ആ കണക്ക് തീര്‍ത്ത്‌ ബ്രസീലിന്റെ ചുണക്കുട്ടികള്‍

Monday Oct 23, 2017

കൊല്‍ക്കത്ത > മൂന്നുവര്‍ഷംമുമ്പ് ബെലോ ഹൊറിസോണ്ടയില്‍ ഒരു ജനതയുടെ ഫുട്ബോള്‍ സംസ്കൃതിയെ അപമാനത്തിന്റെ ആഴക്കടലിലാഴ്ത്തിയ പിഴവിന് ബ്രസീലിന്റെ കൌമാരപ്പടയുടെ പ്രായശ്ചിത്തം. മുതിര്‍ന്നവരുടെ ലോകകപ്പില്‍ കാനറിപ്പടയെ മുച്ചൂടും മുടിച്ച ജര്‍മനിയെ ബ്രസീലിന്റെ കുട്ടിപ്പട്ടാളം തുരത്തി. അണ്ടര്‍ 17 ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലിലെ തീപാറിയ പോരാട്ടത്തില്‍ ജര്‍മനിയെ മറികടന്ന് ബ്രസീല്‍ സെമിയില്‍ (21). തോറ്റെങ്കിലും ഈ ലോകകപ്പിലെ ഏറ്റവും ആവേശകരമായ മത്സരത്തില്‍ പങ്കാളിയായ ജര്‍മനിക്ക് തലകുനിക്കാതെ മടങ്ങാം.

ഫുട്ബോള്‍കളത്തില്‍ തിരിച്ചുവരവിന്റെ പുത്തന്‍വീരഗാഥ രചിച്ചാണ് ബ്രസീല്‍ കളിച്ചുകയറിയത്. ഒരുഘട്ടത്തില്‍ കളിമറന്ന ബ്രസീല്‍ രണ്ടാംപകുതിയില്‍ അതിഗംഭീര രൂപമാറ്റത്തിലൂടെ വിജയം പിടിച്ചുവാങ്ങുകയായിരുന്നു. ടൂര്‍ണമെന്റില്‍ ആദ്യമായി ആധിപത്യം ചോദ്യംചെയ്യപ്പെട്ടപ്പോള്‍ ഒന്നു പതറിയ ബ്രസീല്‍ കളിയൊഴുക്ക് വീണ്ടെടുക്കാന്‍ അല്‍പ്പം വൈകി. കിട്ടിയ അവസരം മുതലെടുത്ത് ഒരു ഗോള്‍ ലീഡ്നേടിയ ജര്‍മനി അതില്‍ പിടിച്ചുതൂങ്ങാമെന്ന് വ്യാമോഹിച്ചത് തിരിച്ചടിയായി. എതിരാളി ചില്ലറക്കാരല്ലെന്ന് അറിയാന്‍ അവര്‍ വൈകി. കളിമിടുക്കു മുഴുവന്‍ അവസാനമിനിറ്റുകളിലേക്കു കരുതിവച്ചപോലെ നെയ്മറുടെ പിന്മുറക്കാര്‍ നിറഞ്ഞാടിയപ്പോള്‍ ജര്‍മനിക്ക് മറുപടിയുണ്ടായില്ല. കളത്തില്‍ കവിതവരയ്ക്കുന്ന ലാറ്റിന്‍ കളിയഴകിന്റെ മുഴുവന്‍ ചാരുതയും ചാര്‍ത്തിയ അതിമനോഹരമായ രണ്ടു ഗോളുകളില്‍ നേടിയ വിജയത്തിന് അത്ലാന്റിക്കില്‍ പതിക്കുന്ന സൂര്യരശ്മികളെക്കാള്‍ തിളക്കം.

