25 March Saturday

കെഎഎസ്‌ പ്രാഥമികപരീക്ഷ : മൂല്യനിർണയം അടുത്തമാസം ആദ്യം തുടങ്ങും

അഡ്വ. എം കെ സക്കീർ പിഎസ്‌സി ചെയർമാൻUpdated: Saturday Feb 15, 2020

തിരുവനന്തപുരം
കേരള അഡ്‌മിനിസ്‌ട്രേറ്റീവ്‌ സർവീസ്‌(കെഎഎസ്‌) പ്രിലിമിനറി പരീക്ഷയ്‌ക്കുള്ള ഒരുക്കങ്ങൾ പിഎസ്‌സി പൂർത്തിയാക്കിയതായി പിഎസ്‌സി ചെയർമാൻ അഡ്വ. എം കെ സക്കീർ.  മാർച്ച്‌ ആദ്യവാരം മൂല്യനിർണയം ആരംഭിക്കും.  ജൂൺ മധ്യത്തോടെ രണ്ടാംഘട്ടപരീക്ഷ നടത്താനാണ്‌ ലക്ഷ്യമിടുന്നത്‌. നടപടി ക്രമങ്ങളെല്ലാം പൂർത്തീകരിച്ച്‌  നവംബറിനുമുമ്പ്‌ റാങ്ക്‌ ലിസ്‌റ്റ്‌ പ്രസിദ്ധീകരിക്കും. നാലുലക്ഷം പേർ അപേക്ഷകരായുള്ള പരീക്ഷയുടെ നടത്തിപ്പിനായി വിപുലമായ ക്രമീകരണങ്ങളാണ്‌ ഏർപ്പെടുത്തിയിട്ടുള്ളത്‌.

രണ്ടാംഘട്ടം ഓൺസ്ക്രീൻ മാർക്കിങ്‌ സംവിധാനം
ഉദ്യോഗാർഥികളുടെ റാങ്ക് നിർണയിക്കുന്ന മുഖ്യപരീക്ഷ രണ്ടാംഘട്ടത്തിൽ നടക്കുന്ന  വിവരണാത്മകപരീക്ഷയാണ്. ഇതിന്റെ മൂല്യനിർണയം വേഗത്തിലാക്കാൻ  കംപ്യൂട്ടർവൽക്കൃത ഓൺസ്ക്രീൻ മാർക്കിങ്‌ സംവിധാനം തയ്യാറായിട്ടുണ്ട്‌. കെഎഎസിന്റെ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളിലും പരീക്ഷാസംഘാടനത്തിലും ഇന്നേവരെയില്ലാത്ത  നൂതനമായ രീതികളാണ് കമീഷൻ അവലംബിക്കുന്നത്.

സാധാരണനിലയിൽ വിജ്ഞാപനം പുറപ്പെടുവിച്ചുകഴിഞ്ഞ് പരീക്ഷാതീയതി  തയ്യാറാക്കുമ്പോൾമാത്രമാണ് സിലബസ് പ്രസിദ്ധീകരിക്കുന്നത്. എന്നാൽ, കെഎഎസിന്റെ പ്രാഥമികപരീക്ഷയുടെ സിലബസ്, പരീക്ഷാസമയം എന്നിവ വിജ്ഞാപനത്തോടൊപ്പംതന്നെ നൽകി. മുൻകൂട്ടി തീരുമാനിച്ചപ്രകാരം പരീക്ഷാമുന്നൊരുക്കങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാനും പിഎസ്‌സിക്ക്‌ കഴിഞ്ഞു.


 

പഴുതടച്ച ക്രമീകരണങ്ങൾ
കെഎഎസ്  പോലുള്ള ഇത്രയും ഉയർന്ന - തസ്തികയിലേക്ക് ആദ്യമായി നടത്തുന്ന ഒരു തെരഞ്ഞെടുപ്പെന്ന നിലയിൽ പഴുതുകളടച്ച ക്രമീകരണങ്ങളാണ്‌ സജ്ജമാക്കിയിട്ടുള്ളത്‌.

