06 February Monday

കുട്ടികൾ പരീക്ഷയോട് വിടപറയുമ്പോൾ

ഡോ. ആർ വിജയമോഹനൻUpdated: Thursday Mar 26, 2020


കോവിഡ്‌‐19 രോഗ വ്യാപനത്തെത്തുടർന്ന് സംസ്ഥാനത്തെ പ്രൈമറി വിദ്യാലയങ്ങളിലെ വാർഷിക മൂല്യനിർണയം ഇക്കൊല്ലം നടത്തേണ്ടതില്ലെന്ന് തീരുമാനിച്ചുവല്ലോ. രോഗ ഭീഷണിയെ ജാഗ്രതയോടെ നേരിടുന്ന  ജനങ്ങൾ ഈ തീരുമാനത്തെ സ്വാഗതം ചെയ്‌തിട്ടുണ്ട്‌. എങ്കിലും കുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തിൽ അമിത താൽപ്പര്യം കാണിക്കുന്ന രക്ഷിതാക്കൾ മൗനത്തിലാണ്. പരീക്ഷ ഇല്ലാത്ത അവസ്ഥ ചിന്തിക്കാൻ  കഴിയുന്നില്ല. അവർ ആശങ്ക പരസ്യമായി പ്രകടിപ്പിക്കുന്നില്ലെന്നു മാത്രം. പരീക്ഷയാണ് തന്റെ കുട്ടിയുടെ മിടുക്കിനെ, കഴിവിനെ നിർണയിക്കുന്ന പ്രധാന ഉപാധിയെന്ന്‌ വിശ്വസിക്കുന്നവർ, പരീക്ഷയില്ലെങ്കിൽ പഠനത്തിന്റെ ഗൗരവം കുറഞ്ഞു  പോകുമോയെന്ന്‌ ആശങ്കപ്പെടുന്നവർ, തന്റെ കുട്ടിയുടെ മിടുക്ക് പ്രകടിപ്പിക്കാനും അത് മറ്റുള്ളവരെ കാണിക്കാനും കഴിയുന്നില്ലല്ലോ എന്ന് ചിന്തിക്കുന്നവർ.  മിടുക്കരായ കുട്ടികളുടെ രക്ഷിതാക്കളാണ്‌ ഇങ്ങനെ ചിന്തിക്കുന്നവരിൽ ഭൂരിഭാഗവും. പരീക്ഷ റദ്ദാക്കിയതുകൊണ്ട് പ്രത്യേകിച്ച് പ്രശ്നങ്ങളുണ്ടാകുമെന്ന് കരുതുന്നവരല്ല നല്ലൊരു വിഭാഗം രക്ഷിതാക്കളും. മൂല്യനിർണയവും പഠനവും തമ്മിലുള്ള പരസ്പര ബന്ധം തിരിച്ചറിഞ്ഞവരാണ് ഇവരെല്ലാവരും എന്ന് കരുതാനാകില്ല. 

