20 March Monday

ജീവിതരേഖയുടെ നിര്‍മിതിയും അവതരണവും

എന്‍ പി ഹാഫിസ് മുഹമ്മദ്Updated: Saturday May 6, 2017

അമേരിക്കയിലെ ബോസ്റ്റണ്‍ കോളേജിലെ ഫുള്‍ബ്രൈറ്റ് സ്കോളര്‍ഷിപ് പഠനത്തിന് അപേക്ഷിക്കാന്‍ ഒരു ജീവിതരേഖയുണ്ടാക്കി. വളരെ വിശദമായും സൂക്ഷ്മമായും എഴുതേണ്ട ഒരു 'ബയോ- ഇന്‍ഫോര്‍മേഷനാ'യിരുന്നു അത്. നാലഞ്ച് ദിവസം കൊണ്ടാണ് അത് തയ്യാറാക്കിയത്. എഴുതിയും മാറ്റിയെഴുതിയും വെട്ടിയും തിരുത്തിയും അതിന്റെ ഒരു ശരിപ്പകര്‍പ്പെടുത്തു. ഞാനത് ഉപ്പയെ കാണിച്ചു. ഉപ്പയത് മനസ്സിരുത്തി വായിച്ചു. മൂന്ന് നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചു.
"നിനക്ക് നിന്റെ ഉപ്പാപ്പയെക്കുറിച്ച് ഒന്നുമെഴുതാനില്ലേ?''

ഞാന്‍ തലയില്‍ കൈവച്ചുപോയി. ഉപ്പാപ്പയെന്നാല്‍  ഉപ്പയുടെ ബാപ്പ. സ്വാതന്ത്യ്രസമരത്തിലും ആദ്യകാല കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങളിലും പിന്നീട് മരിക്കുംവരെ (1988) ക്ഷേമപ്രവര്‍ത്തനങ്ങളിലും പങ്കാളിയായ വ്യക്തി. അതിവൈകാരികത കൂടാതെ കാര്യങ്ങള്‍ ചെയ്യുകയും പറയുകയും ചെയ്യുന്ന ഉപ്പാപ്പ എനിക്ക് അത്ഭുതവും പല കാര്യങ്ങളിലും മാതൃകയുമായിരുന്നു. ഉപ്പാപ്പയെ വിട്ടുപോയതിലെനിക്ക് വിഷമം തോന്നി.

"നീ പഠിച്ചതും പഠിക്കുന്നതും പഠിപ്പിക്കുന്നതും സോഷ്യോളജി. വളരെ ഡയനാമിക്കായ ഒരു മാനവികവിഷയം. ഇത് നിനക്ക് എന്തുതന്നുവെന്നും നിന്റെ ക്രിയേറ്റിവിറ്റിയെ എങ്ങനെ സ്വാധീനിച്ചുവെന്നും പറയുന്നതില്‍ പ്രസക്തിയില്ലേ?''

സത്യം. ഞാനങ്ങനെയൊരു കാര്യം ആലോചിച്ചിരുന്നില്ല. അക്കാര്യം രേഖപ്പെടുത്തുന്നതില്‍ ചില സാധ്യതകളുണ്ടെന്ന് എനിക്ക് തോന്നുകയും ചെയ്തു. മൂന്നാമത്തെ നിര്‍ദേശം എന്റെ ചിത്രരചനയെക്കുറിച്ച്, പ്രത്യേകിച്ച് രേഖാചിത്രരചനയെക്കുറിച്ച്, എവിടെയെങ്കിലും എഴുതിച്ചേര്‍ക്കണമെന്നായിരുന്നു. രണ്ടോ മൂന്നോ രേഖാചിത്രങ്ങള്‍ അതിനോടൊപ്പം വയ്ക്കാമെന്നും ഉപ്പ പറഞ്ഞു. ചിത്രരചനാപഠനം നടക്കാതെപോയ ഒരു വിദ്യാഭ്യാസമാണ്. പ്രീഡിഗ്രി കഴിഞ്ഞ് കേരളത്തിനപ്പുറം പോയി പഠിക്കാന്‍ കഴിഞ്ഞില്ല. പിന്നീട്, തീരുമാനമെടുക്കേണ്ടി വന്നപ്പോള്‍ മാനവികശാസ്ത്രമേഖലയാണെന്റെ ലോകമെന്നും അത് തന്നെയാണ് എന്റെ കരിയറിനോട് ചേര്‍ന്നുനില്‍ക്കുന്ന അഭിരുചിയെന്നും മനസ്സിലാക്കി. സോഷ്യോളജി പഠനം പുല്‍കുകയായിരുന്നു. ചിത്രരചനാപഠനത്തെ കൈവെടിഞ്ഞിട്ടും ഞാനത് ഒരു സ്വകാര്യ ആഹ്ളാദമായി കൊണ്ടുനടന്നിരുന്നു. രേഖാചിത്രരചനയില്‍ കൂടുതലായും വ്യാപരിക്കുകയും ചെയ്തു. അങ്ങനെ, ഉപ്പ നിര്‍ദേശിച്ച മൂന്ന് കാര്യങ്ങള്‍ കൂട്ടിച്ചേര്‍ത്തു. ഉപ്പയെ കാണിച്ചു. അംഗീകരിച്ചു. അപേക്ഷ അയച്ചു. ഫുള്‍ബ്രൈറ്റ് പഠനം ബോസ്റ്റണില്‍ സാധ്യമാവുകയും ചെയ്തു.

