27 March Monday

ശുഭാപ്തി വിശ്വാസത്തിന്റെ ചിറകുകളില്‍

എന്‍ പി ഹാഫിസ് മുഹമ്മദ്Updated: Friday Mar 10, 2017

സ്പഷ്ടവും നിശ്ചിതവുമായ വിചാരങ്ങളുള്ള സഹജീവികള്‍ വെളിച്ചവും ഊര്‍ജവുമാവും കൈമാറുക. അവരുമായുള്ള സാമീപ്യം വ്യക്തിയുടെ കുളിര്‍മയുടെയും ആശ്വാസത്തിന്റെയും മഴ പെയ്യിക്കുന്നു. അത് വരണ്ടു പാറയായി മാറിയേക്കാവുന്ന മണ്‍തലത്തെ നനവുറ്റതാക്കുന്നു, ഹരിതാഭയെ വെളിപ്പെടുത്താനുതകുംവിധം ഫലഭൂയിഷ്ഠമാക്കുന്നു-ശുഭാപ്തി വിശ്വാസം കൈവരിക്കാനുള്ള മാര്‍ഗങ്ങളെക്കുറിച്ച്....

മകന്‍ ദുബായിയിലെ കച്ചവടത്തില്‍ പ്രശ്നങ്ങളുണ്ടായപ്പോള്‍ നാട്ടിലേക്ക് മടങ്ങി. മറ്റുള്ളവരെ അതിശയിപ്പിക്കുന്ന രീതിയില്‍ ചുരുങ്ങിയ നാളുകള്‍ കൊണ്ട് വിജയക്കൊടി പാറിപ്പിച്ച കച്ചവടമായിരുന്നു മകന്. നാലാളറിഞ്ഞ വിജയമാണ്. പരാജയമറിഞ്ഞാല്‍ ആളുകള്‍ മൂക്കത്ത് വിരല്‍ വെയ്ക്കും, സഹതാപ മഴ ചൊരിയും. പരാജയങ്ങള്‍ വിശകലനം ചെയ്യാന്‍ വിദഗ്ധരല്ലെങ്കിലും കാരണങ്ങളന്വേഷിച്ചും സങ്കടപ്പെട്ടും പരാജിതനെ ആശ്ളേഷിക്കും. മകന്‍ ഒരു സുപ്രഭാതത്തില്‍ നഷ്ടങ്ങളുടെ മണല്‍പ്പരപ്പില്‍ ഉഴലാതെ നാട്ടിലേക്ക് മടങ്ങി. മകന്‍ പിതാവിനടുത്തെത്തി. തന്റെ പരാജയകഥ പിതാവിനെ അറിയിച്ചു. പിതാവ് ചിരിച്ചുകൊണ്ട് മകനോട് പറഞ്ഞു: 'മോനേ നല്ലതിനായിരിക്കും'.

നാട്ടില്‍ കഴിഞ്ഞുതന്നെ പിന്നീട് നല്ലത് നേടിയെടുക്കാന്‍ ശ്രമിക്കുന്ന, ഏറെക്കുറെ അത്ഭുതകരമാംവിധം പരാജയത്തെ അതിജീവിച്ച മകന്‍- ഇദ്രീസ്. ശുഭാപ്തി വിശ്വാസംകൊണ്ട് മക്കളെയും മറ്റാരെയും അഭിമുഖീകരിക്കുന്ന പിതാവ്-പി എന്‍ എം ആലിക്കോയ. ഉപ്പയുടെ അടുത്ത സുഹൃത്ത്. ഒരേ പ്രദേശത്ത് ജനിച്ച് വളര്‍ന്നവര്‍. ഉപ്പയും പിഎന്‍എമ്മും എഴുത്തുകാര്‍. പിഎന്‍എം നാടകമെഴുതുന്നയാള്‍. തറവാടും മടിശ്ശീലയും, വമ്പത്തീ നീയാണ് പെണ്ണ്, എട്ടോ ഇരുപതോ തുടങ്ങിയ പുരോഗമനാശയ പ്രചാരണം ലാവണ്യബോധത്തോടെ നടത്താനെഴുതിയ നാടകങ്ങള്‍ കോഴിക്കോട്ടും പരിസരങ്ങളിലും അറുപതുകളില്‍ വളരെ പ്രശസ്തമായിരുന്നു. ആലിക്കാക്ക എന്ന് ഞങ്ങള്‍ വിളിക്കുന്ന പിഎന്‍എം എഴുപതുകളോടെ അയല്‍ക്കാരനുമായി. ഉപ്പയും ആലിക്കാക്കയും പുതിയ വീട് വെയ്ക്കുമ്പോള്‍ ഒരു സ്ഥലം വാങ്ങി രണ്ടായി പകുത്ത് ഒരൊറ്റച്ചുമരിന്റെ വ്യത്യാസതില്‍ ഇരുവീടുകള്‍ പണിയുകയായിരുന്നു.

