോസ് തൊടുക്കും. വേഗവും കൃത്യതയുമാണ് കൈമുതല്‍.

വലതുവശത്താണ് ഫോഡിന്‍. ജെയ്്ഡന്‍ സാഞ്ചോ ഇടയ്ക്കു പോയതിനുശേഷം ഇംഗ്ളണ്ടിന്റെ പ്രധാന ആസൂത്രകന്‍. മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഡേവിഡ് സില്‍വയെ അനുസ്മരിപ്പിക്കുന്നതാണ് ഫോഡിന്റെ ചലനങ്ങള്‍. സ്പെയ്ന്‍ പ്രതിരോധം ഏറ്റവും കൂടുതല്‍ പരീക്ഷിക്കപ്പെടുക ഒഡോയിക്കും ഫോഡിനും മുന്നിലായിരിക്കും. ക്യാപ്റ്റന്‍ ലാറ്റിബ്യൂഡെയറിന്റെ നേതൃത്വത്തിലുള്ള പ്രതിരോധം ഏറെ മെച്ചപ്പെട്ടു. മകിറാന്‍, ഏഞ്ചല്‍ ഗോമെസ്, ജൊനാതന്‍ പാണ്‍സോ, ഗുയേഹി, സെസെന്യോണ്‍, ഗിബ്സ് വൈറ്റ്... സമ്പന്നമാണ് ഇംഗ്ളീഷ് നിര. പന്ത് കൂടുതല്‍ കൈവശംവച്ച് കളിക്കുന്ന സ്പാനിഷ് ശൈലിയെ തകര്‍ക്കുക എന്നതായിരിക്കും ഇംഗ്ളീഷ് തന്ത്രം. പാര്‍ശ്വങ്ങളില്‍ കൂടി ആക്രമിക്കുന്ന രീതി തുടരും. ഒരു ഗോള്‍ വഴങ്ങിയാല്‍ പതറുന്ന പ്രതിരോധം ഇപ്പോള്‍ മെച്ചപ്പെട്ടിട്ടുണ്ട്. പക്ഷേ, സ്പെയ്നിനെതിരെ ആശങ്കയുണ്ട് കോച്ചിന്.

ഈ ലോകകപ്പില്‍ ഏറെ പരീക്ഷിക്കപ്പെട്ട സംഘമാണ് സ്പെയ്നിന്റേത്. എല്ലാത്തരം എതിരാളികളുമായി ഏറ്റുമുട്ടി. ബ്രസീലിനോട് തോറ്റാണ് തുടങ്ങിയത്. അതു തുടക്കക്കാരുടെ പരിഭ്രമംമാത്രമാണെന്ന് തെളിയിക്കുന്നതായിരുന്നു സ്പാനിഷ് കുട്ടികളുടെ പിന്നീടുള്ള കളികള്‍. ലോകകപ്പില്‍ ഏറ്റവും മനോഹരവും സന്തുലിതവുമായി കളിക്കാന്‍ സ്പെയ്നിന് കഴിഞ്ഞു. പ്രീ ക്വാര്‍ട്ടറില്‍ ഫ്രാന്‍സിനെതിരെ, ക്വാര്‍ട്ടറില്‍ ഇറാനെതിരെ സ്പെയ്ന്‍ മികവുകാട്ടി. ശാരീരികമായി ഏറെ കരുത്തുള്ള മാലിയെ സെമിയില്‍ കടുത്ത പോരില്‍ കീഴടക്കി.

ആറ് ഗോളടിച്ച ആബേല്‍ റൂയിസാണ് സ്പെയ്നിന്റെ കുന്തമുന. ശാന്തനാണ് റൂയിസ്. പക്ഷേ, ഗോള്‍മുഖത്തെത്തിയാല്‍ ഭാവം മാറും. പന്ത് കിട്ടിയാല്‍ അത് കൃത്യമായി തൊടുക്കാനറിയാം. പനിമൂലം കഴിഞ്ഞ ദിവസം പരിശീലനത്തിനിറങ്ങിയിരുന്നില്ല റൂയിസ്. സെര്‍ജിയോ ഗോമെസ്ഫെറാന്‍ ടോറെസ്സെസാര്‍ ജെലബെര്‍ട്ട് ഇവരിലാണ് സ്പെയ്നിന്റെ കളികളത്രയും. അവസരമൊരുക്കാനും ഗോളടിക്കാനും മുന്നിലുണ്ട് ഈ മൂവര്‍ സംഘം. സ്പെയ്നിന്റെ പരമ്പരാഗത ശൈലിയുടെ യഥാര്‍ഥ പിന്‍മുറക്കാര്‍. ഇനിയേസ്റ്റയെയും സാവിയെയും ഓര്‍മിപ്പിക്കുന്നതാണ് ഗോമെസിന്റെയും ടോറസിന്റെയും നീക്കങ്ങള്‍. റൂയിസിലേക്ക് വേഗത്തില്‍ കണ്ണിചേരാന്‍ ഇരുവര്‍ക്കും കഴിയും. ജെലബെര്‍ട്ട് തികഞ്ഞ ആസൂത്രകനാണ്. ആശയങ്ങള്‍ നെയ്തെടുക്കുന്ന ഈ കൂട്ടുകെട്ടാണ് ഇംഗ്ളണ്ടിന്റെ ഏറ്റവും വലിയ വെല്ലുവിളി. ഈ കൂട്ടത്തിലേക്ക് മോഹ മൌക്ളിസും ചേരുന്നതോടെ കളിയുടെ ഗതി സ്പെയ്നിന്റെ കാലുകളിലാകും. വലതുബാക്ക് മത്തിയോ മോറെ സ്പെയ്നിന്റെ മറ്റൊരു പ്രതീക്ഷയാണ്. ഇടതുബാക്കായി യുവാന്‍ മിറാന്‍ഡയുമുണ്ട്.

പ്രതിരോധം അത്ര മികച്ചതല്ല സ്പെയ്നിന്റേത്. ശാരിരികമായി പിന്നിലാണ് അവര്‍. മാലിക്ക് മുന്നില്‍ വിയര്‍ത്തുപോയി. ഗിലമണ്‍, ചുസ്റ്റ് എന്നിവര്‍ക്ക് ഇംഗ്ളണ്ടിന്റെ അതിവേഗത്തെ കാര്യക്ഷമമായി പിടിച്ചുനിര്‍ത്താന്‍ കഴിയണം. അല്ലെങ്കില്‍ അപകടകരമാകും.

 

GROUP A
COUNTRY W D L POINTS
USA 2 0 1 6
COLUMBIA 2 0 1 6
GHANA 2 0 1 6
INDIA 0 0 3 0
GROUP B
COUNTRY W D L POINTS
PARAGUAY 3 0 0 9
MALI 2 0 1 6
NEW ZEALAND 0 1 2 1
TURKEY 0 1 2 1
GROUP C
COUNTRY W D L POINTS
IRAN 3 0 0 9
GERMANY 2 0 0 6
GUINEA 0 1 2 1
COSTA RICA 0 1 2 1
GROUP D
COUNTRY W D L POINTS
BRAZIL 3 0 0 9
SPAIN 2 0 1 6
NIGER 1 0 2 3
KOREA DPR 0 0 3 0
GROUP E
COUNTRY W D L POINTS
FRANCE 3 0 0 9
JAPAN 1 1 1 4
HONDURAS 1 0 2 3
NEW CALEDONIA 0 1 2 1
GROUP F
COUNTRY W D L POINTS
ENGLAND 3 0 0 9
IRAQ 1 1 1 4
MEXICO 0 2 1 2
CHILE 0 1 2 1