വെ
തിരുവനന്തപുരം
സംസ്ഥാനത്തെ മെഡിക്കൽ വിദ്യാഭ്യാസ/ആരോഗ്യ വകുപ്പുകളുടെ കീഴിലുള്ള വിവിധ പാരാമെഡിക്കൽ ഡിപ്ലോമ കോഴ്‌സുകളിലേക്ക് പ്രവേശനത്തിനുള്ള റാങ്ക‌് ലിസ‌്റ്റ‌് തയ്യാറാക്കാൻ അപേക്ഷകൾ www.lbscentre.in, lbscentre.kerala.gov.in വെബ‌്സൈറ്റുകളിൽ ഓൺലൈനായി 29 വരെ നൽകാം. അപേക്ഷാ ഫീസ്, അപേക്ഷ നൽകുമ്പോൾ രൂപപ്പെടുത്താവുന്ന ചെലാൻ ഉപയോഗിച്ച്, ഫെഡറൽ ബാങ്കിന്റെ കേരളത്തിലെ ഏതെങ്കിലുമൊരു ശാഖയിൽ 28 വരെ അടയ്ക്കാം. ഓൺലൈനായും ഫീസടയ്ക്കാം. അപേക്ഷാ പ്രിന്റൗട്ട് എടുത്ത‌് രേഖകൾ സഹിതം ഒക്ടോബർ മൂന്ന് വൈകീട്ട് അഞ്ചിനകം ഡയറക്ടർ, എൽബിഎസ‌് സെന്റർ ഫോർ സയൻസ‌് ആൻഡ‌് ടെക‌്നോളജി നന്താവനം, പാളയം, തിരുവനന്തപുരം﹣ 695033 വിലാസത്തിൽ ലഭിക്കണം. കോഴ‌്സുകൾ മൂന്നുവർഷം, രണ്ടുവർഷം, രണ്ടരവർഷം എന്നിങ്ങനെ നീളുന്നതാണ‌്.
പ്ലസ് ടു/തത്തുല്യം (ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി പഠിച്ച് വിജയം) ആണ‌് അപേക്ഷിക്കാനുള്ള യോഗ്യത. ഡി ഫാം പ്രവേശനത്തിന് ബയോളജിക്കുപകരം മാത്തമാറ്റിക്‌സ് പഠിച്ചവർക്കും അപേക്ഷിക്കാം. സയൻസിതര വിഷയങ്ങൾ എടുത്തവരെ ഹെൽത്ത് ഇൻസ്പെക്ടർ കോഴ്‌സിലേക്ക്, സയൻസ് അപേക്ഷകരുടെ അഭാവത്തിൽ പരിഗണിക്കും. ഫാർമസി ഒഴികെയുള്ള കോഴ്‌സുകളിലെ പ്രവേശനത്തിന് പ്ലസ്ടു തലത്തിൽ, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾക്ക് മൊത്തത്തിൽ 40 ശതമാനം മാർക്ക് വേണം. എത്ര കോഴ്‌സിലേക്കായാലും ഒറ്റ അപേക്ഷയേ നൽകാവൂ. സർവീസ‌് അപേക്ഷകർ ഒഴികെ മറ്റു അപേക്ഷകർക്ക‌്ഡിസംബർ 31ന‌് 17 വയസ‌് പൂർത്തിയായിരിക്കണം. പൊതുവിഭാഗത്തിന‌് അപേക്ഷാഫീസ‌് 400 രൂപയും പട്ടികജാതി പട്ടിക വർഗ വിഭാഗത്തിന‌് 200 രൂപയുമാണ‌്.
വിഎച്ച്എസ്ഇ യുടെ ഭാഗമായി ചില വൊക്കേഷണൽ കോഴ്‌സുകൾ പഠിച്ചവർക്ക് ചില കോഴ്‌സുകളിൽ സംവരണമുണ്ട്. സർവീസ് അപേക്ഷകർക്ക് കോഴ്‌സ് പൂർത്തീകരണത്തിന് ശേഷം അഞ്ചുവർഷത്തെയെങ്കിലും സർവീസ് ഉണ്ടായിരിക്കണം. സർക്കാർ, സർക്കാർ നിയന്ത്രിത കോളേജുകൾ സർക്കാരുമായി കരാറിലേർപ്പെടുന്ന സ്വകാര്യ സ്വാശ്രയകോളേജിലെ സർക്കാർ സീറ്റുകൾ എന്നിവയാണ് ഈ അലോട്ട്‌മെന്റിന്റെ പരിധിയിൽ വരുന്നത്.
കോഴ്‌സുകൾ : ഫാർമസി (ഡിഫാം), മെഡിക്കൽ ലബോറട്ടറി ടെക്‌നോളജി (ഡിഎംഎൽടി), റേഡിയോളജിക്കൽ ടെക്‌നോളജി ﹣(ഡിആർടി), ഓഫ്താൽമിക് അസിസ്റ്റൻസ് (ഡിഒഎ), ദന്തൽ മെക്കാനിക്‌സ് (ഡിഎംസി), ദന്തൽ ഹൈജിനിസ്റ്റ് (ഡിഎച്ച‌്സി), ഓപ്പറേഷൻ തിയേറ്റർ ആൻഡ് അനസ്‌തേഷ്യാ ടെക്‌നോളജി (ഡിഒടിഎടി), കാർഡിയോവാസ്‌കുലർ ടെക്‌നോളജി (ഡിസിവിടി), ന്യൂറോ ടെക്‌നോളജി (ഡിഎൽടി), ഡയാലിസിസ് ടെക്‌നോളജി (ഡിഡിടി), എൻഡോസ്‌കോപ്പിക് ടെക്‌നോളജി (ഡിഇടി), ഡെന്റൽ ഓപ്പറേറ്റിങ് റൂം അസിസ്റ്റൻസ് (ഡിഎ), റെസ്പിറേറ്ററി ടെക്‌നോളജി (ഡിആർ), ഹെൽത്ത് ഇൻസ്പെക്ടർ (ഡിഎച്ച‌്ഐ).
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..