അങ്ങനെ, ആലിക്കാക്കയുടെ ശുഭാപ്തി വിശ്വാസവും നന്മകളിലുള്ള പ്രതീക്ഷകളും വിഷമസന്ധികളെ അഭിമുഖീകരിക്കാനുള്ള സന്നദ്ധതയും ഇദ്രീസിനെന്നപോലെ, കുറെയൊക്കെ എനിക്കും കൈപ്പറ്റാനായി. പരീക്ഷയ്ക്ക് തോറ്റ മകളോട് 'അത് നിന്റെ നന്മക്കായിരിക്കും' എന്നുപറഞ്ഞ ഒരു രക്ഷിതാവിനെ അയല്‍ക്കാരനായി കിട്ടിയത് ചീത്ത സന്ദര്‍ഭങ്ങളില്‍ വിങ്ങിപ്പൊട്ടുന്ന നേരം അതൊന്നും പറയാതെ തന്നെ അടുത്തിരുന്ന് ശുഭചിന്ത മനസ്സിലേക്ക് സ്വീകരിക്കാനും കഴിഞ്ഞത്, പല സൌഭാഗ്യങ്ങളില്‍ മുന്തിയതാണ്.

ആലിക്കാക്ക മരിച്ചത് (2012) തൊണ്ണൂറ്റിരണ്ടാം വയസ്സിലാണ്.  രക്തചംക്രമണം തകരാറിലായതു കാരണം ഒരു കാല്‍ മുറിച്ചുമാറ്റിയ അവസ്ഥയിലാണ് അവസാന പത്ത് വര്‍ഷക്കാലം കഴിച്ചുകൂട്ടിയത്. എന്നാല്‍ അവസാന നിമിഷം വരെയും വാതസംബന്ധമായ രോഗത്താല്‍ കൈവിരലുകളനക്കാതായിട്ടും ഒരശുഭചിന്തയുമില്ലാതെ ജീവിതത്തെ അഭിമുഖീകരിച്ച വ്യക്തിയാണ് ആലിക്കാക്ക. ആര്‍ക്കും നന്മയുടെ പ്രകാശം വിതറിയ ജീവിതമായിരുന്നു അത്. (കറൃശ  ങ. ങീയ: 9539066454).

നിഷേധാത്മക ചിന്തയെ മറികടക്കാന്‍

അശുഭാപ്തി വിശ്വാസത്തെ തുരത്തിവിടാന്‍, നന്മയുടെ പ്രകാശം ചൊരിയുന്ന ചിലര്‍ക്ക് സാധ്യമാകുന്നു. സന്തോഷത്തോടെ കഴിയുന്നവര്‍ക്ക് ഒരാളിന്റെ നിഷേധാത്മക ചിന്തയെ ((Negative Thinking)  മാറ്റിമറിക്കാനാവും. ഒന്നും ശരിയാവുന്നില്ല. എല്ലാം പ്രതികൂലം, ഒന്നും ശരിയാവാനും പോകുന്നില്ല എന്ന വിചാരമാണ് നിഷേധാത്മക ചിന്ത. ഞാനെപ്പോഴുമൊരു ആപത്ത് പറ്റിയയാള്‍, പീഡിതന്‍/പീഡിത എന്ന തീരുമാനമാണ് നിഷേധാത്മക ചിന്തയെ വളര്‍ത്തിയെടുക്കുന്നത്. 'ഞാന്‍ ഒരു ഇര' (victim) എന്ന് വ്യക്തി ചിന്തിച്ചുകൊണ്ടേയിരിക്കുകയും മറ്റുള്ളവരോടും അവനവനോട് തന്നെയും പറഞ്ഞുകൊണ്ടേയിരിക്കുകയും ചെയ്യുന്നു. അശുഭ വിചാരങ്ങളാല്‍ ഇത്തരക്കാര്‍ തന്റെ തന്നെ ഗുണവശങ്ങളെയോ കഴിവുകളെയോ കാണുന്നില്ല. വിജയങ്ങളറിയുന്നില്ല. വീഴ്ചകള്‍ അറിയുക മാത്രമല്ല പര്‍വതീകരിക്കുകയും ചെയ്യുന്നു. വേവലാതിയുടെ സ്വയംനിര്‍മിത ചുഴിക്കുത്തുകളില്‍ അസ്വസ്ഥരായി കഴിയുകയും ചെയ്യുന്നു. ഇവര്‍ മറ്റുള്ളവരിലേക്ക് സംക്രമിപ്പിക്കുന്നതും നിഷേധാത്മകതയും അശുഭാപ്തി വിശ്വാസവു (Pessimism)  മാണ്.

സ്പഷ്ടവും നിശ്ചിതവുമായ വിചാരങ്ങളുള്ള സഹജീവികള്‍ വെളിച്ചവും ഊര്‍ജവുമാവും കൈമാറുക. അവരുമായുള്ള സാമീപ്യം വ്യക്തിയുടെ കുളിര്‍മയുടെയും ആശ്വാസത്തിന്റെയും മഴ പെയ്യിക്കുന്നു. അത് വരണ്ടു പാറയായി മാറിയേക്കാവുന്ന മണ്‍തലത്തെ നനവുറ്റതാക്കുന്നു, ഹരിതാഭയെ വെളിപ്പെടുത്താനുതകുംവിധം ഫലഭൂയിഷ്ഠമാക്കുന്നു. വളര്‍ച്ചയുടെ ഊര്‍ജമാണ് ഒരാളിന്റെ അസന്ദിഗ്ധമായ ചിന്തകള്‍ മറ്റൊരാള്‍ക്ക് പ്രദാനം ചെയ്യുന്നത്. നിഷേധാത്മകമായ ചിന്തയെ വേരോടെ പിഴുത് മാറ്റാന്‍ നല്ലതും നന്മയും കൊണ്ട് കഴിയുന്നു. ചിലപ്പോള്‍ അവര്‍ പോലുമറിയാതെ. ദുര്‍ബലതകളുടെ നേരം ശുഭചിന്തയോടെ പ്രകാശം പരത്തുന്നവര്‍, ശക്തി പകരുന്നു. ആശ്വാസമേകുന്നു. ആത്മാഭിമാനമുയര്‍ത്തുന്നു. ആത്മവിശ്വാസം നേടാനുള്ള സാഹചര്യവും ഉണ്ടാക്കുന്നു. മറ്റൊന്നുകൊണ്ടല്ല, വീഴ്ചകളെ അഭിമുഖീകരിക്കുന്നവരോട് പരാജിതരോടൊപ്പം കൂട്ട് കൂടാതിരിക്കാന്‍ മാര്‍ഗനിര്‍ദേശം നല്‍കുന്നത്.