എന്താണ്  സി  വിയും റെസ്യുമെയും തമ്മിലുള്ള  വ്യത്യാസം?


സ്കോളര്‍ഷിപ്പ്, പഠനകോഴ്സിനുള്ള പ്രവേശനം, ജോലി, ഉദ്യോഗക്കയറ്റം, ജോലിമാറ്റം, പ്രോജക്ട് നടത്തിപ്പ് തുടങ്ങിയ ആവശ്യങ്ങള്‍ക്ക് അവയിലൊന്നിനായി അപേക്ഷിക്കുമ്പോള്‍ ഒരാള്‍ തന്നെക്കുറിച്ച് തന്നെയുള്ള ഒരു ജീവിതരേഖ സമര്‍പ്പിക്കേണ്ടിവരുന്നു. പല പേരുകളിലിത് അറിയപ്പെടുന്നു. പഴയ ഇന്ത്യന്‍ രീതിയനുസരിച്ച് അത് 'ബയോഡാറ്റ'(Biodata) യാണ്. എന്നാല്‍ ഇംഗ്ളീഷ് സംസാരിക്കുന്ന രാജ്യങ്ങളിലും കോമണ്‍വെല്‍ത്ത് രാഷ്ട്രങ്ങളിലും അത് കരിക്കുലം വിറ്റയീ (Curriculum Vitae)  എന്നറിയപ്പെടുന്നു. സി വി എന്ന ചുരുക്കപ്പേര് പലരും ഇതിന് ഉപയോഗിക്കുന്നു. അമേരിക്ക, കാനഡ തുടങ്ങിയ രാജ്യങ്ങളില്‍ ഇത്തരം ജീവിതരേഖ അറിയപ്പെടുന്നത് റെസ്യൂമെ (Resume)  എന്ന പേരിലാണ്.

അധ്യാപനം തുടങ്ങിയ കാലത്ത് ഒരു നാഷനല്‍ സര്‍വീസ് സ്കീം ദശദിനക്യാമ്പില്‍ വച്ചാണ് ഒരു വിദ്യാര്‍ഥി, സി വിയും റെസ്യൂമെയും തമ്മിലുള്ള വ്യത്യാസമെന്താണെന്ന് ചോദിച്ചത്. നമ്മുടെ നാട്ടില്‍ സി വിയെന്ന് പറയുന്നത് ബയോഡാറ്റ തന്നെയാണെന്നും റെസ്യൂമെ വളരെ സംക്ഷിപ്തമായിരിക്കുമെന്നും ഞാനറിയിച്ചു. എനിക്കുതന്നെ തൃപ്തിയായ ഒരുത്തരമായിരുന്നില്ല അത്. എനിക്കതിനെക്കുറിച്ച് സൂക്ഷ്മമായറിയില്ലെന്നതായിരുന്നു വാസ്തവം. ഇംഗ്ളീഷറിയുന്ന രണ്ടധ്യാപകരോടും കാരിയര്‍ ഗൈഡന്‍സ് നല്‍കുന്ന മറ്റൊരാളോടും ഞാനീ സംശയമവതരിപ്പിച്ചു. ചില വിശദീകരണങ്ങള്‍ ലഭിച്ചു. വായനയും നടത്തി. കുറച്ചെങ്കിലും വ്യക്തത ഇക്കാര്യത്തിലുണ്ടായത് അന്നേരമാണ്. വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ ജീവിതരേഖയുണ്ടാക്കുന്നവര്‍ ഇവയുടെ പ്രയോജനവും തമ്മിലുള്ള വ്യത്യാസങ്ങളുമറിയുന്നത് ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ബയോഡാറ്റ

ഒരു വ്യക്തിയുടെ ശാരീരികവും സാമൂഹികവുമായ വളര്‍ച്ചയെക്കുറിച്ചുള്ള കുറിപ്പാണ് ബയോഡാറ്റ. വ്യക്തിവിശേഷങ്ങളാണ് ഇതില്‍ രേഖപ്പെടുത്തുന്നത്. കുടുംബപരമായ കാര്യങ്ങളും ബയോഡാറ്റയില്‍ ചേര്‍ക്കുന്നു. ശാരീരികമായ കാര്യങ്ങളായ ഉയരം, നിറം, തൂക്കം തുടങ്ങിയവയും സാമൂഹികമായ കാര്യങ്ങളായ വിദ്യാഭ്യാസം, മതം, ജാതി, ജന്മദേശം, ജോലി തുടങ്ങി യവയെക്കുറിച്ചും ബയോഡാറ്റയില്‍ അടയാളപ്പെടുത്തുന്നു. മുന്‍കാലങ്ങളില്‍ ബയോഡാറ്റ കൂടെവച്ചാണ് സകലരും ജോലിക്ക് അപേക്ഷ നല്‍കിയിരുന്നത്. പഴയ രീതിയിലുള്ള ഈ ജീവിതരേഖ ഇന്ന് ചിലരൊക്കെ വൈവാഹിക ബന്ധത്തെക്കുറിച്ചുള്ള ആലോചനക്കുവേണ്ടി പ്രയോജനപ്പെടുത്തുന്നു.

