തിരുവനന്തപുരം
രാജ്യത്തെ എംബിബിഎസ്, ബിഡിഎസ് കോഴ്‌സുകളിലേക്കും അനുബന്ധ കോഴ്‌സുകളിലേക്കും പ്രവേശനം ആഗ്രഹിച്ച് നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്‌റ്റിന് (നീറ്റ് യുജി-2020) രജിസ്‌ട്രർ ചെയ്‌തത് 1593452 വിദ്യാർഥികൾ. 1519375 അപേക്ഷകരായിരുന്നു 2019ൽ ഉണ്ടായിരുന്നത്. 2019 നേക്കാൾ 4.87 ശതമാനം വർധന. 2018 നേക്കാൾ 14.5 ശതമാനം കൂടുതലായിരുന്നു കഴിഞ്ഞ വർഷത്തെ വർധന. കഴിഞ്ഞ തവണ വിദേശത്ത് മെഡിക്കൽ പഠനത്തിന് നീറ്റ് ഉൾപ്പെടുത്തിയതിനാലാണ് എൻട്രൻസിന് അധിക അപേക്ഷകരുണ്ടായത്. ഇപ്രാവശ്യം എയിംസ്, ജിപ്‌മെർ എന്നിവിടങ്ങിലെ പ്രവേശനത്തിന് പ്രത്യേകമായി നടത്തിയ പരീക്ഷകൾ റദ്ദാക്കുകയും നീറ്റ് നിർബന്ധമാക്കിയതോടെയുമാണ് അപേക്ഷകരുടെ എണ്ണത്തിൽ വർധനയുണ്ടായത്.
ജമ്മു കശ്‌മീരിൽ കേന്ദ്ര സർക്കാർ ഓൺലൈൻ സേവനങ്ങൾ നിരോധിച്ചതിനാൽ പോസ്‌റ്റൽ അപേക്ഷകളായിരുന്നു അധികവും. അവിടെനിന്ന് 33,357 അപേക്ഷകരാണുള്ളത്. കഴിഞ്ഞ പ്രാവശ്യം 26,595 അപേക്ഷകരായിരുന്നു ജമ്മു കശ്‌മീരിൽനിന്ന്. എന്നാൽ, ഇത്തവണ ലഡാക്കിൽനിന്ന് 190 അപേക്ഷകർ മാത്രമാണുള്ളത്.
ആറു സംസ്ഥാനങ്ങളിൽനിന്ന് ഒരു ലക്ഷത്തിലേറെ അപേക്ഷകരുണ്ട്. ഏറ്റവും കൂടുതൽ അപേക്ഷകർ മഹാരാഷ്ട്രയിൽനിന്നാണ്. 228829 പേർ ഇവിടെനിന്ന് അപേക്ഷിച്ചിട്ടുണ്ട്. 154705 അപേക്ഷകരുള്ള ഉത്തർപ്രദേശാണ് രണ്ടാം സ്ഥാനത്ത്. കർണാടകത്തിൽനിന്ന് 119626 പേരും തമിഴ്‌നാട്ടിൽനിന്ന് 117502 അപേക്ഷകരുമുണ്ട്.
അപേക്ഷകരുടെ എണ്ണത്തിൽ അഞ്ചാം സ്ഥാനത്തുള്ള കേരളത്തിൽനിന്ന് ഇത്തവണ 116010 അപേക്ഷകരുണ്ട്. (കഴിഞ്ഞ തവണ 114214) തൊട്ടുപിന്നാലെ 138140 അപേക്ഷകരുമായി രാജസ്ഥാൻ ആറാം സ്ഥാനത്തുമുണ്ട്. ഏറ്റവും കുറവുള്ള ലക്ഷദീപിൽനിന്ന് 182 അപേക്ഷകരാണുള്ളത്. അപേക്ഷകർക്ക് ഓൺലൈൻ അപേക്ഷയിലെ തെറ്റുതിരുത്താൻ 31വരെ നാഷണൽ ടെസ്‌റ്റിങ് ഏജൻസി സമയം അനുവദിച്ചിട്ടുണ്ട്. ഇതിനായി ntaneet.nic.in വെബ്‌സൈറ്റ് സന്ദർശിക്കുക.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..