നിഷേധാത്മകതയുടെ വേരുകള്‍


നിഷേധാത്മകവിചാരം അവനവന്‍ സ്വന്തം നെഞ്ചിനുള്ളിലേക്കെറിയുന്ന കനമുള്ള റബ്ബര്‍ പന്തുപോലെയാണ്. അത് നെഞ്ചിന്‍കൂടിലിടിച്ചുകൊണ്ടിരിക്കുന്നു. തുള്ളിത്തുള്ളിത്തെറിക്കുന്ന പന്ത് കനമേറി വരികയും കൂടുതല്‍ അസ്വസ്ഥപ്പെടുത്തുകയും ചെയ്തുകൊണ്ടിരിക്കുന്നു. അത് വിഷമസന്ധികളെ കൂടുതല്‍ അസഹ്യമാക്കുന്നു. വീഴ്ചകളില്‍ നിന്നുള്ള മോചനം കൂടുതല്‍ പ്രയാസകരമാക്കുന്നു. നിഷേധാത്മകചിന്തയെ അതിജീവിക്കാനുള്ള ആദ്യപടി അതിനെ തിരിച്ചറിയുക എന്നതുതന്നെയാണ്. നിഷേധാത്മകതയോ അശുഭാപ്തി വിശ്വാസമോ സ്വയംഭൂവല്ല, തന്റെതന്നെ നിര്‍മിതിയാണെന്ന് മനസ്സിലാക്കുന്നയാളിന് മാറ്റങ്ങളുണ്ടാക്കാന്‍ കഴിയുന്നു. മറ്റുള്ളവര്‍ക്ക് ആധിയും വ്യാധിയും കൂട്ടാനാവുമെന്നപോലെ, ചിലര്‍ക്ക് കുറയ്ക്കാനുമാവും. പക്ഷേ, നിഷേധാത്മക വിചാരത്തിന്റെ പ്രധാന കാരണം താനാണെന്ന് ഒരാള്‍ തിരിച്ചറിയേണ്ടതുണ്ട്. മാനസികവും വൈകാരികവുമായ ഒരവസ്ഥയാണ് നിഷേധാത്മകചിന്ത. അത് ജന്മസിദ്ധമല്ല. അത് പാരമ്പര്യമായി കൈമാറിക്കിട്ടുന്നതുമല്ല.

ആദ്യകാല വീഴ്ചകളും പരാജയങ്ങളും കൈകാര്യം ചെയ്യുന്നതിലെ രീതികള്‍ ഒരാളിന്റെ നിഷേധാത്മക ചിന്ത അധികരിപ്പിക്കാനോ കുറപ്പിക്കാനോ കഴിഞ്ഞേക്കും. നിഷേധാത്മക ഭാവത്തെയും വിചാരത്തെയും പ്രതികൂല സാഹചര്യങ്ങള്‍ ദൃഢപ്പെടുത്തുന്നതായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഇകഴ്ത്തലുകളും കുറ്റപ്പെടുത്തലുകളും ഒരാളിന്റെ നെഗറ്റീവ് ചിന്തയെ കൂട്ടുകയും ഉറപ്പിക്കുകയും ചെയ്യുന്നു. 'നെഗറ്റീവ് എനര്‍ജി'യാണ് പഴിചാരലുകള്‍ നല്‍കുന്നത്. ശിക്ഷകള്‍ അത് കൂടുതല്‍ അസ്വസ്ഥമാക്കുന്നു. അതുകൊണ്ട് തന്നെ ഒരാളിന്റെ നിഷേധ-അശുഭചിന്തകള്‍ക്ക് ആ വ്യക്തിയുടെ കഴിഞ്ഞകാല അനുഭവങ്ങളുമായി ബന്ധമുണ്ട്. ഇന്നലേകളില്‍ അവ വേരൂന്നിക്കിടക്കുന്നു. സാധാരണ മനുഷ്യര്‍ക്ക് ഈ നിഷേധാത്മക വിചാരത്തിന്റെ കാരണങ്ങള്‍ എളുപ്പം കണ്ടെത്താനായേക്കില്ല. വസ്തുനിഷ്ഠാപരമായ ആത്മവിശകലനത്തിന് ചിലപ്പോള്‍ നിഷേധാത്മക ചിന്തയുടെ ബീജാങ്കുരങ്ങളെ തിരിച്ചറിയാന്‍ കഴിഞ്ഞേക്കും. അതു തിരിച്ചറിയാന്‍ ചിലര്‍ക്ക് കൌണ്‍സലറുടെയോ മനഃശാസ്ത്രജ്ഞരുടെയോ സഹായം വേണ്ടി വന്നേക്കും. ചിലര്‍ക്ക് നിഷേധാത്മക വിചാരത്തില്‍നിന്ന് അസന്ദിഗ്ധ ചിന്തയിലേക്ക് വന്നിടുവാന്‍ ഇതുകൊണ്ട് സാധിക്കുന്നു.

