തിരുവനന്തപുരം
ഇന്ത്യൻ ആർമിയുടെ ബിഎസ്സി നേഴ്സിങ് കോഴ്സിലേക്ക് പ്ലസ് ടു ജയിച്ച പെൺകുട്ടികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. അവിവാഹിതരായിരിക്കണം. സേനയുടെ പൂനെ , കൊൽക്കത്ത, മുംബൈ, ലക്നൗ, ന്യൂഡൽഹി, ബംഗളുരു എന്നിവിടങ്ങളിലെ നേഴ്സിങ് കോളേജുകളിലെ നാല് വർഷ ബിഎസ്സി നേഴ്സിങ് കോഴ്സുകളിൽ 220 സീറ്റുണ്ട്. ഡിസംബർ രണ്ടുവരെ ഓൺലൈനായി joinindianarmy.nic.in വെബ്സൈറ്റിൽ അപേക്ഷിക്കാം. അപേക്ഷാ ഫീസായി 750 രൂപയും ഓൺലൈനായി അടയ്ക്കണം. അഡ്മിറ്റ് കാർഡ് 2020 മാർച്ച് മൂന്നാംവാരം ലഭിക്കും. പരീക്ഷ ഏപ്രിലിലാണ്. അഭിമുഖം മേയിൽ നടക്കും. ശാരീരിക ക്ഷമതാപരിശോധനയും ഉണ്ട്.
കോഴ്സിൽ ചേർന്നാൽ നിശ്ചിത കാലയളവിൽ സേനയുടെ ഭാഗമായി ജോലി ചെയ്യാമെന്ന ഉറപ്പ് നൽകണം. 1995 ഒക്ടോബർ ഒന്നിനും 2003 സെപ്തംബർ 30നും ഇടയിൽ ജനിച്ചവരാകണം അപേക്ഷകർ. ഫിസിക്സ്, ബയോളജി, കെമിസ്ട്രി, ഇംഗ്ലീഷ് വിഷയങ്ങൾക്ക് 50 ശതമാനം മാർക്കോടെ പ്ലസ് ടു ആദ്യപരിശ്രമത്തിൽതന്നെ ജയിച്ചവരാകണം. ഒന്നരമണിക്കൂറിന്റെ കംപ്യൂട്ടർ അധിഷ്ഠിത (സിബിടി) പരീക്ഷയിൽ ജനറൽ ഇംഗ്ലീഷ്, ബയോളജി, ഫിസിക്സ്,കെമിസ്ട്രി, പൊതുവിജ്ഞാനം എന്നിവയെ അടിസ്ഥാനമാക്കിയായിരിക്കും ചോദ്യങ്ങൾ. വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും http://joinindianarmy.nic.in വെബ്സൈറ്റ് കാണുക.