25 January Saturday

എൻജിനിയറിങ് പ്രവേശന പ്രശ‌്നങ്ങൾ പഠിക്കാൻ 3 അംഗ സമിതി

വെബ് ഡെസ്‌ക്‌Updated: Wednesday Oct 17, 2018

തിരുവനന്തപുരം  > സംസ്ഥാനത്തെ എൻജിനിയറിങ് കോളേജുകളിലെ പ്രവേശന നടപടികളെക്കുറിച്ച‌് പഠിക്കാൻ ഉന്നത വിദ്യാഭ്യാസ കൗൺസിൽ മൂന്നംഗ സമിതിയെ നിയോഗിച്ചു. ഡോ. ആർ വി ജി മേനോൻ കൺവീനറും കേപ‌് ഡയറക്ടർ ഡോ. ആർ ശശികുമാർ, സിഇടി പ്രിൻസിപ്പൽ ഡോ. സി വി ജിജി എന്നിവർ അടങ്ങുന്നതാണ‌് സമിതി.

സംസ്ഥാനത്തെ സർക്കാർ, എയ‌്ഡഡ‌്, സ്വാശ്രയ എൻജിനിയറിങ് കോളേജുകളിൽ പ്രവേശനം ആഗ്രഹിക്കുന്നവരും പ്രവേശനം നേടുന്നവരും തമ്മിലുള്ള അന്തരം, കോളേജുകളുടെ അവസ്ഥ, സ്വാശ്രയ കോളേജുകളിലെ അധ്യാപക പ്രശ‌്നങ്ങൾ തുടങ്ങി സംസ്ഥാനത്തെ സാങ്കേതിക വിദ്യാഭ്യാസമേഖല നേരിടുന്ന പ്രശ‌്നങ്ങൾ മുഴുവൻ പഠനവിധേയമാക്കി സർക്കാരിന‌്  റിപ്പോർട്ട‌് സമർപ്പിക്കാനാണ‌് ഉന്നത വിദ്യാഭ്യാസമന്ത്രി  ഡോ. കെ ടി ജലീൽ ഉന്നത വിദ്യാഭ്യാസ കൗൺസിലിനോട‌് ആവശ്യപ്പെട്ടുള്ളത‌്.

പ്രവേശന പരീക്ഷാ കമീഷണർ നടത്തുന്ന എൻജിനിയറിങ്‌ പ്രവേശന പരീക്ഷയ‌്ക്ക‌് ഒരുലക്ഷത്തിലേറെ പേരാണ‌് ഓരോ വർഷവും അപേക്ഷിക്കുന്നത‌്. കഴിഞ്ഞവർഷം 104119 അപേക്ഷകരുണ്ടായിരുന്നു. ഇവരിൽ 90233 പേർ പരീക്ഷ എഴുതിയതിൽ 57251 പേർ യോഗ്യത നേടി. എന്നാൽ, പ്ലസ‌് ടു മാർക്ക‌് നൽകി 46685 പേർ മാത്രമാണ‌് റാങ്ക‌് പട്ടികയിൽ ഇടംനേടിയത‌്. സംസ്ഥാനത്ത‌്  ആകെ 50320 ബി ടെക‌് സീറ്റുണ്ട‌്. ഇവയിൽ സർക്കാർ, എയ‌്ഡ‌ഡ‌്, സ്വാശ്രയ മേഖലകളിലായി 33177 മെറിറ്റ‌് സീറ്റുണ്ട‌്‌. 13387 സീറ്റ‌് മാനേജുമെന്റുകൾക്കുണ്ട‌്.  എന്നാൽ, ഇരുവിഭാഗത്തിലും  പകുതി സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണ‌്. 25500 സീറ്റിൽ മാത്രമാണ‌് പ്രവേശനം നടന്നത‌്. 24451 സീറ്റും ഒഴിഞ്ഞുകിടക്കുകയാണ‌്. സംസ്ഥാനത്തിന‌് പുറത്ത‌് എൻജിനിയറിങ്‌ ബിരുദത്തിന‌് ജയിക്കാൻ 40 ശതമാനം മാർക്കായിരിക്കെ ഇത‌് കേരളത്തിൽ നിലവിൽ 45 ആണ‌്. എംടെക‌് യോഗ്യതയുള്ളവരേ ബി ടെക്കിന‌് ക്ലാസ‌് എടുക്കാവൂ എന്നു‌ണ്ടെങ്കിലും മിക്ക സ്വാശ്രയ കോളേജുകളിലും ബിടെക‌്  ബിരുദധാരികളാണ‌് ക്ലാസെടുക്കുന്നത‌്.


പ്രധാന വാർത്തകൾ
 Top