21 September Monday

സംസ്‌ഥാനത്ത്‌ കോളേജുകളിൽ 4 വർഷ ബിരുദ കോഴ്‌സുകൾക്ക്‌ ശുപാർശ

വെബ് ഡെസ്‌ക്‌Updated: Monday Jun 22, 2020


തിരുവനന്തപുരം>  കോളേജുകളിൽ നാലു വർഷ ബിരുദ ഓണേഴ്‌സ്‌ തുടങ്ങാൻ ശുപാർശ. മൂന്നു വർഷ ബിരുദത്തിനുശേഷം ഒരു വർഷ സ്‌പെഷ്യലൈസേഷൻ, ബിരുദത്തോടൊപ്പം മറ്റൊന്നിൽ മൈനർ ബിരുദം, ട്രിപ്പിൾ മെയിൻ ബിരുദ കോഴ്‌സ്‌, ബിരുദത്തോടൊപ്പം ബിരുദാനന്തര ബിരുദ (ഇന്റഗ്രേറ്റഡ്‌ ) കോഴ്‌സ്‌ തുടങ്ങിയവയും ആരംഭിക്കാൻ സർക്കാരിന്‌ വിദഗ്‌ധസമിതിയുടെ ‌ശുപാർശ നൽകി. കോളേജുകളിൽ ആരംഭിക്കാവുന്ന പുതിയ കോഴ്‌സുകളെക്കുറിച്ച്‌ പഠിക്കാൻ നിയോഗിച്ച  പ്രൊഫ. സാബു തോമസ്‌ (എംജി വിസി) അധ്യക്ഷനായ സമിതിയാണ്‌ റിപ്പോർട്ട്‌ നൽകിയത്‌.

ആർട്‌സ്‌ ആൻഡ്‌ സയൻസ്‌, കൊമേഴ്‌സ്‌ കോളേജുകളുടെ എണ്ണം വർധിച്ചെങ്കിലും നവീന കോഴ്‌സുകൾ കുറവാണെന്ന്‌ സമിതി വിലയിരുത്തി. എൻജിനിയറിങ്‌ മേഖലയിൽ കൂടുതൽ തൊഴിലവസരമുള്ള ന്യൂജെൻ കോഴ്‌സുകൾ അനുവദിക്കണം. രാജ്യത്ത്‌ അപൂർവമായുള്ള കോഴ്‌സുകൾ കേരളത്തിലെ സർവകലാശാലകളിൽ തുടങ്ങണം. പരമ്പരാഗത കോഴ്‌സുകളിലൂന്നിയ സർവകലാശാലാ പ്രവർത്തനത്തിൽ മാറ്റംവരണം. നിലവിലെ കോഴ്‌സുകൾ അതുപോലെ തുടരാം.

പുതിയ കോഴ്‌സുകൾക്ക്‌ പുതിയ ഡിപ്പാർട്ടുമെന്റ്‌ ആരംഭിക്കണം. കോഴ്‌സുകളുടെ ഘടന, പരീക്ഷാനടത്തിപ്പ്‌ എന്നിവയിൽ സമഗ്ര പരിഷ്‌കാരമാണ്‌ സമിതി നിർദേശിച്ചത്‌‌. ആർട്‌സ്‌ ആൻഡ്‌ സയൻസ്‌, എൻജിനിയറിങ്‌, ശാസ്‌ത്ര വിഷയങ്ങൾക്കായി നൂറിലേറെ കോഴ്‌സും നിർദേശിച്ചിട്ടുണ്ട്‌. പുതിയ കോഴ്‌സുകൾ വിദേശ സർവകലാശാലകൾ കൂടി അംഗീകരിക്കുന്നതാകണം. മൂന്നു വർഷ ബിരുദ കോഴ്‌സുകളിൽ വിദേശങ്ങളിൽ തുടർപഠന സാധ്യത കുറവാണെന്നും സമിതി വിലയിരുത്തി. 

പുതിയ കോഴ്‌സുകൾ ഈ അക്കാദമിക്‌ വർഷംതന്നെ ആരംഭിക്കാനുള്ള നടപടി ആരംഭിച്ചിട്ടുണ്ടെന്ന്‌ മന്ത്രി കെ ടി ജലിൽ പറഞ്ഞു‌. വിദഗ്‌ധസമിതിയുടെ റിപ്പോർട്ട്‌ മുഖ്യമന്ത്രിക്ക്‌ കൈമാറി. റിപ്പോർട്ട്‌ വിശദമായി പരിശോധിച്ചശേഷം പുതിയ കോഴ്‌സുകളും അവയുടെ ഘടനയും പരീക്ഷാരീതികളും തീരുമാനിക്കും.

പുതിയ കോഴ്‌സിൽ ദുരന്തനിവാരണം‌ മുതൽ എഫ്‌ടി വരെ
തിരുവനന്തപുരം>
പ്രളയം, നിപാ, കോവിഡ്‌ അടക്കമുള്ള മഹാമാരികളെ നേരിടുന്ന കാലത്ത്‌ ദുരന്തനിവാരണ മാനേജ്‌മെന്റ്‌ കോഴ്‌സുകളിൽ വലിയ സാധ്യതകളുണ്ടെന്ന്‌ സർക്കാർ നിയോഗിച്ച വിദഗ്‌ധസമിതി. -എൻജിനിയറിങ്‌ പ്രോഗ്രാമുകളിൽ എംടെക്‌ കോഴ്‌സുകളായി എഡ്യൂക്കേഷണൽ ടെക്‌നോളജി, ഫിനാൻഷ്യൽ ടെക്‌നോളജി (എഫ്‌ടി), ഹെൽത്ത്‌ സയൻസ്‌ ടെക്‌നോളജി, അഗ്രികൾച്ചറൽ എൻജിനിയറിങ്‌, മീഡിയ എൻജിനിയറിങ്‌ ടെക്‌നോളജിവരെയുള്ള ഡസനിലേറെ കോഴ്‌സുകൾ നിർദേശിച്ചു‌.

ഗവേഷണത്തോടെയുള്ള ബിരുദ കോഴ്‌സിന്‌‌ ലോകത്ത്‌ എവിടെയും അംഗീകാരമുള്ളതിനാലാണ്‌ ഡിഗ്രി ഓണേഴ്‌സ്‌ കോഴ്‌സുകൾക്ക്‌ നിർദേശം. ഇക്കണോമിക്‌സ്‌, സ്റ്റാറ്റിസ്റ്റിക്‌സ്‌, ഫിസിക്‌സ്‌, കൊമേഴ്‌സ്‌, ബയോളജിക്കൽ സയൻസ്‌ മേഖലകളിലാണ്‌ ഓണേഴ്‌സ്‌ കോഴ്‌സുകൾക്ക്‌ നിർദേശം‌.

മൂന്നു വർഷ ബിരുദത്തിനുശേഷം ഒരു വർഷം ഒരു വിഷയത്തിൽ സ്‌പെഷ്യലൈസേഷനുള്ള 49 കോഴ്‌സുകൾക്കാണ്‌ നിർദേശം. ഐഐടികളിലെ പ്രോഗ്രാംപോലെ  ബിരുദത്തോടൊപ്പം അഡീഷണൽ കോഴ്‌സ്‌ പഠിച്ച്‌ മൈനർ ബിരുദംകൂടി നേടുന്ന കോഴ്‌സുമുണ്ട്‌‌. 

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top