കരിക്യുലം വിറ്റയീ(സി വി)

ലാറ്റിന്‍ വാക്കില്‍ നിന്നാണ് കരിക്യുലം വിറ്റയീ ഉണ്ടാവുന്നത്. ജീവിതഗതി എന്നാണ് വാക്കര്‍ഥം. ജോലിക്ക് അപേക്ഷിക്കുമ്പോഴാണ് സാധാരണയായി സി വി അയക്കുന്നത്. ഏതെങ്കിലും സ്ഥാപനത്തിലോ സംഘടനയിലോ പ്രവൃത്തി പരിചയത്തിനായുള്ള 'ഇന്റേണ്‍ഷിപ്പി'ന്  അപേക്ഷിക്കുമ്പോഴും സിവി അപേക്ഷയോടൊപ്പം അടക്കം ചെയ്യാറുണ്ട്. വിദ്യാഭ്യാസഘട്ടങ്ങള്‍, കഴിവുകള്‍, വ്യക്തിത്വവിശേഷങ്ങള്‍, പ്രവര്‍ത്തന പരിചയം തുടങ്ങിയവ സി വിയില്‍ രേഖപ്പെടുത്തുന്നു. ഒരാളിന്റെ ഉത്തരവാദിത്തങ്ങളും അനുഭവ മണ്ഡലങ്ങളും നേട്ടങ്ങളും ഉള്ളടക്കമായി ചേര്‍ക്കാവുന്നതാണ്. താന്‍ പഠിച്ച സ്ഥാപനങ്ങളിലോ ജോലിയെടുത്ത മേഖലകളിലോ അടുത്ത് പരിചയമുള്ള തന്നെ മനസ്സിലാക്കിയിട്ടുള്ള മൂന്നോ നാലോ വിദഗ്ധരുടെയോ അധ്യാപകരുടെയോ മേധാവികളായിരുന്നവരുടെയോ പേരും വിലാസവും റഫറന്‍സ് ആയി നല്‍കാവുന്നതാണ്. അവരുടെ കൃത്യമായ വിലാസം, ഇമെയില്‍ ഐഡി, ഫോണ്‍നമ്പര്‍ എന്നിവ അതിലുണ്ടായിരിക്കണം. പ്രശസ്ത സ്ഥാപനങ്ങള്‍ ഈ വ്യക്തികളുമായി ബന്ധപ്പെടാറുണ്ട്.

റെസ്യുമെ


റെസ്യൂമെ ഒരു ഫ്രഞ്ച് വാക്കാണ്. സംക്ഷിപ്തം എന്നര്‍ഥം. സംക്ഷിപ്തമായ ജീവിതരേഖയാണ് റെസ്യൂമെ. ഒന്നോ പരമാവധി രണ്ടോ പേജുകളിലുള്ള ജീവിതസംഗ്രഹമാണിത്. വിദ്യാഭ്യാസം, പ്രവൃത്തിപരിചയം, കഴിവുകള്‍ എന്നിവയുടെ ചുരുക്കെഴുത്താണ് റെസ്യൂമെ. മറ്റൊരാള്‍ എഴുതുന്നപോലെ വസ്തുനിഷ്ഠാപരമായ രീതിയിലും ഭാഷയിലുമാണ് റെസ്യൂമെ രേഖപ്പെടുത്തുന്നത്. ഏതെങ്കിലും ഒരു ജോലി സമ്പാദിക്കുകയെന്നതാണ് റെസ്യുമെയുടെ പൊതുലക്ഷ്യം.
ബയോഗ്രഫിക്കല്‍ ഡാറ്റ, ബയോ- ഇന്‍ഫോര്‍മേഷന്‍ എന്നിങ്ങനെയുള്ള പേരുകളില്‍ ഒരു വ്യക്തിയുടെ ക്രമാനുസൃതമായ വികാസം രേഖപ്പെടുത്താറുണ്ട്. വ്യക്തിയുടെ താല്‍പ്പര്യങ്ങള്‍, ഹോബികള്‍ എന്നിങ്ങനെയുള്ള കാര്യങ്ങളും ഇവയില്‍ അടയാളപ്പെടുത്തുന്നു. ആ വ്യക്തിയുടെ നേട്ടങ്ങളും അംഗീകാരങ്ങളും കഴിവുകളും സാധ്യതകളും മറ്റുള്ളവര്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നു. ഏതെങ്കിലുമൊരു മേഖലയെ പ്രത്യേകമായി വെളിപ്പെടുത്താനാണ് പ്രൊഫൈല്‍ എഴുതാറുള്ളത്. ആവശ്യം, ജോലിയുടെ

പ്രസ്റീന്‍ കെ

പ്രസ്റീന്‍ കെ

സവിശേഷത, അപേക്ഷ സമര്‍പ്പിക്കുന്ന സ്ഥാപനം എന്നിവ പരിഗണിച്ചാണ് ജീവിതരേഖ എങ്ങനെയാവണമെന്ന് തീരുമാനിക്കുന്നത്.