നിരന്തര വിലയിരുത്തലുണ്ട്; ആശങ്ക വേണ്ട
പ്രൈമറി ക്ലാസുകളിലെ വാർഷിക പരീക്ഷ റദ്ദു ചെയ്തത്‌ കുട്ടികളുടെ പഠന മുന്നേറ്റത്തെ ബാധിക്കില്ല. പഠന പ്രക്രിയയോടൊപ്പം തന്നെ കുട്ടികളെ വിലയിരുത്തിപ്പോകുന്നസമീപനമാണ് നമ്മുടെ പാഠ്യപദ്ധതിയിലുള്ളത്‌. പഠനത്തിൽ കുട്ടിയുടെ ശക്തി ദൗർബല്യങ്ങൾ തിരിച്ചറിയാൻ നിരന്തര വിലയിരുത്തലിലൂടെ സാധിക്കുന്നു. പോരായ്മകൾ ഉണ്ടെങ്കിൽ പുതിയ പഠനാനുഭവങ്ങൾ നൽകി അവ പരിഹരിക്കും. ഇതിന്റെ  ഉത്തരവാദിത്തം അധ്യാപകനാണ്. രക്ഷാകർത്താക്കളും ഇക്കാര്യത്തിൽ പങ്ക് വഹിക്കുന്നുണ്ട്. ക്ലാസ് തലത്തിൽ നടക്കുന്ന പിടിഎ യോഗങ്ങളിൽ ഇക്കാര്യങ്ങളാണ് മുഖ്യമായും ചർച്ച ചെയ്യുന്നത്. അതായത്, വിലയിരുത്തലും കുട്ടിയുടെ മെച്ചപ്പെടുത്തലും നിരന്തരമായി  നടക്കുന്ന  പ്രക്രിയയാണ്. ഈ മെച്ചപ്പെടുത്തൽ നടക്കുമ്പോഴാണ് കുട്ടിയിൽ യഥാർഥ പഠനം നടക്കുന്നത്. കൂടെക്കൂടെ നടക്കുന്ന ക്ലാസ്‌ യൂണിറ്റ് ടെസ്റ്റുകളും കുട്ടികളെ വിലയിരുത്തുന്നതിനും അവരുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിനും വഴിയൊരുക്കുന്നുണ്ട്. ചുരുക്കത്തിൽ, വർഷവസാനം നടക്കുന്ന ഒരു പരീക്ഷയല്ല; മറിച്ച് ക്ലാസിൽ നിരന്തരം നടത്തുന്ന വിലയിരുത്തലുകളാണ് കുട്ടിയുടെ പഠനം മെച്ചപ്പെടുത്തുന്നതെന്നർഥം.

വാർഷിക പരീക്ഷയ്ക്ക് ഒരു പ്രസക്തിയുമില്ലെന്നല്ല ഇവിടെ പറയുന്നത്. ഓരോ വിഷയത്തിലും 10 മാസംകൊണ്ട് കുട്ടി ആർജിച്ച  പ്രധാന കഴിവുകളുടെയും അറിവുകളുടെയും മികവ് എത്രമാത്രമെന്ന് വിലയിരുത്തുക എന്നത് ഇതിന്റെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നാണ്. രണ്ട് മണിക്കൂർ എഴുത്തുപരീക്ഷയിലൂടെ ഒരിക്കലും ഇത് സാധിക്കില്ല. പകരം കുട്ടിയുടെ വിശകലന ശേഷി, നൈസർഗിക കഴിവുകൾ, പ്രശ്ന പരിഹാര മാർഗങ്ങൾ നിർദേശിക്കാനും അത് പ്രയോഗികമാക്കാനുമുള്ള കഴിവ്, ഭാഷാപരമായ കഴിവുകൾ തുടങ്ങിയവ ആത്മവിശ്വാസത്തോടെ പ്രകടിപ്പിക്കാൻ കുട്ടികൾക്ക് അവസരം നൽകുകയാണ് വേണ്ടത്. അധ്യാപകർക്കും രക്ഷിതാക്കൾക്കും ഒന്നിച്ചിരുന്ന് കുട്ടിയെ വിലയിരുത്താൻ സാധിക്കണം. പരീക്ഷയിലൂടെ മാത്രം വിലയിരുത്തുക എന്ന രീതി വിട്ട് ഈ സമ്പ്രദായം സ്വീകരിച്ചാൽ കുട്ടിയുടെ വിവിധ കഴിവുകളും അവയുടെ ശരിയായ നിലവാരവും തിരിച്ചറിയാം. രണ്ട് വർഷമായി വിദ്യാലയങ്ങളിൽ നടക്കുന്ന പഠനോത്സവങ്ങൾ ഇതിന്റെ തുടക്കമായി കാണാം. 
കുട്ടിയുടെ സ്ഥാനക്കയറ്റം സംബന്ധിച്ച തീരുമാനമെടുക്കുക എന്നതാണ് വാർഷിക പരീക്ഷയുടെ മറ്റൊരുദ്ദേശ്യം. ഏഴാംക്ലാസുവരെയുള്ള കുട്ടികൾ സാധാരണഗതിയിൽ ആരും തന്നെ തോൽക്കുന്നില്ല എന്ന് നമുക്കറിയാം.