ഫെബ്രുവരി 22നാണ് പ്രിലിമിനറി പരീക്ഷ. എല്ലാ പരീക്ഷാകേന്ദ്രങ്ങളിലും പിഎസ്‌സിയുടെ ഉദ്യോഗസ്ഥർ മേൽനോട്ടത്തിനുണ്ടാകും. വിദ്യാഭ്യാസ വകുപ്പിലെയും പിഎസ്‌സിയിലെയും ഉയർന്ന ഉദ്യോഗസ്ഥരുടെ പ്രത്യേക സ്ക്വാഡ് ഉണ്ടാകും. നിരീക്ഷകരായും ഉദ്യോഗസ്ഥരെ പ്രത്യേകം നിയമിച്ചിട്ടുണ്ട്‌. പൊലീസ്‌ സംരക്ഷണവും എല്ലാ കേന്ദ്രങ്ങളിലും ഉണ്ടാകും.

തെരഞ്ഞെടുപ്പ് ജോലികൾക്ക് സമാനമായ മുന്നൊരുക്കങ്ങളാണ് പിഎസ്‌സി ഓഫീസുകളിൽ സജ്ജമാക്കിയിരിക്കുന്നത്. പരീക്ഷാദിവസം പുലർച്ചെ  അഞ്ചിന്‌ മുമ്പുതന്നെ പിഎസ്‌സി  ഉദ്യോഗസ്ഥരും നിരീക്ഷകരായി നിയമിച്ച ഉദ്യോഗസ്ഥരും അതത് ഓഫീസുകളിൽ ഹാജരായി ചോദ്യപേപ്പറുകളും പരീക്ഷാസാമഗ്രികളും ശേഖരിച്ച് പരീക്ഷാകേന്ദ്രങ്ങളിലേക്ക്‌ പോകാൻ നിർദേശം നൽകിക്കഴിഞ്ഞു.

സിവിൽ സർവീസ്‌ പരീക്ഷയ്‌ക്ക്‌ സമാനം
കെഎഎസ് സംസ്ഥാന സിവിൽ സർവീസിന്  ഉയർന്ന ദിശാബോധം നൽകുന്നതാണ്‌. അതുകൊണ്ടുതന്നെ രാജ്യത്തെ സിവിൽ സർവീസ് പരീക്ഷയ്ക്ക് സമാനമായ സിലബസ് തന്നെയാണ് കെഎഎസ് പരീക്ഷയ്ക്കും നിശ്ചയിച്ചത്‌. വിജ്ഞാപനത്തോടൊപ്പംതന്നെ പ്രിലിമിനറി പരീക്ഷയുടെ സിലബസും കമീഷൻ പ്രസിദ്ധീകരിച്ചു.
100 മാർക്ക് വീതമുള്ള രണ്ട്‌ പരീക്ഷകളാണ് പ്രാഥമികമായി നടക്കുന്നത്. 100 മാർക്കിന്റെ ആദ്യ പേപ്പറിൽ ചരിത്രം, കേരളത്തിന്റെ സാംസ്കാരികപൈതൃകം, ഇന്ത്യൻ ഭരണഘടന, മാനസികശേഷി, ഭൂമിശാസ്ത്രം തുടങ്ങിയവയിൽനിന്നാകും ചോദ്യങ്ങൾ. രണ്ടാംപേപ്പറിൽ സാമ്പത്തികവും ആസൂത്രണവും, ശാസ്ത്രവും സാങ്കേതികവിദ്യയും, സമകാലിക സംഭവങ്ങൾ, ഇംഗ്ലീഷ് ഭാഷാ നൈപുണ്യം, മലയാളം/കന്നട/തമിഴ് ഭാഷാനൈപുണ്യം എന്നിവയിൽനിന്നുള്ള ചോദ്യങ്ങൾ ഉണ്ടാകും.
കഠിനാധ്വാനത്തിന് തയ്യാറായിട്ടുള്ള യുവതലമുറയ്ക്ക് കെഎഎസ്  പ്രചോദനമാണെന്നും പിഎസ്‌സി ചെയർമാൻ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top