ശുഭാപ്തി വിശ്വാസത്തിലേക്കുള്ള  പടികള്‍

ആരും ആഗ്രഹിച്ചോ ശ്രമം ചെയ്തോ ബോധപൂര്‍വമുണ്ടാക്കിയെടുക്കുന്ന ഒന്നല്ല നിഷേധാത്മക വിചാരവും പരാജിതബോധവും. എന്നാല്‍ ബോധപൂര്‍വമായ ഇടപെടല്‍കൊണ്ട് അവ മാറ്റിയെടുക്കാനാവും. മനഃശാസ്ത്രജ്ഞരും കൌണ്‍സലര്‍മാരും പൊതുവെ അംഗീകരിക്കുന്ന ചില കാര്യങ്ങളുണ്ടിതിന്.

1). വായന സഹായിക്കുന്നു. ശുഭചിന്ത പ്രദാനം ചെയ്യുന്ന ഗ്രന്ഥങ്ങള്‍ പോസിറ്റീവ് എനര്‍ജി സ്വരൂപിക്കാനോ നിലനിര്‍ത്താനോ വഴിയേകുന്നു. തന്നില്‍തന്നെയുള്ള വിശ്വാസം നഷ്ടപ്പെടുന്ന നേരം, നിഷേധാത്മക വിചാരം വേരോടിത്തുടങ്ങുമ്പോള്‍, പൌലോ കൊയ്ലോയുടെ 'ആല്‍കെമിസ്റ്റ്' വായിക്കുന്ന, പ്രത്യേകിച്ചും ചില ഭാഗങ്ങള്‍ വായിക്കുന്ന വിദ്യാര്‍ഥികളെ എനിക്കറിയാം. ശുഭചിന്ത വളര്‍ത്തുന്ന ചലച്ചിത്രങ്ങള്‍ ചിലരെ അസാധാരണമാംവിധം മാറ്റിയെടുക്കും. കച്ചവട സിനിമകളാണെങ്കിലും ഇക്കാര്യത്തില്‍ പ്രയോജനപ്രദമാണ് ചില സിനിമകള്‍. പരാജയപ്പെട്ട ഒരു ബോക്സര്‍ മകനുമായുള്ള സമ്പര്‍ക്കത്തിലൂടെ വിജയപീഠത്തിലെത്തുന്ന 'ദ ചാംപ്' എന്ന സിനിമ എന്നെ ആകര്‍ഷിച്ചതങ്ങനെയാണ്. അമിര്‍ഖാന്റെ 'താരാസമീന്‍പര്‍' വിസ്മയകരമാംവിധം പ്രതിസന്ധികളെ അതിജീവിക്കാനുള്ള പാഠം നല്‍കുന്നുണ്ട്. എം ടിയുടെ 'അനുബന്ധ'വും (സംവിധായകന്‍: ഐ വി ശശി), മഞ്ജു വാരിയര്‍ അഭിനയിച്ച 'ഹൌ ഓള്‍ഡ്  ആര്‍ യു' (സംവിധായകന്‍: രോഷന്‍ ആന്‍ഡ്രൂസ്) വിക്കുകാരന്റെ അതിജീവനത്തെ ചലച്ചിത്രമാക്കിയ 'സു... സു... സുധി വാത്മീകം' (സംവിധായകന്‍: രഞ്ജിത് ശങ്കര്‍) തുടങ്ങിയ മലയാളചിത്രങ്ങള്‍ നിശ്ചിത ചിന്തയും ആത്മവിശ്വാസവും നല്‍കാന്‍ സഹായിക്കുന്ന ചില മലയാള ചലച്ചിത്രങ്ങളാണ്.