ജീവിതരേഖ തയ്യാറാക്കുമ്പോള്‍

ഒരാളിന്റെ ജീവിതരേഖ പ്രാഥമികമായ ചില ധര്‍മങ്ങള്‍ നിര്‍വഹിക്കുന്നുണ്ട്. ഒരാള്‍ സ്വയം നടത്തുന്ന വിലയിരുത്തലോ വെളിപ്പെടുത്തലോ ആണ് ജീവിതരേഖ. ഒരാള്‍ എങ്ങനെ ഇങ്ങനെയായി എന്നു വ്യക്തമാക്കലാണത്. വ്യക്തി സ്വന്തം വളര്‍ച്ചയുടെ ഘട്ടങ്ങള്‍ സ്വയം വെളിപ്പെടുത്തുന്നു. അതുകൊണ്ടുതന്നെ ജീവിതരേഖ അതെഴുതുന്ന വ്യക്തിയുടെ അഭിരുചികളും കാഴ്ചപ്പാടുകളും ലളിതമായി ആവിഷ്കരിക്കുന്നു. വ്യക്തിത്വത്തെക്കുറിച്ചുള്ള സംക്ഷിപ്തമായ വ്യക്തമാക്കലാണത്. ഇന്നലെയും ഇന്നും രേഖപ്പെടുത്തുന്ന വ്യക്തി, താന്‍ നാളെ ആരായിരിക്കുമെന്നതിലുള്ള പ്രതീക്ഷകളും അവതരിപ്പിക്കുന്നുണ്ട്. സി വി/റെസ്യൂമെ/ബയോഡാറ്റ/പ്രൊഫൈല്‍ പ്രതിനിധാനം ചെയ്യുന്നത്, ഒരാള്‍ സ്വയം നടത്തുന്ന സത്യസന്ധമായ വിലയിരുത്തലിനെയാണ്. അതില്‍ നാട്യമോ കാപട്യമോ ഉണ്ടായിക്കൂടാ. അതുകൊണ്ടാണ് ജീവിതരേഖ അവനവനെക്കുറിച്ചുള്ള സത്യസന്ധമായ റിപ്പോര്‍ട്ടിങ് ആയി കണക്കാക്കുന്നത്.

ജീവിതരേഖ ഏതുവിഭാഗത്തില്‍ പെട്ടാലും എങ്ങനെ എഴുതണമെന്നതിന് ചില ചിട്ടകളുണ്ട്. ഇന്റര്‍നെറ്റ് വഴി പലവിധ മാതൃകകള്‍ പരിശോധിക്കാവുന്നതാണ്. വിവിധ മാതൃകകള്‍ ലഭിക്കും. എന്നാല്‍ അവയുടെ പകര്‍പ്പില്‍ ജീവിതരേഖ അടയാളപ്പെടുത്തുന്നതല്ല അഭികാമ്യം. വ്യക്തിയുടെ സ്വഭാവം, കഴിവുകള്‍ എന്നതിനനുസരിച്ച് ജീവിതരേഖയുടെ നിര്‍മാണം നടത്താവുന്നതാണ്. മാറ്റങ്ങള്‍ വരുത്തുമ്പോള്‍ തനിക്ക് ഏറ്റവുമനുയോജ്യമായ മാതൃക സ്വയം ഉണ്ടാക്കാനാണ് ശ്രമിക്കേണ്ടത്. ഇന്റര്‍നെറ്റിലോ മറ്റേതെങ്കിലും പ്രസിദ്ധീകരണങ്ങളിലുള്ളതോ അപ്പടി പകര്‍ത്തിവയ്ക്കുമ്പോള്‍, അത് മോശമായ പ്രതികരണമായിരിക്കും ഉണ്ടാക്കുക. തെരഞ്ഞെടുപ്പ് നടത്തുന്നവര്‍ക്ക് ഏതെല്ലാം ഘടകങ്ങള്‍ ആകര്‍ഷകമായിരിക്കും എന്നതറിഞ്ഞ്, ആ കാര്യം ഫലപ്രദമായവിധം അവതരിപ്പിക്കാവുന്നതാണ്. ഒരാളിന്റെ വ്യക്തിത്വത്തില്‍ എന്താണ് ആകര്‍ഷകമായി 'പ്രൊജക്റ്റ്' ചെയ്യേണ്ടത് എന്ന് കണ്ടെത്താന്‍ പരിചയസമ്പന്നരുടെ സഹായം തേടാവുന്നതാണ്.

