വോട്ടെടുപ്പ് ‌ കോവിഡ്‌ മാനദണ്ഡങ്ങൾ പൂർണമായും പാലിച്ച്‌

പോളിങ്‌ ബൂത്തിൽ ചെല്ലുമ്പോൾ

Sunday Apr 4, 2021

കോവിഡ്‌ മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചാകണം വോട്ടെടുപ്പെന്ന്‌‌ തെരഞ്ഞെടുപ്പ്‌ കമീഷന്റെ മാർഗനിർദ്ദേശത്തിൽ പറഞ്ഞു.

■  എല്ലാ ബൂത്തിന്റെയും പ്രവേശനകവാടത്തിലും പുറത്തിറങ്ങുന്ന വഴിയിലും സോപ്പുംവെള്ളവും വേണം..
■  ബൂത്തിനുള്ളിൽ വിവിധയിടങ്ങളിൽ സാനിറ്റൈസർ വയ്‌ക്കണം.
■  ഓരോ ബൂത്തിലും 200 മില്ലി ലിറ്റർ ഹാൻഡ് വാഷും, 500 മില്ലിലിറ്റർ ഹാൻഡ് സാനിറ്റൈസറും 10 എണ്ണം വീതം അടങ്ങിയ ബ്രേക്ക്‌ ദ ചെയിൻ കിറ്റ്‌ വേണം.
■  തെമർൽ സ്കാനർ ഉപയോഗിച്ച്‌ വോട്ടറുടെ താപനില പരിശോധിക്കും. രണ്ടുതവണ പരിശോധിച്ചാലും താപനില നിശ്‌ചിത അളവിൽ കൂടുതലുള്ളവർക്ക്‌ ടോക്കൺ നൽകി തിരിച്ചയക്കും. അവസാന മണിക്കൂറിൽ  ഇവർക്ക്‌ വോട്ടുചെയ്യാം.
■  സ്‌ത്രീകൾ, പുരുഷന്മാർ, ഭിന്നശേഷിക്കാർ/മുതിർന്ന പൗരന്മാർ എന്നിവർക്ക്‌ വെവ്വേറെ വരി വേണം.
■  തിരിച്ചറിയലിനായി വോട്ടർമാർ മാസ്‌ക്‌ താഴ്‌ത്തണം.
■  മാസ്‌കില്ലാതെ എത്തുന്നവർക്ക്‌  ബൂത്തിൽ നിന്ന്‌ മാസ്‌ക്‌ നൽകണം.
■  രജിസ്‌റ്ററിൽ ഒപ്പിടാനും വോട്ടുചെയ്യാനും ഗ്ലൗസും ലഭ്യമാക്കണം.
■  കോവിഡ്‌ ബാധിതരും ക്വാറന്റീനിലുള്ളവരും പിപിഇകിറ്റും എൻ95 മാസ്‌കും ഗ്ലൗസും ധരിച്ചെത്തിയാൽ മാ
ത്രമേ അവസാന മണിക്കൂറിൽ വോട്ടുചെയ്യാൻ അനുവദിക്കൂ. ഈ സമയം എല്ലാ പോളിങ്‌ ഉദ്യോഗസ്ഥരും പിപിഇ കിറ്റ്‌ ധരിക്കണം.
■  സ്ഥാനാർഥികളുടെ ഏജന്റുമാരിൽ ആർക്കെങ്കിലും രോഗലക്ഷണം കണ്ടാൽ പകരം ആളിനെ നിയോഗിക്കാൻ അനുമതി നൽകാം.

 

തെരഞ്ഞെടുപ്പ് ദിവസം പോളിങ്‌ ബൂത്തിന്റെ നൂറ് മീറ്റർ പരിധിക്കുള്ളിൽ ഒരുതരത്തിലുള്ള പ്രചരണവും അനുവദിക്കില്ല. ചുവരെഴുത്തുകൾ, കൊടിതോരണങ്ങൾ, പോസ്റ്ററുകൾ എന്നിവ ഈ മേഖലയ്‌ക്ക്‌ അപ്പുറം മാത്രമേ പാടുള്ളൂ. നൂറുമീറ്ററിനുള്ളിൽ വരുന്ന സ്വകാര്യ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിലും നിയന്ത്രണങ്ങൾ ബാധകമാണ്‌. സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ്‌ ബൂത്തുകൾ പോളിങ്‌ സ്റ്റേഷന്റെ 200 മീറ്റർ പരിധിയിൽ പാടില്ലെന്നാണ്‌ തെരഞ്ഞെടുപ്പ്‌ കമീഷന്റെ നിർദേശം. തെരഞ്ഞെടുപ്പ് ദിവസം സ്ഥാനാർഥിക്ക് ഒരു വാഹനം അനുവദിക്കും. ഇതിനൊപ്പം ഏജന്റിനും പാർടി പ്രവർത്തകർക്കും ഓരോവാഹനം ഉപയോഗിക്കാനും അനുമതിയുണ്ട്‌.

വോട്ടർമാരെ ബൂത്തിലെത്തിക്കാനുള്ള ഗതാഗത സൗകര്യം സ്ഥാനാർഥിയോ ബൂത്ത് ഏജന്റോ ഏർപ്പെടുത്താൻ പാടില്ല. സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്റെ ഭാഗമായ വാഹനങ്ങളിൽ നിയമവിരുദ്ധ പ്രവർത്തനങ്ങളോ ആയുധങ്ങളോ പണമോ ഇല്ലെന്ന് ഉറപ്പുവരുത്താൻ പ്രത്യേക സ്‌ക്വാഡുകളുടെ നിരീക്ഷണവും ഏർപ്പെടുത്തി‌. ചെക്ക്‌പോസ്റ്റുകളിൽ പരിശോധന കൂടുതൽ ശക്തമാക്കാൻ തെരഞ്ഞെടുപ്പ്‌ കമീഷൻ നിർദേശം നൽകി.
വോട്ടെടുപ്പിന്‌ മുമ്പുള്ള 72 മണിക്കൂറിലെ പ്രവർത്തനങ്ങൾ ചർച്ച ചെയ്യാൻ ആന്റി ഡിഫേസ്‌മെന്റ് സ്ക്വാഡ്, ഫ്‌ളൈയിങ്‌ സ്ക്വാഡ്‌, സ്റ്റാറ്റിക്-വീഡിയോ സർവൈലൻസ് ടീം എന്നിവ രംഗത്തുണ്ട്‌. ഈ സംഘങ്ങളുടെ യോഗം കലക്‌ട്രേറ്റുകളിൽ ചേർന്ന്‌ പ്രവർത്തനം വിലയിരുത്തി‌.