2). ആനന്ദദായകമായ വികാരങ്ങള്‍ അനുഭവിക്കുക. ആഹ്ളാദകരമായ ഒരു കാഴ്ചയോ യാത്രയോ ചിലരുടെ അശുഭചിന്തയില്ലാതാക്കാന്‍ സഹായിക്കുന്നുണ്ട്. ഇഷ്ടപ്പെട്ട ചില സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നത് പലര്‍ക്കും നിഷേധാത്മക ഭാവത്തെ ഇല്ലാതാക്കാന്‍ പ്രയോജനപ്പെടുന്നു. ഓരോ വയനാടന്‍ യാത്രയും ഇന്നും എനിക്ക് പ്രിയപ്പെട്ടതാവുന്നത് ഈവിധം ഊര്‍ജദായക പ്രക്രിയയാകുന്നതുകൊണ്ടാണ്. അറബിക്കടലും കടപ്പുറവും എന്റെ നിഷേധാത്മക വിചാരങ്ങളെ ആഴത്തിലേക്കെറിയാന്‍ കൌമാരകാലത്ത് എമ്പാടും സഹായിച്ചിരുന്നു. ഓരോ ഹിമാലയ സന്ദര്‍ശനവും പ്രതീക്ഷകളെയും സ്വപ്നങ്ങളെയും തളിരണിയിക്കുന്നുവെന്ന് സുഹൃത്ത് കൂടിയായ ആഷാമേനോന്‍ എഴുതിയത് വെറുതെയല്ലെന്ന് ചിലര്‍ പറയുന്നത് കേട്ടിട്ടുണ്ട്. യാത്ര പോകണമെന്നില്ല, ചുറ്റുവട്ടത്തുള്ള പച്ചപ്പില്‍ മനംനട്ടിരിക്കുന്നത് ഉള്ളകം ശുചീകരിക്കാനാവുമെന്ന് പ്രിയ സുഹൃത്ത് പി എന്‍ ദാസ് പലയിടങ്ങളിലും രേഖപ്പെടുത്തിയിട്ടുണ്ട്. ഉള്ളിലെ ബുദ്ധനെയുണര്‍ത്താന്‍ സഹായിക്കുന്ന ലളിതമായ ചര്യകള്‍ പി എന്‍ ദാസ് എഴുതിയിരിക്കുന്നു. 'ജീവിതഗാന'വും, 'ഒരു തുള്ളി വെളിച്ച'വും, 'ധ്യാനപാഠങ്ങളും' പി എന്‍ ദാസിന്റെ ഈവിധമുള്ള രചനകളില്‍ പെടുന്നു. ചലച്ചിത്രവും വായനയും സംഗീതവും അബോധമനസ്സില്‍ ശുഭാപ്തി വിശ്വാസം രൂപപ്പെടുത്തുന്നുണ്ട്. ബാബുരാജിന്റെയും ദേവരാജന്റെയും കെ രാഘവന്റെയും ഗാനങ്ങള്‍ ചിലര്‍ക്ക് ആശ്വാസത്തിന്റെ  അമൃതേത്ത് കൂടിയാണ്. ലതയും മുഹമ്മദ് റഫിയും മുകേഷും ചിലരുടെ ആനന്ദോത്സവമാണ്. എസ് ഡി ബര്‍മന്റെ ഗാനങ്ങള്‍ എന്നെ പ്രതീക്ഷയുറ്റവനും ഊര്‍ജസ്വലനുമാക്കുന്നത് ഞാന്‍ പലപ്പോഴും അറിഞ്ഞിട്ടുണ്ട്.3). നെഗറ്റീവ് ചിന്തയെ പോസിറ്റീവ് ചിന്തയാല്‍ മാറ്റിയെടുക്കുക. ഒരു കാര്യം ചെയ്യുമ്പോള്‍ 'തനിക്കാവില്ലെ'ന്ന തോന്നലുണ്ടാവുമ്പോള്‍ 'അതിനെ കവച്ചുവെക്കാനുതകുംവിധം 'തനിക്കത് സാധിക്കും' എന്ന വിചാരം മനസ്സില്‍ ആവര്‍ത്തിക്കുകയാണ് ചെയ്യേണ്ടത്. താന്‍ മുമ്പുണ്ടാക്കിയ നേട്ടങ്ങള്‍ ആലോചിക്കുന്നു. തന്നെപ്പോലെയുള്ളവരുടെ വിജയങ്ങള്‍ മനസ്സില്‍ ഓര്‍ക്കുന്നു. നല്ല ചിന്തകള്‍ കൊണ്ടുള്ള ദൃഢീകരണം (Affirmation)    നിഷേധാത്മക വിചാരത്തെ മാറ്റിയെടുക്കാന്‍ ഒരു പരിധിവരെ സഹായിക്കുന്നു. നല്ല അനുഭവങ്ങളുടെ ദൃശ്യവല്‍ക്കരണം മനസ്സില്‍ സൂക്ഷ്മതലങ്ങളില്‍ നടത്തുന്നതും ഫലപ്രദമായ ഒരിടപെടലാണ്. ശുഭചിന്തയെ സ്ഥാപിക്കാന്‍ ശ്രമിക്കുമ്പോള്‍ തുടക്കത്തില്‍ മനസ്സ് പ്രതിരോധിക്കും. എന്നാല്‍ ശുഭവിചാരങ്ങളെ ആന്തരിക തലങ്ങളിലേക്ക് സന്നിവേശിപ്പിക്കുമ്പോള്‍ നിഷേധാത്മകഭാവം പിന്നാക്കം പോകാന്‍ സാധ്യതയുണ്ട്. മനസ്സുറപ്പ് നെഗറ്റീവ് ചിന്തയെ മാറ്റിയെടുക്കാന്‍ ഉപയോഗിക്കുക എന്നതാണ് പ്രധാനം.
ഭാവനയെ, മനസ്സില്‍ കാണുന്നതിനെ, പരമാവധി പ്രയോജനപ്പെടുത്തുന്നത് നിശ്ചിതചിന്തയും ശുഭാപ്തി വിശ്വാസവും വളര്‍ത്തിയെടുക്കാന്‍ സഹായിക്കുന്നു. നിഷേധാത്മക ചിന്തയെയും അശുഭാപ്തി വിശ്വാസത്തെയും പ്രതിരോധിക്കുവാനും നമ്മുടെ ഉള്ളില്‍ നടത്തുന്ന ദൃശ്യവല്‍ക്കരണംകൊണ്ട് സാധ്യമാകും. നല്ല വാക്കുകളും വിജയത്തെ ആഗ്രഹിക്കുന്ന തോന്നലുകളും പറയുന്നതും മനസ്സിലെ ശുഭവിചാരങ്ങളെ ദൃഢപ്പെടുത്താനുപകരിക്കുന്നുണ്ട്. അപ്പോള്‍ നിഷേധാത്മകതയുടെ ബാഹ്യസാഹചര്യങ്ങളെയും ഇടപെടലുകളെയും ചെറുക്കുവാനും കഴിയും. ഇത്തരം സന്ദര്‍ഭങ്ങളില്‍ പരാജയങ്ങളെയോ പതനങ്ങളെയോ വൈയക്തികവല്‍ക്കരിക്കുന്നതും ഒഴിവാക്കേണ്ടതുണ്ട്.

