19 September Thursday

ഐസിഎആർ യുജി ആദ്യ അ‌ലോട്ട‌്മെന്റ‌് നടത്തി; 20 വരെ പ്രവേശനം നേടാം

വെബ് ഡെസ്‌ക്‌Updated: Monday Sep 17, 2018

തിരുവനന്തപുരം
ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രിക്കൾചറൽ റിസർച്ച് (ഐസിഎആർ) അഖിലേന്ത്യാ യുജി പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിൽ ആദ്യ അലോട്ട‌്മെന്റ‌് നടത്തി‌. ഓരോ വിഭാഗത്തിലെയും ആദ്യ അലോട്ട‌്മെന്റിലെ  ക്ലോസിങ് റാങ്ക‌് വിവരങ്ങൾ icarexam.net-ൽ ലഭ്യമാണ‌്.
അഗ്രികൾച്ചർ, ഹോർട്ടികൾച്ചർ, ഫോറസ്ട്രി, കമ്യൂണിറ്റി സയൻസ്, സെറികൾച്ചർ എന്നീ ഓണേഴ്‌സ് ബിഎസ്‌സി പ്രോഗ്രാമുകൾ, ബാച്ചിലർ ഓഫ് ഫിഷറീസ് സയൻസ്, അഗ്രികൾച്ചറൽ എൻജിനിയറിങ്, ഡെയ‌്റി ടെക്‌നോളജി, ഫുഡ് ടെക്‌നോളജി, ബയോടെക്‌നോളജി എന്നീ ബിടെക് പ്രോഗ്രാമുകൾ എന്നിവയിലെയും അംഗീകാരത്തിന്‌ വിധേയമായി ഫുഡ്, ന്യൂട്രീഷൻ ആൻഡ‌് ഡയറ്ററ്റിക്‌സ് ബാച്ചിലർ കോഴ്‌സിലെയും 15 ശതമാനം അഖിലേന്ത്യാ ക്വോട്ട (ചില സർവകലാശാലകളിൽ 100 ശതമാനം) സീറ്റുകളാണ് നികത്തുന്നത‌്. അലോട്ട‌്മെന്റ‌് ലഭിച്ചവർക്ക‌് താൽക്കാലിക അഡ്മിഷൻ റെക്കമെന്റേഷൻ കത്ത് ഡൗൺലോഡ് ചെയ്തെടുക്കാം.
അലോട്ട്മെന്റ് ലഭിച്ച സർവകലാശാലയിൽ ഹാജരാകാനും രേഖാപരിശോധന, ഫീസടയ്ക്കൽ എന്നിവ പൂർത്തിയാക്കാനും അഡ്മിഷൻ ലെറ്റർ സർവകലാശാലയിൽനിന്ന്‌ വാങ്ങാനും   20 വരെ സമയമുണ്ട‌്.  
രണ്ടാം അലോട്ട്‌മെന്റ്  23-ന് വൈകിട്ട് അഞ്ചിന‌് നടക്കും. രേഖകളുമായി ഹാജരായി പ്രവേശനം നേടാൻ 24 മുതൽ 28 വരെ സമയമുണ്ട്. വിശദവിവരങ്ങൾക്ക‌് : icarexam.net, icar.org.in.


പ്രധാന വാർത്തകൾ
 Top