ജീവിതരേഖ ലളിതമായ ഭാഷയിലാണ് എഴുതേണ്ടത്. അത് ആര്‍ക്കും മനസ്സിലാകാവുന്നവിധം അവ്യക്തതയോ വളച്ചൊടിക്കലുകളോ ഇല്ലാതെ രേഖപ്പെടുത്തണം. ആകര്‍ഷകവും കാവ്യാത്മകവുമായ ഭാഷ ആവശ്യമെങ്കില്‍ ഉപയോഗിക്കാം. പക്ഷേ, സാധാരണ നിലയിലുള്ള ഒരു ഉദ്യോഗസ്ഥനോ നിയമന ഉദ്യോഗസ്ഥനോ മനസ്സിലാകുന്ന തെളിമയുള്ള ഭാഷയിലായിരിക്കണം എഴുതേണ്ടത്. സി വിയോ ബയോഡാറ്റയോ റെസ്യൂമോ എഴുതുമ്പോള്‍ പൊലിപ്പിച്ചെഴുതുകയോ ഇല്ലാത്ത കാര്യങ്ങള്‍ എഴുതുകയോ അരുത്. സിവില്‍ സര്‍വീസ് പരീക്ഷക്ക് അപേക്ഷിക്കുന്ന ഘട്ടത്തിലയക്കുന്ന ജീവിതരേഖയില്‍ താല്‍പ്പര്യങ്ങളും ഹോബികളും മറ്റും രേഖപ്പെടുത്തേണ്ടതുണ്ട്. എഴുതി അയക്കുന്നയാള്‍ ഇതൊക്കെ മറക്കാനിടയുണ്ട്. സിവില്‍ സര്‍വീസ് അപക്ഷയുടെ കോപ്പിയെടുത്തുവയ്ക്കാന്‍ നിര്‍ദേശിക്കുന്നത് ഇതുകൊണ്ടാണ്. അപേക്ഷാഫോറത്തില്‍ ഒരാളെഴുതിയ ഹോബികളില്‍ പക്ഷിനിരീക്ഷണമുണ്ടായിരുന്നു. സിവില്‍ സര്‍വീസ് പരീക്ഷയുടെ അവസാന ഘട്ടത്തിലെ അഭിമുഖത്തില്‍ ചോദ്യങ്ങള്‍ക്കിടയില്‍ പക്ഷിനിരീക്ഷണമായിരുന്നു മുഖ്യവിഷയം. അത്രയൊന്നും ഗൌരവത്തിലെടുക്കാതെ ജീവിതരേഖയിലെഴുതുന്ന കാര്യങ്ങള്‍ക്കുള്ള ഉത്തരവാദിത്തം മറ്റൊരാള്‍ക്കല്ല എന്നര്‍ഥം.

അഭിമുഖീകരണത്തിന് ക്ഷണിക്കപ്പെടാന്‍

ഡല്‍ഹിയിലെ അന്തര്‍ദേശീയ സന്നദ്ധസേവാ സംഘടനയായ മൈക്രോ ഇന്‍ഷ്വറന്‍സ് അക്കാഡമിയില്‍ ഒരു ദശാബ്ദക്കാലത്തോളം സീനിയര്‍ ട്രെയ്നറായിരുന്നു പ്രസ്റീന്‍ കെ. 1995 ബാച്ചില്‍ ഫാറൂഖ് കോളേജില്‍നിന്ന് ബി എ സോഷ്യോളജി കഴിഞ്ഞ്, മഹാരാഷ്ട്രയിലെ പ്രശസ്ത കോളേജില്‍നിന്ന് സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തരബിരുദം നേടിയ പ്രസ്റീന്‍ ഡല്‍ഹിവാസക്കാലത്താണ് ഉദ്യോഗാര്‍ഥികളുടെ അപേക്ഷകള്‍ പരിശോധിക്കാനും തിരഞ്ഞെടുക്കാനും നിയുക്തനാവുന്നത്. വിദേശികളും സ്വദേശികളും അപേക്ഷകരായുണ്ടാവും. യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നും വിദേശപഠനം കഴിഞ്ഞെത്തുന്ന ഇന്ത്യക്കാരില്‍നിന്നും തെരഞ്ഞെടുപ്പ് നടത്തിയ അനുഭവങ്ങളില്‍നിന്നാണ് സി വി /റെസ്യൂമെ എഴുതുന്നതിലെ വൈവിധ്യവും വൈദഗ്ധ്യവും കൂടുതലറിയുന്നത്.

റെസ്യൂമെയുടെ ഒരുക്കൂട്ടലില്‍ ഉള്ളടക്കവും ഭാഷയും ഡിസൈനിങ്ങും ഒരുപോലെ പ്രാധാന്യമുള്ളതാണെന്ന് പ്രസ്റീന്‍ കരുതുന്നു. ഈ മൂന്ന് ഘടകങ്ങളുടെയും പൊരുത്തത്തില്‍നിന്നാണ് ആകര്‍ഷകമായ ഒരു ജീവിതരേഖ ഉണ്ടാകുന്നത്. ഏത് സ്ഥാപനത്തിലേക്കാണ് / ഓര്‍ഗനൈസേഷനിലേക്കാണ് അപേക്ഷിക്കുന്നത്, ഏത് ഉദ്യോഗത്തിനാണ് അപേക്ഷിക്കുന്നത് എന്നതനുസരിച്ച് റെസ്യൂമെ/സി വി തയ്യാറാക്കണമെന്ന് പ്രസ്റീന്‍ നിര്‍ദേശിക്കുന്നു. സ്ഥാപനത്തിലെത്തുന്ന അപേക്ഷകളില്‍നിന്ന് തെരഞ്ഞെടുപ്പ് നടത്തുമ്പോള്‍ എല്ലാം ആദ്യമേ പൂര്‍ണമായി വായിക്കണമെന്നില്ല. അഭിമുഖീകരണത്തിന് ക്ഷണിക്കപ്പെടുന്നവരെ കണ്ടെത്തുന്നതിന് സാങ്കേതികവിദ്യയുടെ സഹായം തേടുന്നു. ഉദ്യോഗത്തിനിണങ്ങുന്ന പ്രസക്തമായ വാക്കുകളോ (Key words)  തലവാചകങ്ങളോ (Headlines)  അപേക്ഷകളില്‍നിന്ന് കമ്പ്യൂട്ടര്‍ വഴി പരിശോധന നടത്തുന്നു. അവ തിട്ടപ്പെടുത്തി കമ്പ്യൂട്ടറാണ് ഇന്റര്‍വ്യൂവിന് ക്ഷണിക്കാനുള്ളവരുടെ പട്ടികയുണ്ടാക്കുന്നത്. ഏത് ജോലിക്കാണോ അപേക്ഷിക്കുന്നത് ആ ജോലിയോടിണങ്ങിനില്‍ക്കുന്ന താക്കോല്‍ വാക്കുകളും തലവാചകങ്ങളും അപേക്ഷയില്‍ ഭംഗിയായി ചേര്‍ക്കുമ്പോഴാണ് തെരഞ്ഞെടുപ്പിനുള്ള സാധ്യത ഏറുന്നത്. ഉദ്യോഗാര്‍ഥിയോടുള്ള അഭിമുഖപ്പരീക്ഷയിലെ ചോദ്യങ്ങളും എഴുതിയയച്ച ജീവിതരേഖയില്‍ നിന്നാണ് കണ്ടെത്തുന്നത്.