പൊതുവിദ്യാഭ്യാസ കാലഘട്ടം അവസാനിക്കുമ്പോൾ കുട്ടികളുടെ പൊതുപഠന നിലവാരം മനസ്സിലാക്കാനും വിവിധ വിഷയങ്ങളിലുള്ള അവരുടെ അഭിരുചി നിർണയിക്കാനും ഒരു പൊതുപരീക്ഷ നടത്തുന്നതുപോലെ പ്രസക്തമല്ല താഴ്ന്ന ക്ലാസുകളിലെ വാർഷിക പരീക്ഷകൾ.

നടക്കേണ്ടത്‌ പഠന വിടവുകൾ നികത്തൽ
സംസ്ഥാനത്ത്‌ മാർച്ച് 10 മുതൽ വിദ്യാലയങ്ങൾക്ക് നൽകിയ അവധി മനഃപൂർവം ഉണ്ടാക്കിയതല്ല എന്നു നമുക്കറിയാം. കൊറോണ എന്ന മഹാമാരിയെ നേരിടാനും അതിനെതിരെ ജാഗ്രത പുലർത്താനുംവേണ്ടി സർക്കാർ സ്വീകരിച്ച പല അടിയന്തര നടപടികളിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നാണിത്‌. പരീക്ഷാ ദിനങ്ങൾ ഒഴിച്ചു നിർത്തിയാൽ കേരളത്തിലെ പ്രൈമറി ക്ലാസ് കുട്ടികൾക്ക് നഷ്ടപ്പെടുന്നത് പത്തോ പന്ത്രണ്ടോ പ്രവൃത്തി ദിനങ്ങൾ മാത്രം. ഇതൊരു നഷ്ടം തന്നെയാണ് എന്ന കാര്യത്തിൽ തർക്കമില്ല. പാഠഭാഗങ്ങൾ മുഴുവൻ പഠിപ്പിച്ചു തീർന്നിട്ടുണ്ടാവില്ല എന്നത് യാഥാർഥ്യം. അടുത്ത ക്ലാസിലെത്തുമ്പോൾ ഇതിന്റെയൊരു തുടർച്ച പഠനത്തിൽ കുട്ടിക്ക്‌ കിട്ടില്ല. അതുകൊണ്ടു തന്നെ കുട്ടികൾക്കുണ്ടാകുന്ന പഠന വിടവ് നികത്തിയേ പറ്റു. പരീക്ഷ ഒഴിവാക്കിയതിൽ ആശങ്കപ്പെടുന്നതിനു പകരം ഇതെങ്ങനെ സാധിക്കുമെന്നാണ് ആലോചിക്കേണ്ടത്. ജൂണിനു മുമ്പ് കുട്ടികളെ സ്കൂളിലെത്തിച്ച് ഇതു സാധിക്കുമെന്ന് കരുതണ്ട. കുട്ടികളെ സഹായിക്കാൻ രക്ഷിതാക്കൾക്ക് കുറേയൊക്കെ സാധിക്കും. അതിന് അവരെ പ്രാപ്തരാക്കാൻ അധ്യാപകർക്ക് കഴിയണം. ക്ലാസ് തല വാട്സാപ് ഗ്രൂപ്പുകളിലൂടെയും ഫോൺ മുഖേനയും ആവശ്യമായ നിർദേശങ്ങൾ നൽകാം. എങ്കിൽപ്പോലും എല്ലാ രക്ഷിതാക്കൾക്കും ഫലപ്രദമായി കുട്ടികളുടെ പഠന വിടവ് പരിഹരിക്കാൻ കഴിയില്ലെന്ന് തീർച്ച. പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലെ എസ്‌സിഇആർടി, സമഗ്രശിക്ഷ കേരള കൈറ്റ്, ഡയറ്റ് എന്നീ സംവിധാനങ്ങൾ മുഖേന രക്ഷിതാക്കളെയും അതുവഴി കുട്ടികളെയും സഹായിക്കാനുള്ള വായനാ സാമഗ്രികളും പ്രവർത്തന നിർദേശങ്ങളും തയ്യാറാക്കി നൽകാവുന്നതാണ്.

(റിട്ട. ഡയറ്റ് പ്രിൻസിപ്പലും സമഗ്രശിക്ഷാ കേരള, പത്തനംതിട്ട മുൻ ജില്ലാ പ്രോജക്ട് ഓഫീസറുമാണ്‌ ലേഖകൻ )


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top