കളിയുടെ ആദ്യമിനിറ്റുകളില്‍ ആര്‍ത്തുവിളിച്ച കാണികള്‍പകര്‍ന്ന ആവേശത്തില്‍ ബ്രസീല്‍ സര്‍വസന്നാഹങ്ങളുമായി ആക്രമണം തുടങ്ങി. അഞ്ചു മിനിറ്റില്‍ നാലുതവണ ബ്രസീല്‍ എതിര്‍ഗോള്‍മുഖത്ത് ഭീതിയുയര്‍ത്തി. പതിവുപോലെ അലന്റെ കാലുകള്‍ ആക്രമണത്തിന്റെ ദിശ നിശ്ചയിച്ചു. ഇടതുപാര്‍ശ്വത്തിലൂടെ ലിങ്കണും വലതുവിങ്ങിലൂടെ പൌളിന്യോയും പ്രതിരോധം ഭേദിച്ചു കടന്നു. ലാറ്റിന്‍ ആധിപത്യം നീണ്ടില്ല. എതിരാളിയുടെ തന്ത്രം തിരിച്ചറിഞ്ഞ ജര്‍മനി അലനെ പൂട്ടി. കളിയുടെ താളം വീണ്ടെടുത്ത അവര്‍ ഒപ്പമെത്തി. ബ്രസീലിനെതിരെ ആക്രമണം തന്നെയാണ് മറുമരുന്നെന്ന് തിരിച്ചറിഞ്ഞ ആര്‍പും കൂട്ടരും പിന്നെ മടിച്ചുനിന്നില്ല. അളന്നുമുറിച്ച ലോങ്ബോളുകളിലൂടെയും വണ്‍ടച് പാസുകളിലൂടെയും അവര്‍ എതിര്‍പ്രതിരോധത്തില്‍ വിള്ളല്‍ വീഴ്ത്തി.

ഇതുവരെ കനത്ത ആക്രമണം നേരിടേണ്ടി വരാതിരുന്ന ബ്രസീല്‍ പ്രതിരോധം ഒന്നു പകച്ചു. ഈ പതര്‍ച്ചയില്‍ അവര്‍ വഴങ്ങിയ പെനല്‍റ്റി ജര്‍മനിക്ക് നിര്‍ണായക ആധിപത്യം സമ്മാനിച്ചു. ബോക്സിനുള്ളില്‍ കടന്ന ജോണ്‍ യെബോവയെ ലൂക്കാസ് ഹാള്‍ട്ടര്‍ വെട്ടിവീഴ്ത്തിയപ്പോള്‍ അമേരിക്കന്‍ റഫറി ജെയ്ര്‍ മറൂഫോയ്ക്ക് സംശയമുണ്ടായില്ല. അദ്ദേഹം പെനല്‍റ്റി സ്പോട്ടിലേക്ക് വിരല്‍ചൂണ്ടി. നായകന്‍ ആര്‍പിനായിരുന്നു കിക്കെടുക്കാനുള്ള ചുമതല. ആത്മവിശ്വാസത്തിന്റെ ആള്‍രൂപമായ ആര്‍പ് പോസ്റ്റിന്റെ വലതുമൂലയിലേക്ക് നിലംപറ്റെ അടിക്കുമ്പോള്‍ ബ്രസീല്‍ ഗോളി ബ്രസാവോ ചാടിയത് മറുവശത്തേക്ക് (10). ലോകകപ്പിലെ ആര്‍പിന്റെ അഞ്ചാംഗോള്‍.

ഗോള്‍ വീണിട്ടും തിരിച്ചടിക്കാന്‍ ചുണയുള്ള നീക്കങ്ങള്‍ക്ക് വഴികാണാതെ ബ്രസീല്‍ താരങ്ങള്‍ ഉഴറി. ഇറാനെതിരെ നാലു ഗോള്‍ വഴങ്ങിയ ദൌര്‍ബല്യങ്ങളൊന്നും ഞായറാഴ്ച ജര്‍മന്‍ പ്രതിരോധത്തില്‍ കണ്ടില്ല. ബ്രസീലിന്റെ പെരുമയുള്ള ആക്രമണത്തെ വലിയ ആള്‍ക്കൂട്ടമില്ലാതെ അവര്‍ മെരുക്കിനിര്‍ത്തി. ലിങ്കണും പൌളീന്യോയും പന്തുകിട്ടാതെ വലഞ്ഞു. ബ്രെന്നര്‍ തീര്‍ത്തും മങ്ങി.

രണ്ടാം പകുതിയുടെ തുടക്കത്തിലും ജര്‍മനി തീരുമാനിച്ച പോലെയായിരുന്നു കാര്യങ്ങള്‍. എന്നാല്‍, കാല്‍മണിക്കൂര്‍ പിന്നിട്ടതോടെ തിരക്കഥ മാറി. ഇനി വൈകരുതെന്ന തിരിച്ചറിവില്‍ ബ്രസീല്‍ ആക്രമണം കടുപ്പിച്ചു. ലിങ്കണായിരുന്നു മുന്നേറ്റങ്ങള്‍ക്ക് ഊര്‍ജ്ജംപകര്‍ന്നത്. ഫ്ളെമിംഗോ താരം ഇടതുവിങ്ങില്‍ കഠിനാദ്ധ്വാനം ചെയ്തു. അതോടെ കൂട്ടുകാരും ഉണര്‍ന്നു. ബന്ധനത്തിന്റെ ചങ്ങലക്കണ്ണികള്‍ പൊട്ടിച്ചെറിഞ്ഞ് അലനും എത്തി.