സി വി, റെസ്യൂമെ എന്നിവയില്‍ മൂന്ന് തലങ്ങളില്‍ നില്‍ക്കുന്ന വ്യക്തികളുണ്ടെന്ന് പ്രസ്റീന്‍ കണക്കാക്കുന്നു. ആദ്യവിഭാഗത്തിലുള്ളവര്‍ രണ്ടോ മൂന്നോ വര്‍ഷം വരെ ഏതെങ്കിലും മേഖലകളില്‍ പ്രവൃത്തിപരിചയമുള്ളവരാണിവര്‍. ഇക്കൂട്ടര്‍ അവരുടെ കഴിവുകളും ശക്തിയും സാധ്യതകളുമാവും അവതരിപ്പിക്കുന്നത്. മൂന്ന് മുതല്‍ എട്ടോ ഒമ്പതോ വര്‍ഷങ്ങള്‍ പ്രവൃത്തിപരിചയമുള്ള ഉദ്യോഗാര്‍ഥികള്‍ അവര്‍ ജോലി ചെയ്യുന്ന മേഖലകളെക്കുറിച്ച് പറയുന്നു. ചെയ്തതതും ചെയ്യുന്നതുമായ ജോലികളെ വിഭാഗീകരിച്ച് അവര്‍ രേഖപ്പെടുത്തുന്നു. ജോലി ചെയ്ത സ്ഥാപനങ്ങളെക്കുറിച്ച് പറയുന്നു. പത്തോ അതിനപ്പുറമോ വര്‍ഷങ്ങള്‍ പ്രവൃത്തിപരിചയമുള്ളവര്‍ തയ്യാറാക്കുന്ന സി വി, റെസ്യൂമെ എന്നിവയില്‍ ജോലി ചെയ്ത പൊതുമേഖലകളെക്കുറിച്ച് പറയുന്നു. അവരവരുടെ മേഖലകളനുസരിച്ച്   ഹ്യൂമണ്‍ റിസോര്‍സസ് മാനേജ്മെന്റ ്, കീ ഹോള്‍ സര്‍ജറി, മീഡിയ, പ്രോജക്റ്റ്  മോണിട്ടറിങ്, റിസര്‍ച്ച് ഗൈഡന്‍സ്, പോളിസി ഇന്റര്‍വെന്‍ഷന്‍ എന്നിങ്ങനെയുള്ള മേഖലകളെക്കുറിച്ചാവും പറയുക.

അതില്‍നിന്നും അവര്‍ ജോലിയെടുത്ത സ്ഥാപനത്തില്‍നിന്നും  തെരഞ്ഞെടുപ്പു നടത്തുന്നവര്‍ അനുയോജ്യരായ ആളുകളെ കണ്ടെത്തുന്നു. ഈയൊരനുഭവത്തില്‍ നിന്നാണ് പ്രസ്റീന്‍ കേരളത്തിലെ ഒരു ജോലിക്ക് അപേക്ഷ നല്‍കുന്നത്. അനുയോജ്യമായ ഒരു സി വി തയ്യാറാക്കാനും അയക്കാനും സാധിച്ചതുകൊണ്ടുകൂടിയാണ് ദേശീയതലത്തില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ ബച്പന്‍ ബചാവോ ആന്ദോളന്‍ പദ്ധതിയുടെ കേരള കോര്‍ഡിനേറ്ററായി (ഇന്‍സ്റ്റിറ്റ്യൂഷന്‍ ബില്‍ഡിങ്) തിരഞ്ഞെടുക്കപ്പെട്ടതെന്ന് പ്രസ്റീന്‍ വിശ്വസിക്കുന്നു. തിരുവനന്തപുരത്താണ് പദ്ധതിയുടെ ആസ്ഥാനം.
(email: pknbiju@gmail.com
മൊബൈല്‍: 9990058541)