ശാരീരികം, സര്‍ഗരചന, സദ്പ്രവര്‍ത്തനങ്ങള്‍

ശാരീരികമായി ആരോഗ്യമുള്ളതായിരിക്കുക, ശുചിത്വമുള്ളതായിരിക്കുക എന്നിവ ശുഭകരമായ ഒരു ചുറ്റുവട്ടത്ത് ജീവിക്കുന്നതിന് ആവശ്യമാണ്. ശാരീരിക തലങ്ങളിലുള്ള ലാളിത്യം മനസ്സില്‍നിന്ന് സംഘര്‍ഷതലങ്ങളെ എടുത്തുമാറ്റാനോ കുറയ്ക്കാനോ കാരണമാവുന്നു. അര്‍ഥവത്തായ ലക്ഷ്യങ്ങള്‍ മനസ്സിലുറപ്പിക്കുന്നത് ഫലപ്രദമായ ഒരിടപെടലാണ്. അത് മാറ്റത്തിന് തയ്യാറാണെന്നുള്ള പ്രഖ്യാപനം കൂടിയാണ്. ഈ മാറ്റത്തെ വാക്കിലും പ്രവൃത്തിയിലും കൊണ്ടുവരിക എന്നതാണ് അടുത്ത ഘട്ടം. ധ്യാനം (Meditation) മനസ്സിലെ പ്രതികൂല ചിന്തയെ മാറ്റാനും ശ്രദ്ധ കേന്ദ്രീകരിക്കാനും സഹായിക്കുന്നു. മനസ്സിലെ വിഷാദ, പരാജയ, അധമത്വ ചിന്തകളില്‍നിന്ന് തങ്ങളുടെതന്നെ ശക്തിയിലേക്ക് ചിന്തകളെ കേന്ദ്രീകരിക്കാനപ്പോള്‍ കഴിയുന്നു. മനസ്സിനുള്ളില്‍  നടക്കുന്ന കലഹ-കലാപ ചിന്തകള്‍ നുള്ളിമാറ്റാന്‍ അപ്പോള്‍ ചിലര്‍ ക്കെങ്കിലും കഴിയാതിരിക്കില്ല. നടത്തം, നീന്തല്‍, പ്രയാസകരമല്ലാത്ത കളികള്‍ എന്നിവ മനസ് സംഘര്‍ഷരഹിതമാക്കാന്‍ സഹായിക്കുന്നു. പാട്ട് കേള്‍ക്കുന്നതും പാട്ടു പാടുന്നതും അനായാസകരമായ ഒരവസ്ഥ കരഗതമാക്കാന്‍ മാര്‍ഗമൊരുക്കും.

ശുഭചിന്ത വളര്‍ത്താന്‍ സര്‍ഗരചനയെ ഫലപ്രദമായ മാര്‍ഗമാക്കിത്തീര്‍ക്കാവുന്നതാണ്. ഒരു വ്യക്തിക്ക് തനിക്ക് ചെയ്യാനാവുന്ന ക്രിയാത്മകമായ മേഖല കണ്ടെത്താം. അതിനായി സമയം വിനിയോഗിക്കുകയും ചെയ്യാം. ചിത്രരചന ശുഭചിന്ത വികസിപ്പിച്ചെടുക്കാന്‍ ഉചിതമായ  മാര്‍ഗമാണ്. ചിത്രകാരനോ ചിത്രകാരിയോ ആവുക എന്നതല്ല, ക്രിയാത്മകമായ ഒരു ഏര്‍പ്പാടില്‍ വ്യാപൃതരാവുക എന്നതാണ് പ്രധാനം. ഫാബ്രിക് പെയിന്റിങ്, ഗ്ളാസ് പെയിന്റിങ്, പോട്ട് മെയ്ക്കിങ്, ഗാര്‍ഡനിങ്, വാള്‍ പെയിന്റിങ്, സ്റ്റിച്ചിങ്, എംബ്രോയ്ഡറി തുടങ്ങിയ പ്രയോജനകലകളില്‍ അഭിരുചിയനുസരിച്ച് ഒന്ന് തെരഞ്ഞെടുക്കാം. തുടക്കത്തില്‍ ആവശ്യമായ പരിശീലനം നേടാം. സ്വന്തമായ ആശയങ്ങള്‍ ഭാവനാനുസൃതം ആവിഷ്കരിക്കാനുള്ള സന്ദര്‍ഭങ്ങള്‍ പ്രയോജനപ്പെടുത്തുന്നത് നിഷേധാത്മക വിചാരങ്ങള്‍ക്ക് കടിഞ്ഞാണിടാനും ആത്മവിശ്വാസത്തോടെ കാര്യങ്ങള്‍ ചെയ്യാനും വഴിയൊരുക്കുന്നു. വ്യക്തിയുടെ ഭാവനയെ വിപരീതാവസ്ഥകളെ അഭിമുഖീകരിക്കാനുള്ള പരിശീലനം കൂടിയാക്കി മാറ്റുകയാണ് ചെയ്യുന്നത്.