ലിങ്കന്റെ അപകടകരമായ ഷോട്ട് ഗോളി തട്ടിയകറ്റി കോര്‍ണര്‍ വഴങ്ങി. കോര്‍ണര്‍ കിക്കിന് ലിങ്കണ്‍ തലവച്ചെങ്കിലും പോസ്റ്റിലുരുമ്മി പുറത്തേക്ക്. തൊട്ടുപിന്നാലെ, 71ാം മിനിറ്റില്‍ ബ്രസീലിന്റെ സമനില ഗോള്‍ വന്നു. ബോക്സില്‍നിന്ന് ലിങ്കന്റെ കാലില്‍ കിട്ടിയ പന്ത് പിന്നില്‍നില്‍ക്കുന്ന അലന് കൈമാറി. ഇടതുവിങ്ങിലൂടെ പറന്നുവരുന്ന വെവേഴ്സണെ കണ്ട അലന്‍ പന്തു തഴുകി മുന്നിലേക്കിട്ടു കൊടുത്തു. ഓട്ടം നിര്‍ത്താതെ വെവേഴ്സണ്‍ ഇടംകാലുകൊണ്ട് തൊടുത്ത പന്ത് ജര്‍മന്‍ വലയുടെ മോന്തായത്തിലാണ് പതിച്ചത്(11). ഇതാ ബ്രസീല്‍ തിരിച്ചുവന്നിരിക്കുന്നു എന്നു പ്രഖ്യാപിച്ച ഗോള്‍.

സമനിലയില്‍ ഒതുങ്ങാന്‍ ബ്രസീല്‍ ഒരുക്കമല്ലായിരുന്നു. അവര്‍ ജര്‍മന്‍ ഗോള്‍മുഖംതേടി പിന്നെയും വന്നു. ഉടനടി ഫലവുമുണ്ടായി. സമനില ഗോളിന്റെ ആഘാതത്തില്‍നിന്നു മോചിതരാകുംമുമ്പ് ജര്‍മനിക്ക് ഉണരാനാകാത്ത വിധം മറ്റൊരു കനത്ത പ്രഹരം. 25 വാര അകലെനിന്ന് പൌളീന്യോ തൊടുത്ത ബുള്ളറ്റ് ഷോട്ട് വലയില്‍ കയറിയശേഷമേ ജര്‍മന്‍ ഗോളി ലൂക്ക പ്ളോഗ്മാന് കാര്യം മനസ്സിലായുള്ളൂ. അതോടെ പ്രതികരിക്കാന്‍ പോലുമാകാതെ ജര്‍മനി തരിച്ചുനിന്നു. അവസാനനിമിഷം അവര്‍ ആഞ്ഞുപിടിച്ച് ചില ശ്രമങ്ങള്‍ നടത്തിയെങ്കിലും ബ്രസീലിന്റെ വഴിമുടക്കാന്‍ അതൊന്നും മതിയായില്ല.

 

GROUP A
COUNTRY W D L POINTS
USA 2 0 1 6
COLUMBIA 2 0 1 6
GHANA 2 0 1 6
INDIA 0 0 3 0
GROUP B
COUNTRY W D L POINTS
PARAGUAY 3 0 0 9
MALI 2 0 1 6
NEW ZEALAND 0 1 2 1
TURKEY 0 1 2 1
GROUP C
COUNTRY W D L POINTS
IRAN 3 0 0 9
GERMANY 2 0 0 6
GUINEA 0 1 2 1
COSTA RICA 0 1 2 1
GROUP D
COUNTRY W D L POINTS
BRAZIL 3 0 0 9
SPAIN 2 0 1 6
NIGER 1 0 2 3
KOREA DPR 0 0 3 0
GROUP E
COUNTRY W D L POINTS
FRANCE 3 0 0 9
JAPAN 1 1 1 4
HONDURAS 1 0 2 3
NEW CALEDONIA 0 1 2 1
GROUP F
COUNTRY W D L POINTS
ENGLAND 3 0 0 9
IRAQ 1 1 1 4
MEXICO 0 2 1 2
CHILE 0 1 2 1