പോര്‍ട്ട്ഫോളിയോ  ഒരുക്കല്‍

ചില കോഴ്സുകള്‍ക്കും ജോലികള്‍ക്കും അഭിമുഖപ്പരീക്ഷയോടൊപ്പം വിദ്യാര്‍ഥിയോട്/ഉദ്യോഗാര്‍ഥിയോട് പോര്‍ട്ട്ഫോളിയോ (portfolio)   അവതരിപ്പിക്കാന്‍ നിര്‍ദേശിക്കുന്നു. സര്‍ഗശേഷിയുമായി ബന്ധപ്പെട്ട ചിത്രരചന, ഡിസൈനിങ് (ടെക്സ്റ്റയില്‍, ജുവല്ലറി, ഗ്രാഫിക്, ഫിലിം/വീഡിയോ, ആനിമേഷന്‍, ടോയ് മെയ്ക്കിങ്, എക്സിബിഷന്‍ തുടങ്ങിയവ) അഡ്വര്‍ടൈസിങ്, മീഡിയ തുടങ്ങിയ മേഖലകളിലെ പഠനത്തിന് ചേരാന്‍ ആശിക്കുന്നവരോട് അഭിമുഖപ്പരീക്ഷക്ക് വരുമ്പോള്‍ രചനകളുടെ ശേഖരവുമായി, ഒരു പോര്‍ട്ട്ഫോളിയോയുമായി എത്താന്‍ അറിയിക്കാറുണ്ട്. ഒരാളിന്റെ സര്‍ഗപരമായ വൈഭവം തെളിവോടെ പ്രകടിപ്പിക്കാനുള്ള രചനാശേഖരമാണ് പോര്‍ട്ട്ഫോളിയോ. പഠനകാലത്ത് നടത്തിയ രചനകളും തനിക്ക് സാധ്യമാവുന്ന രചനാപരമായ അഭിലാഷങ്ങളും പോര്‍ട്ട്ഫോളിയോയിലൂടെ അവതരിപ്പിക്കുന്നു. ഇത്തരം ജോലികള്‍ക്ക് ശ്രമിക്കുന്നയാള്‍ ഇന്റര്‍വ്യൂ സമയത്ത് മുമ്പ് നടത്തിയ അസൈന്‍മെന്റുകളും പ്രോജക്റ്റുകളും സ്വതന്ത്ര രചനകളും ദൃശ്യപരമായി അവതരിപ്പിക്കുന്നു. പരിചയസമ്പന്നരും പ്രശസ്തരുമായ പ്രൊഫഷണലുകളും ഏതെങ്കിലും പ്രധാനപ്പെട്ട പ്രോജക്റ്റ് ജോലി നേടിയെടുക്കാന്‍ പോര്‍ട്ട്ഫോളിയോയിലൂടെ തന്റെ കഴിവും പ്രവര്‍ത്തനപരിചയവും രേഖപ്പെടുത്തുന്നു. തങ്ങള്‍ മുമ്പ് ചെയ്തിട്ടുള്ള പ്രോജക്റ്റുകളും നേട്ടങ്ങളും വ്യക്തമാക്കുന്നു. പോര്‍ട്ട്ഫോളിയോ അവതരണം ഒരാളെ മറ്റൊരാളില്‍നിന്ന് വേര്‍തിരിച്ചും മീതെയായും കാണാന്‍ സഹായിക്കാനാണ്. ഭാവനയുടെയും കഴിവുകളുടെയും ദൃശ്യാത്മകമായ തെളിവ് സമര്‍പ്പിക്കലാണ് പോര്‍ട്ട്ഫോളിയോ. ജോലി മാറേണ്ടതിന്റെ ആവശ്യകതയോ, വിഭാഗം മാറേണ്ടതിലെ താല്‍പ്പര്യമോ പ്രൊമോഷന്‍ നേടുന്നതിന്റെ ആവശ്യകതയോ പോര്‍ട്ട്ഫോളിയോയിലൂടെ മനസ്സിലാക്കാനാവും. ത്രി- ഡി ചിത്രങ്ങള്‍, വീഡിയോ, ഷോര്‍ട്ട് ഫിലിം, ആനിമേഷന്‍, ആനിമേറ്റഡ് റിപ്പോര്‍ട്ട്സ്, ഫോട്ടോസ് തുടങ്ങിയവ ആവശ്യാനുസരണം പോര്‍ട്ട്ഫോളിയോയില്‍ ഉപയോഗിക്കുന്നു.
അലോക് കൃഷ്ണന്‍