നന്ദിയുള്ള കാര്യങ്ങള്‍ ആലോചിക്കുന്നത്, കടപ്പാടുള്ള സന്ദര്‍ഭങ്ങള്‍ ഓര്‍ക്കുന്നത് വിജയനിമിഷങ്ങളെ താലോലിക്കാന്‍ മാത്രമല്ല, തന്റെ നേട്ടങ്ങളെക്കുറിച്ചുള്ള അറിവ് ഉറപ്പിക്കുവാനും പഠിപ്പിക്കുന്നു. വിജയസന്ദര്‍ഭങ്ങള്‍ക്ക് ചിലരോട് കടപ്പെട്ടിരിക്കും. അവരോടുള്ള ആദരം വളര്‍ച്ചയുടെ സഫല സന്ദര്‍ഭങ്ങളെ ആന്തരികവല്‍ക്കരിക്കാനും നിലനിര്‍ത്താനും പ്രയോജനപ്പെടുന്നു. മറ്റുള്ളവരെ സഹായിക്കുന്നതും പോസിറ്റീവ് വിചാരങ്ങള്‍ ഉണ്ടാക്കിയെടുക്കാന്‍ ഉപകരിക്കുന്നുണ്ട്.

നിശ്ചിത ചിന്തയില്‍ നിന്നുള്ള വിജയം

ക്രിയാത്മകമായ ചിന്ത ഒരാളിന്റെ തെരഞ്ഞെടുപ്പാണ്. രാജ്യാന്തര ബാഡ്മിന്റണ്‍ താരമായ വി ദിജുവിന്റെ കാര്യം നോക്കാം. കലാലയത്തിനെയും ജില്ലയെയും സംസ്ഥാനത്തെയുമൊക്കെ പ്രതിനിധീകരിക്കുന്ന കളിക്കാരന്‍, ഒന്നാന്തരം കളിക്കാരന്‍. ദേശീയ മത്സരങ്ങളിലേക്ക് പലകുറി തെരഞ്ഞെടുത്തിട്ടുണ്ട്. ഈ കളിബഹളങ്ങള്‍ക്കിടയില്‍ ദിജുവിന് പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാവുമായിരുന്നില്ല. എന്നാല്‍ പഠനകാര്യത്തിലുള്ള താല്‍പ്പര്യം വിട്ടതുമില്ല. കഴിയാവുന്നത്ര പഠിക്കാനുള്ള സന്ദര്‍ഭങ്ങള്‍ ഉണ്ടാക്കുവാന്‍ ഞാന്‍ മാര്‍ഗനിര്‍ദേശം നല്‍കി. വായിക്കാനുള്ള നോട്ട്സ് തരുമോ എന്നായി ദിജു. തീര്‍ച്ചയായും തരാമെന്നായിരുന്നു എന്റെ ഉത്തരം. ജര്‍മനിയിലെ ഒരു പരിശീലന ക്യാമ്പിലേക്ക് പോകുമ്പോള്‍, ബാറ്റിനും യൂണിഫോമിനുമൊപ്പം ദിജു നോട്സും  കൊണ്ടുപോയി. കളിക്കിടയില്‍ നേരമുണ്ടാവുകയില്ലല്ലോ എന്നല്ല ദിജു ആലോചിച്ചത്. വിശ്രമനേരം വായന നടത്താമല്ലോ എന്നായിരുന്നു.

ദിജുവിന് പ്രത്യേകമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി. കളിക്കിടയില്‍ പഠിക്കാനെനിക്ക് കഴിയില്ലല്ലോ എന്ന ചിന്തയെ മാറ്റിനിര്‍ത്തി, പരിശീലനത്തിനിടയില്‍ സമയം കണ്ടെത്താനാവുമെന്ന  വിചാരമാണ് ദിജു നട്ടുവളര്‍ത്തിയത്. അതിന് ഫലമുണ്ടാവുകയും ചെയ്തു. ഉയര്‍ന്ന ഫസ്റ്റ് ക്ളാസ്സോടെ ദിജു ബി എ സോഷ്യോളജി പാസായി. എംഎയും പഠിച്ചു. ദിജുവിന് ഉയര്‍ന്ന ജോലി മാത്രമല്ല ലഭിച്ചത്. കളിയില്‍ ദേശീയ താരമായി. ഒളിമ്പ്യനായി. അന്തര്‍ദേശീയ മത്സരങ്ങളില്‍ ദിജു ഇപ്പോഴും പങ്കെടുക്കുന്നു. ദിജുവിന്റെ വിജയങ്ങളുടെ അടിത്തറ, മൂന്നുവര്‍ഷം പഠിപ്പിച്ച ഒരധ്യാപകനെന്ന നിലില്‍ ബോധ്യമായതാണ്. തളരാത്ത നിശ്ചിത ചിന്തയും ആത്മവിശ്വാസവുമാണ് ദിജുവിന്റെ വിജയഹേതു. അധ്യാപകര്‍ക്ക് ആഹ്ളാദമേകുന്ന വിജയം ദിജു ഉപഹാരമായി നല്‍കിയിരിക്കുന്നു.(dijur@gmail.com, Mob: 9249492490).