അലോക് കൃഷ്ണന്‍ഇരുപതോ ഇരുപത്തഞ്ചോ പേജുകളില്‍ സ്ളൈഡുകളോ ചിത്രങ്ങളോ പോര്‍ട്ട്ഫോളിയോയില്‍ ഉപയോഗിക്കാം. സ്ളൈഡുകളോ കാര്‍ഡ് ബോര്‍ഡ് ചിത്രങ്ങളോ ആകാം. ആവര്‍ത്തനങ്ങള്‍ ഒഴിവാക്കേണ്ടതാണ്. കൊണ്ടുനടക്കാന്‍ പാകമായ വലുപ്പത്തിലാവണം പോര്‍ട്ട്ഫോളിയോ. ഓരോ പേജിലും സ്ളൈഡുകളിലും രചനയുടെ സവിശേഷതകള്‍, കാലം, അംഗീകാരം തുടങ്ങിയ കാര്യങ്ങള്‍ രേഖപ്പെടുത്തേണ്ടതാണ്. തലക്കെട്ടുകളിലൂടെയോ വിഭാഗീകരണത്തിലൂടെയോ വിശേഷപ്പെട്ടതാക്കാം. എങ്ങനെ പോര്‍ട്ട്ഫോളിയോ ഒരുമിച്ചുകൂട്ടുന്നു എന്നതിലും ഭാവനയോ സര്‍ഗാത്മകതയോ കഴിവുകളോ പരമാവധി ഉപയോഗിക്കുന്നു. സ്പൈറല്‍ ബൈന്‍ഡിങ്, തടിച്ച ഷീറ്റുകള്‍, വീഡിയോ പ്രസന്റേഷന്‍ എന്നിങ്ങനെയുള്ള കാര്യങ്ങള്‍ പോര്‍ട്ട്ഫോളിയോ നിര്‍മാണത്തില്‍ പ്രയോഗിക്കാവുന്നതുമാണ്.
ഒരു ഡിസൈനിങ് സ്കൂളിലെ പ്രവേശനപ്പരീക്ഷക്ക് പോകുമ്പോള്‍ അലോക് കൃഷ്ണന്‍ നിര്‍മിച്ച പോര്‍ട്ട്ഫോളിയോ ഏച്ചുകൂട്ടിയ കാര്‍ഡുകളുടെ മടക്കുകളായിരുന്നു. മടക്കിവച്ചാല്‍ ഒരു തടിച്ച പുസ്തകം. ഓരോ പേജും ഉയര്‍ത്തുമ്പോള്‍ അലോകിനെക്കുറിച്ചുള്ള സാക്ഷ്യപത്രങ്ങളുടെ ചുരുളഴിയുന്നു. രണ്ടറ്റവും നീട്ടിപ്പിടിച്ചാല്‍ നീളത്തിലുള്ള ഒരു ദീര്‍ഘചതുര കാര്‍ഡ്. രണ്ട് വശങ്ങളിലും അലോകിന്റെ വൈവിധ്യപൂര്‍ണമായ രചനകളും കുറിപ്പുകളും. കൌതുകകരവും വ്യത്യസ്തവുമായിരുന്നു അലോക് കൃഷ്ണന്‍ ഒരുക്കൂട്ടിയ പോര്‍ട്ട്ഫോളിയോ. (ഇമെയില്‍: alokthayyil@gmail.com  മൊബൈല്‍: 9037250139). ഇപ്പോള്‍ അലോക് കൊല്ലത്തെ സര്‍ക്കാര്‍ ഡിസൈനിങ് സ്കൂളില്‍ പഠിക്കുന്നു.

പോര്‍ട്ട്ഫോളിയോയായാലും സി വിയോ റെസ്യൂമെ യോ ആയാലും അത് വിലയിരുത്തുന്നവര്‍ക്ക് വ്യക്തിയുടെ കഴിവുകളും പ്രവൃത്തി പരിചയവും മനസ്സിലാക്കാന്‍ കഴിയും. അവ പുറത്തുകൊണ്ടുവരാനുള്ള ചോദ്യങ്ങള്‍ ചോദിക്കാനും തുനിയുന്നു. പോ ര്‍ട്ട്ഫോളിയോയിലൂടെ വ്യക്തിത്വത്തിന്റെ മനഃശാസ്ത്രപരവും സര്‍ഗപരവുമായ ആന്തരികപ്രഭാവം മനസ്സിലാക്കാന്‍ ശ്രമിക്കുന്നു. ജീവിതരേഖ പോര്‍ട്ട്ഫോളിയയിലൂടെ അവതരിപ്പിക്കുമ്പോഴും വിനയവും സത്യസന്ധതയും പ്രകടിപ്പിക്കേണ്ടതുണ്ട്. ജീവിതരേഖയെ അടിസ്ഥാനമാക്കി ഇന്റര്‍വ്യൂവില്‍ ചോദ്യങ്ങള്‍ ചോദിക്കാനിടയുണ്ട് എന്നതിനാല്‍ തന്നെ, ജീവിതരേഖയെ അടിസ്ഥാനപ്പെടുത്തി തയ്യാറെടുപ്പ് നടത്തേണ്ടതുണ്ട്. തന്നെക്കുറിച്ചും തന്റെ വിദ്യാഭ്യാസം, തൊഴില്‍പരിചയം, രചനകള്‍ എന്നിവയെക്കുറിച്ചും സ്ഫുടതയോടെയും ആകര്‍ഷകമായും സംക്ഷിപ്തമായും പറയാനും കഴിയ ണം. പരിശീലനത്തിലൂടെ ജീവിതരേഖയുടെ നിര്‍മിതിയും ഇന്റര്‍വ്യൂവില്‍ അതിന്റെ ഫലപ്രദമായ അവതരണവും ഒരാള്‍ക്ക് ആഹ്ളാദകരമായ അനുഭവമാക്കാന്‍ കഴിയും,  വിജയിക്കുവാനും .
ഇമെയില്‍:nphafiz@gmail.com മൊബൈല്‍: 9847553763
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top