ബി പോസിറ്റീവ് !

അടിസ്ഥാനപരമായി ശുഭചിന്ത ഒരാളിന്റെ കാഴ്ചപ്പാടിന്റെ നിര്‍മിതിയാണ്. ഒരു സൂഫി കഥയുണ്ട്. ഗുരു ശിഷ്യനോട് ചോദിച്ചു. 'ഈ മുറിയുടെ വാതിലടഞ്ഞ് കിടപ്പാണോ തുറന്നു കിടപ്പാണോ?' മുറിയിലിരുന്ന ശിഷ്യന്‍ വാതില്‍ക്കലേക്ക് നോക്കി. പാതിയടഞ്ഞ് കിടക്കുന്ന വാതില്‍ നോക്കി ശിഷ്യന്‍ നിസ്സംശയം പറഞ്ഞു. 'വാതിലടഞ്ഞ് കിടപ്പാണ് ഗുരോ'. ഗുരു ശിഷ്യനുമായി മുറിക്ക് പുറത്തിറങ്ങി. വാതിലനക്കിയിരുന്നില്ല. പുറത്ത് നില്‍ക്കേ ഗുരു ചോദിച്ചു: 'ഇപ്പോള്‍ പറഞ്ഞാട്ടേ, വാതില്‍ തുറന്നുകിടപ്പാണോ അടഞ്ഞു കിടപ്പാണോ?' ശിഷ്യന് വെളിപാടുണ്ടായി. ശിഷ്യന്‍ പറഞ്ഞു: 'വാതില്‍ പാതി തുറന്ന് കിടപ്പാണ് ഗുരോ'.

സന്ദര്‍ഭത്തെയോ സാഹചര്യങ്ങളെയോ വ്യക്തിയെയോ നമ്മള്‍ എങ്ങനെ നോക്കുന്നു, എങ്ങനെ കാണുന്നു എന്നത് തന്നെയാണ് ശുഭചിന്തയോ അശുഭചിന്തയോ ഉണ്ടാക്കുന്നതെന്ന് സൂഫി ഗുരു ബോധ്യപ്പെടുത്തുന്നു. ഗുരുവായ എന്നെ ഒരു ശിഷ്യന്‍ ബോധ്യപ്പെടുത്തിയ സന്ദര്‍ഭമുണ്ട്. ഒരു വിദ്യാര്‍ഥിയുടെ അനാസ്ഥയും അശ്രദ്ധയും കണ്ട് പരാതിപ്പെട്ടു. അതിവികാരത്തള്ളലില്‍ വിദ്യാര്‍ഥിയോട്, നിന്നില്‍ പ്രതീക്ഷ വെച്ചുപുലര്‍ത്തുന്ന എന്നെപ്പറഞ്ഞാല്‍ മതിയെന്ന് ഞാനെന്നെ കുറ്റപ്പെടുത്തി. രസികനായ വിദ്യാര്‍ഥി കള്ളച്ചിരിയോടെ എന്നെ നോക്കി സ്ഥലംവിട്ടു. അന്ന് വൈകുന്നേരം എനിക്കൊരു എസ്എംഎസ് സന്ദേശം കിട്ടി.

'ഒരാള്‍ രാവിലെ പുറത്തിറങ്ങിയതായിരുന്നു. കുളിച്ച് അലക്കിത്തേച്ച വസ്ത്രങ്ങളുടുത്തു ജോലിക്ക് പോകുകയായിരുന്ന അയാള്‍ ഏറെ സന്തോഷവാനായിരുന്നു. കാര്‍മേഘങ്ങളുടെ ഭംഗിയും മരത്തലപ്പുകളുടെ നൃത്തവും നോക്കി രസിച്ചു നടക്കുകയാണയാള്‍. ഒരിട ആകാശത്തേക്ക് നോക്കിയപ്പോള്‍, മീതെ പറന്നുപോകുന്ന ഒരു കാക്ക, കൃത്യം അയാളുടെ മുഖത്ത് കാഷ്ഠിച്ചു. അയാള്‍ പറന്നുപോകുന്ന കാക്കയെ നോക്കി പുഞ്ചിരിച്ചു. പിന്നെ ട്രൌസറിന്റെ കീശയില്‍നിന്നും ടവ്വലെടുത്ത് മുഖം തുടച്ച്, ടവ്വല്‍ ആരും കാണാതെ കീശയിലിട്ട് അയാള്‍ പറഞ്ഞു: 'ദൈവമേ, ഞാന്‍ നന്ദിയുള്ളവനാണ്. ആകാശത്തൂടെ പശു പറക്കുന്നില്ലല്ലോ'.

എന്റെ ശിഷ്യന്‍ സന്ദേശത്തിനടിയില്‍ ഒരു നിര്‍ദേശവും നല്‍കിയിരുന്നു: 'ബി പോസിറ്റീവ്, സാര്‍!' nphafiz@gmail.com
മൊബൈല്‍: 9847553763.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top